നെയ്യാറ്റിന്‍കര എന്ന സ്ഥലത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ ?
ആ വാക്കു കേട്ടപ്പോള്‍ എന്താണു തോന്നിയത്? എന്തെങ്കിലും ഓര്‍മ്മ വന്നോ? ആരെയെങ്കിലും ഓര്‍ത്തുപോയോ?
നെയ്യാറിന്റെ കരയിലുള്ള പ്രദേശമാണ് നെയ്യാറ്റിന്‍കരയെന്നു പേരു കൊണ്ടു തന്നെ മനസ്സിലായിക്കാണുമല്ലോ? തിരുവനന്തപുരം ജില്ലയില്ത്തന്നെയുളള ഈ സ്ഥലത്തിന് കേരളചരിത്രത്തിലും കേരളസംസ്കാരത്തിലും കേരളരാഷ്ട്രീയത്തിലുമുള്ള സ്ഥാനം അത്രമേല്‍ വലുതാണ്. നെയ്യാറ്റിന്‍കരയ്ക്കു പറയാന്‍ രസകരമായ ഒരു ചരിത്രമുണ്ട്. നിങ്ങള്‍ മാര്‍ത്താണ്ഡവര്‍മ്മ എന്ന നോവലിനെക്കുറിച്ചു കേട്ടിട്ടുണ്ടാവുമല്ലോ. മലയാളത്തിന്റെ ഏറ്റവും മഹാനായ ചരിത്രാഖ്യായികാകാരന് സി.വി. രാമന്‍പിള്ള രചിച്ച നോവലാണ് ‘മാര്‍ത്തണ്ഡവര്‍മ്മ.’ എട്ടുവീട്ടില്‍പിള്ളമാരുടെ ആക്രമണത്തില്‍ നിന്നു രക്ഷനേടാന്‍ മാര്‍ത്താണ്ഡവര്‍മ്മയെ സഹായിച്ച അമ്മച്ചിപ്ലാവ് നെയ്യാറ്റിന്‍കരയിലാണ്. അതിന്റെ പോടില്‍ ഒളിച്ചിരുാണത്രേ മാര്‍ത്താണ്ഡവര്‍മ്മ രക്ഷപ്പെട്ടത്. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ആ പ്ലാവിന്റെ അവശിഷ്ടങ്ങള്‍ ചരിത്രസ്മരണകളുണര്ത്തിക്കൊണ്ട് ഇന്നുമുണ്ട്.
എത്രയെത്ര ചരിത്രസ്മാരകങ്ങളാണ് നെയ്യാറ്റിന്കരയിലുള്ളതെറിയാമോ? സംസ്കാരത്തിന്റെ ആ ഇടങ്ങളിലൂടെ നടുകയറി നമുക്ക് നെയ്യാറ്റിന്‍കരയെ ഒന്നറിയാന്‍ ശ്രമിക്കാം.
വനവാസകാലത്ത് പാണ്ഡവന്മാര് താത്കാലികത്താവളമാക്കിയതാണ് എന്ന് ഐതിഹ്യങ്ങള്‍ പറയുന്ന പാണ്ഡവന്‍പാറ സ്ഥിതിചെയ്യുന്നത് നെയ്യാറ്റിന്‍കരയിലാണ്. തമിഴ്ലിപിയോടു സാദൃശ്യമുള്ള അക്ഷരരൂപങ്ങളും പുഷ്പമാതൃകകളും കൊത്തിവയ്ക്കപ്പെട്ട പാണ്ഡവന്‍പാറയിലെ ഗുഹയില്‍ ഏതാണ്ട് അന്‍പതോളം പേര്ക്കിരിക്കാമെന്നാണ് കണക്ക്. 1987-ല്‍ പാണ്ഡവന്‍പാറ സംരക്ഷിത സ്മാരകമാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിനടുത്തു തന്നെ മൂന്നു കല്ലുകള്‍ അടുപ്പിന്റെ രൂപംപോലെ ചേര്‍ന്നിരിക്കുന്ന അടുപ്പുകൂട്ടി പാറയുണ്ട്. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്താണ് അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തിനുമുമ്പു നിര്‍മ്മിച്ചതാകാം എന്നു കരുതപ്പെടുന്ന വിഴിപ്പണി കൊട്ടാരം. പദ്മനാഭപുരത്തിനും തിരുവനന്തപുരത്തിനും ഇടയിലുള്ള ഇടത്താവളമായി തിരുവിതാംകൂര്‍ രാജക്കന്മാര് ഉപയോഗിച്ചിരുതാവാം ഈ കൊട്ടാരമൊണ് പറയപ്പെടുന്നത്.
