കിഴക്കേക്കോട്ടയും ചാലയും പടിഞ്ഞാറേക്കോട്ടയും വെട്ടിമുറിച്ചകോട്ടയും പദ്മനാഭസ്വാമിക്ഷേത്രവും പാത്രക്കുളവും മേത്തന്‍മണിയും ഒക്കെക്കണ്ട് ആള്‍ക്കൂട്ടത്തിലലിഞ്ഞ് നടക്കുമ്പോള്‍ എപ്പോഴെങ്കിലും ഓര്‍ത്തുനോക്കിയിട്ടുണ്ടോ ഈ പ്രദേശങ്ങളുടെ ചരിത്രപ്രാധാന്യത്തെപ്പറ്റി, ഇവിടെ ഭരിച്ചിരുന്ന രാജാക്കന്മാരെപ്പറ്റി, തിരുവിതാംകൂര്‍ എന്ന ദേശത്തെപ്പറ്റി?
മാര്‍ത്താണ്ഡവര്‍മ്മ പടനയിച്ച, അദ്ദേഹം നടന്ന വഴികളാണതെന്ന് അറിയുമോ അവിടെല്ലാം?
അതുപോട്ടെ, ചരിത്രത്തിലേക്കു വിസ്മൃതമായേക്കാവുന്ന ആ സുവര്‍ണകാലഘട്ടത്തെ ഒരു ആഖ്യായികയിലൂടെ വീണ്ടുമവതരിപ്പിച്ച്, രസനീയമായ ഒരു കഥ പറഞ്ഞുതന്ന എഴുത്തുകാരനെ നിങ്ങള്‍ക്കറിയുമോ?കേട്ടിട്ടുണ്ടോ മാര്‍ത്താണ്ഡവര്‍മ്മ എന്ന ചരിത്രനോവലിനെപ്പറ്റി? 2013ല്‍ പ്രസാധനത്തിന്റെ നൂറുവര്‍ഷം പൂര്‍ത്തിയാക്കുന്ന ‘ധര്‍മരാജ’ എന്ന നോവലിനെപ്പറ്റി?
മലയാളനോവല്‍സാഹിത്യചരിത്രത്തില്‍ വാക്കുകള്‍കൊണ്ടു തീക്കടല്‍ സൃഷ്ടിച്ച, ഒരു മുഴക്കോലിനും ഒതുങ്ങാത്തത്ര പെരുമയുള്ള ഒരു നോവലിസ്റ്റ്. സി.വി.രാമന്‍പിള്ള. മലയാളത്തിലെ ആദ്യനോവലായ ചന്തുമേനോന്റെ ‘ഇന്ദുലേഖ’യ്ക്കുശേഷം ഹിമഗിരിപ്പൊക്കമുള്ള മൂന്നു ചരിത്രാഖ്യായികകളിലൂടെ വായനക്കാരെ വിഭ്രമിപ്പിച്ച, വിസ്മയിപ്പിച്ച നോവലിസ്റ്റ്. തിരുവനന്തപുരത്തുകാരന്‍ സാക്ഷാല്‍ സി വി രാമന്‍പിള്ള. കണ്ണങ്കരവീട്ടില്‍ രാമന്‍പിള്ള. മലയാളിയുടെ സ്വകാര്യ അഹങ്കാരം.
തിരുവനന്തപുരത്തു ജനിച്ച്, തിരുവനന്തപുരത്തു വളര്‍ന്ന്, തിരുവനന്തപുരത്ത് പഠിച്ച്, തിരുവനന്തപുരത്ത് ജോലിചെയ്ത്, തിരുവനന്തപുരത്തുനിന്ന് വിവാഹം കഴിച്ച്, തിരുവനന്തപുരത്തെക്കുറിച്ച് മാത്രം എഴുതി, തിരുവനന്തപുരത്ത് വീടുവച്ച്, തിരുവനന്തപുരത്ത് മരിച്ച്, തിരുവനന്തപുരത്ത് അന്ത്യവിശ്രമം ചെയ്യുന്ന സി വി രാമന്‍പിള്ള. ഒരു സ്മാരകമോ പ്രതിമയോ കൊണ്ടുപോലും നമ്മള്‍ നന്ദികാണിക്കാന്‍ മറന്നു അദ്ദേഹത്തോട്.
