1920കളിലെ ഒരു വേനല്‍ക്കാലം. മലബാറിലെ ഒരു ഇടത്തരം കുടുംബത്തില്‍ നിന്നും പതിനഞ്ച് വയസ്സുപോലും തികയാത്ത ഒരു പയ്യന്‍ വീട്ടിലെ ദാരിദ്ര്യത്തിന് അവസാനമുണ്ടാക്കാന്‍ വേണ്ടി ഒരു ജോലി തേടി ആലപ്പുഴയിലെ വക്കീലന്‍മാരുടെ കോളനിയില്‍ എത്തുന്നു. അച്ഛന്‍ മരിച്ചിട്ട് ഏറെക്കാലം ആയിരുന്നില്ല. അച്ഛന്‍റെ മരണത്തോടെ എട്ടാംക്ലാസില്‍ പഠനം അവസാനിപ്പിച്ചു.അമ്മയെയും കുടുംബത്തെയും സംരക്ഷിക്കണ്ട വലിയ ഉത്തരവാദിത്വം ആ കുഞ്ഞുകരങ്ങളില്‍ ആയപ്പോഴാണ് ഒരു പരിചയക്കാരന്‍ മൂലം വക്കീല്‍ഗുമസ്തപ്പണി പഠിക്കാനായി ആലപ്പുഴയില്‍ എത്തുന്നത്.രണ്ട് മാസത്തെ കഷ്ടപ്പാടില്‍ ആദ്യപ്രതിഫലമായി കിട്ടിയ രണ്ട് രൂപ കൊടുത്ത് അമ്മക്ക് ഒരു കമ്പിളിപ്പുതപ്പ് വാങ്ങി.എന്നാല്‍ ആ പുതപ്പ് നാട്ടില്‍ എത്തിക്കും മുന്‍പ് വസൂരി ബാധിച്ച് ആ അമ്മ മരിച്ചു കഴിഞ്ഞിരുന്നു.ആ കുഞ്ഞുഹൃദയത്തെ തകര്‍ത്തുകളഞ്ഞ ആ സംഭവം ഒരു കവിതയുടെ രൂപത്തില്‍ ആയപ്പോള്‍ അത് ഇങ്ങനെ വരികളായി….

”അവള്‍ക്ക് കുളിരിന് കമ്പിളി നേടി-
പ്പിന്നീടെന്നോ ഞാന്‍ ചെല്‍കേ
ഒരട്ടിമണ്ണ് പുതച്ചു കിടപ്പൂ
വീട്ടാക്കടമേ മമ ജന്മം…..”

ഈ വരികള്‍ സ്വന്തം ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്തു എഴുതിയത് മറ്റാരുമല്ല.’പൂതപ്പാട്ട്’ എന്ന കവിതയിലൂടെ ലോകത്താകമാനമുള്ള അമ്മമാര്‍ക്ക് ഒരു ഭാവഗീതം എഴുതിയ കവി ഇടശ്ശേരി ഗോവിന്ദന്‍ നായര്‍. ശക്തിയുടെ കവി,കര്‍ഷകന്‍റെ കവി,മാതൃത്വത്തിന്‍റെ കവി,പ്രകൃതിയുടെ കവി,പരിസ്ഥിതിയുടെ കവി…..കവിതകളുടെ കവി എന്നിങ്ങനെ സകലമാനപേരും സ്വന്തം കവിയാക്കി അവകാശം സ്ഥാപിക്കുന്ന ഇടശ്ശേരിയുടെ ജനനം 1906 ഡിസംബര്‍ 23ന് മലപ്പുറത്ത് കുറ്റിപ്പുറം ആയിരുന്നു. ഇടശ്ശേരിക്കളത്തില്‍ കുഞ്ഞിക്കുട്ടിയമ്മയുടെ മകന്‍ ഗോവിന്ദന്‍ പിന്നീട് മലയാളം അറിഞ്ഞതും അറിയപ്പെട്ടതും അമ്മവീടിന്‍റെ പേരിലായിരുന്നു. ഇടശ്ശേരി ഗോവിന്ദന്‍നായര്‍.

12 വയസ്സ് മുതല്‍ ഇടശ്ശേരി കവിതകള്‍ എഴുതാന്‍ തുടങ്ങി.പതിനൊന്ന് സമാഹാരങ്ങളിലായി മുന്നൂറോളം കവിതകള്‍.’കൂട്ടുകൃഷി’ പോലെയുള്ള ലക്ഷ്യബോധമുള്ള നാടകങ്ങള്‍,ഭാഷയ്ക്ക്‌ മുതല്‍ക്കൂട്ടായ നിരവധി ഉപന്യാസങ്ങള്‍,എം.ടി.യുടെ നിര്‍മ്മാല്യം സിനിമയിലെ ഗാനങ്ങള്‍ ഇതൊക്കെ ഇടശ്ശേരിയുടെതായി നമുക്ക് മുന്നില്‍ ഉണ്ട്. കേരളസാഹിത്യഅക്കാദമി,സംഗീതനാടകഅക്കാദമി എന്നിവയുടെ അമരക്കാരന്‍. കേന്ദ്രസാഹിത്യഅക്കാദമി,കേരളസാഹിത്യഅക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. പ്രശസ്ത കഥാകൃത്ത്‌ ഇ.ഹരികുമാര്‍ മകന്‍ ആണ്.

സാമ്പത്തികബുദ്ധിമുട്ടുകള്‍ കാരണം പഠനം തുടരാന്‍ കഴിഞ്ഞില്ല എന്നാലും സ്വന്തമായി സംസ്കൃതവും ഇംഗ്ലീഷും പഠിച്ച് ആ ഭാഷകളില്‍ പണ്ഡിതതുല്യമായ അറിവ് സമ്പാദിച്ചു.15 വയസ്സില്‍ സ്വന്തം അമ്മക്ക് പണിയെടുത്ത് ഒരു നേരത്തെ കഞ്ഞികൊടുക്കാനായി സ്വീകരിച്ച ഗുമസ്തപ്പണി അവസാനകാലം വരെ തുടര്‍ന്നു.

