തിരുവനന്തപുരം നഗരത്തെക്കുറിച്ച് എന്തൊക്കെ അറിയാം.
എന്തൊക്കെയോ അറിയാമെന്നു പറഞ്ഞ് അറിയുന്നതൊക്കെ പറയാന്‍ വരട്ടെ.
ആ പേരിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?

പത്മനാഭസ്വാമി ക്ഷേത്രം

തിരു+അനന്തപുരമാണ് തിരുവനന്തപുരം. എന്നാല്‍ ഇംഗ്ലീഷില്‍ ഇത്രയും കാലം നമ്മള്‍ എഴുതിയിരുന്നത് ട്രിവാന്‍ഡ്രം എന്നാണ്. ഹിന്ദിയിലാണെങ്കിലോ ത്രിവേന്ദ്രം. നാട്ടുമൊഴികളില്‍ തിരുവന്തപുരം അല്ലെങ്കില്‍ തിരുവോന്തരം. മാധ്യമങ്ങള്‍ ഈ സ്ഥലത്തെ വിശേഷിപ്പിക്കുന്നത് അനന്തപുരിയെന്നാണ്. ചില ഇംഗ്ലീഷ് പത്രങ്ങള്‍ക്ക് സ്ഥലപരിമിതിമൂലം തിരുവനന്തപുരം ടി പുരമാണ്. മതിലകം രേഖകളിലും രാജകീയ നീട്ടുകളിലും തിരുവാന്തപുരം എന്നും. സംസ്‌കൃതത്തിലാകട്ടെ സ്യാനന്ദൂരപുരം എന്ന്. ഒരു പേരില്‍ത്തന്നെ ഇത്ര പെരുമയുള്ള ഒരു സ്ഥലത്തിന് അതും കേരളമെന്ന നമ്മുടെ സംസ്ഥാനത്തിന്റെ തലസ്ഥാനത്തിന്, ഭരണസിരാകേന്ദ്രത്തിന് എത്രയെത്ര വിശേഷങ്ങളുണ്ട് പറയാന്‍.

മ്യൂസിയം

1729 ല്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ ഭരണാധികാരിയായപ്പോഴാണ് 1745 ല്‍ തിരുവനന്തപുരത്തെ തിരുവിതാംകൂറിന്റെ തലസ്ഥാനമാക്കുന്നത്. രാജഭരണകാലത്തും അതിനുശേഷവും കേരളത്തിന്റെ ഏറ്റവും വലിയ തലസ്ഥാനനഗരിയായ തിരുവനന്തപുരം കൈവരിച്ച വളര്‍ച്ച അദ്ഭുതാവഹമാണ്.

വാസ്തവത്തില്‍ തിരുവന്തപുരം നഗരവാസികള്‍ തന്നെ ഈ നഗരത്തിന്റെ ചരിത്രത്തെക്കുറിച്ചോ പാരമ്പര്യത്തെക്കുറിച്ചോ അജ്ഞരാണ്. എന്നാല്‍പ്പിന്നെ വന്നുപോയവരുടെ കാര്യം പറയാനുണ്ടോ? എന്തൊക്കെ കാഴ്ചകളും വിസ്മയങ്ങളുമാണ് ഇവിടെയുള്ളത്. ചരിത്രസ്മാരകങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, വ്യവസായശാലകള്‍, മഹാക്ഷേത്രങ്ങള്‍, ഗ്രന്ഥശാലകള്‍, സര്‍ക്കാരാഫീസുകള്‍, എഴുത്തുകാരുടെയും സാംസ്‌കാരികനായകന്മാരുടെയും പ്രതിമകള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍, സാംസ്‌കാരികസ്ഥാപനങ്ങള്‍ എന്നുവേണ്ട ഒരു മഹാനഗരത്തിനുവേണ്ട എല്ലാമുണ്ട് ഈ ജില്ലാ തലസ്ഥാനത്തില്‍.

