വെല്ലൂർ ലഹളയുടെ ഓർമ്മയുമായി ജൂലായ് 10

വെല്ലൂർ ശിപായി ലഹളയുടെ ഓർമയ്ക്കായി ഹസ്രത് മക്കാൻ ജങ്ഷനിൽ സ്ഥാപിച്ചിട്ടുള്ള തൂൺ

ശിപായി ലഹളയെന്ന പേരിലറിയപ്പെടുന്ന 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ  കുറിച്ച് നാം ഏറെ കേട്ടിട്ടുണ്ട്.ചിലർ പാഠപുസ്തകങ്ങളിൽ പഠിച്ചിട്ടുമുണ്ടാകും . ഒരു കലാപമായി ബ്രിട്ടീഷ് ഭരണകൂടം വിലയിരുത്തിയ, മീററ്റ് കേന്ദ്രമാക്കി പൊട്ടിപ്പുറപ്പെട്ട ഈ സമരപ്രഖ്യാപനം ഇന്ത്യൻ ജനതയെ ഒരുമി പ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.വെല്ലൂർ ലഹളയെ കുറിച്ച് എത്ര പേര് കേട്ടിട്ടുണ്ടാകും?1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനും  അൻപതു വർഷങ്ങൾക്ക് മുൻപ് 1806 ജൂലായ് 10-ന് നടന്ന ഈ കലാപം ഇന്ത്യാ ചരിത്രത്തിലെ സുപ്രധാന അധ്യായമാണ്. ‘വെല്ലൂർ ലഹള’ എന്ന പേരിൽ രേഖപ്പെടുത്തപ്പെട്ട ആ സംഭവം. ബ്രിട്ടീഷുകാർക്കെതിരേയുള്ള പോരാട്ടങ്ങളുടെ തുടക്കമായാണ്  ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 
 
വെല്ലൂർ ലഹള ബ്രിട്ടീഷ് മേൽക്കോയ്മക്കെ തിരേയുള്ള ശക്തമായ പ്രതികരണമായിരുന്നു. 1805-ലെ അവസാന മാസങ്ങളിളിൽ  ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മുന്നോട്ടു വെച്ച ചില നിർദേശങ്ങളാണ് കലാപത്തിലേക്കു വഴിവെച്ചത്. ബ്രിട്ടീഷ് പട്ടാളത്തിൽ  അംഗങ്ങളായ ഇന്ത്യക്കാർ ആചാരപരമായ മതചിഹ്നങ്ങൾ നെറ്റിയിൽ രേഖപ്പെടുത്താനോ താടി വളർത്താനോ പാടില്ലെന്ന നിർദേശമുണ്ടായി. തലപ്പാവുകൾ ഒഴിവാക്കാനും സൈനികമായ ചിട്ടകൾ ശക്തമായി പാലിക്കാനും ബ്രിട്ടീഷ് മേലുദ്യോഗസ്ഥർ ശ്രമമാരംഭിച്ചതോടെ നിർബന്ധിത മതപരിവർത്തനത്തിനുള്ള ഹീനശ്രമമായി ഇന്ത്യൻ പട്ടാക്കാർ അതിനെ കണ്ടു.
 
അതിസങ്കീർണമായ ഇത്തരം വിഷയങ്ങൾ സൈനിക ബോർഡിൻറ മേൽനോട്ടത്തിലാണ് നടപ്പിലാക്കേണ്ടത് എന്ന നിർദേശമിരിക്കെ മദ്രാസ് പട്ടാളത്തിൻറെ കമാൻഡൻ ഇൻ ചീഫായ ജോൺ ക്രഡോക്കാണ് ഈ നിർദേശങ്ങൾ നടപ്പിലാക്കാൻ ഇറങ്ങിത്തിരിച്ചത്. നിർദേശങ്ങൾ അവഗണിച്ച് ചില ഇന്ത്യൻ സൈനികർ തങ്ങളുടെ വസ്ത്രധാരണവും ചിട്ടകളും തുടർന്നപ്പോൾ ഉരുണ്ടുകൂടിയ പ്രതിഷേധങ്ങൾ ശക്തമായി. 1806 മേയിൽ നിയമം തെറ്റിച്ച ഇന്ത്യൻ പട്ടാളക്കാർക്ക് ചാട്ടവാറടി ശിക്ഷ നൽകുകയും ബലം പ്രയോഗിച്ച് മാപ്പപേക്ഷ രേഖപ്പെടുത്തുകയും ചെയ്തു. ചിലരെ ഉദ്യോഗത്തിൽ നിന്ന് പിരിച്ചുവിട്ടു.
 
