തുമ്പീ തുമ്പീ വാ വാ… തുമ്പ തണലിൽ വാ വാ… എന്ന  പാട്ട് കൂട്ടുകാർ  കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇപ്പോൾ തന്നെ കേട്ട് നോക്കൂ. വളരെ പ്രശസ്തനായ ഒരു കവിയുടെ ആദ്യ സിനിമ ഗാനമായിരുന്നു അത്.

ഈ പാട്ട് എഴുതിയത് ആരാണെന്നറിയാമോ? ഓർമ്മ വരുന്നില്ലെങ്കിൽ ബലികുടീരങ്ങളെ എന്ന ഗാനം കേട്ട് നോക്കൂ.

ഇപ്പൊ കുറച്ചു പേർക്കെങ്കിലും ഇത് എഴുതിയ ആളെ മനസ്സിലായിട്ടുണ്ടാവും. വയലാർ രാമവർമ. തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനത്തിന് വേണ്ടിയായിരുന്നു ‘ബലികുടീരങ്ങളേ’ എന്ന ഗാനം വയലാര്‍ രചിച്ചത്. കവിതകളും നാടക ഗാനങ്ങളും എഴുതിയാണ് വയലാർ തന്റെ രചനാ ജീവിതം ആരംഭിച്ചത്.

1928 മാർച്ച് മാസം 25-ന് ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ വയലാർ ഗ്രാമത്തിലാണ്‌ വയലാർ രാമവർമ്മ ജനിച്ചത്. അച്ഛൻ വെള്ളാരപ്പള്ളി കേരളവർമ്മ. അമ്മ വയലാർ രാഘവപ്പറമ്പിൽ അംബാലിക തമ്പുരാട്ടി. അദ്ദേഹത്തിന് മൂന്നര വയസ്സുള്ളപ്പോൾ അച്ഛൻ കേരളവർമ അന്തരിച്ചു. അച്ഛന്റെ മരണമാണ് അദ്ദേഹത്തെ കൊണ്ട് ‘ആത്മാവിന്റെ ചിത’ എന്ന കവിത പിൽക്കാലത്ത് എഴുതിപ്പിച്ചത്. ഈ കവിത ഒന്ന് കേൾക്കൂ .

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു ഒപ്പം നടന്ന കവിയാണ് വയലാർ. പാദമുദ്ര, കൊന്തയും പൂണൂലും, ആയിഷ, എനിക്കു മരണമില്ല, മുളംകാട്, ഒരു ജൂഡാസ് ജനിക്കുന്നു, എന്‍റെ മാറ്റൊലിക്കവിതകള്‍, സര്‍ഗ സംഗീതം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ രചനകൾ. കവി എന്നതിലുപരി സിനിമാഗാനരചയിതാവ് എന്ന നിലയിലാണ് വയലാർ കൂടുതൽ പ്രസിദ്ധനായത്. 1961-ൽ സർഗസംഗീതം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 1974-ൽ “നെല്ല്”, “അതിഥി” എന്നീ ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണപ്പതക്കവും നേടി.

1975 ഒക്ടോബർ 27-നു പുലർച്ചെ നാലുമണിയ്ക്ക് തന്റെ നാൽപ്പത്തിയേഴാമത്തെ വയസ്സിലാണ് വയലാർ അന്തരിച്ചത് .മലയാളികളുടെ മനസ്സിൽ എന്നും പച്ച പിടിച്ച് നില്ക്കുന്ന ഒരുപിടി സിനിമാ ഗാനങ്ങളും കവിതകളും സമ്മാനിച്ചാണ് വയലാർ അകാലത്തിൽ വിട പറഞ്ഞത് .

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content