വിളക്കേന്തിയ വനിത എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണെന്ന് കൂട്ടുകാർക്കറിയുമോ?ഇംഗ്ലീഷുകാരിയായ ഫ്ലോറൻസ് നൈറ്റിംഗേൽ ആണ് ഈ വിശേഷണത്തിനർഹയായ സ്ത്രീ.ഇംഗ്ലണ്ടിലെ ഒരാശുപത്രിയിൽ നഴ്സായി ജോലി തുടങ്ങിയ നൈറ്റിംഗേലിനെ ഈ വിശേഷണത്തിന് അർഹയാക്കിയത് എന്താവും? അവർ നഴ്സായി ജോലി ചെയ്തിരുന്ന കാലത്താണ് ക്രിമിയൻ യുദ്ധം നടക്കുന്നത്. യുദ്ധത്തിൽ മുറിവേറ്റവരെ രാവും പകലുമില്ലാതെ ശുശ്രൂഷിക്കേണ്ട ഉത്തരവാദിത്വം നൈറ്റിംഗേലിനും ഒപ്പമുള്ള നഴ്സുമാർക്കുമായിരുന്നു. അതു വരെ ആരും കണ്ടിട്ടില്ലാത്ത വിധം ശാസ്ത്രീയമായിട്ടാണ് അവർ മുറിവേറ്റ സൈനികരെ പരിചരിച്ചത്.
വളരെ മോശമായ സാഹചര്യങ്ങളാണ് ക്രിമിയയിലെ സൈനീകാശുപത്രിയിൽ അന്നേവരെ ഉണ്ടായിരുന്നത്.

നഴ്സിംഗ് വിദ്യാർത്ഥികൾ പഠനത്തിന് ശേഷം എടുക്കുന്ന പ്രതിജ്ഞ
നൈറ്റിംഗേൽ അവിടെ ജോലിക്കെത്തിയ ശേഷം ആശുപത്രി സംവിധാനങ്ങൾ ഒന്നാകെ മാറ്റുകയും ആശുപത്രിയും പരിസരവും വൃത്തിയുള്ളതാക്കി തീര്‍ക്കുകയും ചെയ്തു. സാഹസികമായ ഈ ജോലി ഏറ്റെടുക്കുന്നതിന് മുമ്പ് അവർ ലണ്ടനിൽ ഒരു നഴ്സിംഗ് സ്ഥാപനത്തിലെ സൂപ്രണ്ടായിരുന്നു. ധനിക കുടുംബത്തിൽ ജനിച്ച നൈറ്റിംഗേൽ എന്തിനാണ് നഴ്സിംഗ് പണിക്ക് പോന്നതെന്ന് ചോദിച്ചവരുമുണ്ടായിരുന്നു. ബന്ധുക്കൾ ഇതു പറഞ്ഞ് നൈറ്റിംഗേലിനെ നിരാശപ്പെടുത്താനും ശ്രമിച്ചു. പലരും പരിഹസിച്ചു. പക്ഷേ ആതുരശുശ്രൂഷക്കായി മാറ്റിവച്ച ജീവിതത്തെ വഴിതിരിച്ചുവിടാൻ ഒരു പരിഹാസത്തിനും കഴിഞ്ഞില്ല. എതിർപ്പുകൾ കൂടിയതോടെ അവരുടെ ആത്മവിശ്വാസം വർദ്ധിക്കുകയാണ് ചെയ്തത്.
സ്കൂട്ടാറിയയിലുള്ള ഒരു സൈനികാശുപത്രിയിൽ ജോലി ചെയ്യാനെത്തിയ നൈറ്റിംഗേൽ ആദ്യം ചെയ്തതെന്തെന്നോ? പട്ടാളക്കാർ കിടക്കുന്ന മുറികൾക്കടുത്താണ് ശസ്ത്രക്രിയാ മുറി. ഓപ്പറേഷൻ കഴിഞ്ഞുള്ള മാലിന്യങ്ങളും മുറിച്ചു മാറ്റേണ്ടി വരുന്ന ശരീരാവശിഷ്ടങ്ങളും ഒക്കെ ജന്നലിലൂടെ പുറത്തേക്ക് വലിച്ചെറിയും. ഇങ്ങനെ കളയുന്ന മാലിന്യങ്ങൾ അവിടെ കിടന്ന് ചീഞ്ഞ് നാറും. തങ്ങൾ കിടക്കുന്ന മുറികളിലെ ജന്നാലകളിലൂടെ മുറിവേറ്റ സൈനീകർക്കും ഈ കാഴ്ച കാണാം. ഇത് തന്നെ അവരുടെ ആരോഗ്യത്തെ കൂടുതൽ തളർത്തി യിരുന്നു. ഒരു ദിവസം ഒരു പട്ടാളവണ്ടി അവിടെയെത്തി. അന്നുവരെ ആരും നീക്കം ചെയ്യാൻ കൂട്ടാക്കാഞ്ഞ അവയവ കൂമ്പാരം അതാ ഒരു സ്ത്രീയും സംഘവും ചേർന്ന് വണ്ടിയിലേക്ക് മാറ്റുന്നു..
കണ്ടു നില്ക്കുന്നവരിൽ പോലും അറപ്പുളവാക്കുന്ന ആ കർമ്മം ചെയ്തത് നെറ്റിംഗേലും കൂട്ടുകാരുമായിരുന്നു. 1856 മാർച്ച് മാസത്തിൽ ക്രിമിയൻ യുദ്ധം അവസാനിച്ചു.ഇംഗ്ലണ്ടിലെ ജനങ്ങൾക്ക് അവർക്ക് ഒരു രാജകീയ വരവേല്പ് കൊടുക്കണം എന്നുണ്ടായിരുന്നു. അവരെ നാട്ടിലെത്തിക്കാൻ ഒരു പടുകൂറ്റൻ യുദ്ധകപ്പൽ തയ്യാറായി. പക്ഷേ നൈറ്റിംഗേലാകട്ടെ തനിക്കായി ഒരുക്കിയ കപ്പലിൽ കയറാൻ തയ്യാറായില്ല. മുറിവേറ്റവരും സുഖപ്പെട്ടവരും സഞ്ചരിച്ച ഒരു സാധാരണ കപ്പലിലാണ് അവർ ഇംഗ്ലണ്ടിലെത്തിയത്. നാട്ടിലെത്തിയ നൈറ്റിംഗേലിന് നാട്ടുകാർ സമ്മാനിച്ച അമ്പതിനായിരം പൗണ്ട് ഉപയോഗിച്ച് അവർ ഒരു നഴ്സിംഗ് സ്കൂ ൾ സ്ഥാപിച്ചു.1860-ൽ ഉണ്ടാക്കിയ ഈ നഴ്സിംഗ് സ്കൂൾ ആതുരശുശ്രൂഷാ രംഗത്തൊരു പുതിയ ചുവട് വയ്പായിരുന്നു. അവരുടെ ജന്മദിനമാണ് നഴ്സസ് ദിനമായി ലോകമെമ്പാടും ആചരിക്കുന്നത്. കേരളത്തിൽ നിന്നും ഒരു പാട് സ്ത്രീ പുരുഷന്മാർ നഴ്സായി വിദേശങ്ങളിലും മറ്റും ജോലി ചെയ്യുന്നുണ്ട്. വെല്ലുവിളികളെ മനക്കരുത്തോടെ നേരിട്ട ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജീവിതം ഈ ജോലി ചെയ്യുന്ന എല്ലാവർക്കും മാതൃകയാകട്ടെ, നഴ്സിംഗ് ദിനാശംസകൾ.