കുട്ടിപ്പട്ടാളത്തിന്റെ കേരളപര്യടനം തുടരുന്നു…
ഭൂമിമലയാളത്തിന്റെ യഥാർത്ഥ അവകാശികൾ
“ആരാണ് കേരളത്തിന്റെ യഥാർത്ഥ അവകാശികൾ?” മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശുകാരെയും ബിഹാറികളേയും പറഞ്ഞു വിടണമെന്ന വാർത്ത വായിച്ചപ്പോഴാണ് ജൂനുവത് ചോദിച്ചത്.
ഞാൻ പറഞ്ഞു: “ഇതൊരു കുഴപ്പം പിടിച്ച ചോദ്യം തന്നെ. യഥാർത്ഥ അവകാശികൾ എന്നതുകൊണ്ട് ജുനു എന്താണുദ്ദേശിക്കുന്നത് എന്ന് പറയണം ?”
“ഈ കേരള നാട്ടിൽ ആദ്യം വന്നവരാര്?” ജുനു ചോദിച്ചു.
“കേരളത്തിൽ വെളുത്ത തൊലിയുള്ള ആളുകൾ വരും മുമ്പെ കറുത്ത വർഗക്കാർ വന്നിട്ടുണ്ട്.” ഞാൻ പറഞ്ഞു.
“ദ്രാവിഡരാണോ ഉവ്വാപ്പാ.” സെനയുടെ ചോദ്യം.
“എന്നുതന്നെ പറയാം. അവരെ വിഭാഗീകരിക്കുമ്പോൾ ദ്രാവിഡരിൽ പെടുത്താം. ഇന്ത്യയുടെ പല ഭാഗങ്ങളിലും കറുത്തവർ നേരത്തെ വന്നെത്തിയിട്ടുണ്ട്. സത്യത്തിൽ അവരാണ് കേരളത്തിലേയും ആദിമർ.”
അവരുടെ കൈവശമായിരുന്നോ ഈ നാട്?’ താനിയ ചോദിച്ചു.
“ആണെന്നും അല്ലെന്നും പറയാം. വേട്ടയാടിയോ കിഴങ്ങ് വർഗങ്ങൾ ശേഖരിച്ചോ കായ്കനികൾ ഭക്ഷിച്ചോ കഴിഞ്ഞിരുന്ന ആദിമ വാസികള്‍ കേരളത്തിന്റെ പല ഭാഗങ്ങളിൽ ചിതറിക്കിടന്നിരുന്നു. അവർക്ക് ഭൂമി കൈവശപ്പെടുത്തി അവകാശമാക്കുന്ന നിയമങ്ങളുണ്ടായിരുന്നില്ല. പരിചയമുള്ള ഭൂമിയെല്ലാം അവർക്ക് സ്വന്തം. അല്ലെങ്കിൽ ഭൂമി എല്ലാവരുടേതുമാണവർക്ക്.”
ജുനുവിന്റെ അത്ഭുതം: “യഥാർത്ഥ സോഷ്യലിസം, അല്ലേ ഉവ്വാപ്പാ?”
“എന്നാലിന്ന് ആദിവാസികൾ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നവരാണ്. വയനാട്ടിലേക്ക് ഗൗണ്ടന്മാർ, നായന്മാർ, ചെട്ടിമാർ, മുസ്ലിങ്ങൾ, ക്രിസ്ത്യാനികൾ എന്നിവർ കുടിയേറിപ്പാർക്കുന്നതോടെ ആദിവാസികൾ കാട്ടിനുള്ളിലേക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്കും ഓടിപ്പോകേണ്ടിവന്നു. കുടിയേറ്റക്കാർ കൃഷിക്കാരായി. ഭൂവുടമകളായി. ആദിവാസികൾ അടിമപ്പണിക്കാരുമായി.” ഞാൻ വിശദീകരിച്ചു.
കുറച്ച് നേരത്തേക്ക് ആരുമൊന്നും പറഞ്ഞില്ല. അല്പം കഴിഞ്ഞ് താനിയ ചോദിച്ചു: “കേരളത്തിലെ ആദിവാസി ജനതയെക്കുറിച്ച് ചരിത്ര രേഖകരേഖകളൊന്നും ലഭിച്ചിട്ടില്ലേ ?
