താനിയയുടെ ചോദ്യത്തിൽ നിന്നാണ് ഈ യാത്ര. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ചരിത്ര സ്മാരകം ഏതാണെന്നായിരുന്നു താനിയയുടെ ചോദ്യം. അവളുടെ അനിയൻ അതുൽ ഒരു സംശയവുമില്ലാതെ ഉത്തരം നല്കി: ‘എടക്കൽ ഗുഹ’
ഞാൻ അതുലിന്റെ ഉത്തരം പിന്താങ്ങി: ‘എണ്ണായിരത്തോളം കൊല്ലം പഴക്കമുള്ള എടക്കൽ ഗുഹാചിത്രങ്ങൾ തന്നെയാണ് കേരളത്തിലെ പഴക്കം ചെന്ന വിസ്മയം.’
“കുട്ടിപ്പട്ടാളത്തെ എടക്കലിലൊരു നാൾ കൊണ്ട് പോകണമെന്ന് ഞാനാശിച്ചതാണ്. കേരളത്തിൽ ജനിച്ച ഒരാളും ഈ ഗുഹാചിത്രങ്ങൾ കാണാതെ പൊയ്ക്കുടാ. ഞാൻ സമ്മതിച്ചു: ‘തീരുമാനിച്ചോളു, എന്നാ എടക്കൽ പോകണ്ടേ?’
മിയ കലണ്ടറുമായെത്തി. ജൂനു എന്റെ ഡയറിയെടുത്തു. തീയതി കുറിച്ചു. രാവിലെ മലകയറ്റം എളുപ്പകരമായിരിക്കുമെന്നതിനാൽ തലേന്ന് രാത്രി വയനാട്ടിലെത്താമെന്ന് തീരുമാനിച്ചു. അടുത്ത ശനിയാഴ്ച വൈകുന്നേരം വൈത്തിരിയിലെത്താം. താമസത്തിന് അവിടെ സുഹൃത്തിന്റെ കൊച്ചു ബംഗ്ലാവ്. വയനാടൻ തണുപ്പും പച്ചപ്പും ആസ്വദിക്കാൻ ഒരു രാത്രി. പിറ്റേന്ന് കാലത്ത് എടക്കലിലേക്ക്.
ശനിയാഴ്ച. ഊണ് കഴിഞ്ഞയുടനെ പുറപ്പെട്ടു. ബസ്സിലായിരുന്നു യാത്ര. വൈകുന്നേരത്തോടെ വൈത്തിരിയിലെത്തി. ബംഗ്ലാവിലെത്തി. രാത്രി ഭക്ഷണം കഴിഞ്ഞ് ബംഗ്ലാവിലെ നടുവകത്ത് പായ വിരിച്ച് കുട്ടിപ്പട്ടാളം വട്ടത്തിലിരുന്നു. വയനാട്ടിലെ തണുപ്പിനെക്കുറിച്ചായിരുന്നു ആദ്യ ചർച്ച. മലമുകളിലായതു കൊണ്ടാണ് വയനാടിന് എപ്പോഴും ഒരു തണുപ്പെന്ന് അതുൽ പറഞ്ഞു. മിയക്കപ്പോൾ സംശയം: ‘എടക്കൽ ഗുഹ വലിയൊരു മലമുകളിലല്ലേ, അപ്പോ കൊടും തണുപ്പായിരിക്കോ?’
‘അമ്പലവയലിലെ അമ്പൂത്തിമലയിൽ കടൽനിരപ്പിൽ നിന്നും ആയിരത്തിയിരുന്നൂറ് മീറ്റർ ഉയരത്തിലാണ് ഗുഹ. എന്നാൽ അവിടെ വൈത്തിരിയിലെ തണുപ്പില്ല.’ ഞാൻ ഉത്തരമേകി.
‘വൈത്തിരി കടൽപ്പരപ്പിൽ നിന്നും ആയിരത്തിമുന്നൂറ് മീറ്റർ ഉയരത്തിലാണല്ലോ. അത് കൂടാതെ ആയിരം മീറ്റർ ഇനിയും കേറണം. സത്യത്തിൽ ഇത്രയും ഉയരത്തിൽ നിരത്തും വഴികളൊന്നുമില്ലാത്ത കാലത്ത് മനുഷ്യർ ഈ ഗുഹയിൽ താമസിച്ചുവെന്നത് വിശ്വസിക്കാനാവുന്നില്ല.’ അയിഷയുടെ അത്ഭുതം.
‘ശരിയാണ്, മൈസൂരിൽ നിന്ന് മലബാറിലേക്കുള്ള നടപ്പാതയിലൊന്നുമല്ല ഈ ഗുഹ. വൻമലയുടെ മീതെയായിട്ടും ക്രിസ്തുവിന് 6000 വർഷങ്ങൾക്ക് മുമ്പ് മനുഷ്യർ ഈ ഗുഹയിലെത്തി. തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള ഗുഹാചിത്രങ്ങളാണ് ഈക്കൂട്ടരൊക്കെ രേഖപ്പെടുത്തി വെച്ചിരിക്കുന്നത്. ഗുഹയിലെ പ്രാചീന ലിപികൾ കുറിക്കപ്പെട്ടത് രണ്ടായിരത്തി നാന്നൂറോളം വർഷങ്ങൾക്ക് മുമ്പാണ് ‘ ഞാൻ വിശദീകരിച്ചു.
