ചങ്ങാതിക്കുടുക്ക
നാളെ മിലിയുടെ ജന്മദിനമാണ്. മിലിയുടെ പിറന്നാള്‍ ആയതുകൊണ്ട് മാത്രമല്ല നാട്ടിലെ പ്രളയദുരന്തം നേരിട്ട് കാണാനും കൂടിയാണ് മിനിയുടെ സഹോദരനും കുടുംബവും മുംബൈയില്‍ നിന്നെത്തിയത്.
അമ്മാമന്റെ മകന് അപ്പു എത്തിയാല്‍ പിന്നെ ഉത്സവമാണ് മിലിക്ക്. രണ്ട് പേരും കൂടി പാടത്തും പറമ്പിലും പുഴയിലും കളിച്ച് തിമര്‍ക്കും.
അപ്പു അവന്റെ സഞ്ചിയില്‍ നിന്ന് മനോഹരമായ ഒരു കുടുക്ക എടുത്ത് പുറത്ത് വെച്ചു. അതിലെന്തോ എഴുതീട്ടുണ്ടല്ലോ.”ചങ്ങാതിക്കുടുക്ക ,മലയാളം മിഷന് ”- മിലി വായിച്ചു. ഇതെന്താ അപ്പൂ ഇത്.
ഇതാണ് ‘ ചങ്ങാതിക്കുടുക്ക ‘. മലയാളം മിഷന് കേന്ദ്രത്തീന്ന് ടീച്ചര്‍ തന്നതാ”. മിലിക്ക് അറിയാമോ ഇതെന്തിനാന്ന്. ഞങ്ങളെല്ലാവരും അവരവരുടെ കുടുക്കയില്ല് പണമിടും. പോക്കറ്റ് മണിയും സമ്മാനം കിട്ടുന്ന പണവുമെല്ലാം. എന്റെ അമ്മ പറഞ്ഞിട്ടുണ്ട്, നന്നായി പഠിച്ചാല്‍ കുടുക്ക നിറയെ പണമിട്ട് തരാമെന്ന്. എന്റെ കൂട്ടുകാരന്റെ അമ്മ പറഞ്ഞത്, എന്നും വീട് വൃത്തിയാക്കിയാല്‍ അവന് കുടുക്കയിലിടാന്‍ പണം കൊടുക്കാമെന്ന്.
വെള്ളപ്പൊക്കത്തില്‍ കേരളത്തിലെ കുട്ടികള്‍ക്ക് ഒരുപാട് നഷ്ടമുണ്ടായെന്ന് ടീച്ചര്‍ ഞങ്ങളോട് പറഞ്ഞു. ചിലയിടത്ത് സ്കൂളുകള്‍ ഇടിഞ്ഞു പോയി.പുസ്തകങ്ങള്‍ ഒഴുകി പോയി. കുട്ടികളുടെ വീടു പോയി.
മിലിക്ക് സങ്കടം വന്നു. മരം വീണ് അവളുടെ സ്കൂളും നശിച്ചു പോയിരുന്നു.അവളുടെ കണ്ണീര് തുടച്ചു കൊണ്ട് അപ്പു പറഞ്ഞു.” നീ കരയല്ലേ,നിന്റെ സ്കൂള്‍ നന്നാക്കാനല്ലേ ഞങ്ങളുടെ കുടുക്കയിലെ പണം..മലയാളം മിഷന് കേന്ദ്രത്തിലെ കുട്ടികളെല്ലാം കുടുക്ക നിറയെ പണം മുഖ്യമന്ത്രിക്ക് കൊടുക്കും.പിന്ന നീ എന്തിനാ കരയുന്നത്.
മിലിയുടെയും അപ്പൂന്റെയും വര്‍ത്തമാനങ്ങള്‍ കേട്ടു കൊണ്ടാണ് മിനി അങ്ങോട്ട് കയറി ചെന്നത്. മിലി ഓടിച്ചെന്ന് മിനിയെ കെട്ടിപ്പിടിച്ചു. അമ്മേ ഈ പിറന്നാളിന് ആഘോഷമൊന്നും വേണ്ട.ആ പണം നമുക്ക് അപ്പൂന്റെ കുടുക്കയിലിടാം. ഞങ്ങളുടെ സ്കൂള്‍ നന്നാക്കണ്ടേ… ശരിയാ മോളേ, അതാണ് ശരി. അമ്മാവനും അമ്മായിയും അപ്പുവും കയ്യടിച്ച് മിലിക്ക് പിന്തുണ പ്രഖ്യാപിച്ചു.
എഴുത്ത്: സുസു
വര: അമ്മു
[/vc_column_text][/vc_column][/vc_row]