പാളയപ്പെരുമ

തിരുവനന്തപുരം നഗരത്തില്‍ ചരിത്രം സര്‍വപ്രതാപത്തോടെ വിലസുന്ന അനേകം സ്ഥലങ്ങളുണ്ട്. ചരിത്രം ഉറങ്ങുന്ന സ്ഥലമെന്നല്ല, അനുനിമിഷം ചരിത്രം വീണ്ടെടുക്കപ്പെടുന്ന ഇടങ്ങളാണ് തിരുവനന്തപുരത്തുള്ളത്. അവയിലൊന്നാണ് നഗരഹൃദയത്തിലെ പ്രശസ്തമായ പാളയംപ്രദേശം. ഒരര്‍ഥത്തില്‍ ഭരണസിരാകേന്ദ്രമെന്നു വിശേഷിപ്പിക്കപ്പെടുന്ന സെക്രട്ടറിയേറ്റുമന്ദിരം സ്ഥിതിചെയ്യുന്ന സ്റ്റാച്യു ജംഗ്ഷന് ഉള്ള പ്രൗഢിക്കുമെത്രയോ മുകളിലാണ് പാളയം ജംഗ്ഷന്റെ ചരിത്രപശ്ചാത്തലം. ഒരുതവണ ഒന്നു പാളയത്തു വന്നു നോക്കൂ… എത്രമാത്രം ഉന്നതമന്ദിരങ്ങള്‍, വിപണനകേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍. ഇവകൊണ്ടും പിന്നെ അവിടെ വന്നുപോയ പ്രമുഖരുടെ നിരകൊണ്ടും മഹിതഭൂവായി വിളങ്ങുന്ന പാളയത്തിന്റെ പ്രൗഢി നിങ്ങള്‍ക്കു നേരില്‍ക്കണ്ടു മനസ്സിലാക്കാം.

പതിനെട്ടാംനൂറ്റാണ്ടിലേക്ക് ഒന്നു പോകേണ്ടിവരും പാളയത്തെക്കുറിച്ചുള്ള ഓര്‍മകളുണര്‍ത്താന്‍. അന്ന് മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലശേഷം അദ്ദേഹത്തിന്റെ അനന്തരവന്‍ കാര്‍ത്തികതിരുനാള്‍ രാമവര്‍മ മഹാരാജാവായി സ്ഥാനാരോഹണം ചെയ്തു. അന്നുവരെ പദ്മനാഭപുരമായിരുന്നു തിരുവിതാംകൂറിന്റെ തലസ്ഥാനം. കാര്‍ത്തികതിരുനാള്‍ തലസ്ഥാനത്തെ തിരുവനന്തപുരത്തേക്കു മാറ്റി. തിരുവിതാംകൂറിന്റെ ഔദ്യോഗികസൈന്യമായ നായര്‍പട്ടാളത്തിന്റെ ആസ്ഥാനം തിരുവനന്തപുരത്തേക്കു മാറ്റി. പട്ടാളക്കാര്‍ തമ്പടിച്ച സ്ഥലമാണ് പിന്നീട് പാളയമായി അറിയപ്പെട്ടത്. . പട്ടാളക്കാരും കുതിരപ്പട്ടാളക്കാരും തിരുവനന്തപുരത്തേക്കു വന്നപ്പോള്‍ കൂടെ രണ്ടു ഗണപതിവിഗ്രഹങ്ങളും ഒരു ഹനുമാന്‍ വിഗ്രഹവും കൊണ്ടുവന്നത്രെ. ഒന്നു പഴവങ്ങാടിയില്‍ പ്രതിഷ്ഠിച്ചു. മറ്റൊന്നു പാളയത്തും. ഇന്നത്തെ നിയമസഭാമന്ദിരത്തിന്റെ അപ്പുറത്ത് അതായത് പാളയത്തിനും പി എം ജി ക്കുമിടയില്‍ ഉള്ള പ്രദേശത്ത് ഹനുമാന്‍വിഗ്രഹവും പ്രതിഷ്ഠിച്ചു.

ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ ഭരണകാര്യങ്ങളില്‍ ഇടപെട്ടുതുടങ്ങിയ സമയത്ത് തിരുവിതാംകൂര്‍  എന്ന നിലയില്‍ രാജഭരണത്തിന് കീഴില്‍ത്തന്നെയായിരുന്നു. പട്ടാളം പാളയത്തുതന്നെ അവരുടെ വാസമുറപ്പിച്ചു. ആ സമയത്താണ് 1814 ല്‍ മുസ്‌ലിം  മതവിശ്വാസികള്‍ക്കായി ഒരു മുസ്‌ലിംപള്ളി സ്ഥാപിച്ചത്. പട്ടാളക്കാര്‍ക്കിടയില്‍ ധാരാളം ക്രിസ്തു/മുസ്‌ലിം മതവിശ്വാസികള്‍ ഉണ്ടായിരുന്നു. ജുംഅ മസ്ജിദ് എന്നറിയപ്പെടുന്ന മസ്ജിദ് ജിഹാന്‍ നുമ (ലോകത്തെ പ്രതിഫലിപ്പിക്കുന്ന പള്ളി)യാണ് വെള്ളിയാഴ്ച ജുമു അ പ്രാര്‍ഥനയുള്ള പാളയംപള്ളി. ഇതിനും അറുപതു വര്‍ഷമെങ്കിലും കഴിഞ്ഞാണ് പാളയത്ത് ഒരു ക്രിസ്ത്യന്‍പള്ളി പണികഴിപ്പിച്ചത്. ആയില്യംതിരുനാളിന്റെ കാലത്ത് പണികഴിപ്പിച്ച സെയ്ന്റ് ജോസഫ്‌സ് മെട്രോപോളിറ്റന്‍ കത്തീഡ്രല്‍. ജും അ മസ്ജിദും സെയ്ന്റ്‌ജോസഫ്‌സ് കത്തീഡ്രലും ഗണപതിക്ഷേത്രവും ചേര്‍ന്ന് പാളയത്തെ മതസാഹോദര്യത്തിന്റെ സംഗമഭൂമിയാക്കുന്നു. പിന്നെയും ഏറെക്കാലം കഴിഞ്ഞാണ് പാളയത്തുള്ള പട്ടാളക്ക്യാമ്പ് പാങ്ങോട്ടേക്ക് മാറ്റിയത്.

പാളയത്ത് എത്തിച്ചേരുന്ന ആര്‍ക്കും രക്തസാക്ഷിമണ്ഡപത്തെ അവഗണിച്ചു കടന്നുപോകാനാവില്ല. ചോരതുടിക്കുന്ന ചെറുകൈകള്‍ക്ക്, സമരവീര്യപുളകങ്ങള്‍ക്ക് എന്നും ഊര്‍ജംപകരുന്ന രണസ്മാരകമാണ് അത്. 1857 ല്‍ നടന്ന ഒന്നാംസ്വാതന്ത്ര്യസമരത്തിന്റെ നൂറാം വാര്‍ഷിക സ്മാരകമാണ് രക്തസാക്ഷിമണ്ഡപം. ആ സമരത്തിലെ രക്തസാക്ഷികളെ അനുസ്മരിച്ച് വയലാര്‍ രാമവര്‍മ രചിച്ച് ദേവരാജന്‍ സംഗീതം പകര്‍ന്ന ബലികുടീരങ്ങളേ പിന്നീട് മലയാളനാടകരംഗത്തും ഗാനരംഗത്തും ചിരപ്രതിഷ്ഠ നേടി. ഇന്നും സമരപോരാട്ടങ്ങളെ ആവേശോജ്വലമാക്കാന്‍ ആ ഗാനം ആലപിച്ചവരുന്നു. ഇന്ത്യയില്‍ വോട്ടെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യകമ്യൂണിസ്റ്റ്മന്ത്രിസഭയുടെ, ഇ എം എസ് മുഖ്യമന്ത്രിയായ മന്ത്രിസഭയുടെ കാലത്ത് പാളയത്തെ രക്തസാക്ഷിമണ്ഡപത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് ആ ഗാനം കെ എസ് ജോര്‍ജ്, കെ പി എ സി സുലോചന, എല്‍ പി ആര്‍ വര്‍മ, സി ഒ ആന്റോ, കവിയൂര്‍പൊന്നമ്മ, ജോസ്പ്രകാശ്, കൊടുങ്ങല്ലൂര്‍ ഭാഗീരഥിയമ്മ, ആന്റണി ഇലഞ്ഞിക്കല്‍ തുടങ്ങിയ അറുപതുപേര്‍ ചേര്‍ന്ന് ആദ്യാവതരണം നടത്തിയത്. അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റ് രാജേന്ദ്രപ്രസാദാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

തിരുവനന്തപുരംനഗരത്തെ രാജഭരണകാലത്ത് ജലമാര്‍ഗേന ബന്ധിപ്പിച്ച പഴയ രാജകീയജലപാതയാണ് പാര്‍വതീപുത്തനാര്‍. ഈ ജലപാത പൂര്‍ത്തിയായതോടെ തിരുവനന്തപുരത്തെ വ്യാപാരസൗകര്യം വര്‍ദ്ധിച്ചു. 1817 ല്‍ തിരുവനന്തപുരത്ത് പട്ടാളക്കാര്‍ക്കും കുടുംബത്തിനും നിത്യേന ഭക്ഷണസാധനങ്ങള്‍ വാങ്ങാനും ശേഖരിക്കാനും വിതരണം ചെയ്യാനുമായി തിങ്കളാഴ്ചമാത്രം കൂടുന്ന ഒരു ചന്ത സ്ഥാപിച്ചു. ഇപ്പോള്‍ സെന്‍ട്രല്‍ സ്റ്റേഡിയം സ്ഥിതിചെയ്യുന്ന ഭാഗത്തായിരുന്നു അത്. 1866 ല്‍ ഹജൂര്‍ക്കച്ചേരി പണി ആരംഭിച്ചപ്പോള്‍ ചന്ത പാളയത്തേക്കു മാറ്റി. മാര്‍ക്കറ്റില്‍ മദ്രാസ് ഗവര്‍ണര്‍ കേണല്‍ കണ്ണിമാറാ ചുവന്ന ആര്‍ച്ച് ഗേറ്റ് പണികഴിപ്പിച്ചതോടെ ചന്തയുടെ പേര് കണ്ണിമാറാ മാര്‍ക്കറ്റെന്നായി.