1799-ൽ വെല്ലൂർ കോട്ടയിൽ തടവിലാക്കപ്പെട്ട മൈസൂർ രാജാവ് ടിപ്പുസുൽത്താന്റെ   ഭാര്യയെയും മക്കളെയും ഈ പ്രക്ഷോഭത്തിൻറെ  നേതൃത്വത്തിലേക്കു കൊണ്ടു വരാമെന്നായിരുന്നു കലാപകാരികളുടെ ചിന്ത. 1806 ജൂലായ് 10ന് അർധരാത്രിയിൽ നാലുകമ്പനി ബ്രിട്ടീഷ് പട്ടാളക്കാരും മൂന്നു കമ്പനി ഇന്ത്യൻ പട്ടാളക്കാരും ഉൾപ്പെടുന്ന 69-ാം റെജിമെൻറിലെ ഇന്ത്യൻ പട്ടാളക്കാർ വെല്ലൂർ കോട്ടയിലെ തങ്ങളുടെ മേധാവികളെ ആക്രമിച്ചു. കോട്ടയുടെ മേധാവിയായ കേണൽ ജോൺ ഫാൻസ്പോർട്ട് ഉൾപ്പെടെ പതിനഞ്ചോളം ഉദ്യോഗസ്ഥരെയും നൂറ്റിയിരുപതോളം പട്ടാളക്കാരെയും കൊലപ്പെടുത്തി. ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ട മേജർ കൂപ്സ് എന്ന സൈനികോദ്യോഗസ്ഥൻ ആർക്കോട്ടിലുള്ള ബ്രിട്ടീഷ് ക്യാമ്പിലെ ഉന്നതോദ്യോഗസ്ഥൻ റോജർ ഗില്ലസ്പിയെ വിവരമറിയിച്ചു. ശക്തമായ സൈനികസന്നാഹവുമായി വെല്ലൂരിലെത്തിയ ഗില്ലസ്‌പി കണ്ടത് കോട്ടയുടെ മുകളിൽ പറക്കുന്ന മൈസൂർ രാജവംശത്തിന്റെ പതാകയാണ്.
 
കോട്ടയ്ക്കകത്തു നിന്ന് പുറത്തെക്കെറിഞ്ഞ കയറിൽപ്പിടിച്ച് ഉള്ളിൽക്കടന്ന ഗില്ലസ്‌പി ബാക്കിയുണ്ടായിരുന്ന ബ്രിട്ടിഷ് സേനയുടെ നേതൃത്വമേറ്റെടുത്തു. കൂടാതെ 19-ാം കലാൾപ്പടയിലെ തന്റെ സൈനികരെയും അണിചേർത്ത് കലാപകാരികൾക്കെതിരെ ആഞ്ഞടിച്ചു. എണ്ണൂറിലധികം പട്ടാളക്കാർ മരണമടയുകയും അറുനൂറിലധികം പേർ തടവിലാക്കപ്പെടുകയും ചെയ്തു. ടിപ്പുസുൽത്താൻറ മകനെയും കുടുംബാംഗങ്ങളെയും കൽക്കട്ടയിലേക്കുമാറ്റി. ബ്രിട്ടീഷ് സൈനിക മേധാവി ജോൺ ക്രഡോക്കിനെയും മദ്രാസ് ഗവർണർ വില്യം ബെൻറിക്കിനെയും ബ്രിട്ടൻ പിൻവലിച്ചു. കലാപകാരികളിലെ പ്രധാനികളെ പീരങ്കിയുടെ മുന്നിൽ നിർത്തി കൊലപ്പെടുത്തി .
 
1857-ലെ കലാപം തെക്കേയിന്ത്യയിലേക്ക് പടരാതിരിക്കാൻ കാരണമായത് ഇത്തരം ക്രൂരമായ ശിക്ഷാവിധികളാണ്. 1857-ലെ കലാപം പോലെ മതപരമായ ചില കാരണങ്ങൾ ഈ കലാപത്തിന് വിത്തുപാകിയെന്നത് വസ്തുതയാണ്, ശിപായിലഹളയ്ക്ക് അരനൂറ്റാണ്ട് മുൻപുണ്ടായ വെല്ലൂർ ലഹളയെ ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ചെറുതെങ്കിലും ധീരമായ മുന്നേറ്റമായി കരുതാവുന്നതാണ് 
                                                                                                                    

                                                                                                                         ലേഖകൻ – ആർ. ബിജുമോഹൻ

 

0 Comments

Leave a Comment

FOLLOW US