‘എന്റെ പടച്ചോനേ, അയ്യായിരത്തഞ്ഞൂറ് കൊല്ലക്കാലം എടക്കൽ ഗുഹയിൽ പലരും കയറിയിറങ്ങിയിട്ടുണ്ടെന്നോ!’ സെന അത്ഭുതപ്പെട്ടു.
‘തീർച്ചയായും. പല കാട്ടുജാതിക്കാരും, നാട് വാണവരും ഈ ഗുഹയിൽ വന്ന് പോയിട്ടുണ്ടെന്നുറപ്പാണ്. ശിലായുഗത്തിലെ മനുഷ്യർ ഈ പ്രദേശങ്ങളിലുണ്ടായിരുന്നു. നവീന യുഗത്തിലും മനുഷ്യരുടെ കാലടി എടക്കൽ ഗുഹയിൽ പതിഞ്ഞിട്ടുണ്ടാവണം. കേരളത്തിലെ ഏറ്റവും പ്രാചീനത അവകാശപ്പെടാവുന്ന സാമൂഹിക ജീവിതത്തിന്റെ അടയാളങ്ങളാണ് എടക്കൽ ഗുഹയിലെ ചുമരുകളിൽ കാണുന്നത്.’ ഞാൻ സൈനയുടെ അത്ഭുതത്തെ ശരിവെച്ചു.
‘വണ്ടർഫുൾ ആന്റ് സോ പ്രഷ്യസ്.’ ഫെദുവിന്റെ കമന്റ്.
‘ഈ ഗുഹ മണ്ണ് മൂടിക്കിടക്കുകയായിരുന്നു. പിന്നീടെങ്ങിനെയാണ് കണ്ട് പിടിച്ചതെന്നറിയണ്ടേ?” ഞാൻ ചോദിച്ചു.
‘വേണം, അറിയണം.’ മിയ പറഞ്ഞു.
‘ആയിരത്തോളം കൊല്ലക്കാലം എടക്കൽ ഗുഹ കാടും പടലും പിടിച്ച് മണ്ണ് മൂടിക്കിടന്നു. 1890 ൽ വയനാട്ടിലെ തേയിലത്തോട്ടമുടമ കോളിൻ മക്കിൻസീ എന്ന സായിപ്പ് തന്റെ സുഹൃത്തായ ഫ്രെഡ് ഫോസറ്റിനെ വയനാട്ടിലേക്ക് നായാട്ടിന് ക്ഷണിച്ചു. ഫോസറ്റ് മലബാറിലെ പോലീസ് സുപ്രണ്ടായിരുന്നു. നായാട്ടിനിടയിൽ അമ്പലവയലിലെ മലമുകളിലെവിടെ നിന്നോ അദ്ദേഹത്തിന് മണ്ണിനടിയിൽ നിന്നും ഒരു കൽമഴു കിട്ടി. എനിക്ക് തുടർന്ന് പറയാനവസരം തരാതെ ഫെദു ഇടയ്ക്ക് കേറി: ‘വാട്ടീസ് കൽ മഴു, ഉവ്വാപ്പാ?’
‘നവീന ശിലായുഗത്തിൽ ജീവിച്ച മനുഷ്യരുണ്ടാക്കിയ കല്ലിന്റെ മഴു. ആക്സ് ഇൻ നാച്വറൽ സ്റ്റോൺ.’ ഞാൻ പറഞ്ഞു.
‘എന്നിട്ട്?’ മിയ എന്നെതന്നെ നോക്കുന്നു.
‘കൽമഴുവും മറ്റ് ശിലായുധങ്ങളും ഉപയോഗിച്ച മനുഷ്യർ വയനാട്ടിലുണ്ടായിരുന്നുവെന്ന് ഫോസറ്റ് ഊഹിച്ചു. അവരെക്കുറിച്ചറിയാനുള്ള അന്വേഷണത്തിൽ ഫോസറ്റ് അമ്പൂത്തി മലയിലെ ഗുഹ കണ്ടെത്തി. കാട് വെട്ടി മണ്ണ് മാറ്റി നോക്കിയപ്പോഴാണ് ചുമരുകളിലെ ശിലാരേഖകൾ കണ്ടത്. കുറുമ്പർ വിഭാഗത്തിൽപ്പെട്ട ആദിവാസികളുടെ രചനയായിരിക്കുമെന്നാണ് അദ്ദേഹം കരുതിയത്. പിന്നീട് 1894 ലും 1895 ലും ഫോസറ്റ് ഗുഹയിലെത്തി. ഫോസറ്റ്, ആർ സി ടെമ്പ്ൾ, കോളിൻ മെക്കിൻസീ, ഹൾറ്റ്സ്, ബ്യൂസ് ഫൂട്ട് എന്നിവർ ഇന്ത്യൻ ആന്റിക്വറിയിൽ 1901 ൽ എടക്കൽ ചിത്രങ്ങളെക്കുറിച്ച് ഒരു പഠനം പ്രസിദ്ധീകരിച്ചു. ലോകശ്രദ്ധ എടക്കൽ ഗുഹയിലെത്തുന്നതെങ്ങിനെയാണ്.’ ഞാൻ പറഞ്ഞ് നിർത്തി.
