ആഹാരത്തിനു മുട്ടുവരുമ്പോൾ പുസ്തകങ്ങൾ ഇല്ലാത്തൊരു ലോകത്തേക്ക് പോകുവാൻ ചെറുപ്രായത്തിൽ തന്നെ കുട്ടികൾ നിർബന്ധിതരാകുന്നു. അവരുടെ ജീവിതം ഇങ്ങനെ തീരേണ്ടതാണോ?

2025 – ആകുന്നതോടെ ലോകത്ത് ബാലവേല പൂർണമായും അവസാനിപ്പിക്കുക എന്നത്, 2015-ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടതാണ്. കുട്ടികൾ തൊഴിലെടുക്കാത്ത ലോകം എന്ന ലക്ഷ്യം യാഥാർഥ്യമാക്കുന്നതിന്, സുരക്ഷിതവും ആരോഗ്യകരവുമായ തലമുറയ്ക്കായി എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടികൾക്കാണ് 2018-ൽ ഐക്യരാഷ്ട്ര സഭ നേതൃത്വം നൽകുന്നത്.

കുട്ടികളും കൗമാരക്കാരും

പുതിയ നിയമമനുസരിച്ച്, 14 വയസ്സിന് താഴെ പ്രായമുള്ളവർ കുട്ടികളും, 14-നും 18-നുമിടയിൽ പ്രായമുള്ളവർ കൗമാരക്കാരുമാണ്. 14 വയസ്സുവരെ പ്രായമുള്ള കുട്ടികളെക്കൊണ്ട് ഒരു തൊഴിലും ചെയ്യിക്കാൻ പാടില്ല. എന്നാൽ, സ്വന്തം കുടുംബം നടത്തുന്ന തൊഴിൽസംരംഭങ്ങളിലും വിനോദവ്യവസായങ്ങളിലും കുട്ടികൾക്ക് പങ്കെടുക്കാം.

കുടുംബത്തെ സഹായിക്കുന്നതിന്, ദൃശ്യ ശ്രവ്യ വിനോദ പരിപാടികൾ, പരസ്യം, സിനിമ, ടി.വി. സീരിയലുകൾ എന്നിവയിൽ കുട്ടികൾക്ക് പ്രവർത്തിക്കാം. സർക്കസ് ഒഴികെയുള്ള കായികപരിപാടികളിൽ ഏർപ്പെടുന്നതിലും തെറ്റില്ല. എന്നാൽ ഇവ കുട്ടികളുടെ ആരോഗ്യത്തെയോ ജീവനെയോ വിദ്യാഭ്യാസത്തെയോ പ്രതികൂലമായി ബാധിക്കാത്ത രീതിയിലാവണം. ഇത്തരം പ്രവർത്തനങ്ങൾ സ്കൂൾപഠനസമയം കഴിഞ്ഞോ അവധിക്കാലത്തോ നടത്തണം. ഇത്തരം പ്രവർത്തനമേഖലകളിൽ കർശനമായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിരിക്കുകയും വേണം.

 

കുട്ടിത്തൊഴിൽ കുറ്റകൃത്യം

ഇന്ത്യയിൽ ബാലവേല തടയുന്നതിന് 2016 സെപ്റ്റംബർ 1-ന് പ്രാബല്യത്തിൽ വന്ന നിയമമാണ് ബാലവേല നിരോധന നിയന്ത്രണ ഭേദഗതി നിയമം (ചൈൽഡ് ലേബർ പ്രോഹിബിഷൻ റെഗുലേഷൻ അമന്റ്മെന്റ് ആക്ട് – 2016). 1986-ലെ ബാല- കൗമാരവേല നിരോധന – നിയന്ത്രണ നിയമത്തിൽ (ചൈൽഡ് അഡോളസെന്റ് ലേബർ പ്രോഹിബിഷൻ റെഗുലേഷൻ ആക്ട് – 1986) കാതലായ ചില മാറ്റങ്ങള്‍  വരുത്തിക്കൊണ്ടാണ് ഈ നിയമം നിലവിൽ വന്നത്.

 

 

ശരണബാല്യം

കേരളത്തെ ബാലവേലവിമുക്ത സംസ്ഥാനമാക്കുന്നതിന് വനിതാ ശിശുവികസനവകുപ്പ് വഴി നടപ്പിലാക്കുന്ന സർക്കാർപദ്ധതിയാണ് ശരണബാല്യം. ഭിക്ഷാടനത്തിൽ നിന്നും തെരുവുജീവിതത്തിൽ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

തീർഥാടനകേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, നഗരപ്രദേശങ്ങൾ, തീവണ്ടികൾ എന്നിവിടങ്ങളിൽ സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും കുട്ടികളെ ജോലിയെടുപ്പിക്കാനും ഭിക്ഷാടനത്തിനും മറ്റ് ചൂഷണങ്ങൾക്കുമായി എത്തിക്കുന്നവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുകയും ഇത്തരം മാഫിയാസംഘങ്ങളുടെ കൈകളിൽനിന്ന് കുട്ടികളെ മോചിപ്പിച്ച് പുനരധിവസിപ്പിക്കുകയുമാണ് ശരണബാല്യം പദ്ധതിയുടെ പ്രധാന ലക്ഷ്യം.

തടവും പിഴയും

കുട്ടികളെക്കൊണ്ടും കൗമാരക്കാരെക്കൊണ്ടും തൊഴിലെടുപ്പിക്കുന്നത് ആറുമാസംമുതൽ രണ്ടുവർഷംവരെ തടവോ 20,000 രൂപമുതൽ 50,000 രൂപവരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കുട്ടിപ്പണിക്കാരില്ലാത്ത ലോകമാണ് നമുക്ക് വേണ്ടത്.

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content