ഓണം ഓര്‍മ്മകളില്‍

ഓണം എന്നും ഓര്‍മ്മകളുടെ പ്രളയം ആണ് ഓരോ പ്രവാസിക്കും.. ഒരിക്കലും മറവിയിലേക്കുപോകാതെ തിരിച്ചെത്തുന്നുണ്ട് ഓര്‍മ്മകള്‍ ഓരോ ഓണക്കാലത്തും. ഓണം അന്നും ഇന്നും ആഘോഷിക്കുന്നുണ്ട്. എന്നിട്ടും എന്തോ പഴയ ഓര്‍മ്മകളുടെ സുഗന്ധം പോലും ഇന്നത്തെ ഓണത്തിന് ഇല്ല..

ഓര്‍മ്മകളുടെ ഓണങ്ങളില്‍ ഉള്ളവനേക്കാളും ഇല്ലായ്മകള്‍ നിറഞ്ഞുനിന്നവര്‍ക്കാണ് നൂറുമേനി എന്നുതോന്നുന്നു.. ശരിക്കും ഓണം ജൂണില്‍ മഴ വിരുന്നു വന്നു തുടങ്ങുമ്പോള്‍ തന്നെ തുടങ്ങുകയായി.. മഴപെയ്തു തുടങ്ങിയാല്‍ മണ്ണൊരു ഋതുമതിയെപ്പോലെയാണ്.. ഒരു ചന്തം ആണ് അവളെ കാണാന്‍. ആകെ തളിര്‍ത്തുവരും അവളുടെ മാറില്‍ പച്ചപ്പ്.. എന്റെ കുട്ടിത്തത്തിന് അതൊരു അത്ഭുതം ആയിരുന്നു. വെയിലേറ്റു പൊള്ളികിടന്ന ചരല്‍ മണ്ണില്‍ നിന്ന് മഴത്തുള്ളികളാല്‍ തണുപ്പേറുമ്പോള്‍ ചെറുകുഞ്ഞുങ്ങളെപ്പോലെ പച്ചനാമ്പുകള്‍ പൊങ്ങിവരുന്നത്.. കഴിഞ്ഞുപോയ വര്‍ഷത്തിലെ കശുവണ്ടിയും ചക്കകുരുവുമൊക്കെ മുളച്ചു പുതിയ ചെടികളായി വന്നിട്ടുണ്ടാവും.. അതു പറിച്ചു അതിരുകളില്‍ നടും. നടുമ്പോള്‍ ഞാന്‍ അതില്‍ അധികാരം വയ്ക്കും. അതു എന്റെ മാവാ.. പിന്നെ വേനലില്‍ വാടാതെ നോക്കണം..