‘നൂറ്റിപ്പതിനെട്ട് വർഷങ്ങൾക്ക് ശേഷം കുട്ടിപ്പട്ടാളത്തിന്റെ ശ്രദ്ധ നാളെ എടക്കൽ ഗുഹയിലെത്തുന്നു.’ ബാസിം പറഞ്ഞു.
രാവിലെ എടക്കൽ യാത്രക്കായൊരുക്കിയ ജീപ്പ് ബംഗ്ലാവിന് മുന്നിലെത്തി. കുട്ടിപ്പട്ടാളം മുറ്റത്തിറങ്ങി നില്പ്പുണ്ടായിരുന്നു. സെനയും യാരിയും ഓരോരുത്തരെയായി ജീപ്പിനുള്ളിലേക്ക് കയറ്റി. സയുവും അതുലും എനിക്കൊപ്പം മുന്നിൽ. ജീപ്പ് മലമടക്കുകളിലൂടെ നീങ്ങി.
ഒരു മണിക്കൂർ കൊണ്ട് ജീപ്പ് അമ്പലവയലിലെത്തി. എടക്കൽ ഗുഹയിലേക്കുള്ള നിരത്തിലേക്ക് ജീപ്പ് നീങ്ങി. നിരത്ത് നന്നാക്കിയിട്ടുണ്ട്. എടക്കലിലേക്കുള്ള സന്ദർശകരുടെ എണ്ണവും കൂടിയിട്ടുണ്ട്. വണ്ടികൾ നിർത്തിയിടാൻ സ്ഥലമൊരുക്കിയിരിക്കുന്നു. കരകൗശല വസ്തുക്കൾ വില്ക്കുന്ന കടകൾ, ഹോട്ടൽ ഇവയൊക്കെ എടക്കൽ സന്ദർശകരുടെ എണ്ണം കൂടുന്നതിനുസരിച്ച് മാറുന്നു. ജീപ്പ് നിർത്തിയ സ്ഥലത്ത് നിന്നും ഒരു കിലോമീറ്ററോളം കേറ്റം കേറണം. നടക്കാം. ടൂറിസം പ്രൊമോഷൻ കൗൺസിൽ പ്രത്യേക ജീപ്പുകളൊരുക്കിയിട്ടുണ്ട്. വാടക മുൻകൂർ നല്കി, കാത്തു നില്ക്കുന്ന ജീപ്പിലേക്ക് കുട്ടിപ്പട്ടാളം കൂടുമാറി. ചെങ്കുത്തായ കേറ്റം.
വണ്ടി എടക്കലിന്റെ താഴെ നിർത്തി. അകത്ത് കേറാനുള്ള ടിക്കറ്റെടുത്തു. ആദ്യം ഒരു കൊച്ചു ഗുഹ. അതിനുള്ളിലൂടെ മീതോട്ട്. കൊച്ചു കോണികൾ കൊണ്ട് കുത്തനെയുള്ള പാറകളെ ബന്ധിപ്പിച്ചിരിക്കുന്നു.
കുട്ടിപ്പട്ടാളം ആദ്യ ഗുഹയുടെ അകത്ത് കേറി. ബാസിം മുന്നിൽ. സയുവും അതുലും അവനൊപ്പം. യാരിയും സെനയും ഒപ്പം. അവർക്ക് പിന്നിൽ അയിഷ, ഹാഷിയ, മിയ, ഫെദു. പിന്നിൽ ഞാനും ജനുവും.
ഇരുമ്പ് കോണി കേറിത്തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു: ‘ശ്രദ്ധിച്ച് കേറണം.’
അതിനിടയിൽ ആദ്യ ഗുഹയിലെ നീരൊഴുക്കും തെളിനീർ ജലവും കണ്ട് യാരി അത്ഭുതപ്പെട്ടു: ‘ഈ കുന്നിന് മുകളിലും കുടിവെള്ളം.
‘ ജുനു പറഞ്ഞു: അതുകൊണ്ടല്ലേ, എണ്ണായിരം കൊല്ലം മുമ്പും ആദിമർ ഇവിടെ രാപ്പാർത്തത്?’ “ഹു ആർ ആദിമർ?’ ഫെദു നെറ്റി ചുളിച്ചു.
‘ട്രൈബൽസ്, ഓർ അബോർജിൻസ്’ യാരി പറഞ്ഞു.