യൂണിവേഴ്‌സിറ്റി കോളേജ്

1834 ല്‍ ആദ്യ ഇംഗ്ലീഷ് വിദ്യാലയം ആരംഭിച്ചുകൊണ്ട് അന്നത്തെ തിരുവനന്തപുരത്തിന് ആധുനികമുഖം നല്‍കിയ സ്വാതിതിരുനാള്‍ എന്തൊക്കെ നവീകരണങ്ങളാണ് ഈ നഗരത്തില്‍ കൊണ്ടുവന്നതെന്നറിയാമോ? മൃഗശാല, നക്ഷത്രബംഗ്ലാവ്, ആദ്യ സര്‍ക്കാരംഗീകൃത അച്ചടിശാല, കോടതി…. നോക്കൂ വിദ്യാലയംകൊണ്ടുവന്ന സ്വാതിതിരുനാള്‍ തന്നെ അച്ചടിശാലകൊണ്ടുവന്ന് വായനയെയും എഴുത്തിനെയും പ്രോത്സാഹിപ്പിച്ചു. മഹാവാഗേയകാരനായ സ്വാതിതിരുനാളിന്റെ പേരില്‍ ഒരു സംഗീതകോളജ് സ്ഥാപിച്ചുകൊണ്ടാണ് നാം അതിന് കടംവീട്ടിയത്.

തിരുവനന്തപുരത്തെപ്പോലെ വാസ്തുശില്പ വ്യത്യസ്തതയുള്ള ഒരു നഗരി നമുക്കു സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല. സെക്രട്ടറിയേറ്റിന്റെ ഇറ്റാലിയന്‍ വാസ്തുശില്‍പരീതിയും സെയ്ന്റ് ജോസഫ്‌സ് പള്ളിയുടെ ഗോഥിക് വാസ്തുശില്‍പ്പരീതിയും കവടിയാര്‍ കൊട്ടാരത്തിന്റെ ദക്ഷിണേഷ്യന്‍ പഗോടശൈലിയും ശ്രീപദ്മനാഭക്ഷേത്രത്തിന്റെ പാണ്ഡ്യവാസ്തുശൈലിയും നഗരത്തിലെ ആധുനിക ടെറസ് കെട്ടിടങ്ങളുടെ ലെ കോര്‍ബൂസിയന്‍ ശൈലിയും എന്തിന് പാവങ്ങളുടെ പെരുന്തച്ചനായി അറിയപ്പെടുന്ന ലാറി ബേക്കറുടെ വാസ്തുശൈലിയും തിരുവനന്തപുരത്തു കാണാം.

കോവളം

ഒരുവശത്ത് അഗസ്ത്യമല ഒരിടത്ത് കന്യാകുമാരി… ആഴിക്കും മലയ്ക്കുമിടയില്‍ കണ്ണോട്ടമേറ്റു കിടക്കുന്ന ഈ മനോഹരമായ ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രം തന്നെ എത്രവ്യത്യസ്തമാണ്. തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്ന് ഇവിടേക്ക് എത്തുമ്പോഴറിയാം എത്ര കയറ്റിറക്കങ്ങള്‍. എത്ര വളവുകള്‍. എത്ര നിരപ്പുകള്‍. എത്ര ചതുപ്പുകള്‍. എത്ര വയലുകള്‍. എത്ര നദികള്‍. എത്ര കുളങ്ങള്‍. കായലുകള്‍ കടലതിരിടുന്ന തിരുവനന്തപുരം സഞ്ചാരികളെ ആകര്‍ഷിക്കുന്നത് ശംഖുമുഖം, കോവളം, വര്‍ക്കല ബീച്ചുകളുടെ സൗന്ദര്യസമൃദ്ധിയാലാണ്. ഇതുകൂടാതെ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തിരുവനന്തപുരം ഒരുപാട് വിസ്മയങ്ങള്‍ ഒരുക്കിവച്ചിട്ടുണ്ട്. പ്രിയദര്‍ശിനി പ്ലാനിട്ടേറിയം, ശാസ്ത്രസാങ്കേതികമ്യൂസിയം, കുതിരമാളിക, ശ്രീചിത്ര ആര്‍ട് ഗ്യാലറി, മഹാനിധിശേഖരം കണ്ടെത്തിയ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം. മീന്‍മുട്ടി വെള്ളച്ചാട്ടം, കല്ലാര്‍, വേളിയില്‍ ടൂറിസ്റ്റ്ഗ്രാമം, നെടുമങ്ങാട് കോയിക്കല്‍കൊട്ടാരം.

