കഴിഞ്ഞയാഴ്ച തായ്‌ലാന്റില്‍ നിന്നൊരു വാര്‍ത്ത വന്നത് ശ്രദ്ധിച്ചോ ? അവശനായൊരു കടലാമയെ ഏതാനും ഗവേഷകര്‍ ചേർന്ന് കരക്കെത്തിച്ചു. വയറ് കീറി പരിശോധിച്ചപ്പോള്‍ കണ്ടത് പ്ലാസ്റ്റിക് കഷ്ണങ്ങളും നാരുകളും. വലിയൊരു ശതമാനം കടലാമകളുടേയും വയറ്റിനുള്ളില്‍ ഈ രീതിയില്‍ പ്ലാസ്റ്റിക് ഉണ്ടെന്നും അവ കൂട്ടത്തോടെ ചത്തുപോകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആമ മാത്രമല്ല, തിമിംഗലം ഉള്‍പ്പെടെ മറ്റ് കടല്‍ജീവികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. പസഫിക് സമുദ്രത്തില്‍ പ്രതിവര്‍ഷം വന്നടിയുന്ന പ്ലാസ്റ്റിക്കിന്റെ അളവ് 80,000 ടൺ വരുമത്രേ. 13 മില്യൺ ടൺ പ്ലാസ്റ്റിക് മാലിന്യമാണ് ഒരു വര്‍ഷം ലോകവ്യാപകമായി കടലില്‍ അടിയുന്നത്.

പാലക്കാട് നിന്ന് വന്ന ഒരു വാര്‍ത്ത കൂടി നോക്കാം. കിനാശ്ശേരിയിലെ ഒരു നെല്‍പാടത്ത് നിന്ന് കൊയ്‌തെടുത്ത നെല്ലിനൊപ്പം കിട്ടിയത് കുപ്പിച്ചില്ല്. മദ്യപാനികള്‍ നെല്‍ച്ചെടികളിലേക്ക് വലിച്ചെറിഞ്ഞ കുപ്പികളാണ് നെല്ലിനൊപ്പം കൊയ്ത്ത്‌യന്ത്രം മുറിച്ചെടുത്തത്. മില്ലില്‍ കുത്തി അരിയാക്കിയപ്പോള്‍ കുപ്പിച്ചില്ല് അരിക്കൊപ്പം പൊടിഞ്ഞുകൂടി. അരി മുഴുവന്‍ വലിച്ചെറിയേണ്ടിവന്നു കര്‍ഷകന്. അതിലേറെയാണ് നെല്‍പാടങ്ങളിലടിയുന്ന പ്ലാസ്റ്റിക് മാലിന്യം. ഈ മാലിന്യം മൂലം കൃഷി ചെയ്യാനാവാത്തവിധം മണ്ണ് മലിനമാകുന്ന അവസ്ഥയുണ്ട്.

ആനകളും മാനുകളും പ്ലാസ്റ്റിക് തിന്നുന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. കടല്‍ ജീവികള്‍ക്കും വനജീവികള്‍ക്കും കര്‍ഷകര്‍ക്കും മാലിന്യം മൂലം ജീവിക്കാനാവാതെ വന്നിരിക്കുന്നു. അടുത്ത മുപ്പത് വര്‍ഷത്തിനുള്ളില്‍ സമുദ്രങ്ങളില്‍ മത്സ്യങ്ങളേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യമായിരിക്കുമെന്ന് ലോകം ആശങ്കപ്പെടുന്നുണ്ട്. കൃഷിഭൂമിയുടെ സ്ഥിതിയും വ്യത്യസ്തമാവില്ല.
പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പോരാടാനായിരുന്നുവല്ലോ ഇത്തവണ ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം. ഇത്രയേറെ പ്ലാസ്റ്റിക് മാലിന്യം കടലിലും കാട്ടിലും കൃഷിഭൂമിയിലും എത്തുന്നത് എങ്ങനെയാണ് ? മനുഷ്യന്‍ മാത്രമാണ് അതിന്റെ ഉത്തരവാദി.

പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്യാന്‍ ഇന്ന് സംവിധാനമുണ്ട്. റീസൈക്കിൾ നടത്താനാവാത്തത് ഉരുക്കി റോഡ് ടാര്‍ ചെയ്യുന്നതിനൊപ്പം ഉപയോഗിക്കുന്നുണ്ട്. പക്ഷേ മണ്ണില്‍ അലക്ഷ്യമായി വലിച്ചെറിയുമ്പോള്‍ അത് റീസൈക്കിള്‍ ചെയ്യാനാവാത്ത അവസ്ഥയിലാകും. ഉപയോഗം കുറക്കുക, വീണ്ടും ഉപയോഗിക്കുക, റീസൈക്കിള്‍ ചെയ്യുക എന്നതാണ് പ്ലാസ്റ്റിക്കിനെതിരായ പോരാട്ടത്തിന്റെ അടിസ്ഥാന പാഠം. പക്ഷേ അമിതമായ പ്ലാസ്റ്റിക് ഉപയോഗവും അലക്ഷ്യമായ വലിച്ചെറിയലും നമ്മള്‍ നിര്‍ത്തുന്നില്ല. ക്ലാസിലൊക്കെ ബിന്‍ വച്ചിട്ടുണ്ടല്ലോ ? എത്ര ചെറുതായാലും, ഒരു മിഠായി കവര്‍ പോലും വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുക. ക്ലാസിലായാലും വീട്ടിലായാലും പൊതുസ്ഥലങ്ങളിലായാലും, അതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുക. അതുകൊണ്ട് മാത്രം ബാധ്യത തീരില്ല. പ്ലാസ്റ്റിക് റീസൈക്ലിങ്ങിന് വിധേയമാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുക കൂടി വേണം. പ്ലാസ്റ്റിക്കിനെതിരെ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് വിദ്യാര്‍ഥികളായ നിങ്ങള്‍ സ്വയം ചിന്തിക്കുക. അതിന്റെ അപകടങ്ങള്‍ സ്വയം തിരിച്ചറിയുക. ഈ പരിസ്ഥിതി ദിനത്തില്‍ യു.എന്‍ ആഹ്വാനം ചെയ്ത പോലെ ഭൂമിയുടെ അന്തകനാകുന്ന പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പോരാടുക.

മരം നടുന്നതും പ്ലാസ്റ്റിക്കിനെ തുരത്തുന്നതും മാത്രമല്ല പരിസ്ഥിതി സംരക്ഷണത്തിനുള്ള പരിഹാരം. മറ്റനേകം ഭീഷണികള്‍ പ്രകൃതി നേരിടുന്നുണ്ടെന്നറിയാമല്ലോ ? നമ്മുടെ പ്രവര്‍ത്തികള്‍ കൊണ്ട് പരിസ്ഥിതിക്ക്  നാശം സംഭവിക്കുന്നില്ല എന്ന്‍ ഉറപ്പു വരുത്താന്‍ നമുക്ക് കഴിയണം.

(ലേഖകൻ – ഐ. ആർ. പ്രസാദ്)

 

0 Comments

Leave a Comment

FOLLOW US