കോണികൾ കേറി ഗുഹാമുഖത്തെത്തി. ഗുഹയിലേക്ക് കേറുന്നതിന് മുമ്പെ ഇടതു ഭാഗത്തൊരു ഒഴിഞ്ഞ സ്ഥലം. ഇരിക്കാനിടം. കുട്ടിപ്പട്ടാളം കുറച്ച് നേരം അവിടെ നിന്ന്, താഴെ പച്ചത്തലപ്പുകൾ കൊണ്ട് പൊതിഞ്ഞ താഴ്വാരം ആസ്വദിച്ചു. തണുത്ത കാറ്റ് അവരെ വന്ന് മൂടി, കുന്ന് കേറിയതിലെ ക്ഷീണം ഒപ്പിയെടുത്തു.
ഗുഹയിലേക്ക് കേറുന്നിടത്ത് ഇരുമ്പ് കമ്പിയാലൊരു വേലി, ഗേറ്റ്. ഗേറ്റ് കടന്ന് ഗുഹയ്ക്കുള്ളിലേക്കിറങ്ങുമ്പോൾ ബാസിം ചിരിച്ചുകൊണ്ട് ചോദിച്ചു: ‘ഉപ്പാ ഈ കവാടം അയേൺ ഏജിൽ ഉണ്ടാക്കിയതാണോ?’
‘രാത്രി കാലങ്ങളിൽ ചിലർ അകത്ത് കേറുന്നത് തടയാനുണ്ടാക്കിയതാണ്. രാതി ഈ ഗേറ്റ് പൂട്ടും. പകൽ, കണ്ടില്ലേ, ഗുഹയ്ക്കകത്ത് കാവലിനും വിശ ദീകരണം തരാനും ആളുണ്ട്.’ ഞാൻ പറഞ്ഞു. ‘എന്തിനാ ഉവ്വാപ്പാ, കാവല്?’ മിയ ചോദിച്ചു. ‘സാമൂഹ്യ വിരുദ്ധർ ചുമരിൽ ഇരുമ്പ് കമ്പിയെടുത്ത് പലതും എഴുതി വെക്കും. വിലപിടിച്ച ചരിത്ര രേഖകൾ നശിപ്പിക്കുന്നവർ എല്ലായിടത്തുമുണ്ട്.’ ഞാൻ പറഞ്ഞു.
‘ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് അല്ലേ?’ സെന അഭിപ്രായപ്പെട്ടു.
ഗുഹയുടെ ഉള്ളിലേക്കിറങ്ങി. താഴെ സമനിരപ്പിൽ വലിയ ഹാൾ പോലെ ഒരിടം. ചുറ്റും ചുമരുപോലെ പാറപ്പുറം. കുട്ടിപ്പട്ടാളം താഴെ തമ്പടിച്ചയുടനെ ഞാൻ പറഞ്ഞു: ‘സത്യത്തിലിതൊരു ഗുഹയല്ല. മലയോ പാറയോ തുരന്നുണ്ടാക്കുന്നതാണ് ഗുഹ. ഈ ഗുഹ പ്രകൃതികോപത്താലുണ്ടായതാണെന്ന് കണക്കാക്കുന്നു. ലക്ഷക്കണക്കിന് കൊല്ലം മുമ്പുണ്ടായ ഒരു ഭൂകമ്പത്തിൽ വിണ്ടുകീറി മലയ്ക്കുള്ളിലൊരു വിടയൊഴിവ് വന്നു. മുകളിലേക്ക് നോക്കൂ, മീതെനിന്നെവിടെനിന്നോ മറ്റൊരു പാറ വന്ന് ഈ വിടയൊഴിവ് മൂടി, മീതെ തങ്ങി നിന്നു. മുപ്പതടിയോളം മീതെ ഉയരത്തിൽ വന്ന് തങ്ങിയ ഈ കല്ല് കാരണമാണ് ഈ സ്ഥലത്തിന് എടക്കൽ എന്ന പേര് വന്നത്. ‘ഇ കൽ’ എന്ന വാക്കുകൾ എടക്കല്ലായി മാറിയതാണെന്ന് അനുമാനിക്കുന്നു.’
‘റോക്ക് ഇൻബിറ്റ്വീൻ, അല്ലേ ഉവ്വാപ്പാ?’ ഫെദു ചോദിച്ചു. ‘കറക്റ്റ്’ ഞാൻ ഫെദുവിനെ നോക്കി തലകുലുക്കി. അതുൽ അവിടെയുണ്ടായിരുന്ന ഗൈഡിനോട് ചോദിച്ചു: ‘ഈ ഗുഹയുടെ വിസ്തീർണം?’
‘ഈ ഗുഹയ്ക്ക് ഇരുപത്തി രണ്ട് അടി വീതി, തൊണ്ണൂറ്റിയാറ് അടി നീളം.’ കയ്യിലുള്ള വടി കൊണ്ടടയാളം കാണിച്ച് ഗൈഡ് പറഞ്ഞു.
