അമ്മയെ ഓർക്കാനും അമ്മമാർക്കായി മാറ്റി വയ്ക്കാനുമുള്ള ദിവസമായാണ് ലോകം മുഴുവൻ മാതൃദിനത്തെ കാണുന്നത്. ലോകത്തിലെ പലഭാഗങ്ങളിലും മാതൃദിനം പല ദിവസങ്ങളിലായാണ് ആഘോഷിച്ചു വരുന്നത്.. 20ാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് അമേരിക്കയിൽ മാതൃദിനം ആഘോഷിച്ച് തുടങ്ങിയത്. ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പെ ആഘോഷിച്ചു പോന്ന റോമിലെ ഹിലാരിയ ഉത്സവം, ഗ്രീസിലെ സിബൈലി ദേവിയോടുള്ള ആരാധന, ക്രൈസ്തവരുടെ മദറിംഗ് സൺഡെ എന്നീ ആഘോഷങ്ങളുമായി ഇതിന് പ്രത്യക്ഷത്തിൽ ബന്ധമില്ലെങ്കിലും അമ്മയ്ക്ക് നല്കുന്ന ആദരവ് എന്ന ആശയം മേല്പറഞ്ഞ ആഘോഷങ്ങളിൽ നിന്ന് കടമെടുത്ത സങ്കല്പമാകാം.
പത്ത് മാസം കുഞ്ഞിനെ ഗർഭത്തിൽ ചുമന്ന് നൊന്തു പ്രസവിക്കുന്ന ഒരമ്മ… കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും എല്ലാ ജാഗ്രതയോടെയും കുട്ടിയെ പരിപാലിച്ച് വളർത്തി വലുതാക്കുന്ന അമ്മ, ആ അമ്മയെ ഓർക്കാൻ നമുക്കൊരു പ്രത്യേകദിനം വേണോ? ജോലിത്തിരക്കുകൾക്കിടയിൽ മാതാപിതാക്കളെ നോക്കാൻ സമയം കിട്ടാത്തതു കൊണ്ട് അവരെ വൃദ്ധസദനങ്ങളിൽ തള്ളുന്നവരുടെ എണ്ണം കൂടി വരുന്നവരുടെ കാലത്ത് ഇത്തരം ദിനങ്ങൾ ആവശ്യമായേക്കാം. നമ്മുടെ അമ്മമാർ നമുക്കുള്ള ഏറ്റവും വലിയ സ്വത്താണെന്നും അവരെ സ്നേഹിക്കയും സംരക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ഈ മാതൃദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.