കുടുക്ക പൊട്ടിച്ച് അവൾ പണം നൽകി; കുഞ്ഞു മനസ്സിന്റെ നന്മയ്ക്ക് ഇമ്മിണി വല്യ സമ്മാനം…

ഒരുപാടു കൊതിച്ചൊരു സമ്മാനം വാങ്ങാനാണ് അവൾ  പലതും കൂട്ടിവെച്ച് കുടുക്കയിലിട്ടത്. കുടുക്കയിലെ നാണയക്കിലുക്കം കേൾക്കുമ്പോഴൊക്കെ അവളുടെ കുഞ്ഞു മനസ്സും അതിനൊപ്പം തുള്ളിച്ചാടിക്കൊണ്ടിരുന്നു. പക്ഷേ പെരുമഴക്കാലവും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന തന്റെ സമയപ്രായക്കാരുടെ കഥയറിഞ്ഞപ്പോൾ അവളൊരു തീരുമാനമെടുത്തു. ആഗ്രഹം നിറവേറ്റാൻ ഇനിയുമേറെ കാലം തനിക്കുണ്ട്. ഇപ്പോഴത്തെ കുഞ്ഞു സമ്പാദ്യം വെള്ളപ്പൊക്കത്തിൽ പുസ്തകവും പഠനസാമഗ്രികളും നഷ്ടപ്പെട്ട കൂട്ടുകാർക്കു കൊടുക്കണം.

പിന്നെ ഒന്നുമവൾ ആലോചിച്ചില്ല കുടുക്ക പൊട്ടിച്ച കാശുമായി നേരെ സ്കൂളിലെ ഹെഡ്മാസ്റ്ററെ ചെന്നു കണ്ടു. ചെറിയ കുട്ടിയുടെ കൈയിലെ വലിയ തുക കണ്ട് അദ്ദേഹം കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചന്വേഷിച്ചു. അപ്പോഴാണ് പ്രായത്തേക്കാൾ പക്വതയോടെ ചിന്തിച്ച ആ കുഞ്ഞു മനസ്സിന്റെ വലുപ്പം അദ്ദേഹം മനസ്സിലാക്കിയത്. കുറുമ്പനാടം സെന്റ് ആന്റണീസ് എൽ.പി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥി വൈഷ്ണവിയാണ് കുഞ്ഞുമനസിന്റെ വലിയ കാരുണ്യം കൊണ്ട് കയ്യടി നേടുന്നത്.

വൈഷ്ണവിയുടെ വാർത്ത കണ്ട കുവൈറ്റിൽ ജോലി ചെയ്യുന്ന അമലഗിരി സ്വദേശി സ്വദേശി ലൂക്കോസ് ജോസഫ് വൈഷ്ണവിക്കുള്ള പുത്തൻസൈക്കിളുമായി സ്‌കൂളിലെത്തി. വൈഷ്ണവി ആഗ്രഹിച്ചതുപോലെ തന്നെ പിങ്ക് നിറത്തിലുള്ള സൈക്കിളാണ് സർപ്രൈസ് സമ്മാനമായി നൽകിയത്. ഇതോടൊപ്പം 600 രൂപ നിക്ഷേപിച്ച ഒരു കുടുക്കയും ലുക്കോസ് ജോസഫ് സമ്മാനിച്ചു. ദുരിതാശ്വാസത്തിനായി കുടുക്ക പൊട്ടിച്ചപ്പോൾ കിട്ടിയ സമ്പാദ്യം മുഴുവൻ കുട്ടി ഹെഡ്മാസ്റ്ററെ ഏൽപ്പിക്കുകയായിരുന്നു. സൈക്കിൾ വാങ്ങാൻ സൂക്ഷിച്ച വെള്ളിരൂപയാണ് വൈഷ്ണവി ദുരിതാശ്വാസത്തിനായി നൽകിയത്. സൈക്കിൾ ഇനിയും വാങ്ങാമല്ലോ എന്നായിരുന്നു വൈഷ്ണവിയുടെ മറുപടി.

കടപ്പാട്: മനോരമ ഓൺലൈൻ

0 Comments

Leave a Comment

FOLLOW US