ഇടതുവശത്ത് മുകളിൽ കല്ല് പാറകളിൽ നിന്ന് വിട്ട് നില്ക്കുന്നു. വിടവിലൂടെ ഗുഹയ്ക്കുള്ളിൽ വെളിച്ചം വീഴുന്നു. മീതെ നോക്കി അയിഷ ചോദിച്ചു: ‘ഉവ്വാപ്പാ, ഇടക്കല്ല് തലയിലേക്ക് വീഴോ?’
‘വീണാ, ഞാൻ കൈകൊണ്ട് താങ്ങാം’ സയു പറഞ്ഞു.
‘പിന്നേ… നീ സൂപ്പർമാനാണല്ലോ?’ ഫെദു ചോദിച്ചു.
ഇടതും വലതും ചുമരുകളിലാണ് ചിത്രങ്ങളും പ്രാചീന ലിപികളും രേഖപ്പെടുത്തി വെച്ചിരിക്കുന്നത്. ഗുഹയിൽ ഒന്നൊരവർഷം മുമ്പ് സ്വിറ്റ്സർലൻണ്ട്കാരനായ ഹെർമൻ എപ്ളറോടൊപ്പം വന്നപ്പോൾ താഴേക്ക് ഇത്രക്ക് മണ്ണെടുത്തിരുന്നില്ല. ചുമരിന്റെ താഴെ ഭാഗത്തുള്ള ചിത്രങ്ങൾ കണ്ടിരുന്നുമില്ല. താഴെ ഖനനം നടത്തിയിരിക്കുന്നു. ഞാനക്കാര്യം ഗൈഡിനോട് ചോദിച്ചു. വടി താഴേക്ക് ചൂണ്ടി അയാൾ പറഞ്ഞു: ‘ഫോസറ്റ് എന്ന ഇംഗ്ലീഷുകാരന്റെ നേത്യത്വത്തിൽ മണ്ണെടുത്ത് നീക്കി നൂറ്റിപ്പതിനാല് കൊല്ലം കഴിഞ്ഞ് സംസ്ഥാന പുരാവസ്തു വകുപ്പ് പുനർഖനനം നടത്തിയിരുന്നു. കഴിഞ്ഞ വർഷം, 2008 ന്റെ തുടക്കത്തിൽ താഴെ ഉറച്ച് കിടന്ന കല്ലും മണ്ണും മാറ്റിയ പ്പോൾ നാൽപ്പതോളം ചെറിയ ചിത്രങ്ങൾ കൂടി കണ്ടെത്തി.’
‘2008 ലെ ഖനനത്തിൽ ചില ശിലായുധങ്ങൾ ലഭിച്ചിട്ടുണ്ട്. പുരാവസ്ത വകുപ്പ് അവ സൂക്ഷ്മ പഠനത്തിനായി കൊണ്ട് പോയിരിക്കുന്നു.’ ഗൈഡ് തുടർന്നു.
‘എന്താണീ ചിത്രങ്ങളുടെ അർത്ഥം?’ താനിയ ചോദിച്ചു.
നാല് മീറ്ററോളം ഉയരത്തിൽ നീണ്ട് കിടക്കുന്ന പല ചിത്രങ്ങൾ. ത്രികോണങ്ങൾ. ചതുരങ്ങൾ, ചക്രങ്ങൾ. ശൂലം. മൃഗരൂപങ്ങൾ. ഗൈഡ് വടിയറ്റം കൊണ്ട് ചിത്രങ്ങൾ വേർതിരിച്ചുകാട്ടി. മനുഷ്യരൂപം, നായ, കുറുക്കൻ, മാൻ, ആന, ചക്രങ്ങൾ: ‘ആദിമർ അവരുടെ ചുറ്റുവട്ടത്തെ കല്ലുളിയുപയോഗിച്ച് അടയാളപ്പെടുത്തിയിരിക്കുന്നു.’ ഗൈഡ് പറഞ്ഞു.
നീണ്ട് നില്ക്കുന്ന മനുഷ്യ രൂപങ്ങൾ. മുടിയെഴുന്ന് നില്ക്കുന്ന പോലെ കിരീടമാവണം. മനുഷ്യന്റെ കൈയിൽ ഒരു ത്രികോണാകൃതിയിലുള്ള ഉപകരണം. ചില മനുഷ്യർക്ക് മുഖംമൂടിയുണ്ട്. കനം കൂടിയ ആഭരണങ്ങളണിഞ്ഞവരും. സ്ത്രീരൂപം വ്യക്തമായും വേർതിരിച്ചറിയാം. ഒരു തറയിലെന്ന വിധം ഉയർന്ന സ്ഥലത്ത് കേറി നില്ക്കുന്നു. ഒരു സ്ത്രീയുടെ രൂപം ഗൈഡ് വടിയറ്റം കൊണ്ട് കാണിച്ചു തന്നു.
