ഗുരുവന്ദനം

ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും മികച്ച തത്വചിന്തകനുമായ ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമാണല്ലോ അധ്യാപക ദിനമായി ആചരിക്കന്നത്. തത്വജ്ഞാനികളുടെ രാജാവ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ചിന്തകൻ, പ്രഭാഷകൻ, തന്ത്രജ്ഞനായ അംബാസിഡർ, അധ്യാപകൻ എന്നീ നിലകളിലെല്ലാം ശോഭിച്ചിരുന്ന വ്യക്തിയായിരുന്നു ഡോ.രാധാകൃഷ്ണൻ. 1888 സെപ്തംബർ 5ന് തമിഴ്‌നാട്ടിലെ തിരുത്തണി എന്ന ഗ്രാമത്തിലാണ് രാധാകൃഷ്ണൻ ജനിച്ചത്. കുട്ടികൾക്ക് ട്യൂഷനെടുത്ത കിട്ടുന്ന പണം കൊണ്ടാണ് അദ്ദേഹം പഠിച്ചത്. മദ്രാസ് പ്രസിഡൻസി കോളേജിൽ അധ്യാപകനായി തുടങ്ങി. കൊൽക്കത്ത കോളേജ്, ഓക്സ്ഫഡിലെ മാഞ്ചസ്റ്റർ കോളേജ് എന്നിവിടങ്ങളിൽ അധ്യാപകൻ, ആന്ധ്ര സർവ്വകലാശാലയിലും  ബനാറസ് ഹിന്ദു സർവ്വകലാശാലയിലും   വൈസ് ചാൻസലർ, ലീഗ് ഓഫ് നേഷൻസ് അംഗം, ഇന്ത്യൻ സർവകലാശാല കമ്മീഷൻ ചെയർമാൻ, യുനെസ്കോയിലെ ഇന്ത്യൻ പ്രതിനിധി ഇങ്ങനെ 1952ൽ ഉപരാഷ്ട്രപതിയാകുന്നതിന് മുൻപ് ഡോ.രാധാകൃഷ്ണൻ വഹിച്ചിരുന്ന സ്ഥാനങ്ങൾ ഒട്ടേറെയാണ്. ‘വിദ്യാർത്ഥികളെ യുക്തിപൂർവ്വം ചിന്തിക്കാൻ പഠിപ്പിക്കുന്നവരാണ് യഥാർത്ഥ അധ്യാപകർ’ എന്ന് ഡോ: രാധാകൃഷ്ണൻ വിശ്വസിച്ചിരുന്നു.

മറ്റൊരു അധ്യാപകനെ കുറിച്ച് കൂടി പറയാം. തമിഴ്നാട്ടിലെ തന്നെ കടലോര ഗ്രാമമായ രാമേശ്വരത്തെ എലിമെന്ററി സ്കൂളിൽ 5-ാം ക്ലാസ്സിൽ ശാസ്ത്രം പഠിപ്പിച്ചിരുന്ന അധ്യാപകനായിരുന്നു ശിവ സുബ്രഹ്മണ്യ അയ്യർ. പക്ഷികൾ പറക്കുന്ന തെങ്ങനെയാണെന്നു ക്ലാസ്സിൽ വിശദീകരികകയായിരുന്നു അദ്ദേഹം. പക്ഷികളുടെ പറക്കൽ രീതികളുടെ വിശദാംശങ്ങൾ ബോഡിൽ വരച്ചു കൊടുത്തിരുന്നു. പാഠഭാഗം പൂർത്തിയാക്കിയ ശേഷം എല്ലാവർക്കും മനസ്സിലായോ എന്നദ്ദേഹം ചോദിച്ചു .ചില കുട്ടികൾ മനസ്സിലായില്ല എന്നു പറഞ്ഞു. അക്കൂട്ടത്തിൽ ശാസ്ത്രജ്ഞനായി തുടങ്ങി ഇന്ത്യൻ പ്രസിഡന്റ് പദവി വരെ എത്തിയ ഡോ.എ.പി.ജെ.അബ്ദുൽ കലാമും ഉണ്ടായിരുന്നു.

മനസ്സിലായില്ല എന്നു വിദ്യാർത്ഥികൾ പറഞ്ഞത് അധ്യാപകനെ നിരാശനാക്കിയില്ല. അദ്ദേഹം വിദ്യാർത്ഥികളെ വൈകിട്ട് കടൽത്തീരത്തേക്ക് കൊണ്ടുപോയി പക്ഷികൾ പറക്കുന്നത് എങ്ങനെയെന്ന്, ചിറകുവിരിക്കുന്നതും പറന്നുയരുന്നതും എങ്ങനെയെന്ന് വിശദമായി കാട്ടിക്കൊടുത്തു. പക്ഷിയുടെ പറക്കലിന്റെ ശാസ്ത്രീയ വശം കുഞ്ഞു കലാമിന്റെ മനസ്സിൽ പതിഞ്ഞു. മദ്രാസ് ഐ.ഐ.ടി.യിൽ എയ്റോനോട്ടിക്കൽ എഞ്ചിനീയറിംഗ് പഠിക്കാൻ പ്രചോദനമായത് ശിവ സുബ്രഹ്മണ്യഅയ്യർ എന്ന ആ അധ്യാപകന്റെ ക്ലാസ്സാണെന്ന് കലാം പിന്നീട് പറഞ്ഞിരുന്നു.

മികച്ച അധ്യാപകർ തങ്ങളേക്കാൾ മികച്ച വിദ്യാർത്ഥിയെയാവും ലോകത്തിനു സമ്മാനിക്കുക. തത്വചിന്തകനായ സോക്രട്ടീസ് ലോകത്തിന് നൽകിയ സമ്മാനമാണ് ശിഷ്യൻ പ്ലേറ്റോ. പ്ലേറ്റോയുടെ ശിഷ്യനായിരുന്നു അരിസ്റ്റോട്ടിൽ. അരിസ്റ്റോട്ടിലിന്റെ ശിഷ്യനായിരുന്നു അലക്സാണ്ടർ ചക്രവർത്തി. അധ്യാപകനിൽ നിന്ന് വിദ്യാർത്ഥിയിലേക്ക് പകരുന്ന അറിവിന്റെ തീജ്വാല ലോകമെങ്ങും പ്രകാശം പരത്തുന്ന എത്രയോ ഉദാഹരണങ്ങൾ ഇനിയുമുണ്ട്. അറിവിന്റെ പ്രകാശം പുതിയ തലമുറക്ക് പകർന്നു കൊടുക്കുന്ന പ്രിയ അധ്യാപകർക്ക് പൂക്കാലത്തിന്റെ അഭിവാദ്യങ്ങൾ.

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content