ചേരന്മാരുടെ കാലത്തു നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്ന വിഴിഞ്ഞം ഗുഹാക്ഷേത്രവും നെയ്യാറ്റിന്‍കരയുടെ പഴമപ്രൗഢിയുടെ നിത്യദര്ശനമാണ്. ഒപ്പം തന്നെ ബാലരാമപുരം, കോവില്ലൂര്‍, കൂവളശ്ശേരി, കുന്നത്തുകാല്‍ എന്നിവിടങ്ങളില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വഴിയമ്പലങ്ങള്‍ കാണാം. 200 വര്‍ഷത്തിലധികം പഴക്കമുള്ളവയാണ് ഈ വഴിയമ്പലങ്ങളെല്ലാം.
ഈ ചരിത്രസ്മാരകങ്ങള്‍ അവിടെ സ്മരണകള്‍ പേറിനില്ക്കട്ടെ.
നെയ്യാറ്റിന്‍കരയെ കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തില്‍ പ്രതിഷ്ഠിക്കുന്നത് ഇതൊന്നുമല്ല. മറിച്ച് അവിടെ ജനിച്ചുവളര്‍ന്ന ധീരദേശാഭിമാനികളും എഴുത്തുകാരും സാംസ്കാരിക/ രാഷ്ട്രീയ നായകരുമാണ്. ഇവിടെ നിന്ന് ഉയര്‍ന്നു വന്ന ശക്തനും ധീരനുമായ രാജാവാണ് തിരുവിതാംകൂറിന്റെ സ്രഷ്ടാവ് എറിയപ്പെടുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ. പില്ക്കാലത്ത് നമ്മുടെ സാക്ഷാല്‍ സി.വി.രാമന്‍പിള്ളയുടെ നോവലിലെ കഥാപാത്രമായി പരിണമിച്ചു ആ ആദര്‍ശ ധീരന്. തീരുന്നില്ല നെയ്യാറ്റിന്കരപ്പെരുമ. തീരങ്ങളില്ലാത്ത തീക്കടല്‍ ഭാവന ചെയ്യാന്‍ കഴിയുന്ന എഴുത്തിന്റെ കരുത്ത് സി.വി.രാമന്‍പിള്ള ജനിച്ചത് നെയ്യാറ്റിന്‍കരയിലാണ്. കണ്ണങ്കരവീട്ടില്‍.
പത്രപ്രവര്‍ത്തനരംഗം കണ്ട എക്കാലത്തെയും സത്യധീരസ്വരം സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും നെയ്യാറ്റിന്‍കരക്കാരനാണ്. ‘ഭയകൗടില്യലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ’ എന്ന് ഉദ്ഘോഷിച്ചുകൊണ്ട് നിര്‍ഭയമായ പത്രപ്രവര്‍ത്തനം നടത്തിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നെയ്യാറ്റിന്‍കര കോട്ടയ്ക്കകത്ത് മുല്ലപ്പള്ളിവീട്ടില്‍ ജനിച്ച അദ്ദേഹം പത്രപ്രവര്ത്തകന് മാത്രമായിരുന്നില്ല. ന്നാന്തരം ജീവചരിത്ര കര്‍ത്താവും എഴുത്തുകാരനുമായിരുന്നു. 1905-ല്‍ വക്കം മൗലവിയുടെ പത്രാധിപത്യത്തില്‍ ആരംഭിച്ച സ്വദേശാഭിമാനി പത്രത്തില്‍ നിലനിന്നിരുന്ന വ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ട് സ്വതന്ത്രബുദ്ധ്യാ പത്രപ്രവര്‍ത്തനം നടത്തുകയും തന്റേതായ രാഷ്ട്രീയ ദര്‍ശനങ്ങള്‍ മുന്നോട്ടു വയ്ക്കുകയും ചെയ്തതിനാലാണ് അദ്ദേഹത്തെ നാടുകടത്തിയത്. ഈശ്വരന് തെറ്റുചെയ്താലും ഞാനതു റിപ്പോര്‍ട്ട് ചെയ്യും എന്ന ആ ചങ്കുറപ്പ് നെയ്യാറ്റിന്‍കരയുടെ ഊര്‍ജ്ജമാണ്.