ചുമരിലെ ഒരു മനുഷ്യ രൂപത്തിന് ചതുരാകൃതിയിൽ മുഖം. പിരിയൻ രേഖകളിൽ അടിവയർ. ഏറ്റവും പ്രശസ്തമായ ചിത്രമെന്ന് പറഞ്ഞ്, ചുമരിലെ ഒരു മുഴുനീള മനുഷ്യരൂപം ഗൈഡ് ചൂണ്ടിക്കാട്ടി: ‘മുഖം മൂടിയണിഞ്ഞ ആൾ. മൂവായിരം വർഷങ്ങൾക്ക് മുമ്പെ വരച്ച ചിത്രമാണിതെന്ന് കണക്കാക്കുന്നു.’
‘മൈ ഗോഡ്, ത്രീ തൗസന്റ് ഇയേഴ്സ് ബാക്ക്!’ ഫെദു ആശ്ചര്യപ്പെട്ടു.
‘ചിത്രങ്ങളല്ലാതെ അക്ഷരങ്ങളൊന്നുമില്ലേ?’ ജുനു ചോദിച്ചു.
ഗൈഡ് ഉത്തരം നല്കി: ‘പ്രാചീന ലിപികളിൽ രേഖപ്പെടുത്തിയ മൂന്ന് കുറിപ്പുകളുണ്ട്. രണ്ടെണ്ണം വായിച്ചെടുക്കാനായിട്ടുണ്ട്. ഒന്നിൽ പറയുന്നത്, പല പുലികളെ വേട്ടയാടി ജയിച്ച ഒരു കുലാധിപനെക്കുറിച്ചാണ്.’
‘ഇതെങ്ങനാ വായിച്ചെടുക്കുന്നത്?’ ജുനു ചോദിച്ചു.
‘പ്രാചീന ലിപികൾ പലതും നേരത്തെ നമ്മൾ പഠിച്ചു വെച്ചിട്ടുണ്ട്. ലിപികൾ വേർതിരിച്ച് വാക്കുകൾ മനസ്സിലാക്കുന്നു. വായിച്ചെടുക്കാൻ പ്രത്യേക പരിശീലനം വേണം. ബാപ്പയുടെ കൂട്ടുകാരൻ രാഘവവാരിയർ സാറ് ഇക്കാര്യത്തിലൊരു എക്സ്പർട്ട് ആയിരുന്നു.’ ഞാൻ പറഞ്ഞു.
‘ഈ ലാംഗ്വേജ് നമുക്കും സ്റ്റഡി ചെയ്യാൻ പറ്റോ?’ ഫെദു സംശയം പ്രകടിപ്പിച്ചു.
‘അതെന്തിനാ ഫെദൂ’, യാരിക്ക് അവളുടെ സംശയത്തിലെന്തോ പതുങ്ങിയിരിപ്പുണ്ടെന്ന് തോന്നി. ഫെദു ചിരിച്ചു: ‘യാരിത്താ, എനിക്ക് സീക് മെസേജ് അയക്കാനാ.’
‘നീയാരാ, സിഐഡി യോ?’ അയിഷ ചോദിച്ചു.
ബാസിമപ്പോൾ സ്കെച്ച് ബുക്കിൽ ചുമർ ചിത്രങ്ങൾ വരച്ചെടുക്കുകയായിരുന്നു. മനുഷ്യരൂപങ്ങളും മൃഗങ്ങളും വെളുത്ത പേജിൽ കറുത്ത രേഖകളിൽ പുനർജനിച്ചു. ഗൈഡ് ചിത്രങ്ങൾക്കിടയിലെ ആദിമ ജനതയുടെ സംസ്കാരം കുട്ടിപ്പട്ടാളത്തിന് പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു. പല നൂറ്റാണ്ടുകളിലായി പല മനുഷ്യർ രേഖപ്പെടുത്തിയ ആറായിരത്തിലധികം കാലം നീണ്ടു നില്ക്കുന്ന ആ ചരിത്രം കുട്ടിപ്പട്ടാളത്തിന് മുമ്പിൽ നിറഞ്ഞ് നിന്നു. ഞാനവരോട് പറഞ്ഞു: ‘ഇത്രക്ക് നീണ്ട കാലയളവിന്റെ വൈവിധ്യപൂർണമായ ചരിത്രം രേഖപ്പെടുത്തിയ മറ്റൊരു സ്മാരകം ഇന്ത്യയിലുണ്ടെന്നെനിക്ക് തോന്നുന്നില്ല.’
‘ആറായിരം വർഷങ്ങൾ ഈ ഗുഹയിൽ മനുഷ്യർ സഹവസിച്ചിട്ടുണ്ടെങ്കിൽ, ഉപ്പാ ലോകത്തൊരിടത്തും ഇങ്ങിനെയൊരിടം ഉണ്ടാവില്ല.’ ബാസിം പറഞ്ഞു.
‘വണ്ടർഫുൾ. പ്രഷ്യസ് ടൂ.’ ഫെദു പറഞ്ഞു.
‘ഏറ്റവും വില പിടിച്ച സമ്പത്താണിത്’ ബാസിം അവളെ പിന്താങ്ങി.
ഗൈഡ് പറഞ്ഞു: ‘ഈ ചിത്രങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഡോ രാഘവവാരിയരും മറ്റും എഴുതിയ പഠനങ്ങൾ വായിക്കുക.’