ജൂണില്‍ മഴതുടങ്ങി മണ്ണൊന്നു കുതിര്‍ന്നു തുടങ്ങിയാല്‍ അച്ഛന്‍ പറമ്പിലേക്ക് തൂമ്പയുമായി ഇറങ്ങും. ആകെ മണ്ണ് കിളച്ചു തിണ്ടുകള്‍ മാടി വയ്ക്കും. അമ്മ അതില്‍ കരിയിലയും അടുപ്പില്‍നിന്നുള്ള ചാരവും ഇടും. മണ്ണിട്ട് മൂടിയ ആ തിണ്ട് ഒരു മഴയില്‍ ഒന്ന് നനഞ്ഞു കഴിഞ്ഞാല്‍ പയര്‍ നടല്‍ ആണ്. ചിരട്ടയില്‍ ഇനിക്കും തരും വാശി പിടിക്കുമ്പോള്‍. പിന്നെയും ഉണ്ട് പടവലം, പാവലം എല്ലാം. ഇതൊക്കെ മുളപൊട്ടി വരുമ്പോള്‍ മനസിനുള്ള ഒരു സുഖം ഇപ്പോള്‍ ഒന്നില്‍നിന്നും കിട്ടുന്നില്ല എന്നതാണ് സത്യം. പുറംപറമ്പുകളില്‍ വിരിഞ്ഞു നില്‍ക്കുന്ന പച്ചപ്പുകളില്‍ പേരറിയാത്ത ആ കുറ്റിച്ചെടികള്‍ എല്ലാം നാട്ടറിവില്‍ പച്ചമരുന്നാണ്. കഞ്ഞുണ്ണിയും കുറുന്തോട്ടിയും മുയല്‍ച്ചെവിയും പിള്ളഴുഞ്ഞിയും ഞൊട്ടാ ഞൊടിയനും ചൊറിയണവും എല്ലാം.. ഇവയില്‍ പലതും നിത്യജീവിതത്തില്‍ ഉപയോഗിച്ചിരുന്നു. അന്ന് അതിന്റെ മൂല്യം അത്രയും അറിഞ്ഞിരുന്നില്ല. അതു അങ്ങനെയാണ്. എന്തും കയ്യിലുള്ളപ്പോള്‍ വില കുറവാണ്. നഷ്ടങ്ങളാണ് പലപ്പോഴും പലതിന്റെയും വില മനസിലാക്കിത്തരുന്നത്. തളിര്‍ന്നുവളര്‍ന്ന് അവ പൂവിടുമ്പോള്‍ ഓണം വരികയാണ്.

കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴഞ്ചൊല്ലു പോലെ ഓണം എത്ര ഇല്ലായ്മയിലും ഒരു ആഘോഷമായിരുന്നു. എന്റെ ഓര്‍മ്മയില്‍ ഓണം കുട്ടിക്കാലത്ത് ഒരു പ്രതീക്ഷയായിരുന്നു. ഒത്തുചേരലിന്റെ, പുത്തനുടുപ്പിന്റെ, ഓണസദ്യയുടെ, ഓണക്കളിയുടെ, കുട്ടിക്കാലത്തെ ഊഞ്ഞാലാട്ടങ്ങളുടെ, ചങ്ങാത്തത്തിന്റെ…

അത്തം തൊട്ടുള്ള പൂക്കളം ആണ് ഓണത്തിന്റെ ഉണര്‍ത്തു പാട്ട്. പൂവിളി എന്നൊക്കെ കേട്ടിട്ടൊള്ളു ഞങ്ങള്‍ കുട്ടികള്‍ക്ക് പൂവിളി പൂ പറിക്കാന്‍ പോകുമ്പോള്‍ ഉള്ള ഒച്ചയും കളിയും ആണ്. അന്ന് എല്ലാ തൊടികളിലും തുമ്പപ്പൂ ഉണ്ടായിരുന്നു. തുമ്പപ്പൂ ഇല്ലാത്ത പറമ്പുകള്‍ ഉണ്ടായിരുന്നില്ല. മഴ പെയ്തു നനഞ്ഞ തുമ്പക്കുടങ്ങളില്‍ ചിലതില്‍ കറുത്ത കുനിയന്‍ ഉറുമ്പുകള്‍ നിറഞ്ഞിട്ടുണ്ടാവും. മുക്കുറ്റിപ്പൂക്കള്‍ ഇറുത്ത ബാല്യങ്ങള്‍ക്ക് ക്ഷമ പഠിപ്പിക്കേണ്ട. വെള്ളും ചുവപ്പും ആയി പെരുവിന്റെ വലിയ പൂക്കുലകള്‍. മഴ പെയ്യുമ്പോള്‍ പൂന്തോട്ടത്തില്‍ വളരുന്ന കാശിത്തുമ്പ പൂക്കള്‍. വേലിയില്‍ കാവല്‍ഭടന്‍മാരെപ്പോലെ കോളാമ്പിപ്പൂക്കള്‍.. നന്ത്യാര്‍വട്ടം, ചെമ്പരത്തി, കൊങ്ങിണി.. പിന്നെയും പേരറിയാത്ത ഒരുപാടു പൂക്കള്‍.

