പെരുമഴക്കാലമാണിത്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മറ്റ് പ്രകൃതിക്ഷോഭങ്ങള്‍.. പല ജില്ലകളിലും സ്‌കൂളുകള്‍ക്ക് ജില്ലാകലക്ടര്‍മാര്‍ അവധി നല്‍കി.

ശക്തമായ മഴ എവിടെയും മണ്ണൊലിപ്പും മണ്ണിടിച്ചിലുമുണ്ടാക്കും. വയലുകളില്‍ മണ്ണൊലിപ്പുണ്ടാകില്ല. കല്ലും മണ്ണും ഉപയോഗിച്ച് വരമ്പുകള്‍ കെട്ടി കൃഷിക്ക് വേണ്ടി പണ്ട് കാലങ്ങളില്‍ മനുഷ്യര്‍ തന്നെ നിര്‍മ്മിച്ചെടുത്തതാണ് നെല്‍വയലുകള്‍. ചരിഞ്ഞ മലയോരങ്ങളില്‍ കയ്യാല കെട്ടി മണ്ണൊലിപ്പ് തടയുന്ന രീതി പണ്ടു മുതലേ കര്‍ഷകര്‍ പിന്തുടര്‍ന്നിരുന്നു. മലയോരങ്ങളില്‍ പൊതുവെ മണ്ണൊലിപ്പിന്റെ രൂക്ഷത കൂടും. ചരിഞ്ഞ പ്രതലങ്ങളില്‍ വെള്ളം കുത്തിയൊഴുകുന്നതുകൊണ്ടാണിത്. വനഭൂമികള്‍ ചരിഞ്ഞാണല്ലോ കിടക്കുന്നത്. അവിടെ മരങ്ങളും കുറ്റിച്ചെടികളുമാണ് വലിയതോതില്‍ മണ്ണൊലിപ്പ് തടയുന്നത്. മഴവെള്ളം തടഞ്ഞ് നിര്‍ത്താനും മണ്ണൊലിപ്പ് തടയാനും കാടുകള്‍ക്ക് കഴിയും. കാടുകള്‍ എങ്ങനെയാണ് മണ്ണും ജലവും സംരക്ഷിക്കുന്നത് എന്ന് മുമ്പ് ഒരു ലക്കത്തില്‍ വിശദമായി പറഞ്ഞിരുന്നു.

ഓരോ വര്‍ഷവും മഴ തുടങ്ങുമ്പോള്‍ ചുറ്റുപാടും ഒന്ന് ശ്രദ്ധിക്കുക. റോഡരികിലും തുറസ്സായ പ്രദേശങ്ങളിലും ചെറിയ പുല്ലുകള്‍ വളരുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ ? മഴവെള്ളം ശക്തിയായി വന്ന് പതിച്ച് മണ്ണിന് മുറിവേല്‍ക്കാതിരിക്കാന്‍ പ്രകൃതി നല്‍കുന്ന കരുതലാണ് അത്. ആദ്യ മഴയുടെ പിറ്റേന്ന് തന്നെ വളരെ വേഗത്തില്‍ അവ മുളച്ച് പൊന്തുന്നു. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ മണ്ണ് പുറത്ത് കാണാത്ത വിധം അവ ഭൂമിക്ക് മുകളില്‍ പച്ചപ്പുതപ്പ് വിരിച്ചിടും. വേരുകള്‍ കൊണ്ട് മണ്ണിനെ കെട്ടിപ്പുണര്‍ന്നാണ് അവയുടെ കിടപ്പ്. വലിയ കാടുകള്‍ ഇല്ലാത്ത ഇടങ്ങളില്‍, തുറസ്സായ സ്ഥലങ്ങളില്‍ മണ്ണ് സംരക്ഷിക്കാന്‍ പ്രകൃതി നടത്തുന്ന ചടുലമായ ഒരു നീക്കമായി അതിനെ വ്യാഖ്യാനിക്കാം.

