പഴമയുടെ ചുരുളഴിയുന്ന ഐതിഹ്യമാല

ഭാരതത്തിന്റെ മുക്കിലും മൂലയിലും പുരാണങ്ങളുമായ് ബന്ധപ്പെട്ടും ചരിത്രവുമായ് ഇഴുകിച്ചേർന്നും നാടോടിപ്പാട്ടുകളായും പഴഞ്ചൊല്ലുകളായും വാമൊഴിയായും വരമൊഴിയായും അനേകായിരം കഥകൾ ഐതീഹ്യങ്ങളായ് നിലകൊള്ളുന്നു. ഒരു ഗോത്രത്തിനിടയിലോ ഒരു ഗ്രാമത്തിലോ ജനപഥത്തിലോ ഇങ്ങനെ ഒരു സംഭവം നടന്നു എന്ന തരത്തിൽ അത്ഭുതവും അതിശയവും സത്യമെന്നതരത്തിൽ വിശ്വസിപ്പിക്കുമാറ് വിവരിക്കുന്ന കഥകളെയാണ് ഐതീഹ്യം എന്നു പറയുന്നത്. അപൂർവ്വം ചിലവയൊക്കെ നടന്ന സംഭവങ്ങൾ തന്നെയാവും.കേരളവുമായ് ബന്ധപ്പെട്ട ഇത്തരം ഐതീഹ്യങ്ങളെ ക്രോഡീകരിച്ചിരിക്കുന്നത് സാഹിത്യ കുലപതികളിലൊരാളായ കൊട്ടാരത്തിൽ ശങ്കുണ്ണിയാണ്. അനുഭവവും ഭാവനയും കൂട്ടിയിണക്കിയ കഥകളിലൂടെ നമ്മുടെ നാടിന്റെ അകം പുറം കാഴ്ച്ചകളും അക്കാലഘട്ടത്തിലെ സാമുഹ്യ ആവാസ വ്യവസ്ഥകളും ഒക്കെ മറ്റുള്ളവരിലേക്ക് പകരാൻ പറ്റിയ തരത്തിലാണ് ഇതിന്റെ നിർമ്മിതി. ഈ കഥകളിൽ ഏറിയ പങ്കിനും ചരിത്രവുമായോ യുക്തിബോധവുമായോ വലിയ ബന്ധമുണ്ടാവില്ല , പകരം സങ്കൽപത്തിലും ചിലരുടെ അനുഭവം എന്ന പേരിലെ അതിഭാവുകത്വങ്ങളുമായ് ബന്ധമുണ്ടാവുകയും ചെയ്യും. ചില ഐതീഹ്യങ്ങളുടെ പ്രാമാണ്യത്തെ അവഗണിയ്ക്കുവാനും കഴിയുകയില്ല .

ആദ്യകാല സംസ്കൃത നിഘണ്ടുവായ അമരകോശത്തിൽ പാരമ്പര്യോപദേശം എന്നാണ് ഐതിഹ്യത്തിന്റെ അർത്ഥം പറഞ്ഞിരിക്കുന്നത് . ഭാരതത്തിലെ പഴയതും പുതിയതുമായ കവികളും നാടക കഥാകൃത്തുക്കളും തങ്ങളുടെ രചനകളിൽ പലതിനും ആധാരമാക്കിയിരിക്കുന്നത് കാലാകാലങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന ഐതീഹ്യകഥകളെയാണ്.

നമ്മുടെ കൊച്ചു കേരളത്തിലെ വിവിധ രാജ വംശങ്ങളും ദേവി ദേവതകളും അതിമാനുഷ സ്വഭാവമുള്ള വ്യക്തികളും സമുദായങ്ങളും സ്ഥാപനങ്ങളും ആചാരാനുഷ്ഠാനങ്ങളും സാഹിത്യ രംഗവും ഒക്കെ ഐതീഹ്യമാലയിൽ കോർത്തെടുത്ത രൂപത്തിലാണ് നാം അറിഞ്ഞിട്ടുള്ളത്. ഇവയിൽ പലതും വായിക്കുന്നവർക്ക് ഇങ്ങനെ ഒന്ന് സംഭവിച്ചിരിക്കുമോ എന്ന് സംശയം ഉണരാം എങ്കിലും യുക്തിവിചാരം മാറ്റി വെച്ച് നോക്കിയാൽ മനുഷ്യ നൻമയെ തൊട്ടുണർത്താനുള്ള ചില ഞൊടുക്കു വിദ്യകൾ മാത്രം എന്ന് കാണാം. പഴയ കാലഘട്ടത്തിന്റെ നിഴൽ ചിത്രങ്ങൾ തലമുറകളിലേക്ക് കൈമാറുന്നതിൽ ഐതീഹ്യങ്ങൾക്ക് നല്ല പങ്കുണ്ട്.

മലയാളിക്ക് ഏറെ അഭിമാനിയ്ക്കാവുന്ന മിത്തും യാഥാർത്ഥ്യവും കൂട്ടിയിണക്കി ഒരു കാലഘട്ടത്തിന്റെ നേർക്കാഴ്ച്ച സമ്മാനിക്കുന്ന കഥകളുടെ സഞ്ചയമാണ് ഐതീഹ്യമാല . രാജാവ്, പ്രജ, സാഹിത്യകാരൻമാർ, പൗരപ്രമുഖർ, കള്ളൻമാർ, ക്ഷേത്ര ദേവീ ദേവതകൾ, അങ്ങാടി തുടങ്ങി വൈവിധ്യമേറിയ വാങ്മയ ചിത്രങ്ങളാണ് ഐതിഹ്യമാലയിൽ കോർത്തിണക്കിയിട്ടുള്ളത്. 1909 ൽ എട്ട് വാള്യങ്ങളിലായാണ് ഐതിഹ്യമാല കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ചിരിക്കുന്നത് .

