കൂശ്മാണ്ഡവും ഗുരുദക്ഷിണയും…
കോഴിക്കോട്ട് വളരെ പ്രശസ്തനായ വിഷവൈദ്യനുണ്ടായിരുന്നു. വിഷഭയമുണ്ടാകുന്നവരെ അദ്ദേഹത്തിന്റെ അടുക്കലെത്തിച്ച് രക്ഷിച്ചു കൊണ്ട് പോവുക പതിവായിരുന്നു. പ്രതിഫലമായൊന്നും അദ്ദേഹം വാങ്ങിയിരുന്നുമില്ല. വിഷമിറക്കാനായി അദ്ദേഹം ഒരു സ്ഥലത്തും പോവുമായിരുന്നില്ല. എന്നാൽ വിഷമേറ്റവർ രക്ഷപ്പെട്ടാൽ സന്തോഷത്തിനായി ഇദ്ദേഹത്തിന് ധാരാളം പൊന്നും പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും നൽകുമായിരുന്നു. അങ്ങനെ അദ്ദേഹം വലിയൊരു ധനവാനായി മാറിയിരുന്നു.

കുമ്പളങ്ങ (കൂശ്മാണ്ഡം)
അദ്ദേഹത്തിന്റടുത്ത് ആര് വിഷവൈദ്യം പഠിയ്ക്കാനെത്തിയാലും പറഞ്ഞു കൊടുക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം അദ്ദേഹത്തിന്റെ തൊട്ടയൽപക്കത്തുള്ള ഒരു ബാലൻ; ദാരിദ്ര്യവും കഷ്ടപ്പാടും പട്ടിണിയും മാത്രമായിരുന്നു അവന്റെ സ്വത്ത്; അവനും വിഷവൈദ്യം പഠിയ്ക്കാൻ തീരുമാനിച്ചു. അവന്റെ പേര് കൊച്ചുരാമൻ. കൊച്ചുരാമൻ വിഷവൈദ്യന്റടുത്ത് പഠിയ്ക്കാനെത്തുന്നവരോട് പഠനച്ചെലവും മറ്റും അന്വേഷിച്ചു. അവർ പറഞ്ഞു പഠിയ്ക്കാനെത്തുമ്പോൾ ഗുരുദക്ഷിണയായി അവനവനു കഴിവുള്ള തരത്തിൽ എന്തെങ്കിലും നൽകണം. ശേഷം അദ്ദേഹമൊരു മന്ത്രം ഉപദേശിച്ചു തരും ആ മന്ത്രം ഭയഭക്തി ബഹുമാനത്തോടെ അരലക്ഷം പ്രാവശ്യം ഉരുവിടണം. പിന്നെ ആ മന്ത്രം കൊണ്ട് വെള്ളമോതി ഒഴിയ്ക്കുകയൊ ഭസ്മം ജപിച്ചിടുകയൊ ചെയ്താൽ വിഷമിറങ്ങും. ഇതു കേട്ട കൊച്ചുരാമൻ അതി സന്തോഷവാനായി. പക്ഷേ വീണ്ടും അവന്റെ ചിന്ത ഗുരുദക്ഷിണയിലേയ്ക്ക് പോയി. തന്റെ കൈവശം കൊടുക്കാനൊന്നുമില്ല. അതവനെ വല്ലാതെ സങ്കടത്തിലാഴ്ത്തി. പെട്ടന്നൊരുപായം മനസിലേയ്ക്കെത്തി. വീടിന് മുകളിൽ പടർന്നു പന്തലിച്ച് നിൽക്കുന്ന കുമ്പള വള്ളിയിൽ അഞ്ചാറു കുമ്പളങ്ങയുണ്ടല്ലൊ, അതെല്ലാം പറിച്ച് ചാക്കിൽ കെട്ടി ഗുരുദക്ഷിണയായി അദ്ദേഹത്തിന് മുന്നിൽ സമർപ്പിയ്ക്കാമെന്ന് അവൻ നിശ്ചയിച്ചു.
