എല്ലാം മായ്ക്കുന്ന കടലിനെ ഭൂമിയിൽ നിന്ന് മായ്ച്ചു കളയുമോ പ്ലാസ്റ്റിക് കൂമ്പാരം? ഈ ആശങ്കയുമായാണ് ലോകമെങ്ങും ജൂൺ 8 സമുദ്രദിനമായി ആചരിച്ചത്. 2050 ആകുമ്പോഴേക്കും കടലിൽ മീനുകളേക്കാൾ അധികം പ്ലാസ്റ്റിക്കായിരിക്കും. സ്വിറ്റ്സർലൻഡിലെ ദാവോസിൽ ചേർന്ന വേൾഡ് എക്കണോമിക് ഫോറം ഇങ്ങനെയൊരു പ്രവചനം നടത്തിയിട്ട് വർഷം രണ്ട് കഴിഞ്ഞു. പക്ഷേ പ്ലാസ്റ്റിക് മാലിന്യം നമ്മുടെ സമുദ്രങ്ങളെ ഇപ്പോഴും വിഴുങ്ങി കൊണ്ടിരിക്കയാണ്.
ബ്രസീലിലെ റിയോ ഡി ജനീറോയിൽ 1992-ൽ ചേർന്ന ഭൗമ ഉച്ചകോടിയിൽ കനേഡിയൻ സർക്കാരാണ് സമദ്ര സംരക്ഷണ സന്ദേശം പ്രചരിപ്പിക്കാനായി ഒരു ദിനം മാറ്റിവക്കണമെന്ന് നിർദ്ദേശിച്ചത്. കുറച്ച് വർഷങ്ങൾക്ക് ശേഷം 2008ലാണ് ലോകസമുദ്രദിനം എന്ന ആശയം ഐക്യരാഷ്ട്രസഭ അംഗീകരിച്ചത്. ഓരോ വർഷവും 8 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിൽ പതിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. അതായത് ഓരോ മിനിട്ടിലും ഒരു ട്രക്ക് ലോഡ് മാലിന്യം കടലിൽ എത്തുന്നുണ്ട് എന്നർത്ഥം. ഇങ്ങനെ അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യം ഭക്ഷിച്ച് ചത്തൊടുങ്ങിയ കടലാമയെ കുറിച്ച് നിങ്ങൾ ഈ ലക്കത്തില്‍ തന്നെ വായിച്ചില്ലേ? വടക്കൻ ശാന്തസമുദ്രത്തിനു മീതെ പറന്നു നടക്കുന്ന 60 ശതമാനം കടൽ കാക്കളുടെയും ഉദരത്തിൽ പ്ലാസ്റ്റിക് അവശിഷ്ടങ്ങളുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
നമുക്കെന്താണ് ചെയ്യാൻ കഴിയുക എന്ന് കൂട്ടുകാർ ആലോചിച്ചിട്ടുണ്ടോ? കടലും തീരവും കണ്ടു മടങ്ങുമ്പോൾ ഐസ്ക്രീം കപ്പുകൾ കൊണ്ടും പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടും അവിടം മലിനമാക്കാതിരിക്കുക. നമ്മൾ അവിടെ ഉപേക്ഷിച്ചു പോകുന്ന മാലിന്യങ്ങളെല്ലാം കടലിലടിയും.
പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം പരമാവധി കുറക്കുക, പ്ലാസ്റ്റിക് , അലൂമിനിയം ഫോയിലുകളിൽ ഭക്ഷണം പൊതിയുന്ന പതിവ് ഉപേക്ഷിക്കുക, പ്ലാസ്റ്റിക് കപ്പുകൾക്കും സ്ട്രോകൾക്കും പകരം സ്റ്റീലോ കടലാസോ കൊണ്ടുണ്ടാക്കിയ കപ്പുകളും സ്ട്രോയും ഉപയോഗിക്കുക, ചൂയിംങ് ഗം ചവക്കുന്ന ശീലം ഉപേക്ഷിക്കുക. പ്ലാസ്റ്റിക്കിന്റെ മറ്റൊരു വകഭേദമായ സിന്തറ്റിക് റബ്ബർ കൊണ്ടാണ് അവ നിർമ്മിക്കുന്നത്.