“ഒരു രേഖയിലും പെടാത്ത ജീവിതമായിരുന്നു അവരുടേത്. എടക്കൽ ഗുഹയിൽ നിന്ന് കിട്ടിയ അറിവുകളാണ് ഏറ്റവും പഴക്കമുറ്റരേഖ. ആറായിരത്തിലധികം വർഷങ്ങൾക്ക് മുമ്പ് വയനാട്ടിൽ മനുഷ്യർ സംഘമായി പാർത്തിരുന്നുവെന്ന് മനസ്സിലാക്കാൻ കഴിയുന്നു. അവർക്ക് ചില നായകന്മാരുണ്ടായിരുന്നെന്നും. അതിർത്തി കണക്കാക്കാത്ത കൊച്ചു കൊച്ചു രാജ്യങ്ങൾ. ബ്രിട്ടീഷുകാരായ ഉദ്യോഗസ്ഥന്മാരാണ് കേരളത്തിലെ ആദിവാസികളെക്കുറിച്ച് ആദ്യമായി ആധികാരിക രേഖകൾ ഉണ്ടാക്കുന്നത്” ഞാൻ വെളിപ്പെടുത്തി.
“ഉവ്വാപ്പാ, കേരളത്തിലെ ആദിവാസികളെക്കുറിച്ച് ഗ്രന്ഥങ്ങൾ ഉണ്ടായിട്ടില്ലേ?’ ഹാഷിയ ചോദിച്ചു.
“ഉണ്ട്. ഹട്ടൻ, തേർസ്റ്റൺ തുടങ്ങിയ സോഷ്യൽ സയന്റിസ്റ്റുകൾ വിവിധ ട്രൈബുകളെക്കുറിച്ച് എഴുതിയിട്ടുണ്ട്. ലോഗനും മലബാർ മാന്വലിൽ ചില കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.”
ഞാൻ പറഞ്ഞയുടനെ സയു എന്നെ നോക്കി: “ആരാണ് ലോഗൻ?’
“ബ്രിട്ടീഷുകാർ ഭരിക്കുന്ന കാലം മലബാറിലെ കലക്ടർമാരിൽ ഒരാളായിരുന്നു. അദ്ദേഹം രചിച്ച മലബാർ മാന്വൽ ഉത്തര കേരളത്തെക്കുറിച്ചുള്ള ഒരു ചരിത്ര ഗ്രന്ഥം കൂടിയാണ്. ഒരുപാട് വിവരങ്ങൾ ശേഖരിച്ച് അദ്ദേഹം ലോഗൻസ് മാന്വലിൽ സമാഹരിച്ചിട്ടുണ്ട്.” ഞാൻ പറഞ്ഞു.
“ഈ ഗ്രന്ഥം മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലോ?” ജുനു ചോദിച്ചു.
“ഉണ്ട്.” ബാസിമാണ് ഉത്തരം നല്കിയത്.
“മലയാളത്തിൽ നമ്മുടെ ആദിവാസികളെക്കുറിച്ച് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെ പാനൂർ എഴുതിയ “കേരളത്തിലെ ആഫ്രിക്ക” എന്ന ഗ്രന്ഥത്തിലാണ് വയനാടൻ ആദിവാസികളെക്കുറിച്ചും അവരുടെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും ആദ്യമായി വിശദ വിവരണം വരുന്നത്. വയനാട്ടിലും മറ്റും ആദിവാസി ക്ഷേമത്തിനായി പ്രവർത്തിച്ച ഉദ്യോഗസ്ഥനായിരുന്നു കെ പാനൂർ. കേരളത്തിലെ അമേരിക്ക, താഴ്വരകൾ, മനുഷ്യർ എന്നീ കൃതികളും അദ്ദേഹത്തിന്റേതായുണ്ട്. ആദിവാസികളുടെ ദുരിതം മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിച്ച കൃതികൾ കൂടിയാണവ. പിന്നെ ചില ഗവേഷണ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചുണ്ട്.” ഞാൻ വിശദീകരിച്ചു.
ഇതൊക്കെ വായിക്കണം എന്ന് പറഞ്ഞ് ഹാഷിയ നോട്ട്ബുക്കിൽ എന്തൊക്കെയോ കുറിച്ചുവെച്ചു.
ജൂനു അപ്പോൾ ആദിവാസികൾക്ക് അവരുടെ നാട് നഷ്ടപെട്ടതെങ്ങനെ എന്ന് ചോദിച്ചു.