സി വി പറഞ്ഞ തിരുവിതാംകൂര്‍ഗാഥകള്‍ നടന്നത് ഏറെയും തിരുവനന്തപുരം എന്ന് ഇപ്പോള്‍ വ്യവഹരിക്കുന്ന സ്ഥലത്തും അതിനടുത്തുള്ള പ്രദേശങ്ങളിലുമാണ്. അതില്‍ പ്രധാനപ്പെട്ട ഒരുസ്ഥലമാണ് ചാല. ഇപ്പോള്‍ പൈതൃകവാണിജ്യകേന്ദ്രമായി മാറ്റാന്‍ അധികൃതര്‍ തീരുമാനിക്കുന്ന നമ്മുടെ ചാല തന്നെ.
ശാലയാണോ ചാലയായി മാറിയത് എന്ന് ഇനിയും തീരുമാനമായിട്ടില്ല. വിദ്യാഭ്യാസ കേന്ദ്രമായ ശാല (പാഠശാല തന്നെ) തന്നെയാണോ ചാല? ആര്യശാല, വലിയശാല, വിളപ്പില്‍ശാല എന്നീ സ്ഥലനാമങ്ങള്‍ സൂചിപ്പിക്കുന്ന ശാല ഏതാണ്? തര്‍ക്കങ്ങള്‍ ആ പേരിന്റെ പേരില്‍ നടക്കുന്നുണ്ട്. എന്തായാലും ആര്യശാലക്ഷേത്രത്തിനു സമീപത്തായി ആയ്‌രാജാക്കാന്മാരുടെ വിദ്യാകേന്ദ്രമായ കാന്തളൂര്‍ശാല ഉണ്ടായിരുന്നതായി പറയപ്പെടുന്നു. 14-ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട അനന്തപുരവര്‍ണനം എന്ന കൃതിയില്‍ ഈ നഗരത്തെക്കുറിച്ച് പരാമര്‍ശിക്കുന്നിടത്ത് ഒരു കമ്പോളത്തെ വര്‍ണിക്കുന്നുണ്ട്. ആ കമ്പോളം ഇന്നത്തെ ചാലക്കമ്പോളമാണോ? തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയിലെ പഴവങ്ങാടി എന്നത് പഴയഅങ്ങാടി എന്ന അര്‍ഥത്തിലാണോ?
കടലോരസമീപപ്രദേശത്തുള്ള ഈ കമ്പോളത്തില്‍ വിദേശികള്‍ എത്തുന്നതിനെപ്പറ്റിയും വിവിധതരം വിപണികളെപ്പറ്റിയും അവിടുത്തെ മീന്‍കച്ചവടത്തെക്കുറിച്ചും ഭാഷയെക്കുറിച്ചുമൊക്കെ അനന്തപുരവര്‍ണനത്തിലുണ്ട്. ചാല കമ്പോളമാണിതെന്നാണ് പൊതുവെയുള്ള അഭിപ്രായം.
ചാല
ഏതു നഗരത്തെയും നിലനിര്‍ത്തുന്നത് അവിടെയുള്ള ജനങ്ങളും ചരിത്രസ്മാരകങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും മാത്രമല്ല. സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനുമായി നാം ആശ്രയിക്കുന്ന കമ്പോളങ്ങളാണ് ഒരര്‍ഥത്തില്‍ ചാല. പലതരം കൈമാറ്റങ്ങളിലൂടെ, ഒരു സംസ്‌കൃതിയെ ബഹുസംസ്‌കൃതിയായി നിലനിര്‍ത്തുന്നത് കമ്പോളങ്ങളാണ്. സാധനങ്ങളുടെ ക്രയവിക്രയം മാത്രമല്ല, കമ്പോളത്തില്‍. മറിച്ച് രണ്ടോ അതിലധികമോ സംസ്‌കാരങ്ങളുടെ മേളനമാണ് അവിടെ നടക്കുന്നത്. ഈ അര്‍ഥത്തില്‍ നോക്കിയാല്‍ തിരുവിതാംകൂര്‍ എന്ന പ്രദേശത്തിന്റെ വളര്‍ച്ചയ്ക്കും അഭ്യുദയത്തിനും ചാല വഹിച്ച പങ്ക് നിസ്തുലമാണെന്ന് പറയാതെ വയ്യ.
