കോവക്കയും പന്തിരുകുലവും…

കാണാൻ മനോഹരവും രുചികരവും ഗുണകരവുമായ കോവക്ക പച്ചക്കറികളിലെ പഴമക്കാരനാണ്. വേലിപ്പടർപ്പിലെ വളളികളിൽ പച്ചയിൽ ചാരനിറത്തോടു കൂടിയ വരയുമായി വിരൽ നീളത്തിൽ നാണം കുണുങ്ങി തല കുനിച്ചു നിൽക്കുന്നതു കണ്ടാൽ ആളിത്ര കേമനാണെന്ന് തോന്നുകയില്ല. ഐതീഹ്യപ്രകാരം കോവക്കയുടെ ജന്മ രഹസ്യം ഏറെ കൗതുകകരമാണ്. വരരുചിപ്പഴമയുമായും പറയിപെറ്റ പന്തിരുകുലവുമായും ബന്ധപ്പെട്ടു കിടക്കുന്നു നമ്മുടെ കുഞ്ഞു കോവക്കയുടെ ജന്മരഹസ്യം.

അഗ്നിഹോത്രി, അകവൂർ ചാത്തൻ, നാറാണത്ത് ഭ്രാന്തൻ, പെരുന്തച്ചൻ, പാക്കനാർ തുടങ്ങിയ പേരുകൾ കൂട്ടുകാർ കേട്ടിട്ടുണ്ടോ? ഇവരടക്കം പന്ത്രണ്ട് സഹോദരങ്ങളുടെ കഥയാണ്   പറയിപെറ്റ പന്തിരുകുലത്തിനു പറയാനുള്ളത്.  പന്ത്രണ്ടു പേരും ശ്രേഷ്ഠന്മാരായ മക്കളായിരുന്നു. വ്യത്യസ്ഥങ്ങളായ കഴിവുകളും, ദീർഘവീക്ഷണമുള്ളവരും, വിനയാന്വിതരുമായിരുന്നു അവർ.

 

ബ്രാഹ്മണനും പറയനും മുസ്ലീമുമായി വളർന്നു വന്ന ഒരമ്മയുടെ പന്ത്രണ്ടു മക്കൾ ,ഇവർ ഓരോരുത്തരേയും അറിയുമ്പോൾ ജാതിക്കും മതത്തിനുംമുകളിലുള്ള ഒരു സംസ്കാരം കേരളത്തിൽ ഉണ്ടായിരുന്നു എന്ന് നമുക്ക് മനസ്സിലാകും .

വിക്രമാദിത്യ രാജസദസിലെ പ്രമുഖൻ; രാജാവിന്റെ ഇഷ്ടസേവകൻ, സകലകലാ വല്ലഭൻ, പണ്ഡിതൻ, ശാസ്ത്രകാരൻ ഒക്കെയായിരുന്നു  വരരുചി.  ഏതെങ്കിലും വിഷയ ത്തിൽ രാജാവിന് സംശയമുണ്ടായാൽ അത് പരിഹരിയ്ക്കുന്ന വിജ്ഞാനകോശമായിരുന്നു വരരുചി.

ഒരിക്കൽ വരരുചി യാത്രക്കിടെ ഭക്ഷണത്തിനായി ഒരു ബ്രാഹ്മണ കുടുംബത്തിൽ ചെന്നെത്തി. ഭക്ഷണത്തിന് മുന്നേ ബ്രാഹ്മണന്റെ ബുദ്ധിശക്തി ഒന്ന് പരീക്ഷിച്ചു കളയാം എന്ന് വരരുചി തീരുമാനിച്ചു..അദ്ദേഹം വീട്ടുകാരനോട് ” ഞാൻ ഊണുകഴിയ്ക്കണമെങ്കിൽ ചില സംഗതികളുണ്ട് അതിവിടെ സാധിയ്ക്കുമൊ എന്നറിഞ്ഞിട്ടു വേണം കുളിച്ച് ഭക്ഷണം കഴിയ്ക്കാൻ ” എന്ന് പറഞ്ഞു.

ഇതു കേട്ട വീട്ടുകാരൻ നിസഹായനായി പറഞ്ഞു,” എന്നെക്കൊണ്ട് പറ്റുന്നതാണെങ്കിൽ സാധിച്ചു തരാം. പറയൂ..”.

