പ്രായമായ അച്ഛനോ അമ്മയോ അപ്പുപ്പനോ അമ്മുമ്മയോ നമ്മുടെ വീടുകളിൽ ഉണ്ടോ? അവരെ ആദരിക്കയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് നമ്മെ ഓർമപ്പെടുത്തുന്ന ദിനമാണ് ഒക്ടോബർ 1. ലോക വൃദ്ധ ദിനമായിട്ടാണ് ഈ ദിനം ആചരിക്കുന്നത്.

ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘ഒരു മുത്തശ്ശി ഗദ’ എന്ന സിനിമയിൽ ഒരു രംഗമുണ്ട്. മുത്തശ്ശിയോ, അതെന്ത് സാധനം? എന്ന് ഒരു പുതു തലമുറക്കാരൻ ചോദിക്കുന്നു.. കാലാവധി കഴിയുമ്പോള്‍ വൃദ്ധസദനത്തില്‍ തള്ളുന്ന സാധനം എന്ന് പുതു തലമുറക്കാർ ആലോചിച്ച് പോയാൽ അത്ഭുതപ്പെടേണ്ടതില്ല. പ്രായമായ മനുഷ്യരുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ഇഷ്ടങ്ങളുമാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കമെങ്കിലും യഥാര്‍ത്ഥത്തില്‍ ഇവരുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും പലരും അറിയാറില്ല, അറിയാൻ ശ്രമിക്കാറുമില്ല.

വാര്‍ദ്ധക്യത്തിലേക്ക് ഒരിക്കല്‍ പോലും നോക്കാന്‍ ഇഷ്ടപ്പെടാത്ത യുവതലമുറയ്ക്ക് ഈ ദിനം ഒരു ഓര്‍മ്മപ്പെടുത്തലാണ്. കാലം കഴിയുമ്പോൾ ഏവരും എത്തിപ്പെടുന്ന അവസ്ഥ എന്ന ഓർമപ്പെടുത്തൽ.

1950 ൽ ലോകത്ത് 60 വയസ്സിൽ കൂടുതൽ പ്രായമുള്ളവരുടെ എണ്ണം 20 കോടിയായിരുന്നു. 2000ൽ ഇത് മൂന്നു മടങ്ങായി വർദ്ധിച്ച് 60 കോടിയായി. 2025 ൽ 60 കഴിഞ്ഞവരുടെ എണ്ണം 100 കോടിയിലേറെ വരും എന്നാണ് അനുമാനിക്കുന്നത്. 1990 ഡിസംബർ പതിനാലിനാണ് എല്ലാ വർഷവും ഒക്ടോബർ ഒന്ന് ലോക വൃദ്ധദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അംഗീകരിച്ചത് 1991 ഒക്ടോബർ ഒന്നിനാണ് ഈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്.

പ്രായമായ മനുഷ്യരെ വൃദ്ധ സദനത്തിന്റെ നാലുചവരുകള്‍ക്കുള്ളില്‍ ഒതുക്കാതെ, ഏകാന്തതയുടെ തടവറയിലേക്ക് തള്ളിവിടാതെ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ലോകത്തേക്ക് തുറന്നു വിടേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഈ ദിനം ഓർമിപ്പിക്കുന്നു.

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content