കുറ്റിപ്പുറത്തുകാരനായ ഇടശ്ശേരി പൊന്നാനിയിലേക്ക് കുടിയേറുകയും പിന്നീട് പൊന്നാനിയുടെ പൊന്നായി മാറുകയുമായിരുന്നു. പൊന്നാനിയുടെ ഞരമ്പുകള്‍ ആയിരുന്നു ഇടശ്ശേരിയുടെ കവിതയിലെ വരികള്‍.സ്വാതന്ത്ര്യസമരം ചൂടുപിടിച്ചപ്പോള്‍ ദേശീയപ്രക്ഷോഭങ്ങളില്‍ ഇടശ്ശേരിയും ഭാഗമായി. അന്ന് സ്വാതന്ത്യസമരമുഖങ്ങളില്‍ പ്രചരിച്ചിരുന്ന ‘സ്വതന്ത്രഭാരതം’പത്രത്തിന്‍റെ രാത്രികാലവിതരണം ഏറ്റെടുത്തത് ഇടശ്ശേരിയാണ്. ഗാന്ധിജിയോടുള്ള ആദരവും സ്വാതന്ത്ര്യസമര പോരാളിയായിരുന്ന കേളപ്പനുമായുള്ള അടുപ്പവും ഇതിന് കാരണമായി. ആ പത്രം വായിച്ചാല്‍ പോലും അകത്താകുന്ന ഒരു കാലത്താണ് അത് വിതരണം ചെയ്യാന്‍ ഇടശ്ശേരി സ്വയം മുന്നോട്ട് വന്നത്. എന്നാല്‍ സ്വാതന്ത്ര്യത്തിന് ശേഷം ഇടശ്ശേരി രാഷ്ട്രീയം വിട്ട് ഒഴിഞ്ഞുമാറി നിന്നു..

ചകിരിക്കുഴികള്‍,പണിമുടക്കം,കുടിയിറക്കല്‍ തുടങ്ങിയ കവിതകളിലൂടെയും കൂട്ടുകൃഷി,എണ്ണിച്ചുട്ട അപ്പം,ചാലിയത്തി തുടങ്ങിയ നാടകങ്ങളിലൂടെയും ഇടശ്ശേരി സാമൂഹ്യമാറ്റങ്ങള്‍ക്ക് പ്രചോദനം നല്‍കി.മാറ്റവും മാറ്റൊലിയുമായ കവിതകള്‍ക്കൊപ്പം ചായം പിഴിഞ്ഞ ചേല ചുറ്റിയ കാവ്യസൗന്ദര്യം തുളുമ്പുന്ന എഴുത്തും ഇടശ്ശേരിയുടെതായി ഉണ്ട്. കല്യാണപ്പുടവ,ബിംബിസാരന്‍റെ ഇടയന്‍,മകന്‍റെ വാശി,കറുത്ത ചെട്ടിച്ചികള്‍,കുറ്റിപ്പുറം പാലം,ബുദ്ധനും നരിയും ഞാനും,നെല്ലുകുത്തുകാരി പാറു തുടങ്ങി ഒരു പിടി കവിതകള്‍ ഇന്നും വായനയുടെ ലോകത്ത് ഉണ്ട്.

ഇടശ്ശേരിയുടെ കവിതകളില്‍ മുന്നില്‍ നില്‍ക്കുന്നത് കാവിലെപ്പാട്ട്‌,പൂതപ്പാട്ട് എന്നിവയാണ്.നരബലിയുമായി ബന്ധപ്പെട്ട ഒരു പുരാവൃത്തമാണ് കാവിലെപ്പാട്ട്.പൂതപ്പാട്ട്‌ പൊതുവായി മാതൃത്വത്തിന്‍റെ വിജയഗാഥയായിട്ടാണ് വിലയിരുത്തപ്പെടുന്നതും വായിക്കപ്പെടുന്നതും.സാഹിത്യത്തിലെ ആര്യവത്കരണത്തില്‍ മറഞ്ഞുപോയ അമ്മ എന്ന സങ്കല്പത്തെ മടക്കിക്കൊണ്ടു- വരികയാണ് ഇടശ്ശേരി പൂതപ്പാട്ടിലൂടെ ചെയ്തത് എന്ന് ഒരു കൂട്ടരും എന്നാല്‍ മനുഷ്യന്‍റെ മനസ്സില്‍ അടങ്ങി കിടക്കുന്ന കാമനകള്‍ക്ക് ഒരു പൂതപരിവേഷം കൊടുത്ത് വെളിച്ചത്ത് കൊണ്ടുവരികയാണ് ചെയ്തതെന്ന് മറ്റൊരുകൂട്ടരും വാദിക്കുന്നുണ്ട്. എന്തുതന്നെയായാലും ഒറ്റവായനയില്‍ ഇത് നന്മയുടെയും ത്യാഗത്തിന്‍റെയും വിജയമായി വായനക്കാരന്‍ ആഘോഷിക്കുകയും മാറോടു ചേര്‍ത്ത് താലോലിക്കുകയും ആണ് ചെയ്തത്.കൂട്ടുകാർ പൂതപ്പാട്ടു ഒന്ന് കേട്ട് നോക്കൂ.

1 9 7 4 ഒക്‌ടോബർ 16 ന് ഇടശ്ശേരി ഗോവിന്ദൻ നായർ അന്തരിച്ചു.

0 Comments

Leave a Comment

FOLLOW US