കേരളത്തിലിപ്പോള്‍ മഴ തകര്‍ത്തു പെയ്യുകയാണ്. ചുട്ടു പൊള്ളുന്ന മണ്ണിലേക്കാണ്‌ വേനല്‍മഴ പെയ്തിറങ്ങിയത്. കുടിവെള്ളക്ഷാമം, വൈദ്യുതിക്ഷാമം, സൂര്യാഘാതം തുടങ്ങി പലവിധ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി. ഇടിയും കാറ്റുമൊക്കെയായി ദിവസങ്ങളോളം മഴ പെയ്തു. പകല് വെയിൽ. ഉച്ച കഴിഞ്ഞാല്‍ മഴ. തുലാവര്‍ഷത്തിന്റെ പ്രതീതി എന്നാണ് പഴമക്കാര്‍ പറയുന്നത്. ഭൂമി തണുത്തു. പച്ച പുതച്ചു. അന്തരീക്ഷത്തില്‍  ചൂട് കുറഞ്ഞു. സാധാരണ ഈ സമയത്ത് ഇത്രയും മഴ ഉണ്ടാകാറില്ല. അകാലത്തില്‍ പെയ്യുന്ന മഴ ഏതെങ്കിലും തരത്തില്‍ പ്രകൃതിക്ക് ദോഷമാകുന്നുണ്ടോ ? നഗരങ്ങളിലെ വീടുകളിലും ഫ്‌ളാറ്റുകളിലും താമസിക്കുന്നവര്‍ അതറിയാറില്ല. അറിയേണ്ട കാര്യമില്ല എന്നതാണ് നമ്മളില്‍ പലരുടേയും മനോഭാവം.

കേരളത്തിന്റെ പ്രകൃതി, സമൃദ്ധമാകുന്ന കാലമാണ് വേനല്‍. മാമ്പഴം, ചക്ക തുടങ്ങിയ ഫലങ്ങള്‍ സമൃദ്ധമായുണ്ടാകുന്ന കാലം. പൂവാകയും കൊന്നയും മരുതും പൂക്കുന്ന കാലം. ചുട്ടുപൊള്ളുന്ന വെയിലില്‍ നിറങ്ങളും മധുരവും വാരിവിതറുകയാണ് പ്രകൃതി. വേനല്‍മഴ അതിന്റെ നിറവും മാധുര്യവും കുറയ്ക്കുന്നുണ്ട്. ചക്കയുടെയും മാങ്ങയുടെയും മധുരം നഷ്ടമാകുന്നു. രോഗബാധയുണ്ടാകുന്നു. പഴങ്ങളുടെ കയറ്റുമതിയെ ബാധിക്കുന്നു. പോഷകസമൃദ്ധമായ ഭക്ഷണവും അതില്‍ നിന്ന് കിട്ടുന്ന വരുമാനവും നഷ്ടമാകുന്നു. വേനല്‍ക്കാല പച്ചക്കറി കൃഷിയേയും മഴ ദോഷകരമായി ബാധിച്ചിട്ടുണ്ട്. എള്ളും പയറുമൊക്കെ വെള്ളത്തിലായി. അടുത്ത സീസണില്‍ വിളവെടുക്കാനുള്ള നെല്‍കൃഷിക്കും ഈ മഴ ദോഷമുണ്ടാക്കും. പാടം ഉഴുതുമറിച്ച് പൊടിമണ്ണിലാണ് നെല്‍കൃഷിക്കുള്ള ഞാറ് മുളപ്പിക്കുന്നത്. പാടങ്ങളില്‍ വെള്ളം നിറഞ്ഞതോടെ കര്‍ഷകര്‍ ആശങ്കയിലായി. പൊടിമണ്ണില്‍ പാകിയ വിത്ത് വെള്ളക്കെട്ടില്‍ നശിച്ചു.

നമ്മുടെ കര്‍ഷകര്‍ക്ക് പണ്ട് ഞാറ്റുവേലകളെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നു. അത് കാലാവസ്ഥയെക്കുറിച്ചുള്ള അറിവാണ്. വേനലിനൊടുവില്‍ നെല്‍വിത്ത് പാകി ഞാറ് മുളപ്പിക്കും. ഇടവപ്പാതിയില്‍ കാലവര്‍ഷം തകര്‍ത്തുപെയ്യും. മിഥുനത്തില്‍ ഞാറ് പറിച്ചുനടും. മിഥുനമെന്നു പറഞ്ഞാല്‍ മഴ തകര്‍ത്തുപെയ്യുന്ന ജൂൺ- ജൂലൈ മാസം തന്നെ. കന്നി മാസത്തില്‍ നെല്ല് കൊയ്യും. തുലാം മാസത്തില്‍ രണ്ടാം വിള ഒരുങ്ങും. (അപ്പോഴാണ് വടക്കുകിഴക്കന്‍ മൺസൂൺ വരുന്നത്.) അപ്പോള്‍ നടുന്ന നെല്ല് മകരമാസത്തില്‍ കൊയ്‌തെടുക്കും.