സയു എന്റടുത്തേക്ക് നീങ്ങി. കൈപിടിച്ചു കൊണ്ട് മെല്ലെ ചോദിച്ചു: ‘ഉവ്വാപ്പാ, അവിടേക്ക് പോവട്ടെ?’
ഗുഹയുടെ വലതുഭാഗത്തെ അറ്റം. കുട്ടിപ്പട്ടാളം അങ്ങോട്ട് നീങ്ങി. രണ്ട് പാറകൾക്കിടയിലൂടെ വിടയൊഴിവ്. താഴ്വാരത്തിന്റെ പച്ചപ്പ് മെല്ലെ ഗുഹ യിലേക്ക് തലനീട്ടുന്നു. സയു അതിനടുത്തേക്ക് നീങ്ങിയപ്പോൾ ഗൈഡ് പറഞ്ഞു: ‘സൂക്ഷിക്കണം.’
‘സയു, നിന്റെ പൊടിയുണ്ടാവൂലാട്ടോ.’ അയിഷ മുന്നറിയിപ്പ് നല്കി.
‘ഞാൻ താഴേക്ക് വീണാൽ, ആകാശത്തൂടെ പറന്ന് പറന്ന്.’ സയുവിനെ മുഴുമിപ്പിക്കാൻ അയിഷ സമ്മതിച്ചില്ല: ‘പോ… ബടായിക്കാരാ.’ കുട്ടിപ്പട്ടാളം ചിരിച്ചു.
സയു വീണ്ടും വന്ന് കൈപിടിച്ചു: ‘ഉവ്വാപ്പാ, നമുക്ക് പുറത്തിറങ്ങിക്കൂടെ?’
‘നിനക്ക് വെശക്കണുണ്ടാവും അല്ലേ?’ അയിഷയുടെ ചോദ്യം.
‘നോ… കണ്ടില്ലേ… ആളുകൾ വരുന്നു. നമ്മൾ പുറത്തിറങ്ങിയാലല്ലേ, വരുന്നവർക്ക് സൗകര്യായി കാണാനാവൂ? അവൻ ചിരിച്ചു.
‘പോ.. കള്ളാ…’ അയിഷ പ്രതികരിച്ചു. ഞങ്ങൾ ഗുഹയ്ക്ക് പുറത്തേക്കിറങ്ങി. ഗുഹയ്ക്ക് പുറത്തെത്തിയപ്പോൾ താനിയയുടെ ചോദ്യം: ‘ഉവ്വാപ്പാ ഈ കുന്നിന് മുകളിൽ ട്രക്കിങ്ങിന് പോയാലോ?’
‘ട്രക്കിങ്ങിന് പലരും പോകാറുണ്ടെന്ന് ഞാൻ വായിച്ചറിഞ്ഞിട്ടുണ്ട്. അതുൽ പറഞ്ഞു.
ഞാനതു തടഞ്ഞു: ‘അത്ര എളുപ്പമല്ല. ഭയങ്കര കേറ്റങ്ങളാണ്. പറ്റിപ്പിടിച്ചു കേറണം. വലിയ സംഘം ട്രക്കിങ്ങ് നടത്തുന്നതും അപകടകരമാണ്.
‘ഉവ്വാപ്പ കേറീട്ടുണ്ടോ ?’ സെന ചോദിച്ചു.
“പലവട്ടം ഇവിടെ വന്നിട്ടും ഒരൊറ്റ തവണ. ഞാൻ ഫോട്ടോഗ്രാഫർ മുസ്തഫയോടൊപ്പം വന്നപ്പോൾ. പാട് പെട്ട് മീതെ കേറി. നമുക്കൊന്നും പാറയിൽ പറ്റിപ്പിടിച്ച് കേറി പരിചയമില്ലല്ലോ.’ ഞാൻ പറഞ്ഞു.
‘കുട്ടിപ്പട്ടാളത്തിന് മീതേ കേറി ഒരു പ്രാവശ്യം വിജയക്കൊടി നാട്ടണ്ടേ?’  ജുനു ചോദിച്ചു.
‘നിങ്ങൾ കുറച്ച് കൂടി വലുതായാൽ രണ്ടോ മൂന്നോ പേരായി വന്ന് പൊക്കോളൂ? ഞാൻ നിർദേശിച്ചു. ‘പെൺകുട്ടികൾക്കപ്പോഴും പറ്റില്ല ഉവ്വാപ്പാ.’ സയു പറഞ്ഞു.
‘പോടാ… പെൺകുട്ടികള് ഹിമാലയം കേറ്ണ് എന്നിട്ടാ ഈ ഉറുമ്പ് പോലുള്ള മല.’ അയിഷ ഉച്ചത്തിൽ പറഞ്ഞു.
