സമാനതകളില്ലാത്ത ക്രൂരതയുടെ ഓർമ്മക്ക് 73 വയസ്സ്
നരകത്തിലേക്കൊരെത്തി നോട്ടം.
1945 ഓഗസ്റ്റ് 6-ന്റെ പ്രഭാതം. സമയം എട്ട് മണി 15 മിനിറ്റ്. ആകാശത്തുനിന്നും ഒരു കറുത്ത വസ്തു താഴേക്ക് വരുന്നത് ഹിരോഷിമക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. അമേരിക്കയുടെ ‘എനോളഗേയ്’ എന്ന ബോംബര്‍ വിമാനം വഹിച്ചുകൊണ്ടുവന്ന അഞ്ച് ടണ്‍ ഭാരമുളള ‘ലിറ്റില്‍ ബോയ്’ എന്ന് ഓമനപ്പേരിട്ട അണുബോംബ് ഹിരോഷിമയ്ക്ക് മുകളില്‍ പതിക്കുന്ന കാഴ്ചയായിരുന്നത്. 1870 അടി ഉയരത്തില്‍ വച്ച് ഉഗ്രന്‍ ശബ്ദത്തോടെ ബോംബ് പൊട്ടിത്തെറിച്ചു. ഒരു കൂണിന്റെ ആകൃതിയില്‍ പുകപടലം 40,000 അടി ഉയരെ വരെ നിറഞ്ഞുനിന്നു. സൂര്യതാപത്തെക്കാള്‍ എത്രയോ മടങ്ങ് ചൂട് പ്രവഹിപ്പിക്കുവാന്‍ ശേഷിയുള്ളതായിരുന്നു ‘ലിറ്റില്‍ ബോയ്’. ബോംബുമായി വന്ന വിമാനത്തിന്റെ പൈലറ്റ് ബ്രിഗേഡിയര്‍ ജനറല്‍ പോള്‍ വാര്‍ഫീല്‍ഡ് തിബെറ്റ്‌സ് ജൂനിയര്‍ തന്റെ ദൗത്യനിര്‍വഹണത്തിന് ശേഷം താഴേക്ക് നോക്കി പറഞ്ഞത് ‘a peep in to hell’ എന്നായിരുന്നു.
ആറ്റംബോംബ് കണ്ടുപിടിച്ചവരില്‍ പ്രധാനിയും ആറ്റമിക് ബോംബിന്റെ പിതാവെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന അമേരിക്കന്‍ ഭൗതിക ശാസ്ത്രജ്ഞനായ ഡോ. ജൂലിയസ് റോബര്‍ട്ട് ഓപ്പണ്‍ ഹൈമെര്‍ ശ്രീമദ്ഭഗവത്ഗീതയെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞ വാക്കുകള്‍ കൂടി ശ്രദ്ധിക്കേണ്ടതാണ്- ‘Now I am become Death, the destroyer of worlds’ രണ്ട് മുതല്‍ നാല് മാസക്കാലംകൊണ്ട് മരണസംഖ്യ ഹിരോഷിമയില്‍ മാത്രം ഏകദേശം 90,000 മുതല്‍ 1,46,000 വരെയായിത്തീര്‍ന്നു.
നാഗസാക്കി
ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ചിട്ടും തൃപ്തി വരാത്ത സാമ്രാജ്യത്വവാദികള്‍ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ആഗസ്റ്റ് 9ന് നാഗസാക്കിയിലും ”ഫാറ്റ് മാന്‍” എന്ന അണുബോംബ് വര്‍ഷിച്ചു. അവിടത്തെ മരണസംഖ്യ ഏകദേശം 39,000-80,000 നും ഇടയ്ക്കായിരുന്നു. ജീവിച്ചിരുന്ന രക്തസാക്ഷികളുടെ എണ്ണം അതിലുമെത്രയോ ഭീകരമായിരുന്നു എന്ന് ഊഹിക്കാവുന്നതെയുള്ളു.
നരഹത്യയുടെ കാരണങ്ങള്‍
രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്ക, ബ്രിട്ടന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഒരുപക്ഷത്തും ജര്‍മനി, ഇറ്റലി, ജപ്പാന്‍ തുടങ്ങിയവ മറുപക്ഷത്തുമായിട്ടായിരുന്നു യുദ്ധം. യുദ്ധത്തിന് ചില നിയമങ്ങളും നിയന്ത്രണങ്ങളും മുന്‍കാലങ്ങളിലുണ്ടായിരുന്നു. അതെല്ലാം കാറ്റില്‍പറത്തി ഏതുനേരവും എവിടെവച്ചും എങ്ങനെയും ശത്രുവിനെ ഇല്ലാതാക്കുക എന്നതായിരുന്നു യുദ്ധതന്ത്രം. മനുഷ്യവംശത്തെ മുഴുവന്‍ നശിപ്പിക്കുവാന്‍ ശേഷിയുള്ള ബോംബ് നിര്‍മിക്കുന്നതിന് മുമ്പായുള്ള പരീക്ഷണമായിരുന്നു ഹിരോഷിമയിലും നാഗസാക്കിയിലും അരങ്ങേറിയത്. എന്തായാലും അതൊരു പരീക്ഷണമായിരുന്നു എന്നതില്‍ തര്‍ക്കമില്ല.
