സാര്‍വദേശീയ സാക്ഷരതാദിനമാണ് സെപ്റ്റംബർ 8 . എഴുതാനും വായിക്കാനുമറിയാത്ത 75.8 കോടി ജനങ്ങള്‍ ലോകത്തുണ്ടെന്നാണ് യുനെസ്കോയുടെ റിപ്പോര്‍ട്ട്. അതില്‍ മൂന്നില്‍ രണ്ടും സ്ത്രീകളാണ്.

1965 ല്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ചേര്‍ന്ന യുനെസ്‌കൊ അംഗരാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാരുടെ സമ്മേളനമാണ് നിരക്ഷരതാനിര്‍മാര്‍ജ്ജന യജ്ഞത്തിനായി സെപ്റ്റംബര്‍ എട്ട്, അന്താരാഷ്ട്ര സാക്ഷരതാദിനമായി ആചരിക്കാന്‍ ശുപാര്‍ശ ചെയ്തത്. ലോകത്ത് ഒരു നിരക്ഷരനെങ്കിലും ശേഷിക്കുന്നതുവരെ ഈ ദിനം കൊണ്ടാടണമെന്നാണ് യുനെസ്‌കോ നിര്‍ദ്ദേശിക്കുന്നത്.

ലോകത്തെ എല്ലാ ജനങ്ങളും സാക്ഷരരാകേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും അടിവരയിട്ട് ഉറപ്പിക്കുകയെന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ആത്മവിശ്വാസത്തോടെയും അന്തസ്സോടെയും ജീവിക്കുന്നതിനാവശ്യ മായ എഴുത്തും വായനയും ഗണിതവും ഉള്‍പ്പെടെയുള്ള  അറിവും നൈപുണ്യവും ആര്‍ജിക്കുകയും താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ പൊതുവികാസത്തിന്  ഈ കഴിവുകളെ ഉപയോഗിക്കുകയും ചെയ്യുമ്പോഴാണ് ഒരാള്‍ ആധുനിക സമൂഹത്തില്‍ സാക്ഷരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നത്. സാക്ഷരതയിലൂടെ മാത്രമേ വ്യക്തികളുടെ വിമോചനവും വികാസവും സാധ്യമാവുകയുള്ളു.

പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളു, പുത്തനൊരായുധമാണു നിനക്കത് …
എന്ന മുദ്രാവാക്യവുമായി കേരളത്തിലും വളരെ വിപുലമായ നിലയിൽ സാക്ഷരതാ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്.. എല്ലാ വിഭാഗം ആളുകളും, 15 വയസ്സു തൊട്ട് 90 വയസ്സു വരെയുള്ളവർ സാക്ഷരതാ ക്ലാസ്സുകളിൽ പങ്കെടുത്തു. കേരളത്തിന്റെ സമ്പൂർണ്ണ സാക്ഷരതയ്ക്കായി അക്ഷരകേരളം പദ്ധതി സർക്കാർ നടപ്പിലാക്കി. സാക്ഷരതാപ്രവർത്തകർ നിരക്ഷരരെ തേടിപ്പൊയി.കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരും സാക്ഷരതാ പ്രവർത്തനത്തിൽ പങ്കെടുത്തു. 1990 ഏപ്രിൽ 8ലെ സർവ്വേ അനുസരിച്ച് കേരളത്തിലൊട്ടാകെ 28,20,338 നിരക്ഷരരെ കണ്ടെത്തി. ഇവരെ സാക്ഷരരാക്കാനായി മൂന്നു ലക്ഷത്തോളം സന്നദ്ധപ്രവർത്തകരാണ് പ്രവർത്തിച്ചത്. അങ്ങനെ 1991 ഏപ്രിൽ 18ന് കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷര സംസ്ഥാനമായിത്തീർന്നു.

1998 ഒക്ടോബർ 2ന് ഗാന്ധിജയന്തി ദിനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിൽ കേരള സംസ്ഥാന സാക്ഷരതാ മിഷൻ അഥോറിറ്റി രൂപികരിച്ചു. സാക്ഷരത നിലനിർത്താനും അക്ഷരം പഠിക്കുന്നതിലുപരി വിദ്യാഭ്യാസ നേട്ടം കൈവരിക്കാനുമാണ് തുടർ സാക്ഷരതാ പരിപാടി തുടങ്ങിയത്. തുല്യതാ പഠനം ഇതിന്റെ ഭാഗമാണ്. ഒരു കാലത്ത് വിദ്യാഭ്യാസം തുടരാൻ കഴിയാത്ത ആർക്കും തുല്യതാ പരീക്ഷ എഴുതി 4, 7, 10 ക്ലാസ്സുകളിലെ പരീക്ഷ വിജയിക്കാൻ കഴിയും.

അക്ഷരം അറിവാണ്,അറിവ് ആയുധമാണ്, ആയുധം അധികാരമാണ്

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content