മലയാള കവിതയുടെ രോമാഞ്ചമെന്ന്‌ പ്രകീർത്തിക്കപ്പെടുന്ന മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള ലോകത്തോട്‌ വിടപറഞ്ഞിട്ട് ഇക്കഴിഞ്ഞ ജൂൺ 17-ന് എഴുപതുവർഷം തികഞ്ഞു. അനശ്വരമായ കവിതയിലൂടെ ചങ്ങമ്പുഴ ഇന്നും വായനക്കാരുടെ മനസുകളില്‍ ജീവിക്കുന്നു.

 

”അച്ഛനും മുത്തച്ഛനും കൂടിയാണ് എന്നെ സ്കൂളിൽ ചേർത്തത്. ക്ലാസിലേക്കു ഞാൻ നയിക്കപ്പെട്ടു. അവിടെ ഒരു സാറുണ്ട്. സാറിന്റെ കയ്യിൽ ഒരു ചൂരലും! അത് കണ്ടമാത്രയിൽതന്നെ എന്റെ ജീവൻ പകുതി പോയി. അച്ഛനും മുത്തച്ഛനും ജനലിനു വെളിയിൽ നിന്നുകൊണ്ട് സാറുമായി എന്തോ സംസാരിക്കുകയാണ്. കുറച്ചുനേരം കഴിഞ്ഞ് അവർ പോയി. എനിക്കുണ്ടായ സങ്കടത്തിന് അതിരില്ല.” അഞ്ചുവയസ്സുള്ളപ്പോൾ ചങ്ങമ്പുഴയെ ഇടപ്പള്ളി ഗവ. പ്രൈമറി സ്കൂളിൽ ഒന്നാംക്ലാസിൽ ചേർത്തതിനെപ്പറ്റി അദ്ദേഹം എഴുതിയതാണിത്.

 

കൂട്ടുകാരുടെ കൃഷ്ണൻകുട്ടി

 

പ്രകൃതിരമണീയമായ ഇടപ്പള്ളിയിലായിരുന്നു ചങ്ങമ്പുഴയുടെയും സഹോദരന്റെയും ബാല്യകൗമാരകാലങ്ങൾ പിന്നിട്ടത്. കവിയുടെ അമ്മ ആറു പ്രസവിച്ചെങ്കിലും രണ്ട് ആൺകുട്ടികൾ മാത്രമേ ജീവിച്ചിരുന്നുള്ളൂ. അതിൽ മൂത്തമകനായിരുന്നു ചങ്ങമ്പുഴ കൃഷ്ണപിള്ള. അനുജൻ പ്രഭാകരൻ. കൂട്ടുകാർ അദ്ദേഹത്തെ കൃഷ്ണൻകുട്ടി എന്നായിരുന്നു വിളിച്ചിരുന്നത്. അമ്മ വാത്സല്യപൂർവം കൊച്ചുകുട്ടൻ എന്നും വിളിച്ചു. ധാരാളം കൂട്ടുകാരുണ്ടെങ്കിലും വാശിയും ശൗര്യവും കുസൃതിയും കൂടുതലായിരുന്നു കൊച്ചുകുട്ടന്. വലിയ കഥകളിപ്രേമിയായിരുന്ന അദ്ദേഹം കഥകളി എവിടെയുണ്ടെങ്കിലും ഉറക്കമിളച്ചിരുന്ന് പോയി കാണുമായിരുന്നു.

 

രണ്ടാംക്ലാസുകാരന്റെ ഒളിച്ചോട്ടം

 

ക്ലാസിൽ എപ്പോഴും മനോരാജ്യം കണ്ടുകൊണ്ടിരുന്ന കുട്ടിയായിരുന്നു ചങ്ങമ്പുഴ. രണ്ടാംക്ലാസിൽ പഠിക്കുന്നകാലത്ത് ഒരിക്കൽ അദ്ദേഹം വീട്ടിൽനിന്ന് പുറപ്പെട്ടുപോയി. അതിനെപ്പറ്റി പിന്നീട് കവി തന്നെ പറയുന്നതിങ്ങനെയാണ്. ”വിദ്യാലത്തിലേക്കു പുറപ്പെട്ട ഞാൻ, കണ്ണിൽകണ്ട വഴികളിലൂടെയെല്ലാം നടന്ന് വീട്ടിൽനിന്ന് ഒന്നുരണ്ടു നാഴിക അകലെയുള്ള ഒരു സ്ഥലത്ത് മധ്യാഹ്നത്തോടുകൂടി ചെന്നുപറ്റി. വിശപ്പൊട്ടും സഹിക്കാതായപ്പോൾ ഉറക്കെ കരഞ്ഞുതുടങ്ങി. എന്റെ കരച്ചിൽ കേട്ട് അലിവു തോന്നി ആരോ ഒരാൾ എന്നെ വീട്ടിൽ കൊണ്ടുചെന്നാക്കി.” ആ ഇളംപ്രായത്തിൽ ഒളിച്ചോടിയതെന്തിനാണെന്നറിയില്ലെങ്കിലും മറ്റ് കുട്ടികളുമായി താരതമ്യംചെയ്യുമ്പോൾ സ്വന്തം അവസ്ഥ വളരെ പരിതാപകരമായിരുന്നു എന്ന ചിന്ത ആ കുഞ്ഞുമനസ്സിനെ നോവിച്ചിട്ടുണ്ടാകാം.

