കാലത്തിന് മുമ്പേ നടന്ന ടാഗോർ

” ഞാനറിവീലാ ഭവാന്റെ മോഹന-
ഗാനാലാപനശൈലി !
നിഭൃതം ഞാനതു കേൾപ്പൂ സതതം
നിതാന്തവിസ്മയശാലി.
ഉദയദ്ഗാനപ്രകാശകലയാ-
ലുജ്ജ്വലശോഭം ഭുവനം
അലതല്ലീടുകയാണധി ഗഗനം
വായുവിലീസ്വരചലനം
അലിയിക്കുന്നൂ ശിലകളെയിസ്വര-
ഗംഗാസാഭസഗമനം
പാടണമെന്നുണ്ടീരാഗത്തിൽ,
പാടാൻ സ്വരമില്ലല്ലോ.
പറയണമെന്നുണ്ടെന്നാലതിനൊരു
പദം വരുന്നീലല്ലോ.
പ്രാണനുറക്കെക്കേണീടുന്നൂ
പ്രഭോ, പരാജിതനിലയിൽ;
നിബദ്ധനിഹഞാൻ നിൻഗാനത്തിൻ
നിരന്തമാകിയ വലയിൽ  …”

രബീന്ദ്ര നാഥാ ടാഗോറിൻറെ ഈ വരികൾ കൂട്ടുകാരിൽ ചിലരെങ്കിലും വായിച്ചിട്ടുണ്ടാവും .അദ്ദേഹത്തിൻ്റെ ഗീതാഞ്‌ജലി എന്ന കൃതിയിലേതാണ് ഈ വരികൾ. ജി. ശങ്കരക്കുറുപ്പാണ് ഈ വരികള്‍ ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്‌ . 1913 ൽ ഇന്ത്യയിലേക്ക് ആദ്യമായി നോബൽ സമ്മാനം എത്തിയത് ടാഗോറിലൂടെയാണ് .ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമനയുടെ രചയിതാവാണ്‌ അദ്ദേഹമെന്നു നമുക്കറിയാം.ബംഗ്ലാദേശിന്റെ ദേശീയഗാനമായ ‘അമോണ്‍ ഷോണാർ ബാംഗ്ല’ എഴുതിയതും ടാഗോർ തന്നെ .
കലാസാംസ്കാരികരംഗങ്ങളിൽ ആഴമേറിയ മുദ്ര പതിപ്പിച്ച  ബഹുമുഖ പ്രതിഭയാണ് രബീന്ദ്രനാഥ ടാഗോർ. ‘ഗുരുദേവ്‌’ എന്നും ആദരപൂർവ്വം അദ്ദേഹത്തെ സംബോധന ചെയ്തിരുന്നു . കവി, തത്ത്വ ചിന്തകൻ, ചിത്രകാരൻ, കഥാകൃത്ത്‌, നാടക കൃത്ത്, ഗാനരചയിതാവ്‌, നോവലിസ്റ്റ്, സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിലൊക്കെ പ്രതിഭ തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം .

രബി എന്ന വിളിപ്പേരുണ്ടായിരുന്ന ടാഗോർ കൊൽക്കത്തയിലെ കൊട്ടാര സദൃശ്യമായ ജോറസങ്കോ ഗൃഹത്തിൽ 1861 മെയ് 7നു ദേബേന്ദ്രനാഥ്‌ ടാഗോറിന്റെയും ശാരദാ ദേവിയുടെയും പതിനാലു മക്കളിൽ പതിമൂന്നാമനായാണ് പിറന്നത് . വീടിനടുത്തുള്ള പ്രാഥമിക വിദ്യാലയത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം തുടങ്ങിയത് .മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങൾ, രണ്ടായിരത്തി മുന്നൂറോളം ഗാനങ്ങൾ, അൻപത് നാടകങ്ങൾ, കലാഗ്രന്ഥങ്ങൾ, ലേഖന സമാഹാരങ്ങൾ തുടങ്ങിയവയാണ് ടാഗോറിന്റെ സാഹിത്യ സംഭാവനകൾ . നാടകനടനും ഗായകനും കൂടിയായിരുന്നു അദ്ദേഹം. അറുപത്തെട്ടാം വയസ്സിലാണ് അദ്ദേഹം ചിത്രരചന തുടങ്ങിയത്. വിനോദത്തിനു വേണ്ടി തുടങ്ങി ഏകദേശം മൂവായിരത്തോളം ചിത്രങ്ങൾ രചിച്ചു.

ബംഗാളിലെ മത,സാമൂഹിക,സാംസ്കാരിക രംഗങ്ങളിൽ പുരോഗമന പരിഷ്കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വളരെയേറെ സംഭാവനകൾ നൽകിയ കുടുംബമാണ് കൽക്കത്തയിലെ ടാഗോർ കുടുംബം. രബീന്ദ്രനാഥ ടാഗോർ, അബനീന്ദ്രനാഥ ടാഗോർ, ഗഗനേന്ദ്രനാഥ ടാഗോർ എന്നിങ്ങനെ ഭാരതത്തിന്റെ കലാസാഹിത്യ രംഗത്തും, മത-സാമൂഹിക പരിഷ്കരണ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേർ ടാഗോർ കുടുംബത്തിലുണ്ട്.

നീണ്ട കാലത്തെ രോഗാവസ്ഥയ്ക്കു ശേഷം ടാഗോര്‍ 1941 ഓഗസ്റ്റ് 7ന് തന്റെ ജന്മ ഗൃഹമായ ജൊറസങ്കോവില്‍ വച്ചാണ് മരിച്ചത് . ടാഗോറിന്റെ ഓരോ ചരമ വാർഷികവും ബംഗാളികൾക്ക് മാത്രമല്ല ഓരോ ഭാരതീയനും വേദനിപ്പിക്കുന്ന ഓർമയാണ്

 

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content