അടിച്ചുവൃത്തിയാക്കി മണ്ണും ചരലും ഒക്കെ നീക്കി അമ്മ തൊഴുത്തില്‍ നിന്ന് ചാണകം കൊണ്ടുവന്നു തറ മെഴുകും. നടുവില്‍ ഒരു തുളസികതിര്‍ വയ്ക്കും. പിന്നെ പറിച്ചെടുത്ത പൂക്കള്‍ നിറങ്ങള്‍ തിരിച്ചു കളം നിറച്ചിടും. അത്തം തൊട്ട് അമ്മയ്ക്ക് പിന്നാലെ കൂടി ചോഗ്യമായി, ഓണക്കോടിക്ക്. അതു കയ്യില്‍ വരുന്നതുവരെ ആ ചോദ്യമാണ്. എത്ര ചോദിച്ചാലും ക്ഷമ വിടാതെ ആ മാതൃത്വഭാവം ഇന്ന എന്നിലൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. ഓണം അടുത്താല്‍ കറിമസാലകള്‍, മല്ലി, മുളക്, മഞ്ഞള്‍ ഒക്കെ വാങ്ങി പൊടിച്ചുവയ്ക്കും. പാചകം അമ്മമാര്‍ക്കാണെങ്കിലും ഓണത്തിന് അതിന്റെ കൈകാര്യങ്ങള്‍ അച്ഛനാണ്. പറമ്പില്‍ നിന്ന് വിളഞ്ഞ കായ്ക്കുലകള്‍ വെട്ടിക്കൊണ്ടു വരും. സാധാരണ കണ്ണന്‍, പാളയംതോടന്‍, ഏത്തപ്പഴം, കദളി ഇതൊക്കെയാണ് ഉണ്ടാവുക. ഏത്തക്കായി വറുക്കാന്‍ എടുത്തു ബാക്കി പഴുക്കാന്‍ വയ്ക്കും. അത് വീടിന്റെ ഒരു മൂലയ്ക്ക് കുലകളില്‍ ഇലുമ്പന്‍ പുളിയുടെ ഇലകള്‍ പൊതിഞ്ഞു ചെളി തേച്ചുപിടിപ്പിക്കും. അടിയില്‍ ഒരു സൈഡില്‍ കണ്ണന്‍ചിരട്ട വയ്ക്കും. ചിരട്ടയുടെ ഉള്ളില്‍ ഉണക്കമുളക് ഇട്ടു പുകച്ചു പുക കയറ്റും. രണ്ടുനേരവും പൂകയ്ക്കണം. കണ്ണും മുഖവും പുകയും ചിലപ്പോള്‍. രണ്ടുദിവസം കഴിഞ്ഞ് അത് തുറക്കുമ്പോള്‍, ഹാ, ഒരു മണം ഉണ്ട്. കായ്ക്കുലകള്‍ സ്വര്‍ണം പൂശിയപോലെ മനോഹരം ആയിട്ടുണ്ടാവും. അവ ഒക്കെ എടുത്ത് അച്ഛന്‍ കഴുകി അടുക്കളയുടെ ഒരു മൂലയില്‍ കയര്‍ കോര്‍ത്ത് കെട്ടിയിടും. അത്തം പിറന്നു രണ്ടുദിവസം കഴിയുമ്പോള്‍ കവുങ്ങിന്‍പാള മുറിച്ച് അമ്മ പറമ്പിന്‍മൂലയ്ക്ക് കുനിയന്‍ ഉറുമ്പുകള്‍ തീര്‍ത്ത ചുവന്ന മണ്ണിന് കൂനവാരിക്കൊണ്ടുവന്ന് വെള്ളമൊഴിച്ചുകുഴച്ച് തൃക്കാക്കരയപ്പനെ ഉണ്ടാക്കും. കുറച്ചു മണ്ണ് എനിക്കും തരും. ഞാനും അണ്ണാറക്കണ്ണനും തന്നാലായത് എന്നപോലെ ഒരു കുഞ്ഞനെ ഉണ്ടാക്കും. പലപ്പോഴും പൊട്ടിപ്പോകുമെങ്കിലും.