പിറ്റേ ദിവസം ശിഷ്യരും മറ്റും വന്നു കൂടുന്നതിന് മുമ്പ് അവൻ ഗുരുവിന്റെ ഉപദേശം വാങ്ങാനായി വെളുപ്പാൻ കാലത്ത് കുമ്പളങ്ങച്ചുമടുമായി വൈദ്യ ഗൃഹത്തിലെത്തി. വൈദ്യൻ ഉണർന്നെണീറ്റ് പുറത്തേയ്ക്ക് വന്നപ്പോൾ കൊച്ചുരാമൻ കുമ്പളങ്ങച്ചുമട് അദ്ദേഹത്തിന്റെ മുന്നിൽ വച്ച് സാഷ്ടാംഗം തൊഴുതു.
“നീ എന്തിനാണ് വന്നത്?” വൈദ്യൻ ചോദിച്ചു. എന്നെക്കൂടി വിഷവൈദ്യം പഠിപ്പിയ്ക്കണമെന്ന് കൊച്ചുരാമൻ പറഞ്ഞു. അതു കേട്ട് വൈദ്യൻ “അതിന് വിഡ്ഢി! കൂശ്മാണ്ഡം എന്തിനാണ് ” എന്നു ചോദിച്ചു. വിഷവൈദ്യം പഠിയ്ക്കാനുള്ള ധൃതിയും പരിഭ്രമവും കൊണ്ട് കൊച്ചുരാമൻ, വൈദ്യൻ പറഞ്ഞത് മുഴുവൻ കേട്ടില്ല. ” വിഡ്ഢി കൂശ്മാണ്ഡം ” എന്ന മാത്രമെ കേട്ടുള്ളൂ. ഇതായിരിയ്ക്കും മന്ത്രമെന്ന് വിചാരിച്ച് കൊച്ചുരാമൻ വീണ്ടും വൈദ്യനെ വണങ്ങിയിട്ട് അവിടെ നിന്നിറങ്ങിയോടിപ്പോവുകയും ചെയ്തു.
ഈ മന്ത്രം ക്ഷണം കൊണ്ട് പഠിയ്ക്കാമല്ലൊ? ഏതായാലും വൈദ്യൻ ഇത്രയും പെട്ടെന്ന് മന്ത്രം പകർന്നു തന്നതിന്റെ സന്തോഷത്താൽ അവൻ വീട്ടിലെത്തി കുളിച്ച് വൃത്തിയായി വിളക്കുകൊളുത്തി വച്ച് അതിന്റെ മുന്നിലിരുന്ന് അരലക്ഷം പ്രാവശ്യം മന്ത്രമുരുവിട്ടു. നല്ലൊരു വിഷവൈദ്യനായിത്തീർന്നു എന്നവൻ ദൃഢമായി വിശ്വസിച്ചു.
“ചെന്നു കടിയ്ക്കയില്ലെന്നും ചെന്നു വിഷമിറക്കുകയില്ലെന്നും സർപ്പങ്ങളും വിഷവൈദ്യന്മാരും തമ്മിലൊരു മാനസിക പൊരുത്തമുണ്ടെന്നാണ് വയ്പ് “. അതു കൊണ്ട് തന്നെ വിഷവൈദ്യന്മാരാരും വിഷമിറക്കാൻ വീടുവിട്ടിറങ്ങി പോവില്ലായിരുന്നു. എന്നാൽ നമ്മുടെ കൊച്ചുരാമൻ അങ്ങനെയായിരുന്നില്ല. എവിടെയെങ്കിലും വിഷഭയമുണ്ടെന്നറിഞ്ഞാൽ അവിടെയെത്തി വിഷമിറക്കുക പതിവായിരുന്നു. ആദ്യമൊക്കെ കൊച്ചുരാമന്റെ വിഷവൈദ്യത്തിൽ ആർക്കുമത്ര മതിപ്പുണ്ടായിരുന്നില്ല. പിന്നെപ്പിന്നെ ആളുകൾ കൊച്ചുരാമന്റെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോവുക പതിവായിരുന്നു. മറ്റു വിഷവൈദ്യന്മാർ വിഷമിറക്കുന്നതിന് പ്രതിഫലം വാങ്ങരുതെന്ന പ്രമാണമുണ്ടായിരുന്നു. എന്നാൽ കൊച്ചുരാമൻ അങ്ങനെയായിരുന്നില്ല. ക്രമേണ കൊച്ചുരാമന്റെ ദാരിദ്ര്യവും പട്ടിണിയുമൊക്കെ മാറിത്തുടങ്ങി; അവൻ സമ്പന്നതയിലേയ്ക്കുയർന്നു. വലിയ വീടുവയ്ക്കുകയും നിലവും പുരയിടങ്ങളും വീട്ടിൽ വേണ്ടുന്ന വിലപിടുപ്പുള്ള സാധനങ്ങളടക്കം വാങ്ങുകയും ആഭരണങ്ങൾ മുതലായവ സമ്പാദിയ്ക്കുകയും ചെയ്തു.
