മാറ്റാം ശീലങ്ങളെ, വീണ്ടെടുക്കാം കേരളത്തെ
കേരളത്തെ പിടിച്ചുലച്ച പ്രളയവും പേമാരിയും ഒഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞു. അതിജീവനത്തിനും പുനര്‍നിര്‍മാണത്തിനുമുള്ള കര്‍മപദ്ധതികള്‍ ആഴത്തില്‍ ആലോചിക്കുന്ന ഘട്ടമാണിത്. അത് പരാതികളില്ലാതെ പരിഹരിക്കാന്‍ നമ്മുടെ സര്‍ക്കാരിന് കഴിയുന്നുണ്ട്. പക്ഷേ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുളള പഠനങ്ങളും കേരളത്തിന്റെ പ്രകൃതിയില്‍ വന്ന മാറ്റങ്ങളും കേരളത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. .
പാലക്കാട്ടെ ഒരു നെല്‍കര്‍ഷകന്‍ കൂടിയാണ് ഈ ലേഖകന്‍. അതുകൊണ്ട് കണ്ട കാഴ്ചകള്‍ ഒരല്പം ഇവിടെ പങ്കുവെക്കട്ടെ. ആഗസ്റ്റ് 20 നകം തന്നെ ഇവിടെ മഴ പൂര്‍ണമായും ഒഴിഞ്ഞിരുന്നു. സെപ്റ്റംബര്‍ ആദ്യ വാരമായപ്പോഴേക്കും കടുത്ത ചൂടു തുടങ്ങി. സെപ്റ്റംബര്‍ രണ്ടിന് രാവിലെ വെറുതെ ഒന്നു പാടത്തിറങ്ങി. വെള്ളം മുഴുവന്‍ വറ്റിപ്പോയിരിക്കുന്നു. അവിടവിടെ കെട്ടിനില്‍ക്കുന്ന കണ്ടത്തിലെ വെള്ളത്തില്‍ പരല്‍മീനുകള്‍ ജീവനുവേണ്ടി പിടക്കുന്നു. തൊട്ടുമുമ്പിലത്തെ ആഴ്ച പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കഴിയാവുന്ന വിധം ഏര്‍പ്പെട്ടയാളാണ് ഞാന്‍. ഇപ്പോള്‍ അടിയന്തര വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടേണ്ട സ്ഥിതിയായിരിക്കുന്നു. ഞാനും എന്റെ കൂട്ടുകാരി ലതയും മകള്‍ ചിന്നുവും ചേർന്ന് ദുരിതാശ്വാസ പ്രവര്‍ത്തനം തുടങ്ങി. രണ്ടുമൂന്ന് ബക്കറ്റുകളില്‍ വെള്ളമെടുത്ത് മീനുകളെ വാരിപ്പിടിച്ച് ബക്കറ്റിലാക്കി. തൊട്ടടുത്ത കിണറുകളിലും കുളങ്ങളിലും അവയ്ക്ക് ദുരിതാശ്വാസ ക്യാമ്പൊരുക്കി. ഇതുകണ്ട് ചിന്നുവിന്റെ കൂടെ പഠിക്കുന്ന കുറേ കുട്ടികളും കൂടെക്കൂടി. അവരും കുറേ മീനുകളെ പിടിച്ച് പാത്രങ്ങളിലാക്കി. അവയ്ക്കുള്ള പ്രാണവായു തേടി കിണറുകളിലേക്കും കുളങ്ങളിലേക്കും ഓടി. ഞങ്ങള്‍ കണ്ടുനില്‍ക്കേ, ഉച്ചയോടെ പാടം മുഴുവന്‍ വറ്റിവരണ്ടുപോയി.
ആഗസ്റ്റ് 16, 17 തീയതികളില്‍ ഈ കണ്ടത്തില്‍ കൂടിയാണ് പുഴ ഒഴുകിയിരുന്നത്. ഈ വരള്‍ച്ച പോലെ തന്നെ ഞങ്ങള്‍ കണ്ടുനില്‍ക്കേയാണ് പാടം പുഴയായി മാറിയത്. വലിയ വെള്ളപ്പാച്ചിലുണ്ടായിട്ടും നെല്‍ച്ചെടികള്‍ പിടിച്ചുനിന്നു. നെല്ലിന്റെ കരുത്ത് ഞങ്ങളെ അത്ഭുതപ്പെടുത്തി. ഒഴുക്കിനിടെ പുഴവെള്ളം നിക്ഷേപിച്ച് പോയതായിരുന്നു പരല്‍മീനുകളെ. വെള്ളം കയറിയപ്പോള്‍ നമുക്കുണ്ടായ അതേ ആധി വെള്ളമിറങ്ങിയപ്പോള്‍ ഈ മത്സ്യക്കുഞ്ഞുങ്ങള്‍ക്കും ഉണ്ടായിട്ടുണ്ടാവണം. മീനിന്റെ പിടച്ചില്‍ മാത്രമേ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. പെട്ടെന്ന് വന്ന പ്രളയവും അതിലേറെ വേഗത്തില്‍ വന്ന വരള്‍ച്ചയും മറ്റെന്തെല്ലാം മാറ്റങ്ങള്‍ പ്രകൃതിയില്‍ വരുത്തിയിട്ടുണ്ടാകും എന്നറിയാന്‍ വെറും കണ്ണുകള്‍ പോരാ. കേരളത്തിന്റെ പ്രകൃതിയെക്കുറിച്ച് വലിയ പഠനങ്ങള്‍ ആവശ്യമായിരിക്കുന്നു.
