വള്ളത്തോള്‍ നാരായണമേനോന്റെ സാഹിത്യമഞ്ജരി ഏഴാംഭാഗത്തില്‍ നിന്നെടുത്ത എന്റെ ഭാഷ എന്ന കാവ്യ ഭാഗത്തെയാണ് ഇക്കുറി എന്റെ മലയാളത്തില്‍ കൂട്ടുകാര്‍ക്കായ് പരിചയപ്പെടുത്തുന്നത്.
എന്റെ ഭാഷ
മിണ്ടിത്തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം–
ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചീടുന്നതൊന്നാമതായ്?
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍!
മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍
മാതാവിന്‍ വാത്സല്യദുഗ്ദ്ധം നുകര്‍ന്നാലേ
പൈതങ്ങള്‍ പൂര്‍ണ്ണവളര്‍ച്ച നേടൂ.
അമ്മതാന്‍തന്നേ പകര്‍ന്നുതരുമ്പോഴേ
നമ്മള്‍ക്കമൃതുമമൃതായ്‌ത്തോന്നൂ
ഏതൊരു വേദവുമേതൊരു ശാസ്ത്രവു–
മേതൊരു കാവ്യവുമേതൊരാള്‍ക്കും
ഹൃത്തില്‍പ്പതിയേണമെങ്കില്‍ സ്വഭാഷതന്‍
വക്ത്രത്തില്‍ നിന്നുതാന്‍ കേള്‍ക്കവേണം
ഹൃദ്യം സ്വഭാഷതന്‍ ശീകരമോരോന്നു–
മുള്‍ത്തേനായ്‌ച്ചേരുന്നു ചിത്തതാരില്‍;
അന്യബിന്ദുക്കളോ, തല്‍ബഹിര്‍ഭാഗമേ
മിന്നിച്ചുനില്‍ക്കുന്ന തൂമുത്തുകള്‍.
അമ്മയുടെ മുഖത്തുനിന്നുതന്നെ കേട്ടു പഠിക്കുന്നതാണ് മാതൃഭാഷ. അതുകൊണ്ട് ആദ്യമായി ഉള്ളില്‍ തെളിയുന്നതും മാതൃഭാഷയാണ്. ഒരാള്‍ക്ക് സ്വന്തം വികാരങ്ങളും വിചാരങ്ങളും വ്യക്തമായി ആവിഷ്‌കരിക്കാന്‍ സാധിക്കുന്നത് മാതൃഭാഷയില്‍ക്കൂടിയാണ്. മുതിര്‍ന്ന ഒരാള്‍ ധാരാളം ഭാഷകള്‍ മനസ്സിലാക്കിയിട്ടുണ്ടെങ്കിലും ആശയപ്രകടനത്തിന് ഏറ്റവും സ്വീകാര്യമായി തോന്നുന്നതു സ്വന്തം ഭാഷയാണെന്നു കവിതയില്‍ സൂചിപ്പിക്കുന്നു.
സംസാരിച്ചുതുടങ്ങുമ്പോള്‍തന്നെ കുട്ടിയുടെ ഇളംചുണ്ടുകളില്‍ മുലപ്പാലിനോടൊപ്പം അമ്മ എന്ന രണ്ടക്ഷരം കൂടിക്കലരുന്നു. മനുഷ്യനു സ്വന്തം ഭാഷ എന്നത് പെറ്റമ്മയെ പോലെയാണ്. മറ്റുള്ള ഭാഷകള്‍ വളര്‍ത്തമ്മമാരാണ്. അമ്മയുടെ വാത്സല്യം ഉള്‍ക്കൊള്ളുന്ന പാല്‍ നുകരുമ്പോള്‍ മാത്രമേ ശിശുക്കള്‍ പൂര്‍ണ്ണമായ വളര്‍ച്ച നേടുന്നുള്ളൂ. അമ്മതന്നെ പകര്‍ന്നുതരുമ്പോഴേ നമുക്ക് അമൃതുപോലും അമൃതായി തോന്നുകയുള്ളൂ. ഏതു വേദവും ഏതു ശാസ്ത്രവും ഏതു കാവ്യവും ഒരാളുടെ ഉള്ളില്‍ പതിയണമെങ്കില്‍ സ്വന്തം ഭാഷയില്‍ത്തന്നെ കേള്‍ക്കണം. സ്വന്തം ഭാഷയുടെ ചെറിയ തുള്ളികള്‍ (അംശങ്ങള്‍)പോലും തേന്‍പോലെ മനോഹരമായി അനുഭവപ്പെടുന്നു. അന്യഭാഷയുടെ അംശങ്ങളാകട്ടെ, പുറത്ത് മാത്രം തങ്ങിനില്ക്കുന്ന മുത്തുകളാണ്.ഇതാണ് ഈ കവിത ഭാഗത്തിന്റെ ആശയം. ഇനി കൂട്ടുകാര്‍ ഈ കവിത കേട്ട് നോക്കൂ.