ഞാൻ ഒരു  മെഡിക്കൽ വിദ്യാർത്ഥിയാണ്. ഒരിക്കൽ  മെഡിക്കോസ് കലാമേളക്കായി കോഴിക്കോടെത്തിയപ്പോഴാണ് ബേപ്പൂർ സുൽത്താനോട് കോഴിക്കോടിനുള്ള പ്രണയം മനസ്സിലാവുന്നത്. ബേപ്പൂർ സുൽത്താന്റെ നാട്ടിലേക്കു സ്വാഗതം എന്നെഴുതിയ കമാനങ്ങൾ, എന്റെ നീല നിലാ വെളിച്ചമേ എന്ന് അഭിസംബോധനയോടെ ചുവരുകൾ, ബോർഡുകൾ. കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ഞങ്ങളെ എതിരേറ്റതിലാകെ ബഷീർ മയം, അവിടുത്തെ മണ്ണിനും കാറ്റിനും വരെ ബഷീറിനോട് മുഹബത്ത്. എങ്ങനെ തോന്നാതിരിക്കും?
 
“ആ പൂവ് നീ എന്തു ചെയ്തു?
ഏത് പൂവ്?
രക്ത നക്ഷത്രം പോലെ കടും ചുവപ്പായ ആ പൂവ്?
ഓ അതോ?
അതെ, അതെന്തു ചെയ്തു?
തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്?
ചവിട്ടി അരച്ചു കളഞ്ഞോ എന്നറിയുവാന്‍?
കളഞ്ഞെങ്കിലെന്ത്?
ഓ, ഒന്നുമില്ല, എന്റെ ഹൃദയമായിരുന്നു അത്….”
(പ്രേമലേഖനം) 
ആദ്യമായി വായിച്ച ബഷീറിന്റെ പുസ്തകം പ്രേമലേഖനമായിരുന്നു. പ്രേമലേഖനം എഴുതുന്നത് എങ്ങനെ എന്ന് ഞാൻ പഠിച്ചതും ഈ പുസ്തകം വായിച്ചിട്ടാണ്. അപൂർവ്വമായിട്ടാണെങ്കിലും ഞാൻ എഴുതിയ പ്രേമലേഖനങ്ങൾക്കു പ്രചോദനമായ എന്റെ സുൽത്താന്റെ നാട്ടിലേക്കാണല്ലോ ഞാൻ വന്നത് എന്നാലോചിച്ച് ഹൃദയം സന്തോഷം കൊണ്ട് തുള്ളിച്ചാടി. സുൽത്താന്റെ വീടും ആ വിശ്വ പ്രസിദ്ധമായ മാങ്കോസ്റ്റിൻ മരവും കാണണമെന്ന് അതിയായ മോഹമുണ്ടായിരുന്നു. പക്ഷെ കലാമേളയുടെ തിരക്ക് കാരണം അവിടുന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല.
ലളിതമായ വാക്കുകളില്‍ വേദനയുടെ നര്‍മ്മം ഒളിപ്പിച്ചുവെച്ച് വിസ്മയം വിരിയിച്ച സാഹിത്യ ലോകത്തെ ഇമ്മിണി ബല്യ സുൽത്താന്റെ ഓര്‍മ്മകളുമായി വീണ്ടും ഒരു ജൂലായ് 5. മലബാറിന്റെ ലോകത്തെ കേരളത്തിന് ചിരപരിചിതമാക്കിയ ബഷീര്‍. മലയാള സാഹിത്യത്തിലെ എക്കാലത്തെയും സുന്ദരമായ പ്രണയലേഖനമായ ‘ഒരു പ്രേമലേഖനം’ 1943ലാണ് പ്രസിദ്ധീകരിച്ചതെന്നു പിന്നീടുള്ള വായനയിൽ അറിഞ്ഞു. വിദ്യാഭ്യാസത്തിന് ശേഷം വിപ്ലവകരമായ വഴിയിലൂടെയായിരുന്നു ബഷീറിന്റെ യാത്ര. 1930ല്‍ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയിലിലായ ബഷീര്‍ പിന്നീട് ഭഗത് സിംഗ് മാതൃകയില്‍ തീവ്രവാദ സംഘമുണ്ടാക്കുകയും പ്രസ്തുത സംഘത്തിന്റെ മുഖപത്രമായ ഉജ്ജീവനത്തില്‍ ലേഖനങ്ങള്‍ ‘പ്രഭ’ എന്ന തൂലികാനാമത്തില്‍ എഴുതുകയുമുണ്ടായി എന്ന്‌ വായിച്ചിട്ടുണ്ട്.
ആഫ്രിക്കയിലും അറേബ്യയിലും ഉത്തരേന്ത്യൻ നാടുകളിലുമൊക്കെ ചുറ്റിസഞ്ചരിച്ചെത്തിയ ബഷീർ പാചകക്കാരനായും ജാല വിദ്യക്കാരന്റെ സഹായി ആയും ഒക്കെ ജോലി ചെയ്തിരുന്നു എന്ന് ഓർക്കുമ്പോൾ ബഷീർ സാഹിത്യവുമായി പരിചയമില്ലാത്തവർക്കും ആ കഥാപാത്രങ്ങൾ സുപരിചിതമായതു എങ്ങനെ എന്നത് നമുക്ക് മനസ്സിലാവും. അദ്ദേഹത്തിന്റെ ബാല്യകാലസഖിയും പാത്തുമ്മയുടെ ആടും, ന്റെ ഉപ്പാപ്പക്കൊരു ആനയുണ്ടായിരുന്നു എന്ന കൃതിയും ഒക്കെ അങ്ങേയറ്റം ഹൃദയഹാരിയായ വായനാ അനുഭവമായിരുന്നു. ബാല്യകാലസഖി വായിച്ച ഒരു മലയാളിയും ഒരു തുള്ളി കണ്ണീർ വീഴ്ത്തിയല്ലാതെ അതിന്റെ  അവസാനതാളുകൾ മറിച്ചിട്ടുണ്ടാവില്ല. അക്ഷരങ്ങൾ കൊണ്ട് മഴവില്ലു തീർത്ത മലയാളത്തിന്റെ സുൽത്താനോട് ഞാൻ കടപ്പെട്ടിരിക്കുന്നു, പ്രണയത്തിലും ജീവിതത്തിലും പൊരുതി ജയിക്കാൻ പോരുന്ന ഊർജം നൽകുന്ന വായനാനുഭവങ്ങൾ നൽകിയതിന് …. 

ലേഖകൻ – ജോബിൻപോൾ (മെഡിക്കൽ വിദ്യാർത്ഥി)

1 Comment

Sneha August 11, 2018 at 11:08 am

Nice♥♥

Leave a Comment

FOLLOW US