ഗജവീരന്മാരുടെ സംരക്ഷണത്തിനായി 2011 മുതല്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 12 ആനകളുടെ ദിനമായി ആചരിച്ചു വരുന്നു.

നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍ മലയാളിയുടെ ഗൃഹാതുരതയുടെ പ്രൗഢമായ കാഴ്ചയാണ്. എത്രകണ്ടാലും മതിവരാത്ത ആനച്ചന്തത്തിന്റെ കാഴ്ച. എന്നാല്‍ വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവിവര്‍ഗമാണ് ആന എന്നത് ആനക്കമ്പക്കാരായ മലയാളികള്‍ക്ക് ഒരുപക്ഷേ അത്ഭുതമായിരിക്കും. എന്നാല്‍ ആഫ്രിക്കന്‍, ഏഷ്യന്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലും ആനകളുടെ എണ്ണത്തില്‍ അപകടകരമായ കുറവാണ് ഓരോ വര്‍ഷവും കാണിക്കുന്നത്.

ആനക്കൊമ്പു വേട്ടയും, ആവാസകേന്ദ്രങ്ങളുടെ നാശവും, മനുഷ്യന്റെ കടന്നുകയറ്റങ്ങളും ആനകളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. നമ്മുടെ നാട്ടില്‍ തന്നെ ട്രെയിന്‍ തട്ടി മരണമടയുന്ന കാട്ടാനകളുടെ വാര്‍ത്ത ഒരു തുടര്‍ക്കഥയാണ്. കാട്ടിലേക്ക് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭക്ഷണമാക്കി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലവും അനവധി കാട്ടാനകളാണ് മരണമുഖത്തേക്ക് നടന്നുനീങ്ങുന്നത്.

എന്നാല്‍ നാം അഭിമാനത്തോടെ കൊണ്ടുനടക്കുന്ന നാട്ടാനകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ആനക്കമ്പത്തിനു പുറകിലെ പൊള്ളിക്കുന്ന മുറിവുകള്‍ ഇപ്പോള്‍ നമ്മള്‍ കാണാറുണ്ട്. നാട്ടാനകളെ പീഡിപ്പിക്കുന്ന നിരവധി തെളിവുകള്‍ മലയാളിയുടെ ആനക്കമ്പത്തിന്റെ പൊള്ളയായ ഉള്ളുതുറന്നു കാട്ടുന്നവയാണ്. ഈ ആനദിനത്തില്‍ നമ്മുടെ ഗജവീരന്‍മാരെ സംരക്ഷിക്കുവാനും പരിപാലിക്കുവാനും തയ്യാറെടുക്കാം. അല്ലെങ്കില്‍ ആന എന്നത് വരുംതലമുറയ്ക്ക് ഒരു ചിത്രമോ നിരത്തിലൂടെ നീങ്ങുന്ന കെ.എസ്.ആര്‍.ടി.സി ബസോ മാത്രമായി മാറുന്ന കാലം വിദൂരമല്ല.

1 Comment

bindu jayan September 5, 2018 at 6:32 pm

ഭൂമിയിലെ മനുഷ്യരാൽ പീടിപ്പിക്കപ്പെടുന്ന
ഒരു വിഭാഗം അല്ലെ ഇവ ….

Leave a Comment

FOLLOW US