കുട്ടിപ്പട്ടാളം ട്രക്കിങ്ങിലെ വിഷമം തിരിച്ചറിഞ്ഞു. ‘മലയിറങ്ങാൻ തയ്യാറായി. തണുത്ത കാറ്റേറ്റ് നില്ക്കുമ്പോൾ താനിയ ചോദിച്ചു: ‘ഉവ്വാപ്പാ, എനിക്കൊരു സംശയം. എട്ടായിരത്തോളം വർഷങ്ങൾ പല തലമുറകൾ ഈ ഗുഹയ്ക്കകത്ത് കയറിയിറങ്ങിയിരിക്കുന്നു. അവർ അവരുടെ അടയാളങ്ങൾ രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ, ഈ ഗുഹയിലെ ഏറ്റവും പഴക്കമുള്ള ചിത്രങ്ങളും ആയിരത്തഞ്ഞൂറ് വർഷങ്ങൾക്ക് മുമ്പുള്ള ചിത്രങ്ങളും തമ്മിൽ വലിയ വ്യത്യാസം കാണുന്നില്ലല്ലോ. ഈ നീണ്ട കാലത്തിനിടയ്ക്കും അവരുടെ കലയിലോ, രീതികളിലോ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലേ?’
ഞാൻ താനിയയെ നോക്കിപ്പറഞ്ഞു: ‘വളരെ കൗതുകകരമായ ഒരു നിരീ ക്ഷണമാണ് താനിയയുടേത്.’ അൽപ്പനേരം മിണ്ടാതിരുന്ന് ഞാൻ തുടർന്നു. ‘ശരിയാണ് അക്കാലങ്ങളിൽ ഇന്നത്തെപ്പോലെ ഞൊടിയിട കൊണ്ട് മാറ്റങ്ങൾ ഉണ്ടായിട്ടില്ല. ഒരു പ്രധാന കണ്ടുപിടിത്തത്തിൽ നിന്ന് മറ്റൊന്നിലേക്ക് ചിലപ്പോൾ പതിനായിരക്കണക്കിന് വർഷങ്ങളുടെ ദൂരമുണ്ട്. അത് മാത്രമല്ല അവരുടെ സാമൂഹിക ജീവിതത്തിനും വലിയ വ്യത്യാസം കാണുന്നില്ല. മാറ്റങ്ങൾ എളുപ്പമായിരുന്നില്ല. അതുകൊണ്ടുതന്നെ അവരുടെ രേഖകളിലും  ചിന്തകളിലും വലിയ വ്യത്യാസവും കാണാനില്ല. വളരെ സൂക്ഷമമായ തലങ്ങളിൽ വ്യത്യാസങ്ങളുണ്ടുതാനും. അവ വായിച്ചെടുക്കാൻ നരവംശ ശാസ്ത്രപരിജ്ഞാനവും…’ എന്റെ വാക്കുകൾക്കിടയിൽ ഫെദുവിന്റെ ‘വാട്ടീസിറ്റ്?’
‘ആന്ത്രാപ്പോളജി. മനുഷ്യരുടെ ഉത്ഭവത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും അവയുടെ പരിണാമത്തെക്കുറിച്ചും പഠിക്കുന്ന ശാസ്ത്ര ശാഖയാണത്?’ ഞാൻ വിശദീകരിച്ചു. ‘ആന്ത്രാപ്പോളജിയും ആർക്കിയോളജിയും പഠിച്ചവർക്ക് പലതും കണ്ടെത്താനുണ്ടാവും.’
എന്റെ വിശദീകരണം കുട്ടിപ്പട്ടാളത്തെ തൃപ്തിപ്പെടുത്തിയോ എന്നറിയില്ല. പിന്നെ ചോദ്യങ്ങളുണ്ടായില്ല.
സയു ചോദിച്ചു: ‘ശരി, മീതോട്ട് കേറുന്നില്ലെങ്കിൽ എന്താ താഴോട്ടിറങ്ങിക്കൂടേ?’ എല്ലാവരും ചിരിച്ചുപോയി. ബാസിം പറഞ്ഞു: ‘ശ്രദ്ധിച്ചില്ലെങ്കിൽ ഇറങ്ങേണ്ടി വരില്ല, പെട്ടെന്ന് താഴെയെത്തും.’
‘കണ്ടം കണ്ടം പെറുക്കിയെടുത്ത് പായയിൽ കെട്ടിക്കൊണ്ടു പോകേണ്ടി വരും.’ യാരിയുടെ പ്രസ്താവന.
‘ഇറക്കം പ്രശ്നമല്ല, കയറ്റമാണ് പ്രശ്നം.’ ജുനു പറഞ്ഞു, മുന്നോട്ട് നീങ്ങി. പിന്നാലെ ബാക്കിയുള്ളവരും. ഞാനും സൈനയും ഏറ്റവും പിന്നിൽ.
കുട്ടിപ്പട്ടാളം ശിലായുഗത്തിൽ നിന്ന് ആധുനിക കാലത്തേക്കിറങ്ങിത്തുടങ്ങി. പിന്നിട്ട നൂറ്റാണ്ടുകളിൽ നിന്ന് വർത്തമാനകാലത്തേക്ക്.

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content