ഭൂമിയെ വിനാശകരമായ വികിരണങ്ങളിൽ നിന്നും സംരക്ഷിച്ച് നിർത്തുന്ന കുടയാണ് ഓസോൺ പാളിയെന്ന് കൂട്ടുകാരിൽ ചിലരെങ്കിലും വായിച്ചിട്ടില്ലേ?സെപ്റ്റംബർ 16 ലോക ഓസോൺ ദിനമാണ്. ഐക്യ രാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി 1988 ലാണ് ഈ ദിവസം ഓസോൺ പാളി സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്. ഓസോൺ പാളി സംരക്ഷിക്കുന്നതിനായി 1987 സെപ്തംമ്പർ 16 നാണ് മോണ്‍ട്രിയലിൽ ഉടമ്പടി ഒപ്പുവച്ചത്. ഓസോൺ പാളിയിൽ സുഷിരങ്ങൾ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ ഉല്പാദനവും ഉപയോഗവും കുറയ്കുകയായിരുന്നു ഉടമ്പടിയുടെ ഉദ്ദേശം. ഇതിനെത്തുടർന്ന് ഈ ദിവസം ഓസോൺ ദിനമായി ആചരിച്ചുവരികയാണ്.
എന്താണ് ഓസോൺ ? മൂന്നു ആറ്റം ഓക്സിജൻ (O3) ആണ് ഓസോൺ. അന്തരീക്ഷത്തിന്റെ മുകൾത്തട്ടിൽ ഓസോൺ ഒരു സംരക്ഷണ വലയം തീർത്തിട്ടുണ്ട്. അതുകൊണ്ടാണ് സൂര്യനിൽ നിന്നുള്ള വിനാശകരമായ പല രശ്മികളും നേരിട്ട് ഭൂമിയിൽ എത്താത്തത്.
അന്തരീക്ഷത്തിലെ ഓസോൺ വാതകം അധികവും കേന്ദ്രീകരിച്ചിരിക്കുന്നത് ഭൂമിയുടെ പ്രതലത്തിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ ഉയരെയുള്ള സ്ട്രാറ്റോസ്ഫിയർ എന്ന മേഖലയിലാണ്. സൂര്യ രശ്മിയിലെ ദോഷകാരികളായ അൾട്രാ വയലറ്റ് കിരണങ്ങളെ അന്തരീക്ഷത്തിലേക്ക് കടത്തിവിടാതെ തടഞ്ഞുനിർത്തുന്ന ഒരു ഭൂവസ്ത്രമായി ഓസോൺ പാളികളെ കരുതാം.
ആഗോള താപനം മൂലം ഊഷ്മാവ് ക്രമാതീതമായി കൂടുകയും അന്തരീക്ഷ ബാഷ്പം അതിന് അനുസരിച്ച് ഏറുകയും ചെയ്യുമ്പോൾ അത് അന്തരീക്ഷ മേല്പാളിയിലെ (സ്ട്രാറ്റോസ്ഫിയർ) ഓസോണിനെ അപകടത്തിലാക്കും. 2030 ഓടെ ഓസോണിന് കാലാവസ്ഥാ വ്യതിയാനം കടുത്ത ഭീഷണിയാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.