പകതീര്‍ക്കുന്നു
1930 ല്‍ ജപ്പാന്‍ ഏഷ്യയിലെ ഏറ്റവും വലിയ സൈനിക ശക്തിയായി മാറിയിരുന്നു. 1936ല്‍ ജര്‍മന്‍ സ്വേഛാധിപതി ഹിറ്റ്‌ലറുമായി ജപ്പാന്‍ ഒരു കരാറുണ്ടാക്കുകയും രണ്ടാം ലോകമഹായുദ്ധ സമയത്ത് ജര്‍മനിയുടെ പക്ഷം ചേരുകയും ചെയ്തു. തത്ഫലമായി പേള്‍ഹാര്‍ബറില്‍ വച്ച് അമേരിക്കക്ക് ജപ്പാന് മുന്നില്‍ അടിയറവ് പറയേണ്ട സ്ഥിതി വന്നു. ഇതിന്റെ പ്രതികാരം തീര്‍ക്കണമെന്നും ജപ്പാനെ എങ്ങനെയും നശിപ്പിക്കണമെന്നും അമേരിക്ക അന്നേ കണക്കുകൂട്ടിയിട്ടുണ്ടാകാം. ഇത് മനസിലാക്കിയ അന്നത്തെ ജപ്പാന്‍ ചക്രവര്‍ത്തി അമേരിക്കക്ക് മുന്നില്‍ കീഴടങ്ങാന്‍ തയാറാണെന്നറിയിച്ചെങ്കിലും അവര്‍ തന്ത്രപൂര്‍വം ചക്രവര്‍ത്തിയുടെ തീരുമാനത്തെ മറച്ചുവയ്ക്കുകയാണുണ്ടായത്. അവരുടെ ലക്ഷ്യം സമാധാനമായിരുന്നില്ല, പൈശാചികമായ പ്രതികാരമായിരുന്നു. തങ്ങള്‍ വികസിപ്പിച്ചെടുത്ത ആറ്റംബോംബ് തന്ത്രപൂര്‍വം പരീക്ഷിച്ചുനോക്കുക എന്ന ലക്ഷ്യം അവര്‍ സാക്ഷാത്കരിക്കുകയും ചെയ്തു.
സമാധാന നഗരം
വിശാലദ്വീപ് എന്നര്‍ഥം വരുന്ന ഹിരോഷിമ ഇന്നറിയുന്നത് ‘സമാധാനത്തിന്റെ നഗരം’ എന്നാണ്. അണുബോംബ് ദുരന്തത്തിനിരയായി ജീവിച്ച രക്തസാക്ഷി സഡാക്കോ സുസുക്കി എന്ന കൊച്ചു പെണ്‍കുട്ടിയുടെ പ്രതിമ ഒരു നൊമ്പരപ്പെടുത്തുന്ന ഓര്‍മയായവിടെ കാണാന്‍ കഴിയും. ഓരോ ഓഗസ്റ്റ് മാസവും എല്ലാവരുടെയും മനസില്‍ ഓടിയെത്തുന്ന ദുരന്തദിനത്തിന്റെ ഓര്‍മപ്പെടുത്തലാണ് ഓഗസ്റ്റ് ആറും ഒമ്പതും. ഈ ദിനത്തെ യുദ്ധവിരുദ്ധ ദിനമെന്നും അറിയപ്പെടുന്നു. ഇനിയുമൊരു യുദ്ധം ഭൂമുഖത്തുണ്ടാകാന്‍ പാടില്ല എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണീ ദിനാചരണം കൊണ്ടുദ്ദേശിക്കുന്നത്.
അന്ന് ഹിരോഷിമയിലെ ജനസംഖ്യ നാല് ലക്ഷമായിരുന്നു. ഇപ്പോള്‍ 12 ലക്ഷത്തോളം ജനങ്ങളാണവിടെ അധിവസിക്കുന്നത്. ഇടക്കിടെയുണ്ടാവുന്ന പ്രകൃതിദുരന്തങ്ങളെ അതിജീവിച്ച് അനുദിനം വികസനത്തിലേക്കും ഉന്നതിയിലേക്കും കുതിച്ചുകൊണ്ടിരിക്കുന്ന ഒരു ജനതയെയാണ് നമുക്ക് ഇന്ന് ജപ്പാനില്‍ കാണാന്‍ കഴിയുന്നത്.