എത്ര ബുദ്ധിമുട്ടിയായാലും ഉത്രാടദിവസം എല്ലാം വീട്ടില്‍ എത്തിയിരിക്കും. അന്നാണ് ഉത്രാടപ്പാച്ചില്‍. പറമ്പില്‍ നിന്ന് നമ്മുടെ പയറും പടവലവും പാവലവും ഇളവനും ഒക്കെ കിട്ടും. ബാക്കിയുള്ളത് ചന്തയില്‍ നിന്ന് വാങ്ങിക്കൊണ്ടുവരും. നമ്മുടെ തൊടിയില്‍ നിന്ന് പറിച്ചെടുത്ത പച്ചക്കറികള്‍ക്ക് അതിന്റെ ഒരു ഗന്ധമുണ്ട്. അതു പുറത്തുനിന്നു വാങ്ങുമ്പോള്‍ കിട്ടാറില്ല. ഉത്രാടം തൊട്ട് ഉണ്ണിമനസുകള്‍ക്ക് ഉത്സവം ആണ്. അടുക്കള വഴി കയറി പഴം, ഉണ്ണിയപ്പം, ഏത്തക്ക വറുത്തത് ഇങ്ങനെ വായ്‌തോരാതെ തിന്നുനടക്കും. ഇന്നത്തെപ്പോലെ കളറും മണവും ചേര്‍ക്കുന്നതൊന്നും അന്നില്ല. ഉത്രാടത്തിനു സന്ധ്യയാകുമ്പോള്‍ അമ്മ അരി അരച്ചമാവ് മൂന്നു ചിരട്ടയില്‍ വെള്ള, നീല, മഞ്ഞ കളറില്‍ തരും. നൂലുകെട്ട് തൃക്കാക്കരയപ്പനില്‍ കള്ളികള്‍ വരയ്ക്കും. അതുനിറയെ പുള്ളികുത്തും.

ഉത്രാടരാത്രിയില്‍ അമ്മയ്ക്ക് ഉറക്കമില്ല. അമ്മ ചെയ്യുന്നതൊക്കെ കാണാന്‍ കൗതുകം ഉണ്ടെങ്കിലും ബാല്യത്തിന്റെ ചാപല്യം ഉറക്കം എന്നെ എന്നും പറ്റിക്കുകയാണ് പതിവ്. പുലര്‍ച്ചെ അരിമാവില്‍ ചെറുകിഴങ്ങോ വെണ്ടക്കയോ അരിഞ്ഞിട്ട് കൊഴുപ്പുവരുത്തി ഇറയവും പടിക്കെട്ടുകളും അമ്മ വിരലുകള്‍ ചേര്‍ത്തുപിടിച്ച് അണിയും. ഒരു അളഴുകോലും ഇല്ലാതെ തന്നെ ഇത്ര ഭംഗിയായി എങ്ങനെ ചെയ്യുന്നു എന്ന് ഒരു അത്ഭുതം ആണ്. പൂമുഖത്ത് കളം വരച്ച് തൂശനിലയിട്ട് പലകവച്ച് ഓണത്തപ്പനെ വയ്ക്കും. അതില്‍ നിറയെ ചെത്തി പൂക്കുലകുത്തി വയ്ക്കും. നാളികേരമുടച്ച് നീരുകൊടുക്കും. വിളക്കുവച്ച് തിരി കത്തിക്കും. ഉപ്പുചേര്‍ക്കാത്ത പൂവടയും തുമ്പക്കുടവും തുളസിക്കതിരും അടിയില്‍ ഇട്ടു കുരവയിട്ട് ഓണത്തപ്പനെ വിളിയായി.. അങ്ങനെ തിരുവോണമായി.