 

പശ്ചാത്തപിച്ച മനസ്സ്

 

ചങ്ങമ്പുഴയുടെ കുട്ടിക്കാലത്ത് അച്ഛൻ വളരെയധികം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കളിച്ചുനടക്കാതെ നന്നായി പഠിക്കണം. കൂട്ടുകൂടരുത്. അമ്പലത്തിൽ പോയി നിത്യവും പ്രാർഥിക്കണം. അച്ഛനെ താൻ ദുഷ്ടമൃഗത്തെക്കാൾ ഭയപ്പെട്ടിരുന്നതായി ചങ്ങമ്പുഴ എഴുതിയിരുന്നു. “സദാ പുസ്തകം വായിച്ചുകൊണ്ടിരിക്കണം. ഒന്നാംക്ലാസിൽ പഠിക്കുമ്പോൾതന്നെ ഞാൻ ബി.എ. ക്കാരനാകണമെന്നായിരിക്കും അദ്ദേഹം ആശിച്ചത്. പള്ളിക്കൂടത്തിലേക്ക് കാൽ ഫർലോങ് ദൂരമില്ല. അതിനാൽ രണ്ടാമത്തെ മണിയടിച്ചശേഷമേ വീട്ടിൽനിന്നിറങ്ങിക്കൂടൂ. യഥാർഥത്തിൽ സ്വതന്ത്രമായി ശ്വാസോച്ഛാസം ചെയ്യാൻപോലും ഞാൻ ഭയപ്പെട്ടിരുന്നു.”

 

അച്ഛൻ മരിച്ചു എന്ന് കേട്ടപ്പോൾ മകൻ സന്തോഷിക്കുകയാണ് ചെയ്തത്! അദ്ദേഹം എഴുതുന്നു: “അമ്മയും മറ്റും വാവിട്ടുകരയുന്നതിനിടയിൽ എന്റെ ശിശുഹൃദയം ആനന്ദനൃത്തംചെയ്യുകയായിരുന്നു. ചിരകാലമായി പ്രാർത്ഥിച്ചിരുന്ന, കൊതിച്ചിരുന്ന ആ അജ്ഞാതമായ സ്വാതന്ത്ര്യത്തിന്റെ മാധുര്യം അനുഭവിക്കാനുള്ള സൗഭാഗ്യം എനിക്കു സിദ്ധിച്ചിരിക്കുന്നു.” പൈശാചികമായ തന്റെയീ മനോഭാവത്തിൽ പിൽക്കാലത്ത് പലപ്പോഴും താന്‍ പശ്ചാത്തപിച്ചിരുന്നതായി ചങ്ങമ്പുഴ പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്.

 

കാവ്യനർത്തകി, ദേവത, രമണൻ, വാഴക്കുല, മനസ്വിനി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. മലയാളകവിതയിൽ പൊൻവസന്തം തീർത്ത ചങ്ങമ്പുഴയുടെ പ്രകൃതിരമണീയ കവിതകൾ ശ്രദ്ധേയമായിരുന്നു.

 

മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതകകാന്തിയില്‍ മുങ്ങിമുങ്ങി
കരളും മിഴിയും കവര്‍ന്നു മിന്നി
കറയറ്റൊരാലസല്‍ ഗ്രാമഭംഗി

 

പുളകംപോല്‍ കുന്നിന്‍ പുറത്തുവീണ
പുതുമൂടല്‍ മഞ്ഞല പുല്കി നീക്കി
പുലരൊളി മാമല ശ്രേണികള്‍ തന്‍
പുറകിലായ് വന്നു നിന്നെത്തി നോക്കി

 

ഇടയന്റെ പാട്ടിലലിഞ്ഞൊഴുകും
തടിനിയും താമരപ്പൊയ്കകളും
അരികെഴും നെല്‍പ്പാടവീഥികളും
പലപല താഴ്വരത്തോപ്പുകളും

 

തളിരും മലരും തരുപ്പടര്‍പ്പും
തണലും തണുവണിപ്പുല്‍പ്പരപ്പും
കളകളം പെയ്തുപെയ്തങ്ങുമെങ്ങും
ഇളകിപ്പറക്കുന്ന പക്ഷികളും

 

എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും
അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം
അഴകുമാരോഗ്യവും സ്വസ്ഥതയും
അവിടത്തില്‍ മൊട്ടിട്ടു നിന്നീടുന്നു.

 

(കാവ്യനർത്തകി)

1 Comment

Bindu July 19, 2018 at 6:49 pm

എത്രഎത്ര കേട്ടാലും മതിവരാത്ത വരികൾ !
ആലാപനവും ….. എത്ര വട്ടം വരികൾക്ക്‌ലൂടെ പോയാലും അർഥം കുളിരു കുളിർമ തരുന്നു …..

Leave a Reply to Bindu Cancel reply

FOLLOW US