പ്രഗല്ഭനായ ശാസ്ത്രാധ്യാപകനായിരുന്നു ആർ.ചന്ദ്രശേഖര അയ്യർ. ഒരു ദിവസം അദ്ദേഹം ജോലി കഴിഞ്ഞെത്തിയപ്പോൾ മകൻ അടുത്തെത്തി ചോദിച്ചു, “അച്ഛാ, എനിക്ക് കുറച്ച് ഇരുമ്പു തകിട്, കമ്പി ച്ചുരുൾ, ഈയം ഇതൊക്കെ വാങ്ങി തരുമോ?” മകന്റെ ആവശ്യം കേട്ട് അച്ഛൻ അമ്പരന്നു. ”ങ്ഹേ? ഇതൊക്കെ നിനക്കെന്തിനാ? നീ ചെറിയ കുട്ടിയല്ലേ? പോയി കളിപ്പാട്ടങ്ങളുമായി കളിക്കൂ”

മകൻ വിട്ടില്ല, അവൻ അച്ഛനോട് വീണ്ടും തന്റെ ആവശ്യം ഉന്നയിച്ചു.
”അച്ഛാ.. എനിക്കിഷ്ടമുള്ള കളിപ്പാട്ടങ്ങൾ അതൊക്കെയാണ്, ഒന്നു വാങ്ങി തരൂ അച്ഛാ.”
എന്നാൽ ആ അച്ഛനാകട്ടെ പിറ്റേന്നും അതിന്റെ പിറ്റേന്നുമൊന്നും മകൻ പറഞ്ഞവ വാങ്ങി കൊടുത്തില്ല. കുട്ടിയാകട്ടെ ഓരോ ദിവസവും തന്റെ ആവശ്യം ആവർത്തിച്ചുകൊണ്ടിരുന്നു. സഹികെട്ട ചന്ദ്രശേഖര അയ്യർ ഒരു ദിവസം മകൻ പറഞ്ഞതെല്ലാം വാങ്ങിക്കൊണ്ടുവന്ന് അവന് നേരെ നീട്ടി.” ഇതാ.. നീ പറഞ്ഞതെല്ലാമുണ്ട്. ഇതൊക്കെ വച്ച് എന്തു ചെയ്യാൻ പോന്നു?”
“അച്ഛൻ പേടിക്കേണ്ട. ഉപദ്രവമുണ്ടാക്കുന്നതൊന്നും ഞാൻ ചെയ്യില്ല “എന്നുറപ്പു നല്കി സാധനങ്ങളുമായി അവൻ അടുത്ത മുറിയിലേക്ക് പോയി. അടുത്ത ദിവസം വൈകിട്ട് ജോലി കഴിഞ്ഞെത്തിയ ചന്ദ്രശേഖര അയ്യർ മകന്റെ മുറിയിലിരിക്കുന്ന സാധനം കണ്ട് ഞെട്ടി.”എന്തായിത്? ഇതാരാ ഈ ഡൈനാമോ  ഇവിടെ കൊണ്ടുവച്ചത് ? ” അച്ഛന്റെ ചോദ്യം കേട്ട് ചിരിച്ചു കൊണ്ട് മകൻ ഉത്തരം പറഞ്ഞു
” അച്ഛാ.. അച്ഛൻ വാങ്ങിത്തന്ന തകിടും ഈയവും കമ്പിച്ചുരുളും കൊണ്ട് ഞാൻ തന്നെയാണ് ഈ ഡൈനാമോ ഉണ്ടാക്കിയത്.” പത്തു വയസ്സു പോലും തികയാത്ത മകന്റെ കഴിവിനു മുമ്പിൽ അമ്പരന്നു നില്ക്കാനേ ആ പിതാവിനു കഴിഞ്ഞുള്ളൂ. ആ മകൻ പില്കാലത്ത് ആരായി തീർന്നു എന്നറിയേണ്ടേ? 1930-ൽ ഫിസിക്സിനു നോബേൽ സമ്മാനം നേടിയ ഭൗതീക ശാസ്ത്രജ്ഞൻ സി.വി.രാമൻ
(തയ്യാറാക്കിയത് – ലക്ഷ്മി)

1 Comment

Bindu Jayan December 17, 2018 at 6:32 pm

Lakshmy Good

Leave a Comment

FOLLOW US