മുള കണ്ടിട്ടുണ്ടോ ? ഇല്ലിമുളം കാട് എന്നൊക്കെ കേട്ടിട്ടെങ്കിലുമുണ്ടാകും. ആകാശം മുട്ടെ വളരുന്ന ഒരിനം പുല്ലാണ് മുള. തുറസ്സായ സ്ഥലങ്ങളിലും മുള വളരും. മഴ പെയ്യുന്ന സമയത്ത് പെട്ടന്നങ്ങ് വളർന്ന് പൊങ്ങും. മഴ മാറിയാല്‍ പിന്നെ വളരാതെ നില്‍ക്കും. വേരുകള്‍ക്കടിയില്‍ സംഭരിച്ചുവെക്കുന്ന വെള്ളം സ്വന്തം വളര്‍ച്ചയ്ക്ക് പോലും ഉപയോഗിക്കാന്‍ മുളകള്‍ തയ്യാറല്ല. നാരുപോലുള്ള വേരുകള്‍ മണ്ണിനെ ചുറ്റിപ്പിടിച്ച് കിടക്കുന്നതു കൊണ്ട് മണ്ണൊലിപ്പ് പൂര്‍ണ്ണമായും തടയുകയും ചെയ്യും. ആനയുടെ ഇഷ്ടഭക്ഷണമാണ്. കാട്ടില്‍ മുള വളർന്ന് പടർന്ന് മറ്റ് മരങ്ങളെ നശിപ്പിക്കുന്നത് തടയുന്ന ജോലി ആന നോക്കിക്കൊള്ളും. അതാണ് പ്രകൃതിയുടെ ജൈവ നിയന്ത്രണ തന്ത്രം.

ചെറിയ മുളയാണ് പുല്ല്. അഥവാ വലിയ പുല്ലാണ് മുള. മുള വളരണമെങ്കില്‍ കൂടുതല്‍ മണ്ണ് വേണം. പുല്ലിന് വളരാന്‍ ഒരിഞ്ചില്‍ താഴെ ഒരു മണ്ണടര് മാത്രം മതി. വളക്കൂറുള്ള മണ്ണ് പോലും വേണ്ട. അവസാനത്തെ ഒരിഞ്ച് മണ്ണെങ്കിലും ഒഴുകാതെ നോക്കണം എന്ന പ്രകൃതിയുടെ വാശിയാണത്. അത്ര കഷ്ടപ്പെട്ടാണ് ജൈവവ്യവസ്ഥ അതിന്റെ ജൈവികത നിലനിര്‍ത്തുന്നത്. ജീവന്റെ നിലനില്‍പ്പിന്റെ ആധാരമാണ് മണ്ണ്. സസ്യങ്ങള്‍ വേരാഴ്ത്തി നില്‍ക്കുന്നത് അവിടെയാണ്. കനത്ത മഴയും കടുത്ത വെയിലും പോലും മണ്ണിന് വേദനയുണ്ടാക്കുന്നതാണ്. മണ്ണിന് മുറിവേല്‍ക്കാതിരിക്കാന്‍ പ്രകൃതി തന്നെ പല പ്രതിരോധങ്ങളും ഒരുക്കുന്നുണ്ട്. അത് മണ്ണിന്റെ നിലനില്‍പ്പ് മാത്രമല്ല ഉറപ്പാക്കുന്നത്. പ്രകൃതിയുടെ മുഴുവന്‍ നിലനില്‍പ്പാണ്. വരള്‍ച്ച മുതല്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വരെ പ്രകൃതി ദുരന്തങ്ങളില്‍ നിന്നുള്ള മോചനം ഉറപ്പാക്കുന്നതുപോലും പ്രകൃതിയുടെ കരുതലിന്റെ ഭാഗമാണ്.

നിങ്ങളുടെയൊക്കെ വീട്ടുമുറ്റത്തും ഫ്ലാറ്റുകളിലും പുല്ല് വളരുന്നുണ്ടാവും. ഇനി പുല്ലിനോട് വിരോധം വേണ്ട. പുല്ല് കാണുമ്പോള്‍ ചെത്തിക്കളയരുത്. പറിച്ചുകളയരുത്. വെട്ടിനിര്‍ത്തി പടരാതെ നോക്കിയാല്‍ മതി. ഒരു പുല്‍നാമ്പിന് പോലും പ്രകൃതിയില്‍ അതിന്റെ പങ്ക് വഹിക്കാനുണ്ട് എന്നറിയുക.

ലേഖകന്‍ – ഐ.ആര്‍. പ്രസാദ്‌

0 Comments

Leave a Comment

FOLLOW US