ഞാനുത്തരം നല്കി: “ചരിത്ര രേഖകളൊന്നുമില്ല. ചില ഐതിഹ്യങ്ങളുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് വയനാടിന്റെ അവകാശികളായ വേട രാജവംശത്തെ കുമ്പളയിലെ നാടുവാഴി വന്ന് കീഴടക്കിയ കഥ. നാടുവാഴി പൂതാടിക്കടുത്തുള്ള തിരുനെല്ലി ക്ഷേത്രത്തിൽ വന്നു. വേടരാജാവ് കുമ്പള നാടുവാഴിയെ പിടിച്ചു കെട്ടി. യുവ കോമളനായ നാടുവാഴിയെ കണ്ടപ്പോൾ വേടരാജാവിനൊരു മോഹം. തന്റെ മകളെ കൊണ്ട് വിവാഹം കഴിപ്പിച്ചാലോ? തല്ക്കാലത്തേക്ക് രക്ഷപ്പെടാനായി കുമ്പള നാടുവാഴി സമ്മതം നല്കി. കല്യാണ ദിവസം തീരുമാനിച്ചു. അതിനിടയിൽ തലശ്ശേരിയിലെ കോട്ടയത്തും കുറുമ്പ്ര നാട്ടിലും വാഴുന്ന രാജാക്കന്മാരെ കുമ്പള നാടുവാഴി രഹസ്യമായി വിവരമറിയിച്ചു. കല്യാണ ദിവസം അവർ പടയാളികളോടെ വയനാട്ടിലെത്തി. മുഹൂർത്ത സമയം, അതുവരെ ഒളിച്ചിരുന്ന പടയാളികൾ ആയുധങ്ങളേന്തി വിവാഹപ്പന്തലിലെത്തി.”
“ചതി… ചതി…” താനിയ രോഷം പ്രകടിപ്പിച്ചു.
“ചതിയിലും കാട്ടാളത്തത്തിലും തന്നെയാണ് പല കയ്യേറ്റങ്ങളും നടക്കുന്നത് ബാസിം പറഞ്ഞു.
“പടയാളികൾ വേടരാജാവിനെ വെട്ടിക്കൊന്നു. രാജ്യം അവർക്ക് കീഴിലാക്കി. വയനാട് കോട്ടയം രാജാക്കന്മാരുടെ കീഴിലായി.” ഞാൻ പറഞ്ഞു
“തെക്കുള്ള കോട്ടയക്കാരാണോ ഇവർ?” മിയ ചോദിച്ചു.
“അല്ല, കണ്ണൂർ ഭാഗത്ത് പണ്ട് ഉണ്ടായിരുന്ന ഒരു രാജവംശമാണ് കോട്ടയക്കാര്‍.
“നാട്ടിലെ ഭൂമി അവിടെ കുടിയേറിയ നായർ പ്രമാണികൾ കൈയ്യടക്കുന്നതും ഈ കാലത്താണ്. കർണാടകയിൽ നിന്ന് ജൈനവിഭാഗത്തിൽ പെട്ടവരും കുടിയേറ്റം നടത്തി ഭൂമിയുടെ അവകാശികളായി. കണ്ണൂരിൽ നിന്നും തലശ്ശേരിയിൽ നിന്നും മുസ്ലിങ്ങളും ധാരാളം വയനാട്ടിൽ എത്തിയിട്ടുണ്ട്. അവർ കച്ചവടക്കാരോ കൃഷിക്കാരോ ആയി.” എന്റെ വാക്കുകൾക്ക് പിന്നാലെ ജൂനുവിന്റെ പ്രസ്താവന. “പഴശിരാജവിന്റെ കാലത്ത് കോട്ടയം രാജാക്കന്മാരായിരുന്നല്ലോ വയനാട് ഭരിച്ചിരുന്നത്?”