കേരളത്തിലെ നവോത്ഥാന നായകരില്‍ പ്രമുഖനായ അയ്യങ്കാളി 1893-ല്‍ പൊതുവഴികളില്‍ ദളിതര്‍ക്കും നടക്കാനവകാശമുണ്ടെന്നു വാദിച്ചുകൊണ്ടാണ് പ്രക്ഷോഭങ്ങള്‍ക്കു തുടക്കമിട്ടത്. സാധുജന പരിപാലന സംഘമെന്ന സംഘടനയ്ക്കു രൂപംനല്കിയ ആ സാമൂഹ്യപരിഷ്കര്‍ത്താവ് 1910-ല്‍ ശ്രീമൂലം പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. അവര്‍ണ്ണരുടെ വിദ്യാഭ്യാസ പ്രവേശനത്തിന് അദ്ദേഹം നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായി 1905-ല്‍ വെങ്ങാനൂരില്‍ ഒരു കുടിപ്പള്ളിക്കുടം സ്ഥാപിതമായി. ഞങ്ങള്‍ വെട്ടിയുണ്ടാക്കിയ വഴികളിലൂടെ ഞങ്ങള്‍ക്ക് സഞ്ചരിക്കാനവകാശമില്ലാത്തതെന്ത് എന്ന അയ്യങ്കാളിയുടെ ചോദ്യം അക്ഷരാര്‍ത്ഥത്തില്‍ കേരളസംസ്കാരത്തിനു നേരെയുള്ള ഇടിനാദമായിരുന്നു. സഞ്ചാരസ്വാതന്ത്ര്യത്തിനായി വില്ലുവണ്ടി സമരം നയിക്കാന്‍ അയ്യങ്കാളി നിര്‍ബന്ധിതനായി. ദളിതര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്ന പൊതുനിരത്തിലൂടെ വില്ലുവണ്ടിയില്‍ അയ്യങ്കാളി നടത്തിയ യാത്ര പുരോഗമനത്തിന്റെ പാതയിലൂടെ നടത്തിയ പടയോട്ടമായിരുന്നു.
നെയ്യാറ്റിന്‍കരത്താലൂക്കില്‍ ഉള്‍പ്പെട്ടിരുന്ന സ്ഥലമാണ് മലയിന്‍കീഴ് പഞ്ചായത്തിലെ മച്ചേല്പ്രദേശം (ഇത് കാട്ടാക്കടത്താലൂക്കിലാണ്.) ഇവിടെയാണ് കേരളീയ നവോത്ഥാനത്തിന് സവര്ണ്ണപക്ഷത്തു നിന്നുള്ള ഒരു നേതാവ് ഉണ്ടാവുന്നത്. വേണിയത്ത് വീടെന്ന് ഇപ്പോള്‍ അറിയപ്പെടുന്ന പോനിയത്ത് വീട്ടിലാണ് ചട്ടമ്പിസ്വാമികള്‍ ജനിച്ചത്. കുഞ്ഞന്‍പിള്ള എന്നാണ് ശരിയായ പേര്. അബ്രാഹ്മണര്‍ക്കും വേദം പഠിക്കാമെന്നു സ്ഥാപിക്കുന്ന വേദാധികാരനിരൂപണം, ആദിഭാഷ, പ്രാചീനമലയാളം തുടങ്ങി നിരവധി കൃതികളുടെ കര്‍ത്താവായ ചട്ടമ്പിസ്വാമികള്‍ ജാതിമേല്‍ക്കോയ്മയ്ക്കും അനാചാരങ്ങള്‍ക്കും എതിരെ നിലകൊണ്ട കര്‍മ്മയോഗിയാണ്.
കേരളനവോത്ഥാനയജ്ഞങ്ങള്ക്ക് എന്നും ആവേശമായിരുന്നു ശ്രീനാരായണ ഗുരു. അന്ധവിശ്വാസത്തിനും അനാചാരത്തിനും ഇടയില്‍ മുങ്ങിക്കിടന്ന മൃതപ്രായമായ സ്വന്തം ജനതയെ അറിവിന്റെ പ്രസരോര്ജ്ജത്തിലേക്ക് ഗുരു നയിച്ചു. ആ മഹത്തായ കര്‍മ്മങ്ങള്‍ക്ക് സാക്ഷ്യംവഹിക്കാന്‍ നെയ്യാറ്റിന്‍കരയ്ക്കും നിയോഗമുണ്ടായി. 1882-നു മുമ്പ് ഒരു കെട്ടുകല്യാണചടങ്ങില് പങ്കെടുക്കാന്‍ നെയ്യാറ്റിന്‍കരയിലെ അരുവിപ്പുറത്തെത്തിയിരുന്നു ഗുരു. പ്രകൃതിസൗന്ദര്യം അദ്ദേഹത്ത ആകര്‍ഷിച്ചു. പിന്നീട് 1883-ല്‍ അദ്ദേഹം അരുവിപ്പുറത്ത് സ്ഥിരമായി തപോവൃത്തിയിലേര്പ്പെട്ടു. അരുവിപ്പുറത്താണ് ചരിത്രത്തിലാദ്യമായി ഒരു അബ്രാഹ്മണന് വിഗ്രഹ പ്രതിഷ്ഠ നടത്തുന്നത്. താന്‍ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണെന്ന് പറഞ്ഞുകൊണ്ട് ജാതിക്കും മതത്തിനുമെതിരെ ഗുരു നടത്തിയ ആ ധീരയാത്ര ഇന്നും എന്നും കേരളം കണ്ട ഏറ്റവും പ്രസിദ്ധവും പ്രസക്തവുമായ സ്വതന്ത്രയാത്രയാണ്..
ലേഖിക : രാധിക സി നായര്‍