മറ്റാരുടെയും നോട്ടം എത്താത്ത ഇടങ്ങളിലേക്ക് കണ്ണെത്തുന്ന കാഴ്ചയായിരുന്നു പി.കേശവദേവിന്റെ സിദ്ധി. ആ കാഴ്ചയില്‍ അധ:കൃതരായ ഒരു സമൂഹം മുഴുവന്‍ നിറഞ്ഞപ്പോള്‍അദ്ദേഹത്തിന്റെ തൂലികയില്‍നിന്ന് അവരുടെ ജീവിതങ്ങള്‍ ചായക്കൂട്ടുകളുടെ സമൃദ്ധിയില്ലാതെ ഒഴുകിയിറങ്ങുകയായിരുന്നു. അങ്ങനെയാണ് മലയാളത്തിന്റെ സാഹിത്യസമ്പാദ്യത്തിലേക്ക് തെണ്ടിയും റൗഡിയും വേശ്യയും റിക്ഷാവലിക്കാരനും ഓഹരിയായി കടന്നുവന്നത്.

ഏറ്റവും നിസ്സാരരായ മനുഷ്യര്‍.. ഏറ്റവും സാധാരണമായ അവരുടെ ജീവിതം. അഴുക്കുചാലില്‍ പുരണ്ടുകിടന്ന, അരികുജീവിതങ്ങളിലേക്ക് നോക്കിയായിരുന്നു അദ്ദേഹത്തിന്റെ എന്നത്തെയും നടത്തം. അതായിരുന്നു പി. കേശവദേവിന്റെ സാഹിത്യലോകം. മനുഷ്യനെയും അവന്റെ വേദനയെയും എന്നും കേശവദേവ് ഉള്ളിലേക്ക് സ്വാംശീകരിച്ചിരുന്നു. സാഹിത്യത്തെക്കാള്‍ ജീവിതമായിരുന്നു അദ്ദേഹത്തിന് പ്രധാനം. സാഹിത്യകാരനാകണം എന്ന് ആഗ്രഹിക്കാതെ സാഹിത്യകാരനായ സാഹിത്യകാരനായിരുന്നു പി. കേശവദേവ്.

പരക്കെ പോക്കിരിയെന്ന് അറിയപ്പെട്ടുവെങ്കിലും മറ്റുള്ളവരുടെ വേദനയില്‍ അലിഞ്ഞുപോകുന്ന ഒരു ഹൃദയമായിരുന്നു അദ്ദേഹത്തിന്റേത് എന്ന് ഉറൂബ് നിരീക്ഷിച്ചിട്ടുണ്ട്. പതിനേഴാമത്തെ വയസില്‍ വീടുപേക്ഷിച്ചിറങ്ങിയവനായിരുന്നു അദ്ദേഹം. വിപ്ലവാശയങ്ങളോട് ആഭിമുഖ്യം തോന്നിയ പ്രായം. സ്വഭാവികമായും അദ്ദേഹം ആദ്യത്തെ തൊഴിലാളി സാഹിത്യകാരനായി മാറുകയായിരുന്നു. കേരളീയരെ സോഷ്യലിസം പഠിപ്പിച്ചത് താനാണ് എന്ന അഭിമാനബോധവും അഹങ്കാരവും ദേവ് പുലര്‍ത്തിയിരുന്നതായി ഇഎംഎസ് നമ്പൂതിരിപ്പാട് ഓര്‍മ്മിച്ചിട്ടുണ്ട്.

അതെന്തായാലും മലയാളസാഹിത്യത്തിലെ ഒരു കാലഘട്ടത്തിന്റെ മുഴങ്ങുന്ന ശബ്ദമായിരുന്നു പി.കേശവദേവ്. മലയാളസാഹിത്യം അക്കാലത്ത് റിയലിസത്തിന്റെ പാതയിലൂടെയായിരുന്നു ചരിച്ചുകൊണ്ടിരുന്നത്. യഥാതഥമായ ജീവിതാനുഭവങ്ങള്‍ വളരെ തീക്ഷ്ണമായും ലളിതമായും ദേവ് ആവിഷ്‌ക്കരിച്ചപ്പോള്‍ മലയാളത്തിന്റെ നവഭാവുകത്വത്തിന്മേല്‍ അമ്ലമഴ പെയ്യുകയായിരുന്നു.

ജീവിതം ജീവിച്ചുതീര്‍ക്കണമെന്ന അഭിപ്രായക്കാരനുമായിരുന്നു ദേവ്. ദേവിന്റെ ആത്മാംശം ഏറെയുണ്ടെന്ന് വിലയിരുത്തപ്പെടുന്ന കഥാപാത്രമാണ് ഓടയില്‍നിന്ന് എന്ന നോവലിലെ പപ്പു. ഒരേ സമയം ധിക്കാരിയും അതേ സമയം മനുഷ്യസ്‌നേഹിയുമാണ് പപ്പു. ദേവും അങ്ങനെ തന്നെയായിരുന്നു.

മലയാളത്തില്‍ ആദ്യമായി ഒരു ലൈംഗികതൊഴിലാളിയുടെ ജീവിതകഥ പറഞ്ഞതും ദേവാണ്. ‘എനിക്കും ജീവിക്കണം’ എന്നതായിരുന്നു ആ കൃതി.

ഭ്രാന്താലയം, അയല്‍ക്കാര്‍, റൗഡി, സ്വപ്‌നം, കണ്ണാടി എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ഇതര നോവലുകള്‍. ആകെ എണ്‍പത് കൃതികള്‍ദേവിന്റേതായിട്ടുണ്ട്. ഇതില്‍ ‘അയല്‍ക്കാര്‍ക്ക് ‘ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ‘ഓടയില്‍നിന്ന് ‘ പാഠപുസ്തകമായിട്ടുമുണ്ട്. സേതുമാധവന്‍ അത് സിനിമയുമാക്കി. നടന്‍ സത്യന്റെ ശ്രദ്ധേയ കഥാപാത്രങ്ങളിലൊന്നായി പപ്പു ഇന്നും വിലയിരുത്തപ്പെടുന്നു.

1904 ജൂലൈ 20ന് എറണാകുളം ജില്ലയിലെ വടക്കന്‍പറവൂരിലായിരുന്നു ദേവിന്റെ ജനനം. ജാതീയമായ മേല്‍ക്കോയ്മകളെ എന്നും വെല്ലുവിളിച്ചിരുന്ന കേശവപിള്ളയാണ് ജാതിചിഹ്നമായ പിള്ള വെട്ടിമാറ്റി കേശവദേവ് ആയത്.

എതിര്‍പ്പ് അദ്ദേഹത്തിന്റെ സഹജപ്രവണതയായിരുന്നു. അതുകൊണ്ടുതന്നെയാവാം ആത്മകഥയ്ക്ക് അദ്ദേഹം ‘എതിര്‍പ്പ്’ എന്ന് പേരുനല്കിയതും. രോഗബാധിതനായി ഏറെനാള്‍കഴിഞ്ഞതിന് ശേഷം 1983 ജൂലൈ ഒന്നിനായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

കടപ്പാട് – വിനായക് നിർമൽ, മനോരമ ഓൺലൈൻ

0 Comments

Leave a Comment

FOLLOW US