ഞാറ് പറിച്ച് നടുന്ന സമയത്ത് നല്ല മഴ വേണം. വെള്ളം കെട്ടിനിര്‍ത്തിയാണ് നെല്ല് വിളയിക്കുന്നത്. കണ്ടത്തില്‍ വെള്ളം കെട്ടിനിന്നില്ലെങ്കില്‍ പലവിധം പുല്ലുകളും ചെടികളും നെല്ലിനിടയില്‍ വളർന്ന് വിളവ് നശിപ്പിക്കും. അതുണ്ടാകാതിരിക്കണമെങ്കില്‍ നല്ല മഴ കിട്ടണം. കന്നി മാസവും മകരമാസവും കൊയ്ത്തുകാലമാണ്. ഈ മാസങ്ങളില്‍ വെയിലുണ്ടാകണം. എങ്കിലേ നെല്ലും വൈക്കോലും ഉണക്കിയെടുക്കാന്‍ കഴിയൂ. മകരത്തില്‍ മഞ്ഞ് പെയ്യണം. അപ്പോഴേ ചക്കയും മാങ്ങയുമൊക്കെ സമൃദ്ധമായി ഉണ്ടാകൂ. ഈ കാലത്ത് വരുന്ന പൂമ്പാറ്റകളും വണ്ടുകളുമൊക്കെയാണ് ഇവയുടെ പരാഗണത്തിന് സഹായിക്കുന്നത്. ഇത്തരം ഷഡ്പദങ്ങള്‍ക്ക് വളരാന്‍ അനുകൂല കാലാവസ്ഥ വേണം. കുരുമുളക് തിരി നീട്ടണമെങ്കില്‍ തിരുവാതിര ഞാറ്റുവേലയില്‍ തിരിമുറിയാതെ മഴ പെയ്യണം. കടല്‍മീനുകളുടെ പ്രജനനവും മഴക്കാലത്താണ്. അക്കാലത്ത് തോടുകളും പുഴകളും കരകവിയണം. ചില മത്സ്യങ്ങള്‍ക്ക് ശുദ്ധജലത്തിലേക്ക് നീന്തിവരാന്‍ അത് സഹായകരമാണ്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തിന്റെ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടായിരിക്കുന്നു. ആര്‍ക്കും ഒന്നും പ്രവചിക്കാനാവാത്ത അവസ്ഥ. ഞാറ് നടുന്ന കാലത്ത് വെയില്‍. വിളവെടുക്കുന്ന സമയത്ത് മഴ. കര്‍ഷകന് മിക്കപ്പോഴും നഷ്ടം. ഭക്ഷ്യസുരക്ഷക്കും പ്രകൃതിയിലെ മറ്റ് ജീവജാലങ്ങളുടെ നിലനില്‍പ്പിനും ഭീഷണി.

ഇതിനെ ‘കാലാവസ്ഥ വ്യതിയാനമെന്ന് ‘ കൃത്യമായി പറയാനാവില്ലായിരിക്കാം. എങ്കിലും ഇത് പ്രകൃതിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. കാര്‍ഷിക വിളകളെ സാരമായി ബാധിച്ചേക്കും.

വേനലില്‍ ഇനിയും മഴ പെയ്താല്‍ കുടിവെള്ളവും നനവെള്ളവും സമൃദ്ധമാവും. രാത്രിയില്‍ മഴയും കുളിരുമുണ്ട്. സ്‌കൂളില്ലാത്തതു കൊണ്ട് രാവിലെ കുറച്ചുനേരം കൂടി പുതച്ചുകിടക്കാം. കിടന്നോളൂ. പ്രകൃതിയെക്കുറിച്ചും കര്‍ഷകരെക്കുറിച്ചും ജീവജാലങ്ങളെക്കുറിച്ചും ഒന്നും ചിന്തിക്കാതെ ഉറക്കം നടിച്ചുകിടക്കരുത് എന്ന് മാത്രം.

 

ലേഖകൻ – ഐ ആർ പ്രസാദ്

 

0 Comments

Leave a Comment

FOLLOW US