“കുറച്ച് കാലം മൈസൂർ രാജാക്കന്മാരും വയനാട് കീഴടക്കിയിട്ടുണ്ട്. ഇംഗ്ലീഷുകാർ വന്നതോടെ അവർക്ക് കൂട്ടുനിന്ന ജന്മിമാരായി വയനാട്ടിലെ നാടുവാഴികൾ. പിന്നീട് തിരുവിതാംകൂറിൽ നിന്ന് ക്രിസ്ത്യാനികളും കൂട്ടത്തോടെ കുടിയേറി. ഇവരുടെയൊക്കെ കൃഷിയിടങ്ങളിൽ നിന്ന് ആദിവാസികൾ കുടിയിറക്കപ്പെടുകയും ചെയ്തു. ചിലർ ഇവരുടെ അടിമപ്പണിക്കാരായി. ചിലർ കാട്ടിലേക്ക് നീങ്ങി. – കുട്ടിപ്പട്ടാളം മൗനത്തിലായി.
എപ്പോഴും ചീനപ്പടക്കംപോലെ പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുന്ന സയുവും നിശ്ശബ്ദനാണ്. ഒടുവിൽ സെനയാണ് ചോദി ച്ചത്: “ഉവ്വാപ്പാ, നമുക്ക് ഏതെങ്കിലും ആദിവാസികളുടെ നാട് കാണണ്ടേ?”
സയു ചാടിയെണീറ്റു: “പോവണം. കാണണം”
സെനയുടെ വാക്കുകളിൽ സഹജീവിയോടുള്ള കാരുണ്യം തുളുമ്പി നിന്നിരുന്നു. “തീർച്ചയായും, മൺമറഞ്ഞില്ലാതാകും മുമ്പെ ഈ മണ്ണിന്റെ മക്കളെ കാണണം.” ഞാനത് ശരിവെച്ചു.
“എവിടെ പോകും!” സയു എന്റെ മുന്നിൽ.
“വയനാട്ടിലോ ഇടുക്കിയിലോ നിലമ്പൂരിലോ ആദിവാസികളുണ്ട്.” അതുൽ പറഞ്ഞു.
“വയനാട്ടിലാണ് ഇപ്പോൾ കേരളത്തിൽ കൂടുതൽ ആദിവാസികൾ ഉള്ളത്. അവിടെപ്പോകാം.” ഞാൻ നിർദേശിച്ചു.
“എടക്കലിലേക്കല്ലല്ലോ?” ഫെദു ചോദിച്ചു.
“നോ. വയനാട്ടിലെ ഏതെങ്കിലും ആദിവാസി ഊര് സന്ദർശിക്കാം.” ഞാൻ പറഞ്ഞു.
“ഊരയോ… വാട്ടീസിറ്റ്?” ഫെദു ചോദിച്ചു.
“ഊര്. ആദിവാസികൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലമാണ് ഊര്.” ഞാൻ പറഞ്ഞു.
“എപ്പോൾ പോകണം?” സയു ചോദ്യമുന്നയിച്ചു.
“എപ്പോഴാണെങ്കിലും പോവാം.” ഞാൻ പറഞ്ഞു.
ജൂനു അകത്ത് കേറി. കലണ്ടറുമായി തിരിച്ചെത്തി. രണ്ട് ദിവസത്തെ വയനാടൻ യാത്രയുടെ പ്ലാനും തയ്യാറാക്കി.
കുട്ടിപ്പട്ടാളം വയനാടൻ ചുരം വീണ്ടും കേറി. കൽപ്പറ്റയ്ക്കും മാനന്തവാടിക്കുമിടയിലുള്ള ഒരു പണിയക്കോളനിയാണ് ആദ്യ സന്ദർശനത്തിന് തിരഞ്ഞെടുത്തത്. ജീപ്പ് നിർത്തി. കുട്ടിപ്പട്ടാളം ചാടിയിറങ്ങി. റോഡിന്റെ അരിക് ചേർന്നൊരു വഴി. കോളനിയിലേക്കുള്ള വഴി കാണിക്കാൻ എന്റെ മുൻ വിദ്യാർത്ഥി മുനീർ കാത്തു നിന്നിരുന്നു. മുനീർ ഇപ്പോൾ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ റൂറൽ ആന്റ് സോഷ്യോളജി ട്രൈബൽ വകുപ്പിൽ അധ്യാപകൻ. മുനീറിന് പിന്നാലെ കുട്ടിപ്പട്ടാളം അടി വെച്ചു നീങ്ങി. ഞാൻ പിന്നിൽ നിന്ന് പറഞ്ഞു: “പണിയരെക്കുറിച്ച് കേരളത്തിലെ ആഫ്രിക്കയിൽ കെ പാനൂർ പറഞ്ഞ വാചകം കേൾക്കുക: എല്ലാ ഗിരിവർഗക്കാരും നിർഭാഗ്യവാന്മാരാണ്, എന്നാൽ നിർഭാഗ്യവാന്മാരുടെ കൂട്ടത്തിലെ നിർഭാഗ്യവാന്മാരാണ് പണിയർ.”
