[vc_row][vc_column][vc_column_text]ജീവിതയാഥാർഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോൻ. മെയ് 11 നാണ് അദ്ദേഹത്തിന്റെ ജന്മദിനം. (1911 മെയ്‌ 11 – 1985 ഡിസംബർ 22 )  എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിൽ കൊച്ചുകുട്ടൻ കർത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ചു, സസ്യശാസ്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം അധ്യാപകനായി. ഭാനുമതി അമ്മയെ വിവാഹം ചെയ്തു, രണ്ട് ആൺമക്കൾ.

മലയാളിയുടെ വയലുകൾക്കും തൊടികൾക്കും സഹ്യപർവ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴകൾക്കുമെല്ലാം കവിതയിലൂടെ അനശ്വരത നൽകിയ കവിയാണ്  വൈലോപ്പിള്ളി. കേരളത്തിന്റെ പുൽനാമ്പിനെ നെഞ്ചിലമർത്തിക്കൊണ്ട്‌ എല്ലാ സമുദ്രങ്ങൾക്കും മുകളിൽ വളർന്നു നിൽക്കുന്നു ഈ കവി.. മാമ്പൂവിന്റെ മണവും കൊണ്ടെത്തുന്ന വൃശ്ചികക്കാറ്റ്‌ മലയാളിയുടെ ഓർമ്മകളിലേക്ക്‌ സങ്കടത്തിന്റെ കണ്ണീരും  കൊണ്ടുവരുന്നുണ്ട്‌. വൈലോപ്പിള്ളിയുടെ മാമ്പഴത്തിലൂടെ നമ്മൾ അനുഭവിച്ച സങ്കടത്തിന്റെ ആഴം അത്രക്കും വലുതായിരുന്നു…

“ശ്രീ” എന്ന തൂലികാനാമത്തിൽ എഴുതിത്തുടങ്ങിയ കവിയുടെ കവിതകൾ പലതും കേരളത്തിൽ ഒരു ഭാവുകമാറ്റം  സൃഷ്ടിച്ചു. കേരളത്തിൽ ജന്മിത്തത്തിന്റെ അവസാന പിടിമുറുക്കൽ, സാമൂഹികവും സാമുദായികവുമായ മൂല്യങ്ങളുടെ പരിണാമഘട്ടം, ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങൾ, രണ്ട്‌ ലോകമഹായുദ്ധങ്ങൾ, അതിന്റെ ഫലമായുണ്ടായ പട്ടിണിയും ദാരിദ്ര്യവും, എന്നിങ്ങനെ തികച്ചും അശാന്തമായ ഒരു കാലഘട്ടത്തിലാണ്‌ കവി തന്റെ യൗവനം കഴിച്ചു കൂട്ടിയത്‌. കാലവും ലോകവും മാറുന്നു എന്നതാണ്‌ വൈലോപ്പിള്ളി കവിതയുടെ അടിസ്ഥാനം .വൈലോപ്പിള്ളിയുടെ സമപ്രായക്കാരനും, അടുത്തടുത്ത ഗ്രാമങ്ങളിൽ ജനിച്ചവരുമായിരുന്ന ചങ്ങമ്പുഴയുടേയും, ഇടപ്പള്ളി രാഘവൻപിള്ളയുടെയും കാൽപ്പനിക പ്രസ്ഥാനങ്ങൾ മലയാള കവിതാ രംഗത്തിൽ വെന്നിക്കൊടി പാറിച്ച്‌ നിൽക്കുന്ന അവസരത്തിൽ അതിൽ നിന്നും തീർത്തും വ്യത്യസ്തമായി യാഥാർഥ്യത്തിന്റെ ഒരു പാത വെട്ടിത്തെളിച്ചെടുത്തവരിൽ ഒരാളായിരുന്നു വൈലോപ്പിള്ളി.

“എന്തോ വ്യത്യാസമുണ്ടാ കൃതികൾക്ക്‌, വെറും പാലുപോലുള്ള കവിതകളല്ല, കാച്ചിക്കുറുക്കിയ കവിത” എന്ന് എം.എൻ. വിജയൻ ആ ശൈലിയെ വിശേഷിപ്പിച്ചിരുന്നു.

ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക്‌ പകർന്നു കൊണ്ടു പോകുന്ന തുടർച്ചയാണ്  കവിക്ക്‌ ജീവിതം. ഇന്നു വിതക്കുന്ന വിത്ത്‌ ലോകത്ത്‌ ആദ്യം നട്ട വിത്തിന്റെ തുടർച്ചയാണ്‌. നാളത്തെ പാട്ട്‌ ഇന്നിന്റെ പാട്ടിന്റെ തുടർച്ച തന്നെ ആണ്‌.