അങ്ങനെയിരിയ്ക്കുമ്പോൾ കോഴിക്കോട്ട് നാടു വാണിരുന്ന സാമൂതിരിപ്പാട് തമ്പുരാന് വിഷഭയമുണ്ടായി. അനേകം വിഷവൈദ്യന്മാർ പഠിച്ച പണിയെല്ലാം നോക്കിയിട്ടും വിഷമിറങ്ങിയില്ല. മൂന്നാം ദിവസം തമ്പുരാനെ ശവസംസ്കാരം നടത്തുന്നതിനായി നിലത്തിറക്കിക്കിടത്തി. അപ്പോൾ അവിടെ കൂടിയ ചിലർ കൊച്ചുരാമൻ വൈദ്യന്റെ കാര്യമോർത്ത് അദ്ദേഹത്തെക്കൂടി കാണിയ്ക്കാമെന്നഭിപ്രായം വന്നു. എന്നാൽ ഇനി ആരേയും കാണിച്ചിട്ട് രക്ഷയില്ല എന്ന് ചിലർ അഭിപ്രായപ്പെട്ടു. ഏതായാലും അയാളെക്കൂടി വരുത്താമെന്ന തീരുമാനത്തിൻ കൊച്ചുരാമൻ വൈദ്യനെ അവിടെ എത്തിച്ചു. വൈദ്യൻ വന്ന് തമ്പുരാനെ കണ്ടയുടൻ മടപ്പള്ളിക്കാരനായ (അടുക്കളയിലെ പാചകക്കാരൻ ) കുട്ടിപ്പട്ടരെ വിളിച്ചു ക്ഷണത്തിൽ കുറച്ചു കഞ്ഞി വയ്ക്കാൻ പറഞ്ഞു. ഇതു കേട്ട് അവിടെ കൂടി നിന്ന വിഷവൈദ്യന്മാരെല്ലാം അതിശയത്തോടെ “അതെന്തിനാ എന്ന് ചോദിച്ചു?”
” തിരുമനസ് അമൃതേത്ത് കഴിച്ചിട്ട് മൂന്ന് ദിവസമായില്ലെ വിഷമിറങ്ങുമ്പോൾ അദ്ദേഹത്തിന് നല്ല ക്ഷീണവും വിശപ്പുമുണ്ടാകും” എന്ന് കൊച്ചുരാമൻ മറുപടി പറഞ്ഞു. ഇതു കേട്ട് മറ്റു വിഷവൈദ്യന്മാർ പരസ്പരം നോക്കി പുച്ഛിച്ച് പുഞ്ചിരിച്ചു.
കൊച്ചുരാമൻ കുറച്ചു വെള്ളമെടുത്ത് “വിഡ്ഢി കൂശ്മാണ്ഡം” എന്ന് നൂറ്റെട്ട് പ്രാവശ്യം ഉരുവിട്ട് തമ്പുരാന്റെ മുഖത്ത് തളിച്ചു. ഉടനെ തമ്പുരാൻ കണ്ണുതുറന്നു. വൈദ്യർ വീണ്ടും അപ്രകാരം മന്ത്രമുരുവിട്ട് വെള്ളം തളിച്ചു; തമ്പുരാൻ കൈയ്യും കാലും അനക്കിത്തുടങ്ങി. വീണ്ടും മന്ത്രമുരുവിട്ട് വെള്ളം തളിച്ചപ്പോൾ അദ്ദേഹം എണീറ്റിരുന്നു; കഞ്ഞി കുടിയ്ക്കണമെന്ന് കല്പിച്ചു. തൽക്ഷണം കഞ്ഞി കൊണ്ടുവന്ന് തമ്പുരാൻ വയറുനിറച്ച് അമൃതേത്ത് കഴിയ്ക്കുകയും ചെയ്തു. മറ്റു വൈദ്യന്മാർ അമ്പരന്നു പോയി.
