ഓണാഘോഷം

നൂറ്റാണ്ടുകളുടെ ചരിത്രവും പേറിയെത്തുന്ന ഓണം കേരളീയരുടെ തനത് ഉത്സവമാണ്. പക്ഷെ ഇന്നത് കേരളത്തിന്റെ ദേശീയോത്സവമായി അംഗീകാരം പിടിച്ചു പറ്റിയിരിക്കുന്നു.

ഓണാഘോഷം എന്നാണ് തുടങ്ങിയത് എന്നതിന് വ്യക്തമായ തെളിവൊന്നുമില്ല. എന്നാൽ ഒട്ടേറെ ഐതിഹ്യങ്ങളുമുണ്ട്.

ഇതിൽ ഒന്ന് പണ്ട് കേരളം വാണിരുന്ന മഹാബലി എന്ന അസുരചക്രവർത്തി തന്റെ പ്രജകളെ കാണാൻ വരുന്നതുമായി ബന്ധപ്പെട്ടും, പിന്നൊന്ന് കാർഷിക വിളവെടുപ്പുമായി ബന്ധപ്പെട്ടും ഉള്ളതാണ്.

വസന്തകാലത്തിന്റെ ആരംഭമായതിനാൽ പാടത്തും പറമ്പിലും പോലും പലവിധപൂക്കൾ പൂത്തുതുടങ്ങുന്നു. പരിശുദ്ധിയുടെ തൂവെൺമനിറമുള്ള തുമ്പ പൂക്കൾ ഈ ഓണക്കാലത്തുമാത്രമേ കാണാറുള്ളു. ഇന്ന് വിസ്മൃതിയിലേയ്ക്ക് പോയ മുക്കൂറ്റിയും അതു പോലെ പലവിധ പൂക്കളും പൂത്തു തളിർത്തു മാവേലിമന്നനെ വരവേൽക്കാനായൊരുങ്ങുന്നു.

ചിങ്ങമാസത്തിൽ അത്തം നാളിൽ മുറ്റത്ത് ചാണകം മെഴുകി ഒരുക്കി അതിൽ പൂക്കളമൊരുക്കുന്നു. പത്താം നാൾ തിരുവോണത്തിനു വിപുലമായ സദ്യയൊരുക്കി ഓണമാഘോഷിക്കുന്നു. വിളവെടുപ്പ് ഉത്സവമായും ചരിത്രകാരന്മാർ ഓണത്തിനെ രേഖപ്പെടുത്തിയിട്ടുണ്ട്.

കർക്കിടകത്തിലെ വറുതിക്ക് ശേഷം വയലുഴുത് കൃഷിയിറക്കുന്നു. നിലമൊരുക്കുന്നതു മുതൽ വിത്തെറിഞ്ഞ് മുളപ്പിച്ച് ഞാറ് മാറ്റി നട്ട് കൊയ്ത് കലവറ നിറക്കുന്നതു വരെ പല പല ഘട്ടങ്ങളാണ്. ഇതൊക്കെയും അനുഷ്ടാനങ്ങളും ആഘോഷങ്ങളുമാണ് മലയാളിയ്ക്ക്.

ഇല്ലങ്ങളിലെ പത്തായങ്ങളും കുടിലിലെ വല്ലങ്ങളും നിറയുന്ന നിറവിന്റേയും സന്തുഷ്ടിയുടേയും സമയമാണ് ഇത്.

ഓണക്കാലത്തെ അനുഷ്ഠാനകലകളിൽ പ്രധാനമാണ് ഓണത്തെയ്യം. ഓണേശ്വരൻ, ഓണത്തുള്ളൽ എന്നിവയിൽ പലതും അന്യംനിന്നു പോയെങ്കിലും പഴയതലമുറയിലുള്ളവർക്ക് ഇതൊക്കെയും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളാണ്. ഇന്നും മലയാളികൾ ഏതു നാട്ടിലാണെങ്കിലും അവിടെയൊക്കെ കേമമായി ഓണം ആഘോഷിക്കുന്നു.

പണ്ടുള്ളവർക്ക് പ്രജകളുടെ ക്ഷേമം അന്വേഷിക്കാൻ ഓലക്കുടയും ചൂടി വീടുവീടാന്തരം കയറിവരുന്ന കുടവയറൻ മാവേലി. ഖേദപൂർവ്വം പറയട്ടെ ഇന്നത്തെ തലമുറയിലെ കുഞ്ഞുങ്ങൾക്ക് ടെക്സ്റ്റൈലുകൾക്ക് മുന്നിൽ വേഷം കെട്ടിനിൽക്കുന്ന ഒരു കോമാളി രൂപമായി മാറിയിരിക്കുന്നു മാവേലി.

 

ലേഖനം: രക്ഷിതാക്കള്‍ – ഒന്നാം സമ്മാനം
ശ്യാമ അമ്പാടി, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തക.

(മലയാളം മിഷന്‍ നടത്തിയ ഓണമത്സരത്തില്‍ ലേഖനം വിഭാഗത്തില്‍ സമ്മാനാര്‍ഹമായ രചന)

3 Comments

Bindu Jayan October 20, 2018 at 5:46 pm

Nice syama …

Prince January 15, 2019 at 2:50 am

Onam 2019 Is Coming. Still Waiting for Onam 2019. Keep writing Thanks

Vivek cdit January 19, 2019 at 6:25 am

Good one

Leave a Reply to Prince Cancel reply

FOLLOW US