“കന്നിനാളിലെക്കൊയ്ത്തിനു വേണ്ടി

മന്നിലാദിയിൽ നട്ട വിത്തെല്ലാം

പൊന്നലയലച്ചെത്തുന്നു നോക്കൂ,

പിന്നെയെത്രയോ കൊയ്ത്തുപാടത്തിൽ

ഹാ, വിജിഗീഷു മൃത്യുവിന്നാമോ

ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ?”(കന്നിക്കൊയ്ത്ത്‌)

ജീവിതത്തിൽ ഒരിക്കൽ ചെയ്ത തെറ്റ്‌ ജീവിതാന്ത്യം വരേയും വേട്ടയാടിയേക്കാമെന്നും, ആരേയും വേദനിപ്പിക്കാതെ ജീവിക്കേണ്ടതിനെ  കുറിച്ചും കവി ഏറെ ഹൃദയംഗമമായി പാടിയിട്ടുണ്ട്‌. കവിയുടെ ഏറ്റവും പ്രശസ്തമായ കൃതികളിലൊന്നായ “മാമ്പഴം” അത്തരത്തിലൊരു കഥയാണ്  പറയുന്നത്‌. മാമ്പൂക്കുല ഒടിച്ചതിന്‌ തല്ലുകൊള്ളുമെന്നു പറഞ്ഞ മാതാവിനോട്‌ “മാമ്പഴം പെറുക്കുവാൻ ഞാൻ വരുന്നില്ല” എന്നു പറഞ്ഞ്‌ “വാനവർക്കാരോമലായ്‌” പോയ മകനെ ഓർത്ത്‌

“അങ്കണത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കെ

അമ്മതൻ നേത്രത്തിൽ നിന്നുതിർന്നു ചുടു കണ്ണീർ”   എന്നാണ് കവി പാടിയത് .

സഹ്യന്റെ മകൻ എന്ന കവിതയിൽ മനുഷ്യൻ പ്രകൃതിയോടു ചെയ്യുന്ന ദ്രോഹങ്ങൾക്കു കവിക്കുള്ള രോഷം കാണാം. അമ്പലത്തിൽ എഴുന്നള്ളിപ്പിനിടെ മദം പൊട്ടിയ ആന കാട്ടിയ പരാക്രമങ്ങളെല്ലാം പണ്ട്‌ അവനെ ഇണക്കുന്നതിനു മുൻപ്‌ അവൻ കാട്ടിൽ ചെയ്തിരുന്ന വിക്രിയകളായിരുന്നു. ഒടുവിൽ പട്ടാളക്കാരന്റെ വെടിയേറ്റു അവൻ നിലവിളിയോടെ വീണതിനെ  കുറിച്ചും കവി വിവരിക്കുന്നു .

“ദ്യോവിനെ വിറപ്പിക്കുമാ വിളി കേട്ടോ മണി-

ക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവം!

എങ്കിലുമതുചെന്നു മറ്റൊലിക്കൊണ്ടു പുത്ര-

സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തിൽ”       എന്നാണ്‌ കവിയും സങ്കടം സഹിക്കാതെ പാടിയത്‌.

കേരള ഗ്രാമജീവിതം വൈലോപ്പിള്ളിയുടെ ഇഷ്ടവിഷയങ്ങളിൽ ഒന്നായിരുന്നു, കൊയ്തും, മെതിയും, നാട്ടുമ്പുറവും കവിയെ ഏറെ പ്രചോദിപ്പിച്ചു. പ്രകൃതിയുടെ സൗന്ദര്യത്തെ വർണ്ണിക്കുന്ന മറ്റുള്ള കവികളിൽ നിന്ന് വ്യത്യസ്തമായി പ്രകൃതിയും മനുഷ്യനും ചേരുമ്പോഴുണ്ടാകുന്ന സൗന്ദര്യമായിരുന്നു അദ്ദേഹത്തിന്‌ പ്രിയങ്കരം. തന്റെ വിഷുക്കണി എന്ന കവിതയിൽ ഗ്രാമത്തിന്റെ നിഷ്കളങ്കതയും നന്മയും കവി വരച്ചിടുന്നു.

“ഏതു ധൂസരസങ്കൽപ്പത്തിൽ വളർന്നാലും,

ഏതു യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും,

മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും

മണവും മമതയും ഇത്തിരി കൊന്നപ്പൂവും”

(കയ്പവല്ലരി)​[/vc_column_text][vc_video link=”https://youtu.be/DzFDq-mhCF4″][/vc_column][/vc_row]

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content