ക്ഷീണമെല്ലാം കഴിഞ്ഞ് തമ്പുരാൻ കല്പിച്ച് ചോദിച്ചു ആരാണ് എന്റെ വിഷമിറക്കിയത്. ഈയിരിയ്ക്കുന്ന കൊച്ചുരാമൻ വൈദ്യരാണെന്ന് സേവകർ അറിയിച്ചു. തമ്പുരാൻ സന്തോഷിച്ചു. കൊച്ചുരാമൻ വൈദ്യന് രണ്ടു കൈയ്ക്കും വീരശൃംഖലയും പട്ടും പവനുമായി കൈനിറയെ സമ്മാനങ്ങൾ നൽകിയ ശേഷം ഇദ്ദേഹത്തെ പല്ലക്കിൽ വാദ്യഘോഷങ്ങളോടുകൂടി അദ്ദേഹത്തിന്റെ വീട്ടിലേയ്ക്കെത്തിയ്ക്കാൻ രാജാവ് കല്പിക്കുകയും ചെയ്തു.
എന്നാൽ വിഷവൈദ്യന്മാരുടെ കൂട്ടത്തിൽ കൊച്ചുരാമൻ വൈദ്യരുടെ ഗുരുവുമുണ്ടായിരുന്നു. അദ്ദേഹം ചിന്തിച്ചു ഞാനന്ന് വിഡ്ഢി എന്ന് വിളിച്ചതുകൊണ്ട് ഇവൻ മറ്റെവിടെയൊ പോയി ദിവ്യത്വം വശമാക്കി വന്നതായിരിയ്ക്കും.കൊച്ചുരാമൻ ഗുരുവിനെ ആൾക്കൂട്ടത്തിനിടയിൽ വച്ച് കണ്ടിരുന്നില്ല. എന്നാൽ പല്ലക്കിൽ പോവുമ്പോൾ ഗുരുവിനെ കണ്ട കൊച്ചുരാമൻ പല്ലക്കിൽ നിന്നും താഴെയിറക്കാൻ ആവശ്യപ്പെടുകയും തന്റെ ഗുരുവിന്റെ പാദങ്ങളിൽ സാഷ്ടാംഗം നമസ്കരിച്ചിട്ട് തനിയ്ക്ക് ലഭിച്ച പാരിതോഷികങ്ങൾ ഗുരുവിന്റെ കാൽക്കൽ സമർപ്പിയ്ക്കുകയും ചെയ്തു. എന്നിട്ട് പറഞ്ഞു അന്ന് എനിയ്ക്ക് അങ്ങേയ്ക്ക് വേണ്ട വിധത്തിലുള്ള ദക്ഷിണ നൽകാൻ കഴിവില്ലായിരുന്നു. ഇന്ന് ഗുരുദക്ഷിണയായി അങ്ങിത് സ്വീകരിച്ചാലും…
ഞാനതിന് നിങ്ങൾക്കൊന്നും ഉപദേശിച്ചു തന്നിട്ടില്ലല്ലൊ? മരിച്ചവരെ ജീവിപ്പിയ്ക്കുന്ന വിദ്യ എനിയ്ക്കും കൂടി ഉപദേശിച്ചുതരണമെന്ന് ഞാൻ അപേക്ഷിയ്ക്കുന്നുവെന്ന് ഗുരു പറഞ്ഞു.
അങ്ങ് എനിയ്ക്കുപദേശിച്ചു തന്ന മന്ത്രമല്ലാതെ മറ്റൊരു മന്ത്രവുമെനിയ്ക്കറിയില്ലയെന്ന് കൊച്ചു രാമൻ വൈദ്യൻ പറഞ്ഞു. ഗുരു ചോദിച്ചു ഏതാണാ മന്ത്രം ? ഉടൻ തന്നെ കൊച്ചുരാമൻ വൈദ്യൻ ഗുരുവിന്റെ ചെവിയിൽ “വിഡ്ഢി! കൂശ്മാണ്ഡം” എന്ന മന്ത്രം ഓതിക്കൊടുത്തു. ഇത് കേട്ട് ഗുരു അത്ഭുതപ്പെട്ടു പോയി!!!
സീന ഭാസ്കർ