ടെക്‌നോപാർക്

എത്രയെത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് തിരുവനന്തപുരം നഗരിയില്‍ പ്രൗഢി വിളമ്പിനില്‍ക്കുന്നത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്, മെഡിക്കല്‍കോളജ്, ആയൂര്‍വേദ കോളജ്, ഹോമിയോ കോളജ്, ഫൈന്‍ ആര്‍ട്‌സ് കോളജ്, എഞ്ചിനീയറിങ് കോളജ്, വിമെന്‍സ് കോളജ്, സംസ്‌കൃത കോളജ്. അന്താരാഷ്ട്ര വിമാനത്താവളവും സെന്‍ട്രല്‍ റയില്‍വേസ്റ്റേഷനും തിരുവനന്തപുരത്ത് എത്തുന്ന യാത്രികര്‍ക്ക് ആശ്വാസമാകുമ്പോള്‍ ദൂരദര്‍ശന്‍ സംപ്രേക്ഷണത്തിലൂടെ ആദ്യമായി കേരളത്തെ ടെലിവിഷന്‍ സംപ്രേക്ഷണ ഭൂപടത്തില്‍ എത്തിച്ചതിനും തിരുവനന്തപുരത്തിനുണ്ട് ഒരു പങ്ക്.

സെക്രട്ടറിയേറ്റ്

സര്‍ക്കാരിതര ടെലിവിഷന്‍ മാധ്യമരംഗത്തെ ശക്തമായ സാന്നിധ്യമായ ഏഷ്യാനൈറ്റ് 1993 ല്‍ സംപ്രേക്ഷണം ആരംഭിക്കുന്നതും തിരുവനന്തപുരത്താണ്. സൂര്യ, അമൃത, കൈരളി, കിരണ്‍, മാതൃഭൂമി, മനോരമ, പീപ്പിള്‍ തുടങ്ങിയ എത്ര ടെലിവിഷന്‍ ചാനലുകളാണ് കേരളീയ പ്രേക്ഷകരെ അഭിസംബോധന ചെയ്തത്. ഭക്തിവിലാസം എന്ന പേരിലുള്ള സര്‍ സി പി രാമസ്വാമി അയ്യരുടെ പേരിലുള്ള കെട്ടിടത്തിലാണ് തിരുവനന്തപുരത്ത് ആകാശവാണി സ്ഥിതിചെയ്യുന്നത്. അവിടെയും ചരിത്രം തിരനോക്കുന്നു.

കേരള നിയമസഭ മന്ദിരം

തിരുവനന്തപുരം നഗരം അക്ഷരങ്ങളുടെയും എഴുത്തിന്റെയും നഗരംകൂടിയാണ്. എത്രയെത്ര എഴുത്തുകാരാണ് തിരുവനന്തപുരത്തുകാരായും തിരുവനന്തപുരത്ത് കുടിയേറിയും ഈ നഗരത്തിന് യശസ്സേറ്റിയത്. ചവറയില്‍ നിന്ന് തിരുവനന്തപുരത്ത് ഉദ്യോഗാര്‍ഥം എത്തിയ ജ്ഞാനപീഠപുരസ്‌കാര ജേതാവായ ഒ എന്‍ വി കുറുപ്പും ആറന്മുളയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ സുഗതകുമാരിയും വിഷ്ണുനാരായണന്‍ നമ്പൂതിരിയും വി മധുസൂദനന്‍നായരും, കാവാലത്തുനിന്ന് തിരുവനന്തപുരത്തെത്തി തനതുനാടകവേദിയെ സാര്‍ഥകമാക്കിയ കാവാലം നാരായണപ്പണിക്കരും ചന്ദ്രമതിയും പെരുമ്പടവത്തുനിന്നും തിരുവനന്തപുരത്തെത്തിയ പെരുമ്പടവം ശ്രീധരനും അടക്കമുള്ളവര്‍ തിരുവനന്തപുരത്തിന്റെ എഴുത്തുസന്തതികള്‍ തന്നെ. സംഗീതത്തില്‍, അഭിനയത്തില്‍, രാഷ്ട്രീയത്തില്‍, സാംസ്‌കാരിക രംഗത്ത് കഥകളിയില്‍, കൂത്തില്‍ എല്ലായിടത്തുമുണ്ട് തിരുവനന്തപുരത്തിന്റെ കൈയ്യൊപ്പ്.

ലേഖിക – ഡോ.രാധിക.സി.നായർ

1 Comment

BALAKRISHNAN C K March 3, 2019 at 2:55 pm

very good illustration for teachers as well as for students.

Leave a Comment

FOLLOW US