ഈ മാസം 14 ന് അന്തരിച്ച പ്രശസ്ത ഭൗതീക ശാസ്ത്രജ്ഞൻ ഇ.സി.ജി സുദർശനെ എത്ര കൂട്ടുകാർക്കറിയാം? ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ ആറു തവണ നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യപ്പെട്ടിരുന്നു. കോട്ടയം ജില്ലയിലെ പളളം സ്വദേശിയായ ഡോ. ഇ.സി.ജി സുദർശൻ കേരളം ലോകത്തിന് സമ്മാനിച്ച അപൂർവ്വ ശാസ്ത്ര പ്രതിഭകളിൽ ഒരാളായിരുന്നു. അമേരിക്കയിൽ ടെക്സാസ് സർവ്വകലാശാലയിലെ പ്രൊഫസറായിരുന്നു ഇദ്ദേഹം.
പ്രകാശത്തേക്കാൾ കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്ന ഏറ്റവും ചെറിയ കണികകളെക്കുറിച്ചുള്ള അന്വേഷണമാണ് ഇദ്ദേഹത്തെ നോബൽ സമ്മാനത്തിന്റെ അടുത്ത് എത്തിച്ചത്.സുദർശൻ ‘മെറ്റാ പാർട്ടിക്കിൾ ‘ എന്നു വിളിച്ച ഈ കണമാണ് പിന്നീട് ടാക്കിയോണുകൾ എന്ന പേരിൽ അറിയപ്പെട്ടത്. നിർഭാഗ്യമെന്നു പറയട്ടെ, സുദർശന്റെ ദീർഘദൃഷ്ടിയുടെ കീർത്തി കൊണ്ടുപോയത് അദ്ദേഹത്തിന്റെ ശിഷ്യനും…
ഒരു സെക്കണ്ടിൽ മൂന്ന് ലക്ഷം കിലോമീറ്റർ വേഗത്തിലാണ് പ്രകാശം സഞ്ചരിക്കുന്നതെന്നും അതിനേക്കാൾ വേഗത്തിൽ മറ്റൊന്നും സഞ്ചരിക്കുന്നില്ലെന്നുമായിരുന്നു ഐൻസ്റ്റീൻ സ്ഥാപിച്ചത്. പക്ഷേ മെറ്റാ പാർട്ടിക്കിൾ എന്ന ആശയം മുന്നോട്ട് വച്ച് സുദർശൻ ഐൻസ്റ്റീന്റെ സിദ്ധാന്തത്തെ ചോദ്യം ചെയ്തു.
ഗഹനമായ ശാസ്ത്ര സത്യങ്ങൾ വളരെ ലളിതമായി വിശദീകരിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കുട്ടിയായിരുന്ന ഒരു നാൾ തന്റെ വീട്ടിലെ പഴയ ഘടികാരം എണ്ണയിടാൻ അച്ഛൻ താഴെയിറക്കി വച്ചു. ആ ഘടികാരത്തിന്റെ ചക്രങ്ങളുടെ കറക്കമാണ് തന്റെയുള്ളിലെ ശാസ്ത്രജ്ഞനെ ഉണർത്തിയതെന്ന് അദ്ദേഹം ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.
പഠന കാലത്ത് ഇദ്ദേഹത്തിന് ഫിസിക്സിനോട് അത്ര പ്രിയമില്ലായിരുന്നു. കെമിസ്ട്രിയായിരുന്നു ഇഷ്ട വിഷയം. ഫിസിക്സ് ഒരു രസവുമില്ലാത്ത വിഷയമാണ്, കെമിസ്ട്രിയാണ് രസം. അതിൽ നിറങ്ങളും നിറം മാറ്റങ്ങളും ഒക്കെയുണ്ട്. സുദർശൻ പണ്ടൊരിക്കൽ തന്റെ സുഹൃത്തിനോട് പറഞ്ഞതാണിത്. അപ്പോൾ സുഹൃത്ത് മറുപടി പറഞ്ഞത്, ” ശബ്ദത്തെ കുറിച്ചുള അധ്യായം കഴിഞ്ഞ് പ്രകാശത്തിലേക്ക് കടക്കുമ്പോൾ, അവിടെ നിന്ന് ഇലക്ട്രിസിറ്റിയിലേക്കും മാഗ്നറ്റിസത്തിലേക്കും കടക്കുമ്പോൾ ഫിസിക്സ് രസമുള്ളതായി തുടങ്ങും. ” തന്റെ സുഹൃത്ത് പറഞ്ഞത് അക്ഷരംപ്രതി ശരിയായിരുന്നുവെന്നും പിന്നീട് താൻ ഫിസിക്സിനെ അഗാധമായി പ്രണയിച്ച് തുടങ്ങിയെന്നും ഡോ.സുദർശൻ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ‘
ഭൗതീക ശാസ്ത്രത്തിന് കേരളം നല്കിയ ഏറ്റവും തിളക്കമുള്ള മേൽവിലാസമായിരുന്നു ഡോ. ഇ.സി.ജി. സുദർശൻ (എണ്ണക്കൽ ചാണ്ടി ജോർജ് സുദർശൻ)