കൊട്ടാരത്തിൽ ശങ്കുണ്ണി

പദ്യവും ഗദ്യവും ഒരു പോലെ കൈകാര്യം ചെയ്തിരുന്ന പ്രതിഭയായിരുന്നു കൊട്ടാരത്തിൽ ശങ്കുണ്ണി. മലയാള സാഹിത്യത്തിലെ വിവിധ ശാഖകളെ തന്റെ രചനകൾ കൊണ്ട് സമ്പുഷ്ടമാക്കിയിട്ടുണ്ട്. മണി പ്രവാളം, നാടകം, പുരാണ കഥകൾ, കൽപ്പിത കഥകൾ, ആട്ടക്കഥകൾ, കിളിപ്പാട്ട്, തുള്ളൽപ്പാട്ട്, വഞ്ചിപ്പാട്ട്, ഗദ്യ പ്രബന്ധങ്ങൾ എന്നിവയെ എല്ലാം ഇദ്ദേഹം തന്റെ സർഗ്ഗസൃഷ്ടികളാല്‍  അനുഗ്രഹിച്ചിട്ടുണ്ട് .

1855 – മാർച്ച് 23 ന് തിരുവിതാംകൂർ രാജ്യത്തിലെ കോട്ടയത്തായിരുന്നു ജനിച്ചത്. മലയാള ഭാഷ പരിഷ്ക്കരിക്കുന്നതിനായ് മലയാള മനോരമ സ്ഥാപകനായ വർഗ്ഗീസ്സു മാപ്പിളയും കൊട്ടാരത്തിൽ ശങ്കുണ്ണിയും രസകരമായ ഫലിതങ്ങളും ഐതീഹ്യങ്ങളും പറയുന്നത് പതിവായിരുന്നു. ചില ഐതീഹ്യങ്ങളിലെ യുക്തികളെ തിരിച്ചറിഞ്ഞ് അത് ജനോപകാരപ്രദമെന്ന് കരുതി പ്രസിദ്ധീകരിക്കുവാൻ തീരുമാനിച്ചു . അങ്ങനെയാണ് ഭാഷാ പോഷിണിയിൽ ” പറയിപെറ്റ പന്തിരുകുലം ” ഉപന്യാസമായ് വന്ന സാഹചര്യം ഗ്രന്ഥകാരൻ തന്നെ വിവരിച്ചിരിക്കുന്നത്.

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സരസങ്ങളും സാരാംശങ്ങളും തത്ത്വങ്ങൾ നിറഞ്ഞതുമായ ഐതീഹ്യങ്ങൾ ഒരു കാലത്ത് വളരെ വിലപ്പെട്ട ഒന്നായിരിക്കുമെന്ന് കേരള വർമ്മ വലിയ കോയിത്തമ്പുരാൻ അഭിപ്രായപ്പെട്ടത് യഥാർത്ഥ്യമായ് വന്നിരിക്കുന്നു. സമൂഹത്തിലെ വ്യത്യസ്തമായ ആവിശ്യങ്ങളെ മാനിച്ചാണ് ഐതിഹ്യമാല എന്ന മഹദ് ഗ്രന്ഥം കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ചത്. കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ പ്രസ്ഥാനത്തിന്റെ ഉത്ഭവം ആഴ്വാഞ്ചേരി തമ്പ്രാക്കളും മംഗലത്ത് ശങ്കരനും ചില ഈശ്വരൻമാരുടെ പിണക്കം കായംകുളം കൊച്ചുണ്ണി തുടങ്ങി 126 ഐതീഹ്യങ്ങൾ വായിച്ചു കഴിയുമ്പോൾ നമുക്ക് ജീവിതത്തിൽ തള്ളേണ്ടതും കൊള്ളേണ്ടതുമായ സ്വഭാവ വിശേഷങ്ങൾ വിശ്വാസ പ്രമാണങ്ങൾ യുക്തിചിന്തകൾ മിത്തുകൾ മനുഷ്യർ തമ്മിലുള്ള വലിപ്പച്ചെറുപ്പങ്ങൾ പഴമ്പുരാണങ്ങൾ കഥകൾ തുടങ്ങി വ്യത്യസ്തമായ അറിവുകളുടെ ഒരു സമുദ്രത്തിലേക്കാണ് നാം ഇറങ്ങുന്നതെന്ന് ബോധ്യം വരും. പല മുൻവിധികളും കേട്ടു വളർന്ന കഥകളിലെ കഥയില്ലായ്മയും മനുഷ്യത്വം ഉയർത്തിപ്പിടിക്കുന്ന കള്ളൻമാരും മനുഷ്യരെപ്പോലെ ദൈവങ്ങളുടെ പിണക്കവുമെല്ലാം നമുക്ക് ഗ്രഹിച്ചെടുക്കാവുന്ന ഒരു പുത്തൻ അനുഭവപാഠമാണ് ഐതിഹ്യമാല തരുന്നത്. മിത്തും യാഥാർത്ഥ്യവും കൂടിക്കലർന്ന ഭാരതത്തിന്റെ ഐതിഹ്യ സ്വർണ്ണമാലയിൽ ഒരു രത്നത്തിളക്കമായ് മലയാളത്തിന്റെ ഐതിഹ്യമാല എക്കാലവും തിളങ്ങി നിൽക്കും.

സീന ഭാസ്ക്കർ

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content