ബ്രിട്ടീഷുകാർ ഇന്ത്യക്കാരെ ഭയപ്പെടുത്തി ഭരിക്കുന്ന കാലം. പഞ്ചാബിലെ ജാരൺ വാലാ എന്ന സ്ഥലത്തു ഒരു കൃഷിയിടത്തിൽ ജോലിക്കാർ ഗോതമ്പ് വിതക്കുകയാണ്. ജോലിക്കാരെ നോക്കി കൊണ്ട് കുറച്ചകലെയായി നിന്ന കുട്ടിയെ ജോലിക്കാരിലൊരാൾ അപ്പോഴാണ് ശ്രദ്ധിച്ചത്.’നമ്മുടെ യജമാനന്റെ മകനല്ലേ അവിടെ നില്ക്കുന്നത്, അവനതാ നമ്മളെ തന്നെ നോക്കി നില്ക്കുകയാണല്ലോ..’
ജാട് സിഖ് കുടുംബാംഗമായ കിഷൻ സിംഗിന്റെ കൃഷിയിടമായിരുന്നു അത്. കിഷൻ സിംഗിന്റെ മകനായിരുന്നു ആ കുട്ടി .അവന്റെ അമ്മയുടെ പേര് വിദ്യാവതി കൗർ എന്നായിരുന്നു. കുറച്ചു നേരം ജോലിക്കാരെ നോക്കി നിന്ന ശേഷം കുട്ടി ചോദിച്ചു ‘മാമന്മാരെ, ഒരു സംശയം ചോദിച്ചോട്ടെ?’
‘പിന്നെന്താ? ചോദിച്ചോളൂ’, ജോലിക്കാരിലൊരാൾ പറഞ്ഞു.
‘മാമൻമാരേ, നിങ്ങളെന്തിനാ വയലിൽ ഗോതമ്പ് വിതക്കുന്നത്?’ കുട്ടി സംശയമുന്നയിച്ചു.
‘അതോ? ഗോതമ്പ് വിതച്ചാൽ അത് മുളച്ചു വരും. വിതയ്ക്കുന്നതിലും അധികം കൊയ്തെടുക്കാം.’ ജോലിക്കാരൻ മറുപടി കൊടുത്തു.
‘അതു ശരി. എന്നാലീ വയലിൽ തോക്കുകൾ വിതച്ചൂടെ? അങ്ങനെയായാൽ ഒരുപാട് തോക്കുകൾ കൊയ്തെടുക്കാമല്ലോ.? ‘ കുട്ടി നിർത്താൻ ഭാവമില്ലാതെ സംശയം തുടരുകയാണ്.
ജോലിക്കാർ എന്തു മറുപടി പറയണമെന്നറിയാതെ വിഷമത്തിലായി.
‘വയലിൽ തോക്ക് വിതക്കാനോ? അങ്ങനെയാരും ചെയ്തതായി കേട്ടിട്ടില്ലല്ലോ? കുട്ടിയെന്താ അങ്ങനെ ചോദിച്ചത്?’ ജോലിക്കാരിലൊരാൾ കുട്ടിയോട് അന്വേഷിച്ചു.
ബ്രിട്ടീഷുകാർക്ക് ഒത്തിരി തോക്കുകളില്ലേ? അതു കൊണ്ടല്ലേ അവരെ നമുക്കിത്ര പേടി? അപ്പോ നമുക്കൊത്തിരി തോക്ക് കിട്ടിയാ അവരേം പേടിപ്പിക്കാല്ലോ?’കുട്ടിയുടെ മറുപടി.
‘ശ്.. പതുക്കെ പറയൂ കുട്ടി..’ ജോലിക്കാർക്ക് പേടിയായി.
1907 ൽ പഞ്ചാബിൽ ജനിച്ച ആ കുട്ടി വളർന്നപ്പോൾ ബ്രിട്ടീഷുകാരോട് ധീരമായി പോരാടി. സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ ലാലാ ലജ്പത് റായിയുടെ മരണത്തിനു കാരണക്കാരനായ ജോൺ സാൻഡേഴ്സ് എന്ന പോലീസ് ഓഫീസറെ കൊന്നതടക്കമുള്ള കേസുകളിൽ കുറ്റം ചുമത്തി ബ്രിട്ടീഷുകാർ അവനെ തടവിലാക്കി, തൂക്കിക്കൊല്ലാൻ വിധിച്ചു.
‘നിങ്ങൾക്ക് എന്നെ തൂക്കിക്കൊല്ലാനാവും. പക്ഷേ എന്റെ ആശയങ്ങളെ, ആത്മവീര്യത്തെ കൊല്ലാൻ നിങ്ങൾക്കാവില്ല.’ എന്നു പറഞ്ഞാണ് അവൻ തൂക്കുമരത്തിലേക്ക് നടന്നത്. 1931-ൽ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ ധീര ദേശാഭിമാനിയായ ഭഗത് സിംഗ് ആയിരുന്നു ആ കുട്ടി.