ലോകമുളദിനം ആണ് പെപ്തംബർ 18. മുളക്കുമുണ്ടോ ഒരു ദിനം എന്നു പറഞ്ഞ് മുളയെ എഴുതിതള്ളാൻ വരട്ടെ. നീണ്ടങ്ങനെ കോല് പോലെ വളർന്നു നില്ക്കുന്ന മുളയെ കൊണ്ട് എന്തു കാര്യം എന്നാവും കൂട്ടുകാരിപ്പോൾ ആലോചിക്കുന്നത്. മരത്തിനു പകരം വയ്ക്കാവുന്ന, നാളത്തെ നിർമ്മാണമേഖലയുടെ നെടുംതൂണാകാൻ ശേഷിയുള്ള, അന്നം മുതൽ ഔഷധം വരെ സകലതിനും ആശ്രയിക്കാവുന്ന മുളയെ പൊന്നുപോലെ കരുതണം എന്നതുകൊണ്ടാണ് ഗ്രീൻ ഗോൾഡ് എന്നതിനെ വിളിക്കുന്നത്.
ചില മുള വിശേഷങ്ങൾ നോക്കൂ..

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സസ്യമാണ് മുള. ഒറ്റ ദിവസം കൊണ്ട് 35 ഇഞ്ച് വരെ വളരുന്ന മുളകളുണ്ട്.ലോകത്തിലെ ഏറ്റവും ഉയരമുള്ള ഈയിനമാണ് ഡ്രാഗൺ ബാംബൂ .കേരളത്തിലും ഇത് വളരുന്നുണ്ട്. 35 മീറ്റർ വരെയാണ് ഇത് ഉയരം വക്കുന്നത്. പ്രകൃതിദത്ത വസ്തുക്കൾക്കിടയിൽ കാഠിന്യമേറിയ ഒന്നായാണ് മുളയുടെ  തടിയെ  കണക്കാക്കുന്നത്. മുള ഏറ്റവും കൂടുതൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു നാടാണ് ജപ്പാൻ. പല മുളകളുടെയും വേരും ഇലയും തൊലിയും ഔഷധ ഗുണമുള്ളതാണ്.പല രോഗങ്ങൾ ക്കും മുളയില മരുന്നായി ഉപയോഗിക്കാറുണ്ട്. ഇത് നല്ലൊരു കാലിത്തീറ്റയുമാണ്.

മുളയരി

മുളയരി

പാവപ്പെട്ടവന്റെ തടി എന്നാണ് മുള അറിയപ്പെടുന്നത്. വളരെ പണ്ട് കാലം മുതലേ വീടുണ്ടാക്കാനും വീട്ടുപകരണങ്ങൾ നിർമ്മിക്കാനും മുള ഉപയോഗിച്ചിരുന്നു. മേൽക്കൂര, ചുമര്, തറ, വാതിൽ, ജന്നൽ എന്നിങ്ങനെ വീടിന്റെ ഏതു ഭാഗത്തും മുള ഉപയോഗിക്കാം. മേൽക്കൂരക്ക് വേണ്ടുന്ന പട്ടിക, കഴുക്കോൽ തുടങ്ങിയവക്കും ചുമർനിർമ്മാണത്തിനും ഉപയോഗിക്കുന്നുണ്ട്. ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിൽ വീടുണ്ടാക്കാൻ മുള ഉത്തമമാണ് .കസേര, മേശ, കട്ടിൽ, ഡൈനിംഗ് ടേബിൾ, കർട്ടൻ, പായ  അങ്ങനെ എന്തും മുളകൊണ്ടുണ്ടാക്കാം. മുളയരിയും  മുളങ്കൂമ്പും ആഹാര വിഭവങ്ങളാണ്.മുള  ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വ്യവസായങ്ങളിൽ   ഒന്നാണ് കടലാസ് നിർമ്മാണം. പുല്ലു വർഗങ്ങൾ ഉൾപ്പെടുന്ന പോയേസി (poaceae ) എന്ന കുടുംബത്തിലേതാണ് മുള. മുളയരിയും ഇലകളുമൊക്കെ ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ അവക്ക് നെല്ലിനോട് സാമ്യമുള്ളതു കാണാം. ഇവയെല്ലാം ഒരേ കുടുംബാംഗങ്ങളാണ്. പുല്ലു വർഗത്തിലെ ഏറ്റവും വലിയ സസ്യമാണ് മുള.മുളകൾ പൂക്കുമ്പോഴും ഉണ്ട് ഒരു സവിശേഷത.   മുളങ്കാടുകൾ ഒരുമിച്ചാണ് പൂക്കുന്നത്. പൂക്കുന്നതോടെ ആ മുളകൂട്ടം ഉണങ്ങി നശിക്കും. ഒട്ടുമിക്ക മുളകളും 30-40 വർഷം കൊണ്ടാണ് പൂവിടുന്നത്.

നദീതീരങ്ങളിൽ മുളകൾ നടുന്നത് തീരസംരക്ഷണത്തിനും മണ്ണൊലിപ്പ് തടയാനും സഹായിക്കും. ഉപ്പിനെ പ്രതിരോധിച്ചുവളരുന്ന ചില മുളയിനങ്ങളുണ്ട്. അവ തീരങ്ങളിൽ നട്ടുവളർത്തുന്നത് തീരസംരക്ഷണത്തിന് സഹായിക്കുമെന്ന് പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content