പണിയക്കോളനിയിലേക്ക് കാലെടുത്തുവെച്ച നിമിഷം, കുട്ടിപ്പട്ടാളത്തിനത് ബോദ്ധ്യമാവുകയും ചെയ്തു. പൊട്ടിപ്പൊളിഞ്ഞ മൺചുമരുകളോട് കൂടിയ കുറച്ചു കുടിലുകൾ, മേൽക്കൂര മേഞ്ഞ പുല്ല് ദ്രവിച്ച് കറുത്തു തൂങ്ങുന്നു. കുട്ടിപ്പട്ടാളത്തെ കണ്ട് കുടിലിലെ പണിയക്കുട്ടികൾ വരാന്തയിൽ തലകാട്ടി. ഭയത്തോടെ നോക്കി. കുട്ടിപ്പട്ടാളം എന്താണ് ചെയ്യേണ്ടതെന്നറിയാതെ എന്നെ നോക്കി, ഞാൻ മുനീറിനോട് പറഞ്ഞു: ” നമുക്കാദ്യം ഊര് മൂപ്പനെ കാണാം.”
ഒരു പണിയൻ ഊര് മൂപ്പന്റെ കുടിൽ കാണിച്ചു തന്നു. ഊരു മുപ്പൻ വരാന്തയിൽ കുനിഞ്ഞു കൂടിയിരിപ്പുണ്ടായിരുന്നു. മുനീർ പറഞ്ഞു: “ഇവർ കോഴിക്കോട്ട് നിന്ന് വരുന്നു. പണിയരെക്കുറിച്ചറിയാനും മനസ്സിലാക്കാനും വന്നതാണ്.”
ഊരുമൂപ്പൻ തലകുലുക്കി. ചളി പിടിച്ച ഒരു കറുത്ത മുണ്ടുകൊണ്ടു അയാൾ മേൽമൂടിയിരുന്നു. ചുരുൾ മുടി സ്പ്രിങ്ങ് പോലെ തലയിൽ പറ്റിക്കിടക്കുന്നു. ചുളിഞ്ഞു കറുത്ത മുഖം. വെറ്റിലക്കറ പിടിച്ച പല്ലുകൾ. ചുണ്ടുകളിൽ മുറുക്കിയതിന്റെ പാടുകളുണ്ട്. അയാളുടെ കൈയിൽ ഒരു നീളൻ വടിയുണ്ടായിരുന്നു. അയാൾ വടി താഴെവെച്ച് സ്നേഹത്തോടെ കുട്ടിപ്പട്ടാളത്തെ നോക്കി.
ജൂനു എന്നെ നോക്കി, മെല്ലെ സഞ്ചിയിൽ നിന്നും ഒരു പൊതിയെടുത്തു. ഞാനത് മൂപ്പന് നല്കാൻ കണ്ണു കൊണ്ട് ആംഗ്യം കാണിച്ചു. അവൾ മൂപ്പന് നേരെ നീട്ടി. മൂപ്പനത് മനസ്സില്ലാമനസ്സോടെ വാങ്ങുമ്പോൾ ജുനു പറഞ്ഞു. “ഇവിടെ കുട്ടികൾക്ക് വീതിച്ച് കൊടുക്കണം.” മൂപ്പൻ തല കുലുക്കി.
മുനീർ പറഞ്ഞു: “കുട്ടികളുടെ സംശയങ്ങൾക്ക് മൂപ്പൻ ഉത്തരം നല്കണേ.”
മൂപ്പനപ്പോഴും തലകുലുക്കി. കുട്ടിപ്പട്ടാളത്തിന്റെ ചോദ്യങ്ങളിൽ പണിയരുടെ ജീവിതത്തെക്കുറിച്ചുള്ള അന്വേഷണം. പണിയ ജീവിതത്തേക്കുറിച്ചുള്ള ഒരു നഖചിത്രം ഉത്തരങ്ങളിൽ വിടർന്നു.
തുടരും…