വരരുചി തന്റെ ആവശ്യം പറഞ്ഞു ,”മറ്റൊന്നുമല്ല കുളി കഴിഞ്ഞാൽ ഉടുക്കാൻ വീരാളിപ്പട്ടു വേണം. മാത്രമല്ല നൂറു പേർക്ക് ഭക്ഷണം കൊടുത്തിട്ടെ ഞാൻ ഊണു കഴിയ്ക്കൂ; ഊണിന് നൂറ്റെട്ടു കൂട്ടം കറിവേണം. ഊണുകഴിഞ്ഞാൽ പിന്നെ എനിയ്ക്ക് മൂന്നു പേരെ തിന്നണം, നാലു പേരെന്നെ ചുമക്കുകയും വേണം ഇത്രേയുള്ളു…”

ഇതു കേട്ട വീട്ടുകാരൻ എന്തു ചെയ്യണമെന്നറിയാതെ അതിശയിച്ചു.. ഉടനെ വീട്ടുകാരന്റെ മകൾ അകത്ത് നിന്നും “അച്ഛനൊട്ടും വിഷമിയ്ക്കേണ്ട എല്ലാം ഇവിടെയുണ്ടെന്ന് പറഞ്ഞോളൂ…” എന്ന് അച്ഛനോട് രഹസ്യം പറഞ്ഞു.
അദ്ദേഹം മകളുടെ അഭിപ്രായം വരരുചിയെ അറിയിച്ചു. വരരുചി കുളിയ്ക്കാൻ പോവുകയും ചെയ്തു.
വീട്ടുകാരന് ആധിയായി .അദ്ദേഹം മകളെ വിളിച്ച് ഇതെല്ലം എങ്ങനെയാ തരപ്പെടുക എന്ന് അന്വേഷിച്ചു . .

”അതെല്ലാം നടക്കും,. ഇതൊന്നും അത്ര പ്രയാസമുള്ള കാര്യമല്ല. അദ്ദേഹം പറഞ്ഞതിന്റെ സാരം അച്ഛന് മനസിലാകാഞ്ഞിട്ടാണ് വിഷമിയ്ക്കുന്നത്. എന്ന് മകൾ വീട്ടുകാരനെ ബോധ്യപ്പെടുത്തി .

”അദ്ദേഹം വീരാളിപ്പട്ടു വേണമെന്നു പറഞ്ഞതിന്റെ സാരം ചീന്തൽകോണകം വേണമെന്നാണ്.
നൂറു പേർക്ക് ഭക്ഷണം കൊടുക്കണമെന്ന് പറഞ്ഞതിന്റെ സാരം അദ്ദേഹത്തിന് വൈശ്വദേവം (പൂജ കഴിക്കുക ) കഴിയ്ക്കണമെന്നാണ്. വൈശ്യം തൂവുന്നത് കൊണ്ട് നൂറു ദേവതമാർക്ക് തൃപ്തിയുണ്ടാകുന്നതിനാലാണ് അങ്ങനെ പറഞ്ഞത്..പിന്നെ നൂറ്റെട്ടു കൂട്ടം കറി വേണമെന്ന് പറഞ്ഞത് ഇഞ്ചിക്കറി വേണമെന്നാണ്.

വെറ്റിലയും അടയ്ക്കയും ചുണ്ണാമ്പും കൂട്ടിമുറുക്കണമെന്നാണ് മൂന്ന് പേരെ തിന്നുക എന്ന് പറഞ്ഞതിന്റെ പൊരുൾ..നാലു പേർ ചുമക്കണമെന്നാവശ്യപ്പെട്ടത് ഊണുകഴിഞ്ഞാൽ കുറച്ചു നേരം കിടന്ന് വിശ്രമിയ്ക്കണം. അതിനൊരു കട്ടിലുവേണമെന്നാണ്. കട്ടിലിനെ നാലുകാലുകൾ കൂടി ചുമക്കുന്നതാണല്ലൊ” മകൾ പറഞ്ഞത് കേട്ട് വീട്ടുകാരന് വലിയ സന്തോഷമായി.

ഊണും വിശ്രമവും കഴിഞ്ഞ വരരുചി താൻ പറഞ്ഞതിന്റെ സാരം മനസിലാക്കിയ ആ വീട്ടിലെ പെൺകുട്ടി ബുദ്ധിമതിയാണെന്ന് കണ്ട് അവളെ വിവാഹം കഴിക്കണമെന്നാഗ്രഹം പ്രകടിപ്പിച്ചു .വീട്ടുകാരൻ സമ്മതിച്ചു.

