
ഇപ്പോൾ അറുപതാം വർഷം ആഘോഷിക്കുന്ന കേരള നിയമ സഭയിലെ ആദ്യ മുഖ്യമന്ത്രിയായിരുന്നു ഇ.എം.എസ്. പിതാവ് പരമേശ്വരൻ നമ്പൂതിരിപ്പാട് കുഞ്ഞുനാളിലെ മരിച്ചു. ‘അമ്മ വിഷ്ണുദത്തയാണ് കുട്ടിയായിരുന്ന ഇ.എം.എസ് നെ പിന്നീട് വളർത്തിയത്. കടുത്ത യാഥാസ്ഥിക കുടുംബത്തിലാണ് ഇ.എം.എസ് വളർന്നത്. അച്ഛന്റെ അഭാവത്തിൽ മനയിലെ കാര്യങ്ങൾ നോക്കി നടത്താനാനെത്തിയ ബന്ധുവായ മേച്ചെരി നാരായണൻ നമ്പൂതിരിപ്പാടിന്റെ പുരോഗമന പരമായ കാഴ്ച്പ്പാടുകൾ ഇ.എം.എസ് നെയും കാര്യമായി സ്വാധീനിച്ചു. എഴുത്ത്, വായന, കണക്ക് എന്ന പതിവ് രീതി വിട്ടു സംസ്‌കൃതമാണ് കുട്ടി ശങ്കരൻ ആദ്യം പഠിച്ച് തുടങ്ങിയത്. ആദ്യമായി മലയാളത്തിൽ എഴുതുന്നത് പതിനാലാമത്തെ വയസ്സിലാണ്. 1925 ജൂണിൽ പെരിന്തൽമണ്ണ ഹൈസ്ക്കൂളിൽ മൂന്നാം ഫോറത്തിൽ ചേർന്നു. ഹൈസ്ക്കൂൾ പഠനകാലത്ത് ശങ്കരൻ അങ്ങാടിപ്പുറത്തു നടന്ന യോഗക്ഷേമ സഭയുടെ ഇരുപതാം സമ്മേളനത്തിൽ സന്നദ്ധ പ്രവർത്തകനായി പങ്കെടുക്കുകയുണ്ടായി. സ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ സാമൂഹിക പ്രവർത്തനങ്ങളോടുള്ള താത്പര്യം ആ കുട്ടിയിൽ ഉദയംകൊണ്ടിരുന്നു.
