മലയാളത്തിലെ ആദ്യത്തെ ലക്ഷണ‌യുക്തമായ നോവൽ എന്ന് വിശേഷിപ്പിക്കുന്ന കൃതി ഏതാണെന്നു കൂട്ടുകാർക്കു അറിയുമോ?അതാരാണ് എഴുതിയത് എന്ന് അറിയുമോ?
 
ഇന്ദുലേഖയാണ് ആ  കൃതി. ഒയ്യാരത്ത് ചന്തുമേനോൻ‍ ആണ് ഈ നോവൽ രചിച്ചത്. ഒറ്റ നോവൽ കൊണ്ടുതന്നെ മലയാളസാഹിത്യചരിത്രത്തിൽ സമുന്നതസ്ഥാനം വഹിക്കുന്നു അദ്ദേഹം. രണ്ടാമത്തെ നോവലായ ശാരദയും വായനക്കാരുടെയും നിരൂപകരുടെയും ശ്രദ്ധ നേടിയിരുന്നു. നിർഭാഗ്യവശാൽ  ചന്തുമേനോന്  ശാരദയുടെ ഒന്നാംഭാഗമേ എഴുതാൻ സാധിച്ചുള്ളൂ.
1847 ജനുവരി 9-ന് തലശ്ശേരിക്കടുത്തുള്ള നടുവണ്ണൂരിലാണ് ചന്തുമേനോൻ ജനിച്ചത്. അച്ഛൻ, എടപ്പാടി ചന്തുനായർ. അദ്ദേഹം ആദ്യം പോലീസ് ആമീനും പിന്നീട് പലയിടങ്ങളിലായി തഹസിൽദാരും ആയിരുന്നു. അമ്മ കൊടുങ്ങല്ലൂർ ചിറ്റെഴുത്ത് ഭവനത്തിലെ പാർവ്വതിയമ്മ. രണ്ടു പെണ്മക്കളും മൂന്ന് ആണ്മക്കളും. ഇതിൽ ഇളയതായിരുന്നു ചന്തുമേനോൻ.
 
നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബാസല്‍മിഷന്‍ വക ഇംഗ്ലീഷ് സ്കൂളില്‍ വിദ്യാഭ്യാസം തുടരുകയും അണ്‍കവനന്റഡ് സിവില്‍ സര്‍വീസ് പരീക്ഷയും മെട്രിക്കുലേഷനും പാസാകുകയും ചെയ്തു. തിരുവങ്ങാടു ക്ഷേത്രത്തിനു സമീപം ഒയ്യാരത്തു ഭവനത്തില്‍ താമസിച്ചതുകൊണ്ട് ഒയ്യാരത്തു ചന്തുമേനോന്‍ എന്ന പേരിലാണ് അറിയപ്പെട്ടത് .
കോടതിയില്‍ ക്ളാര്‍ക്കായിട്ടാണ് ഔദ്യാഗിക ജീവിതം തുടങ്ങിയത്. മുന്‍സിഫ്, ആക്റ്റിങ് അഡീഷണല്‍ സബ് ജഡ്ജി എന്നിങ്ങനെ വിവിധ തസ്തികകളില്‍ സേവനം അനുഷ്ഠിച്ച  ചന്തുമേനോന്‍ ഉത്തമനായ നിയമജ്ഞന്‍ എന്ന നിലയില്‍ പ്രസിദ്ധനായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍ റാവു ബഹദൂര്‍സ്ഥാനം നല്കി മേനോനെ ആദരിക്കുകയുണ്ടായി .
 
ചന്തു മേനോന്റെ നോവലുകൾക്കെല്ലാം സമുദായ പരിഷ്കരണം എന്ന ലക്‌ഷ്യം ഉണ്ടായിരുന്നു. . സമകാലീന സാമൂഹിക ജീവിതത്തെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം പരിഹാസ പരാമർശങ്ങൾ കൊണ്ട് നായര്‍-നമ്പൂതിരി സമുദായങ്ങളില്‍ നിലനിന്നിരുന്ന യാഥാസ്ഥിതികത്വം, അനാചാരങ്ങള്‍, അസമത്വങ്ങള്‍ തുടങ്ങിയവയെ  വിമര്‍ശിക്കുകയും ചെയ്യുന്നു ചന്തുമേനോന്‍.
   
ഇന്ദുലേഖ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മലബാര്‍ ജില്ലാ കളക്ടറായിരുന്ന ഡബ്ള്യൂ.എച്ച്. ഡ്യൂമെര്‍ഗ്(1891)ആണ് പരിഭാഷ നിർവഹിച്ചത്. ശാരദ (1892) അപൂര്‍ണമായ കൃതിയാണ്. മൂന്നു ഭാഗങ്ങളില്‍ നോവല്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും എട്ട് അധ്യായങ്ങളുള്ള ഒരു ഭാഗം എഴുതാനേ അദ്ദേഹത്തെ ആയുസ്സ് അനുവദിച്ചുള്ളൂ. ഇന്ദുലേഖയിലെ സൂരിനമ്പൂതിരിയും ശാരദയിലെ വൈത്തിപ്പട്ടരും മലയാള സാഹിത്യത്തിലെ മരണമില്ലാത്ത കഥാപാത്രങ്ങളാണ്. കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ മയൂരസന്ദേശത്തിനും ചമ്പത്തില്‍ ചാത്തക്കുട്ടി മന്നാടിയാരുടെ ഉത്തരരാമചരിതത്തിനും എഴുതിയ നിരൂപണങ്ങള്‍, കുഞ്ഞിശങ്കരന്‍ നമ്പ്യാരുടെ നളചരിതത്തിനു രചിച്ച മുഖവുര എന്നിവയാണ് ചന്തുമേനോന്റെ ഇതര കൃതികള്‍.
എഴുതാനുള്ള പ്രേരണ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മയാണ് നൽകിയതെന്ന് ചന്തുമേനോൻ തന്നെ എഴുതിയിട്ടുണ്ട്. 1899 സെപ്തംബര്‍ 7-ന് ചന്തുമേനോന്‍ അന്തരിച്ചു

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content