വിവാഹം കഴിഞ്ഞ ദമ്പതിമാർ സ്വന്തം വസതിയിലേയ്ക്ക് മടങ്ങി. ഒരു ദിവസം ഭക്ഷണം കഴിച്ച് രണ്ട് പേരും കൂടി സന്തോഷത്തോടെ ഇരിക്കുമ്പോൾ വരരുചി ഭാര്യയുടെ മുടി ചീകി കൊടുത്തു. അതിനിടയിൽ തലയുടെ മധ്യത്തിൽ വലിയൊരു വ്രണത്തിന്റെ പാടു കണ്ടു അതെന്തെന്ന് ചോദിച്ചു. അപ്പോൾ തന്റെ യഥാർത്ഥ കഥ ആ സ്ത്രീ വരരുചിയോടു പറഞ്ഞു. തന്റെ അച്ഛനായ ബ്രാഹ്മണൻ തന്നെ ദത്ത് എടുത്തതാണെന്നും തീരെ കുഞ്ഞായിരുന്നപ്പോൾ ആരോ തന്നെ പുഴയിലൂടെ ഒഴുക്കിവിട്ടതാണെന്നും കുളിയ്ക്കാൻ വന്ന അമ്മ തന്നെ എടുത്ത് വളർത്തിയതാണെന്നും അവർ വരരുചിയോടു പറഞ്ഞു…

കഥ കേട്ട് വരരുചി വിഷണ്ണനായി. താൻ പണ്ട് വനദേവതയുടെ പ്രവചനം തെറ്റിക്കാൻ അതിബുദ്ധി കാണിച്ച് രാജാവിനെ കൊണ്ട് തെറ്റ് ചെയ്യിച്ച സംഭവം ഓർത്തു.അതിങ്ങനെ ആയിരുന്നു .

വിക്രമാദിത്യ രാജാവിന്റെ സംശയ നിവാരണത്തിനായ് രാമായണത്തിലെ പ്രധാന വാക്യം തേടിയുള്ള യാത്രയിൽ വനദേവതമാർ നടത്തിയ സംഭാഷണം കേൾക്കാനിടവന്ന വരരുചി. ” പറയിപെറ്റ പെൺകുഞ്ഞിനെ ഭാവിയിൽ വിവാഹം കഴിയ്ക്കാൻ പോകുന്നത് വരരുചിയായിരിക്കും “. ഇതൊഴിവാക്കാനായി രാജാവിനോട് അസത്യം പറഞ്ഞ് കുഞ്ഞിനെ വെള്ളത്തിൽ ഒഴുക്കിവിട്ട സംഭവം വരരുചിയെ വല്ലാതെ ദു:ഖിപ്പിച്ചു.

അദ്ദേഹം ഭാര്യയുമായി ദേശസഞ്ചാരത്തിന് പുറപ്പെട്ടു.
അങ്ങനെ പല ദിക്കുകളിൽ വച്ച് പന്ത്രണ്ട് മക്കൾ ജനിച്ചു. ഓരോ കുട്ടി ജനിയ്ക്കുമ്പോഴും വരരുചി ഭാര്യയോട് ചോദിയ്ക്കും കുട്ടിയ്ക്ക് വായുണ്ടൊ? ഉണ്ട് എന്നാണ് മറുപടിയെങ്കിൽ “വായുള്ള പിള്ളയക്ക് ദൈവം ഇരയും നൽകും അതിനാൽ കുട്ടിയെ എടുക്കണമെന്നില്ല. ഒടുവിൽ പന്ത്രണ്ടാമത്തെതിനെ പ്രസവിച്ചപ്പോൾ കുഞ്ഞിനെ വളർത്താനുള്ള മോഹം കൊണ്ട് ഭാര്യ വരരുചിയോട് പറഞ്ഞു കുട്ടിയ്ക് വായില്ല. എന്നാൽ ആ കുട്ടിയെ കൈയ്യിലെടുക്കാൻ അനുവാദം കൊടുത്തു. യഥാർത്ഥത്തിൽ കുട്ടിയ്ക്ക് വായില്ലായിരുന്നു. വരരുചി ആ കുഞ്ഞിനെ ഒരു മലമുകളിൽ സ്ഥാപിച്ചു. അതാണ് വായില്ലാകുന്നിലപ്പൻ….

ബാല്യം കഴിഞ്ഞപ്പോൾ പല ദിക്കുകളിൽ വളർന്ന കുട്ടികൾ പരസ്പരം തിരിച്ചറിഞ്ഞു. അവർ സഹോദരങ്ങളാണെന്നും പന്ത്രണ്ട് ദിക്കിൽ തങ്ങളെ ഉപേക്ഷിച്ചതിന് മറ്റു പല കാരണങ്ങളും കൂടിയുണ്ടെന്നും. മാതാപിതാക്കളുടെ ചാത്തമൂട്ടിന് വായില്ലാകുന്നിലപ്പൻ ഒഴികെ മറ്റ് പതിനൊന്നു പേരും ഒത്തുചേരുമായിരുന്നു.