ഭാരതത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള പബ്ലിക് ലൈബ്രറി 1830 ല്‍ സ്വാതിതിരുനാളിന്റെ കാലത്താണ് പണികഴിപ്പിച്ചത്. ശ്രീമൂലം തിരുനാളിന്റെ കാലത്ത് ഇന്നു നാം കാണുന്ന കെട്ടിടം ലൈബ്രറിക്കു നിര്‍മിച്ചുനല്‍കി. അദ്ദേഹമാണ് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ഫൈന്‍ ആര്‍ട്‌സ് കോളജിന്റെയും സ്ഥാപകന്‍. ശ്രീചിത്തിരതിരുനാള്‍ എന്ന തിരുവിതാംകൂറിന്റെ അവസാനത്തെ നാടുവാഴിയാണ് ഇന്ന് നാം കാണുന്ന യൂണിവേഴ്‌സിറ്റി ഒഫ് കേരളയുടെ പൂര്‍വരൂപമായ തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ സ്ഥാപകന്‍. തീര്‍ന്നില്ല പാളയത്തിന്റെ പ്രസിദ്ധി. മലയാളത്തിന് ഒരു വ്യാകരണഗ്രന്ഥം (കേരളപാണിനീയം) നിര്‍മിച്ചുനല്‍കിയ കവിയും ഭാഷാപണ്ഡിതനുമായ എ ആര്‍ രാജരാജവര്‍മ പ്രിന്‍സിപ്പളായിരുന്ന ഗവണ്‍മെന്റ് സംസ്‌കൃതകോളജ് സ്ഥിതിചെയ്യുന്നത് പാളയത്താണ്. രാഷ്ട്രപതി കെ ആര്‍ നാരായണന്‍ മുതല്‍ അനേകം രാഷ്ട്രീയനേതാക്കളും മഹാകവി കുമാരനാശാന്‍ മുതലുള്ള കവികളും എഴുത്തുകാരുംകലപ്രവര്ത്തകരും  സാംസ്‌കാരികനായകരും പഠിച്ചിറങ്ങിയ മഹത്തായ യൂണിവേഴ്‌സിറ്റി കോളജും സ്ഥിതിചെയ്യുന്നതും പാളയത്തുതന്നെ.

കുട്ടികള്‍ക്കായി പുസ്തകം പ്രസിദ്ധീകരിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഏകസ്ഥാപനമായ കേരളസംസ്ഥാന ബാലസാഹിത്യഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നതും പാളയത്തുതന്നെ. വിക്ടോറിയരാജ്ഞിയുടെ കിരീടധാരണത്തിന്റെ സുവര്‍ണജൂബിലി ആഘോഷസ്മാരകമായി 1896 ല്‍ ശ്രീമൂലം തിരുനാളിന്റെ കാലത്ത് നിര്‍മിച്ച വി ജെ ടി ഹാള്‍ പാളയത്തെ മറ്റൊരു ചരിത്രസ്മാരകമാണ്. പൊലീസ് സ്‌റേറഡിയമെന്നറിയപ്പെടുന്ന, കേരളാപോലീസിലെ ആദ്യ ഇന്‍സ്‌പെക്ടര്‍ ജനറലായിരുന്ന എന്‍ ചന്ദ്രശേഖരന്‍ നായരുടെ സ്മരണാര്‍ഥം നിര്‍മിച്ച ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം സ്ഥിതിചെയ്യുന്നതും പാളയത്താണ്. 1956 ലാണ് സ്റ്റേഡിയം പണികഴിപ്പിച്ചത്. ഒന്നാം ലോകയുദ്ധത്തില്‍ പങ്കെടുത്ത ധീരജവാന്‍മാരെ ആദരിക്കുന്നതിന് സ്ഥാപിക്കപ്പെട്ട വാര്‍ മെമ്മോറിയല്‍ അഥവാ യുദ്ധസ്മാരകം പാളയത്തുണ്ട്. ധീരപത്രപ്രവര്‍ത്തനത്തിന്റെ ജ്വലിക്കുന്ന ഓര്‍മയായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമയും പാളയത്തിലൂടെ കടന്നുപോകുമ്പോള്‍ നിങ്ങള്‍ക്കു കാണാന്‍കഴിയും. നോക്കൂ, രണ്ടുകിലോമീറ്റര്‍ ചുറ്റളവില്‍ നിങ്ങളുടെ കാഴ്ചയെയും ചരിത്രബോധത്തെയും വിസ്മയിപ്പിക്കാന്‍ ഒരു പ്രദേശം എന്തൊക്കെ ഒളിപ്പിച്ചു വയ്ക്കുന്നുവെന്ന്….

 

 


ലേഖിക : രാധിക സി നായര്‍

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content