രാവിലെത്തന്നെ കുളിച്ചു ഓണക്കോടി ഇട്ടു അമ്പലത്തില്‍ പോയിവന്നാല്‍ പിന്നെ കൂട്ടുകാരുമൊത്ത് കളിയാണ്. പിന്നെ സദ്യ ഉണ്ണാനേ വീട്ടില്‍ കേറൂ. ഇന്നത്തെപ്പോലെ പത്തും പതിനഞ്ചും വിഭവമൊന്നും ഇല്ലാട്ടോ അന്നത്തെ ഓണത്തിന്. പുളിഞ്ചി, കാളന്‍, ഓലന്‍, കറിനാരകത്തിന്റെ അച്ചാര്‍, തോരന്‍, അവിയല്‍, സാമ്പാര്‍, പപ്പടം, രണ്ടുതരം ഉപ്പേരി, ഗോതമ്പ് നുറുക്കിന്റെ പായസം. ഇതാണ് സദ്യ. സാധാരണ അമ്മ വിളമ്പി തരുമ്പോള്‍, അന്ന് അച്ഛനാണ് വിളമ്പുക. പങ്കുവക്കലിന്റെയും ഒത്തുചേരലിന്റെയും ഒരു ഉത്സവം ആണ്. എല്ലാ മതവിഭാഗവും ഓണം ആഘോഷിക്കും എങ്കിലും ഹിന്ദുക്കളെപ്പോലെ അവര്‍ അത്ര വിപുലമാക്കാറില്ല. ഉത്രാടദിവസം അവര്‍ക്കുള്ള പകര്‍പ്പ് കൊണ്ടുകൊടുക്കും. ഒരു സ്‌നേഹ പങ്കുവയ്ക്കല്‍. ഇപ്പോള്‍ വീണ്ടും ഒരു ഓണം. തിരിച്ചുകിട്ടാത്ത ഒത്തിരി നന്മകള്‍ ഉള്ള ആ കാലത്തേക്ക് ഓര്‍മ്മയില്‍കൂടി പോലും ഒരു തിരിച്ചുപോക്ക് ഒരു ഭാഗ്യമാണെന്റെ തലമുറയില്‍ ഉള്ളവര്‍ക്ക്. അങ്ങനെ ഒരു ബാല്യം ഇല്ലാത്തവര്‍ ആണ് പ്രവാസികള്‍ ആയ നമ്മുടെ മക്കള്‍. ജാതിയും മതവും ഞാനെന്ന ഭാവവും ഇല്ലാതെ മനസ് നിറയെ സ്‌നേഹം മാത്രമായി കൈകോര്‍ത്ത് നില്‍ക്കുന്ന ആ ബാല്യകാലം തുറന്ന മനസിന്റെ വാതിലുകളില്‍ പുഞ്ചിരിയുടെ മന്ത്രവുമായിച്ചേര്‍ന്നുണ്ണുന്ന ഒരു ഓണസദ്യ… ഹാ, കാലമേ.. നീയെന്റെ ബാല്യമൊന്നെനിക്കു തിരിച്ചു താ..

ഷീബ സുരേഷ്
രക്ഷകര്‍ത്താവ്
ന്യൂ മുംബൈ
മലയാള സമാജം
നേരുള്‍
(പൂക്കാലം വെബ് മാഗസിനില്‍ ഉള്‍പ്പെടുത്തുന്നതിനായി മലയാളം മിഷന്‍ സംഘടിപ്പിച്ച ‘ഓര്‍മ്മക്കുറിപ്പ്’ ഓണമത്സരത്തിൽ രക്ഷകർത്താക്കളുടെ വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ രചന )

1 Comment

bindu jayan September 22, 2018 at 6:55 pm

nice teachare

Leave a Comment

FOLLOW US