മേഴത്തോളഗ്നിഹോത്രിയുടെ ഇല്ലത്താണ് ചാത്ത മൂട്ടുന്നത്. ചാത്ത മൂട്ടിന് പതിനൊന്നു പേരും ഓരോ വിഭവത്തിനുള്ളത് കൊണ്ടുവരുമായിരുന്നു. പാക്കനാർ മാംസമാണ് കൊണ്ടുവരുന്നത്. അഗ്നിഹോത്രിയുടെ അന്തർജ്ജനത്തിനും ചാത്തക്കാർക്കും ഇത് വിഷമമുണ്ടാക്കിയിരുന്നു.. ഒരിയ്ക്കൽ പാക്കനാർ പശുവിന്റെ അകിട് ചെത്തിയെടുത്ത് ഒരിലയിൽ പൊതിഞ്ഞു കൊണ്ടുവന്നു. പശുവിന്റെ അകിടാണെന്നറിഞ്ഞ അന്തർജ്ജനം അത് പാചകം ചെയ്യാൻ കഴിയില്ലെന്ന് നിശ്ചയിച്ച് നടുമുറ്റത്ത് കുഴിച്ചിട്ടു. ഒടുവിൽ ചാത്തക്കാരന് വിഭവങ്ങൾ വിളമ്പിയപ്പോൾ പാക്കനാർ കൊണ്ടുവന്ന വിഭവം കാണാത്തതിനാൽ അന്വേഷിച്ചപ്പോഴാണ് അന്തർജ്ജനം അത് കുഴിച്ചുമൂടിയ വിവരം പറഞ്ഞത്. അപ്പോൾ പാക്കനാർ പറഞ്ഞു “അത് മുളച്ചോ എന്ന് നോക്കൂ “…
അന്തർജ്ജനം ചെന്നു നോക്കിയപ്പോൾ അത് മുളച്ച് അവിടെയാകെ പടർന്ന് പന്തലിച്ച് കായ്ച്ചുകിടക്കുന്നതാണ് .കണ്ടത്. വിവരം അറിയിച്ചപ്പോൾ അതിന്റെ കായ പറിച്ചുപ്പേരിയുണ്ടാക്കി വരാൻ പാക്കനാർ പറഞ്ഞു. ചാത്തക്കാരന് കായ പറിച്ചുപ്പേരിയുണ്ടാക്കി കൊടുത്തു. അങ്ങനെയുണ്ടായതാണ് കോവൽ.
കോവക്ക ബലിയ്ക്ക് പ്രധാനമാണ്. കോവലും കോഴിയുമുളളിടത്ത് ബലിയിട്ടില്ലെങ്കിലും പിതൃക്കൾ പ്രസാദിച്ചുകൊള്ളും എന്നൊരു ചൊല്ലുണ്ട്. അതുപോലെ തന്നെ കോവലിൽ പശുകടിച്ചാൽ കോവക്ക കയ്ക്കുമെന്നും പറയും.കോവക്ക ഉണ്ടായതെങ്ങനെയെന്നു കൂട്ടുകാർക്കു ഇപ്പൊ പിടി കിട്ടിയല്ലോ..

അപ്പോൾ നമ്മുടെ കോവൽ നിസാരക്കാരനല്ലെന്ന് മനസിലാക്കണം. ഐതിഹ്യത്തിലെ കഥകൾക്ക് പലതരം പ്രസക്തിയുണ്ട് അതിൽ ഏറ്റവും പ്രധാനമായ ഒന്നാവും, ഉയർന്ന ബുദ്ധി ഉണ്ടെന്നു കരുതുന്ന ബ്രാന്മണനു സമയായ ബുദ്ധിയുണ്ട് പറയ സമുദായത്തിലെ സ്ത്രീക്കും . മറ്റൊരു തരത്തിൽ പറഞ്ഞാൽ എല്ലാരും സമന്മാരാണ് , ഒരേ ചോരയാണ് എന്നത് കൊണ്ട് പറയ സ്ത്രീയിൽ ജനിച്ച് പല ജാതി മതങ്ങളിൽ വളർന്നവരാണ് നമ്മുടെ പഴമക്കാർ എന്നാണ് അർത്ഥമാക്കുന്നത്. അത് പോലെ പാക്കനാരിലൂടെ പശുവിന്റെ അകിടിനു സമാനമായ ഒന്നിനെ ചൂണ്ടി കാണിച്ചു തരുന്നത് മാംസ്യത്തിന് സമമായ പച്ചക്കറികൾ ധാരാളം ഉണ്ട് നമുക്ക് ചുറ്റും എന്നതിനെ കൂടിയാണ്. എന്നാൽ പിന്നെ ഒരു കോവയ്ക്കാ മെഴുക്കു പെരട്ടി വെച്ചാലോ ?.

സീന ഭാസ്കർ

1 Comment

Bindu Jayan December 17, 2018 at 6:22 pm

seena Good

Leave a Comment

FOLLOW US