ജനപ്പെരുപ്പം കുഴപ്പം 
 
1989 മുതലാണ് ജൂലായ് 11, ലോക ജനസംഖ്യാദിനമായി ആചരിച്ചു തുടങ്ങിയത്.. ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള യുണൈറ്റഡ് നേഷൻസ് ഡവലപ്മെൻറ് പ്രോഗ്രാമിൻറ ആഭിമുഖ്യത്തിലാണ് ഈ ദിവസം ജനസംഖ്യാദിനമായി ആചരിക്കുന്നത്. ജനസംഖ്യാവർധന സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് ദിനാഘോഷത്തിന്റെ ലക്ഷ്യം. ആരോഗ്യകരമായ കുടുംബജീവിതത്തിൻറെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി 200ലധികം രാജ്യങ്ങൾ  ജനസംഖ്യാദിനം ആചരിക്കുന്നു. 
 
ക്രിസ്തുവിൻറെ ജനനത്തിന് 4000 വർഷങ്ങൾക്കു മുൻപ് ജനങ്ങളുടെ കണക്കെടുപ്പ് നടത്തുന്ന രീതി ആരംഭിച്ചിരുന്നു. ബാബിലോണിയയിൽ ജനങ്ങളുടെ വരുമാനം കണക്കാക്കിയതാണ് ആദ്യത്തെ കണക്കെടുപ്പായി കരുതപ്പെടുന്നത്. പുരാതന ഈജിപ്തിലും പേർഷ്യൻ സാമ്രാജ്യത്തിലും നികുതിക്കും  സൈനിക സേവനത്തിനും വേണ്ടി ജനങ്ങളുടെ കണക്കെടുത്തിരുന്നു. സമൂഹത്തിൻറ ക്ഷേമം, ജനസംഖ്യ എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചൈനീസ് തത്ത്വചിന്തകനായ കൺഫ്യൂഷ്യസ് തൻറ കൃതികളിൽ പരാമർശിച്ചിട്ടുണ്ട്.
രാജ്യവ്യാപകമായി വിപുലമായ ജനസംഖ്യാ കണക്കെടുപ്പ് ആദ്യമായി നടന്നത് ചൈനയിലാണ്. 19-ാം നൂറ്റാണ്ട് ആയപ്പോഴേയ്ക്കും മിക്ക രാജ്യങ്ങളും ജനസംഖ്യാ കണക്കെടുപ്പും ജനനമരണ രജിസ്ട്രേഷനും ആരംഭിച്ചു. ജനസംഖ്യയെകുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ജനസംഖ്യാ ശാസ്ത്രം (ഡെമോഗ്രഫി).
 
ലോകജനസംഖ്യ 2050 ആകുമ്പോഴേക്കും 780 കോടിയിൽനിന്ന് 980 കോടിയിലേക്ക് കുതിച്ചുയരുമെന്ന് യു.എൻ. റിപ്പോർട്ട് പറയുന്നു. 2050-ൽ അമേരിക്കയെ പിന്തള്ളി നൈജീരിയ ജനസംഖ്യയിൽ മൂന്നാംസ്ഥാനത്തെത്തുമെന്നും യു.എൻ. സാമ്പത്തികവകുപ്പ് പുറത്തു വിട്ട റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. ജനസംഖ്യയിൽ നിലവിൽ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യയിൽ 130 കോടി ജനങ്ങളും ഒന്നാം സ്ഥാനത്തുള്ള ചൈനയിൽ140 കോടിയുമാണുള്ളത്. 2024 ആകുമ്പോൾ ഇന്ത്യ ചൈനയെ മറികടക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു.
 
ജനനനിരക്ക് ഏറ്റവും കൂടുതൽ ഏഷ്യാ ഭൂഖണ്ഡത്തിലാണ്. ഏഷ്യ കഴിത്താൽ ആഫ്രിക്കൻ വൻകരയിലാണ് ജനവാസം ഏറ്റവും കൂടുതൽ. വികസ്വര രാജ്യങ്ങളും അവികസിത രാജ്യങ്ങളും ജനപ്പെരുപ്പത്തിൽ ഏറെ മുന്നിൽ നിൽക്കുന്നു. അവികസിതമായ രാജ്യങ്ങളിൽ വളരെ ഉയർന്ന തോതിലാണ് ജനസംഖ്യാ വർധന.
 
ലേഖകൻ – ജോസ് ചന്ദനപ്പള്ളി 

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content