ഞങ്ങളുടെ കുന്തിപ്പുഴയുടെ വൃഷ്ടിപ്രദേശമായ സൈലന്റ് വാലിയുടെ കരുതല്‍ വനമേഖലയില്‍ പലേടത്തും കഴിഞ്ഞ പെരുമഴക്കാലത്ത് ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. അത് ഇവിടെ പ്രളയത്തിന് കാരണമായി. ഉരുള്‍പൊട്ടലും അതിന്റെ ഫലമായ പരിസ്ഥിതിനാശവും അടുത്ത വേനലിന്റെയും കാഠിന്യം വര്‍ധിപ്പിക്കുമെന്ന് ഉറപ്പാണ്. ഇതൊക്കെ ചിന്തിച്ചിരിക്കുമ്പോഴാണ് ചില പഠനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. പ്രളയത്തിന് ശേഷം മണ്ണിന്റെയും വെള്ളത്തിന്റേയും ഘടനയില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ടത്രേ. അന്തരീക്ഷത്തില്‍ ഹരിത ഗൃഹവാതകങ്ങളുടെ അളവ് കൂടി. വെള്ളത്തില്‍ കാര്‍ബൺ ഡയോക്‌സൈഡ് കൂടി. നൈട്രസ് ഓക്‌സൈഡും മീഥൈനും കൂടി. ചെമ്പ്, ഈയം തുടങ്ങിയ ലോഹങ്ങളുടെ അംശവും കൂടി. (മാലിന്യം കൂടിയത് കണ്ണുകൊണ്ട് തന്നെ കാണാം.) മണ്ണില്‍ അമ്ലത (അസിഡിറ്റി) കൂടി. നമ്മുടെ കാഴ്ചക്കപ്പുറം വലിയ മാറ്റങ്ങള്‍ പ്രകൃതിയില്‍ ഉണ്ടായിരിക്കുന്നു ! കുസാറ്റിലെ മറൈന്‍ ബയോളജി വിഭാഗവും മലിനീകരണ നിയന്ത്രണ ബോര്‍ഡും നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍.
കുത്തൊഴുക്കില്‍ എക്കല്‍ ഒലിച്ചുപോയതോടെ വെള്ളം പിടിച്ചുനിര്‍ത്താനുള്ള കഴിവ് നദികള്‍ക്കും നഷ്ടപ്പെട്ടുവെന്ന് സിഡബ്ലൂആര്‍ഡിഎം ന്റെ പഠനത്തിലും പറയുന്നു. പേമാരിക്ക് പിന്നാലെ വേനലും വരള്‍ച്ചയും കേരളത്തെ തേടിവരുന്ന അവസ്ഥ നമ്മളെ ഭയപ്പെടുത്തുന്നു.
കഴിഞ്ഞ ജലദിനത്തില്‍ യുഎന്‍ നല്‍കിയ സന്ദേശം ഓര്‍മയുണ്ടല്ലോ ? പ്രകൃതിയില്‍ നിന്ന് പഠിക്കുക എന്നതായിരുന്നു അത്. മഴയും വേനലും നേരിടാന്‍ പ്രകൃതിക്കൊരു വഴിയുണ്ട്. അത് ശരിയായി മനസ്സിലാക്കണം. നമ്മുടെ കൃഷി രീതി മാറണം. ജലസേചനരീതി മാറണം. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ കരുതല്‍ വേണം. ഭൂവിനിയോഗത്തില്‍ സൂക്ഷ്മത വേണം. കൂടുതല്‍ പഠനങ്ങളുടെയും അന്വേഷണങ്ങളുടേയും അടിസ്ഥാനത്തില്‍ ഓരോ വ്യക്തിയും പ്രതിബദ്ധതയോടെ അതിനായി പ്രവര്‍ത്തിക്കണം. കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാരിനുണ്ട്. നിയമങ്ങള്‍ നിര്‍മിക്കാനും അവര്‍ക്ക് സാധിക്കും. എന്നാല്‍ ജനജാഗ്രതയുടെ കരുത്തുകൂടി ചേരുമ്പോഴേ കേരളത്തിന്റെ പ്രകൃതിയെ പുനരുജ്ജീവിപ്പിക്കാനാവൂ. സഹ്യപര്‍വതത്തിനും അറബിക്കടലിനുമിടയിലുള്ള ഒരു ചെറിയ ഭൂപ്രദേശമാണ് കേരളം. കടലൊന്ന് കയറിയാല്‍, മലയൊന്ന് ഇറങ്ങിയാല്‍… സഹ്യപര്‍വതത്തിനും സഹിക്കാന്‍ ഒരു പരിധിയുണ്ടാകും !
ലേഖകന്‍ : ഐ ആര്‍ പ്രസാദ്