അനിഴംതിരുനാള്‍ മഹാരാജാവിനുശേഷം തിരുവിതാംകൂര്‍ മഹാരാജാവായ ധര്‍മ്മരാജാവിന്റെ ദിവാനായ രാജാകേശവദാസന്‍. ചാലക്കമ്പോളം നിര്‍മിച്ചത് അദ്ദേഹമാണെന്ന് പഴയ ചില ഗ്രന്ഥങ്ങളില്‍ കാണുന്നു. അതല്ല, ചാല വിസ്തൃതമാക്കിയത് രാജാകേശവദാസനാണെന്നാണ് ചിലരുടെ അഭിപ്രായം. മാര്‍ത്താണ്ഡവര്‍മ്മ തൃപ്പടിദാനം നടത്തിയതിനുശേഷമാണ് ഇന്നുകാണുന്ന രീതിയില്‍ ചാലക്കമ്പോളം വികസിച്ചതത്രേ. ആദ്യമായി തിരുവിതാംകൂറില്‍ അഞ്ചല്‍ സര്‍വീസ് ആരംഭിച്ചത് തോവാളയില്‍ നിന്ന് ചാലയിലേക്ക് പൂക്കള്‍ എത്തിക്കുന്നതിനുവേണ്ടിയാണെന്ന് പറയപ്പെടുന്നു.
തിരുവനന്തപുരം തിരുവിതാംകൂറിന്റെ തലസ്ഥാനമായതോടെയാണ് ചാലക്കമ്പോളത്തിന്റെ പ്രസക്തി വര്‍ധിച്ചത്. പല ദേശങ്ങളിലെ കച്ചവടക്കാര്‍ ചാലക്കമ്പോളത്തിലെത്തി വില്‍പ്പന നടത്തുകയും അവിടെ സ്ഥിരവാസമുറപ്പിക്കുകയും ചെയ്തു. ചാലയ്ക്കകത്തുള്ള വണ്ടിത്തടത്തിലാണ് കാളകളെ വാടകയ്ക്ക് നല്‍കിയിരുന്നത്. ചാലയില്‍ കാളവണ്ടികള്‍ക്ക് പിന്നീട് ട്രാഫിക്‌സംവിധാനം നിലവില്‍ വന്നു.
സ്വാതിതിരുനാളിന്റെ കാലത്ത് ഇന്നത്തെ സെക്രട്ടേറിയറ്റായി അറിയപ്പെടുന്ന ഹജൂര്‍ക്കച്ചേരി തിരുവനന്തപുരത്തെ കോട്ടയ്ക്കകത്തേയ്ക്കു മാറ്റി. അതുവരെ ഓലമേഞ്ഞ കച്ചവടസ്ഥാപനങ്ങളായിരുന്നു ചാലയില്‍. അവയെ ഓടുപാകാന്‍ സഹായിച്ചതും അതിന് ഉത്തരവിട്ടതും (ഒരു തീപിടുത്തത്തെ തുടര്‍ന്ന്) സ്വാതിതിരുനാളാണ്. മുസ്ലീങ്ങള്‍, തമിഴ്ബ്രാഹ്മണര്‍ എന്നിവരാണ് ചാലയിലെ കച്ചവടക്കാരില്‍ ഏറെയും. തമിഴ്‌നാട്ടില്‍ നിന്ന് കരമന, കിള്ളി, ആറുകള്‍ വഴി എത്തിച്ചിരുന്ന കച്ചവട ചരക്കുകള്‍ തിരുവിതാംകൂറിലെമ്പാടും വിതരണം ചെയ്തിരുന്നത് ചാലയില്‍ നിന്നാണ്.
തീര്‍ത്തും സമാധാനപരമായ അന്തരീക്ഷമായിരുന്നില്ല ചാലയില്‍, പലപ്പോഴും. ആദ്യപോലീസ് സൂപ്രണ്ട് ഒ എച്ച് ബെന്‍സിലിയുടെ ഭരണകാലത്ത് 1908 ല്‍ നടന്ന ലഹള, പിന്നീട് 1916 ല്‍ നടന്ന ലഹള, 1986 ലെ ഹിന്ദു-മുസ്ലീം സംഘട്ടനം എന്നിവ ചാലയുടെ ചരിത്രത്തിലെ ഇരുണ്ടദിനങ്ങളാണ്. സ്വര്‍ണം മുതല്‍ പൂവും പച്ചക്കറിയും വരെ നീളുന്ന ചാലയുടെ വ്യാപാരസ്ഥലങ്ങളെ നശിപ്പിക്കാന്‍ ഇടയ്ക്കിടെ ഇവിടെ തീപിടിത്തമുണ്ടാകാറുണ്ട്. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ മതിലകംരേഖകളില്‍ പരാമര്‍ശമുള്ള ചാല പിന്നീട് എത്രയോ കൃതികളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
ലേഖിക : രാധിക സി നായര്‍