കേരളത്തിന്റെ കാര്‍ഷിക പാരമ്പര്യത്തിലേക്ക് ഒരു എത്തിനോട്ടം
കേരളമെന്നു കേട്ടാല്‍ ഐതീഹ്യമനുസരിച്ച് കേരവൃക്ഷ സമൃദ്ധമെന്നാണ്. എന്നാല്‍ കേരവൃക്ഷം പോലെ മറ്റു പല കാര്‍ഷിക വിളകളും തലമുറകള്‍ക്കു മുന്‍പുതന്നെ കേരളത്തില്‍ നിലനിന്നിരുന്നു. നെല്ല്, വാഴ, എള്ള്, മരച്ചീനി, കിഴങ്ങുവര്‍ഗങ്ങള്‍, ചേമ്പ്, ചേന, പയര്‍വര്‍ഗങ്ങള്‍, ചീര, വഴുതനങ്ങ, മുരിങ്ങക്ക, വെള്ളരി, പടവലം, വെണ്ടയ്ക്ക കൂടാതെ സുഗന്ധദ്രവ്യങ്ങള്‍ ഇവയെല്ലാം കൃഷിചെയ്തുവരുന്നു. ഇന്നു കേരളത്തില്‍ മലമ്പ്രദേശങ്ങളില്‍ സാധാരണയായി കൃഷിചെയ്യുന്ന ഒരു നാണ്യവിളയാണ് റബ്ബര്‍. കേരളത്തില്‍ നടാടെയുള്ള കൃഷിരീതികള്‍ വശമല്ലെങ്കിലും അറിവിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടു കേരളത്തിന്റെ കാര്‍ഷിക വൃത്തിയിലേക്ക് ഒന്നു മനസോടിക്കാം.
ആദ്യമായി കേരവൃക്ഷത്തെക്കുറിച്ച് – വിളഞ്ഞുണങ്ങിയ നാളീകേരം മണ്ണില്‍ കുഴിയെടുത്ത് അതില്‍ കുത്തിനിര്‍ത്തി പുറമേ മണ്ണിട്ടു മുളപ്പിക്കുന്നു. പിന്നീട് ആ തൈകള്‍ ഓരോന്നായി വലിയ കുഴിയുണ്ടാക്കി അതില്‍ നട്ടുവളര്‍ത്തുന്നു. മേടമാസം പത്താംതിയതി (പത്താമുദയം) കൃഷിയുടെ തുടക്കത്തിനു ശുഭമാണെന്നു വിശ്വസിക്കുന്നു. ആ ദിവസം വീട്ടിലെ അംഗങ്ങള്‍ എല്ലാവരും ഒരു തെങ്ങിന്‍തൈ എങ്കിലും നടുക എന്നത് വീട്ടിലെ ഒരു ചടങ്ങായി പിന്‍തുടരുന്നു. നാളീകേരം കേരളത്തിന്റെ നാണ്യവിളയാണ്. തെങ്ങിന്റെ എല്ലാ ഭാഗങ്ങളും മനുഷ്യന് ഉപയുക്തമാണ്. അതുകൊണ്ടു തന്നെ കല്‍പവൃക്ഷം എന്ന പ്രൗഡിയോടുകൂടി അതു നിലനില്‍ക്കുന്നു. ഇളനീര്‍ കുടിക്കുന്നത് ശരീരക്ഷീണം ശമിപ്പിക്കുന്നതിനും ആരോഗ്യത്തിനും വളരെ ഉത്തമമാണ്. കേരളത്തിന്റെ തനതു പലഹാരങ്ങളിലും കറികളിലും നാളീകേരം ഒരു പ്രധാനഘടകമാണ്. നാളീകേരം ഉണക്കി ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ ഔഷധഗുണം അടങ്ങിയതാണ്. കേരളത്തിലെ കുടുംബങ്ങളില്‍ വരുമാനത്തിന്റെ ഒരു വലിയഭാഗം നാളീകേരത്തെ ആശ്രയിച്ചാണു നിലനില്‍ക്കുന്നത്.
അടുത്തതായി കേരളത്തിന്റെ മുഖ്യഭക്ഷണമായ അരിയുടെ ഉറവിടമായ നെല്‍കൃഷിയെക്കുറിച്ചാകാം. ആദ്യകാലത്ത് പ്രകൃതിയെ ആശ്രയിച്ചു കര്‍ഷകര്‍ നെല്‍കൃഷി ചെയ്തിരുന്നു. മുണ്ടകന്‍, ചെമ്പാവ്, കൊച്ചുവിത്ത്, നവര മുതലായ നെല്ലിനങ്ങളാണ് കൃഷി ചെയ്തിരുന്നത്. മീനമാസത്തില്‍ മണ്ണില്‍ കലപ്പിടിച്ച് ഇടും. ബാക്കിയുള്ള വിത്ത് പാകി മുളപ്പിച്ച് 30 മുതല്‍ 40 ദിവസത്തെ മൂപ്പെത്തുമ്പോള്‍ പറിച്ചുനടും. ചാണകമാണ് പ്രധാനവളം. ഇടവമാസമാകുമ്പോഴേക്കും പൂവിട്ട്, പിന്നീട് കതിരായി കര്‍ക്കിടകമാസമാകുമ്പോഴേക്കും കതിരുവിളഞ്ഞുപഴുത്ത് പാകമാകും. ചിങ്ങമാസത്തില്‍ വിളവെടുക്കും. ഈ വിളവെടുപ്പുമായി ബന്ധപ്പെട്ടതാണ് കേരളത്തിന്റെ ദേശിയ ഉത്സവമായ ഓണം. മുണ്ടകന്‍നെല്ലിന്റെ ഒരു വിളവെടുപ്പ് മേടമാസത്തിലുണ്ട്.
കേരളത്തിന്റെ പലഭാഗത്തും എള്ളുകൃഷിയുണ്ടായിരുന്നു. നെല്‍കൃഷി കഴിയുന്ന പാടങ്ങളില്‍ ഇടവേളകൃഷിയ്ക്കായി എള്ളു പാകുന്നു. കേരളത്തിലെ മുന്‍കാലങ്ങളില്‍ ജൈവകൃഷി രീതിയില്‍ ഉള്ളതിനേക്കാള്‍ ആധുനികരീതിയില്‍ ഉത്പാദനം കൂടുതലാണ്.
ലേഖനം: അദ്ധ്യാപകര്‍ – ഒന്നാം സമ്മാനം
നിഷ പ്രകാശ്
മലയാളം മിഷൻ അധ്യാപിക
മാനസ്സരോവർ പഠനകേന്ദ്രം
കാമോഠെ മലയാളി സമാജം
മേഖല സെക്രട്ടറി, നവിമുംബൈ
(മലയാളം മിഷന്‍ നടത്തിയ ഓണമത്സരത്തില്‍ ലേഖനം വിഭാഗത്തില്‍ സമ്മാനാര്‍ഹമായ രചന)