വൃക്ഷങ്ങളെല്ലാം കാടല്ല

ഞാന്‍ ബസ്സില്‍ പോകുമ്പോഴൊക്കെ കണ്ടുകൊതിച്ച ഒരു മഞ്ഞപ്പൂവുണ്ടായിരുന്നു റോഡരികില്‍. മണ്ണിനോട് ചേര്‍ന്ന് പരന്ന് സമൃദ്ധമായി വളരുന്ന ഒരു കമ്മല്‍പൂവ്. ഒരുദിവസം ആ വഴി ബൈക്കില്‍ പോയി നാലഞ്ച് വള്ളികള്‍ പറിച്ചെടുത്ത് വീട്ടിലെ പൂന്തോട്ടത്തില്‍ നട്ടുപിടിപ്പിച്ചു. അതൊരു അബദ്ധമായി പോയെന്നു പിന്നീട് മനസ്സിലായി .ഇപ്പോൾ പത്ത് വര്ഷം കഴിഞ്ഞു . ആ അബദ്ധം ഇപ്പോള്‍ പൂന്തോട്ടത്തില്‍ നിന്ന് വളര്‍ന്ന് പറമ്പിലും പാടത്തുമൊക്കെ പടര്‍ന്ന് കയറിക്കഴിഞ്ഞു.

കളകള്‍ അങ്ങനെയാണ്. അവ നമ്മുടെ കൃഷിയെ ആകെ നശിപ്പിക്കും. മണ്ണിന്റെ സ്വഭാവം ആകെ മാറ്റും. അവ കടന്നുകയറി നമ്മുടെ സ്വാഭാവിക പ്രകൃതിയെ കീഴടക്കുന്നത് അതിനെ ഓമനത്തത്തോടെ കൊണ്ടുവന്ന് വളര്‍ത്തിയ നമ്മള്‍ പോലുമറിയില്ല. ഇപ്പോഴും വീട്ടിലെത്തുന്ന ചില അതിഥികള്‍ ആ പൂവിന്റെ മനോഹാരിത കണ്ട് നില്‍ക്കും. ഒരു വളളി ഞങ്ങള്‍ക്കും തരാമോ എന്ന് ചോദിക്കും. എനിക്ക് പറ്റിയ അബദ്ധത്തിന്റെ കഥ പറഞ്ഞ് ഞാനവരെ പിന്തിരിപ്പിക്കും.

എന്റെ വീട്ടുമുറ്റത്തുനില്‍ക്കുന്ന ഈ ചെടി കളയാണെന്ന് സസ്യശാസ്ത്രം ഗൗരവത്തോടെ പഠിച്ചവര്‍ക്കറിയാം. അനുഭവിച്ചതുകൊണ്ട് എനിക്കും.

എന്താണ് കള ? മറ്റ് ചെടികളുടെ വളര്‍ച്ചക്ക് തടസ്സമായി വളര്‍ന്ന് പടരുന്ന ചിലയിനം ചെടികളാണ് കള. ഒരു നെല്‍കര്‍ഷകനെ സംബന്ധിച്ച് പാടത്ത് വളരുന്ന നെല്‍ച്ചെടിയല്ലാത്തതെല്ലാം കളയാണ്. റബര്‍ കര്‍ഷകന് റബറല്ലാത്തതെല്ലാം. എന്നാല്‍ കൃഷിസ്ഥലം പോലെയല്ല കാട്. കാട്ടില്‍ വിവിധയിനം ചെടികള്‍ ഒന്നിച്ച് വളരുന്നു. വന്‍മരങ്ങളും കുറ്റിച്ചെടികളും വള്ളിപ്പടര്‍പ്പും അതിനിടയില്‍ നൂറായിരം ജന്തുജാലങ്ങളും. ഇതിനെയാണ് നമ്മള്‍ ജൈവ വൈവിധ്യം എന്ന് പറയുന്നതെന്നറിയാമല്ലോ ?

പക്ഷേ കാട്ടിലും കളയുണ്ട്. കാടിന്റെ സ്വാഭാവിക ജൈവികതയെ നശിപ്പിക്കുന്ന ചില ചെടികള്‍ അതില്‍ വന്നുകയറും. പുറത്തുനിന്ന് നോക്കുമ്പോള്‍ കാട് പച്ച പടര്‍ന്ന് കാണും. നല്ലൊരു സസ്യശാസ്ത്രജ്ഞന് മാത്രമേ അതിനുള്ളിലെ കളകളെ കണ്ടെത്താനാവൂ. അങ്ങനെ വന്ന ഒരു ചെടിയാണ്  ലന്താന. നിങ്ങള്‍ക്ക് വളരെ പരിചിതമായ ഒരു  ചെടിയാണത്. മനോഹരമാണ് ഇതിന്റെ പൂക്കള്‍. ബ്രിട്ടീഷ് ഭരണകാലത്ത് ആഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്ന് അവര്‍ പൂന്തോട്ടങ്ങളില്‍ നട്ടുപിടിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് അവ പശ്ചിമഘട്ടത്തിലെ വനഭൂമിയാലാകെ പടര്‍ന്നത്. കാട്ടിലും മേട്ടിലും വന്‍ നഗരങ്ങളിലുമെല്ലാം ഇന്ന് ലന്താന ഉണ്ട്.

എവിടെയും തഴച്ചുവളരും. പക്ഷികളാണ് വിത്തുവിതരണം ഫലപ്രദമായി നിര്‍വഹിക്കുന്നത്. കാട്ടില്‍ എത്രയോ ഇനം വൃക്ഷങ്ങളുടെ വളര്‍ച്ചയെ തടയുന്ന കളയായി ഇത് രണ്ടു നൂറ്റാണ്ടിനു മുമ്പേ തന്നെ വളര്‍ന്നിട്ടുണ്ട്. കാട്ടില്‍ നിന്ന് നെല്ലിക്ക ശേഖരിക്കുന്നതുവഴി ലഭിച്ചിരുന്ന വരുമാനം തങ്ങള്‍ക്ക് നഷ്ടമായതായി കര്‍ണാടകയിലെ കര്‍ഷകര്‍ എത്രയോ കാലമായി പറയുന്നു . ലന്താന പടരുന്നത് തടയാൻ  പല വഴികള്‍ സസ്യശാസ്ത്രജ്ഞര്‍ അന്വേഷിക്കുന്നുണ്ട്. ചിലയിനം ഷഡ്പദങ്ങളെയും ഇതിനായി വളര്‍ത്തിയെടുത്തിട്ടുണ്ട്.
ലന്താന മാത്രമല്ല നിരവധി കളകള്‍ നമ്മുടെ പശ്ചിമഘട്ട വനമേഖലയിലും വളരുന്നുണ്ട്. വനപാലനത്തില്‍ അത് വലിയ വെല്ലുവിളിയുമാണ്.

മിന്നുന്നതെല്ലാം പൊന്നല്ല എന്ന പോലെ പച്ച പിടിച്ച് നിൽക്കുന്നതെല്ലാം  കാടല്ല. പുറമേ നിന്ന് കാണുമ്പോള്‍ സമൃദ്ധം. പക്ഷേ അവയില്‍ പലതും വനമല്ല. ഒരേ തരത്തിലുള്ള കുറേ വൃക്ഷങ്ങള്‍ ഒന്നിച്ച് നിന്നാല്‍ അതു കാടാവില്ലെന്നറിയുക.

ലേഖകന്‍ : ഐ ആര്‍ പ്രസാദ്

 

0 Comments

Leave a Comment

FOLLOW US