കൂട്

 

 

 

 

 

മിലിയും കാവലന്‍ ഉറുമ്പും ചിന്നു കാക്കയും മീട്ടു താറാവും പാടത്ത് കളിക്കുകയായിരുന്നു.

 

 

 

 

 

 

 

പാടത്തിന്‍റെ കരയില്‍ നിരനിരയായി തെങ്ങുകള്‍ ..തെങ്ങോലകളില്‍ തൂങ്ങിയാടുന്ന കൂടുകള്‍!!.മിലി സൂക്ഷിച്ചു നോക്കി .കുഞ്ഞിക്കുരുവികള്‍ ചാട്ടുളി പോലെ ഉള്ളിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നു. മിലി

പറന്ന് അടുത്തുള്ള പൂപ്പരത്തിയുടെ കൊമ്പില്‍ പോയിരുന്നു. എത്ര മനോഹരമായ കൂടുകള്‍.. മിലി താനും അമ്മയും താമസിക്കുന്ന മരപ്പൊത്ത് ഓര്‍ത്തു.

 

 

 

 

മിലിയുടെ അമ്മ മിനി അപ്പോള്‍ അങ്ങോട്ട് പറന്നു വന്നു. അമ്മേ എനിക്കും വേണം ഇത്തരം വീട്. മിലി ചിണുങ്ങി. മിലീ ,ഓരോ ജീവിക്കുമുണ്ട് അവരവരുടേതായ കൂടുകള്‍ , മിനി പറഞ്ഞു. കാവലന്‍റെ കൂട് നീ കണ്ടിട്ടില്ലേ.. അതു പോലെയാണോ ചിന്നുവിന്‍റെ കൂട്. മീട്ടുവിന് ഏതെങ്കിലും മരത്തിന്‍റെ ചുവടാണ് വീട്. ഈ തൂക്കണാം കുരുവികളാണ് കൂടുണ്

ടാക്കുന്നതില്‍ വിരുതര്‍. തല കീഴായിട്ടാണ് അവര്‍ കൂടുണ്ടാക്കുന്നത്. ആണ്‍കുരുവി പകുതി കൂട് ഉണ്ടാക്കി കഴിയുമ്പോള്‍ പെണ്‍ കുരുവി വന്നിരുന്ന് കൂടിന്‍റെ ബലവും ഉറപ്പും പരിശോധിക്കും. ഇഷ്ടപ്പെട്ടാല്‍ അവളും കൂടി ചേര്‍ന്ന് കൂട് പൂര്‍ത്തിയാക്കും. പിന്നെ അവള്‍ മുട്ടകളിടും.

 

 

 

അയ്യോ.. തല കീഴായി കിടന്നാടുന്ന ഈ കൂട്ടിനുള്ളില്‍ എങ്ങനെയാണ് മുട്ടകളിരിക്കുക? മിലിക്ക് സംശയം. ഓ ,അതോ.. അത് ഈ കുരുവികള്‍ പശ പോലുള്ള ഉമിനീരു കൊണ്ട് മുട്ടകള്‍ ഭദ്രമായി കൂട്ടില്‍ ഒട്ടിച്ചു വെയ്ക്കും. മിനി പറഞ്ഞു. മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ ഉണ്ടായി കഴിഞ്ഞാല്‍ തള്ളപ്പക്ഷിയും തന്തപ്പക്ഷിയും ചെറിയ ചെറിയ പുഴുക്കളെയും ഈച്ചകളെയും പിടിച്ച് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കും.

ഈ കുരുവികള്‍ മിന്നാമിനുങ്ങുകളെ പിടിച്ചു കൂട്ടില്‍ ഒട്ടിച്ചു വെയ്ക്കുമെന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്ന് ചിന്നു പറഞ്ഞു. അത് കുഞ്ഞുങ്ങള്‍ക്ക് രാത്രി വെട്ടം കാണാനായിരിക്കുമെന്ന്, എല്ലാം കേട്ടു കൊണ്ടിരുന്ന കാവലന്‍ ഒരു തമാശ പൊട്ടിച്ചു. കേട്ടിരുന്നവര്‍ കുടുകുടെ ചിരിച്ചു.

 

എഴുത്ത്: സുസു

വര: അമ്മു

 

1 Comment

Bindu July 19, 2018 at 6:54 pm

കുട്ടികൾക്കേറെ ഇഷ്ടപെടും

Leave a Comment

FOLLOW US