ചതുർത്ഥി കണ്ടാൽ

 

 

 

മിനിയമ്മ കുഞ്ഞുമിലിയെ കഥ പറഞ്ഞുറക്കുകയാണ്. മാനത്ത് ഒരു തേങ്ങാപ്പൂളു പോലെ ചന്ദ്രന്‍.
ചെറിയ നിലാവ് മരത്തിനിടയിലൂടെ അരിച്ചിറങ്ങുന്നു.
മിലീ,ഇന്ന് ചന്ദ്രനെ കാണുന്നത് മാനഹാനി ഉണ്ടാക്കുമെന്ന് ഒരു വിശ്വാസമുണ്ട്.
ആ വിശ്വാസത്തിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. നമ്മുടെ ഗണപതിയാണ് കഥയിലെ നായകന്‍.

 

 

 

 

 

 

 

 

ഗണപതിക്ക് മോദകം വളരെ ഇഷ്ടമാണ്. ഒരിക്കല്‍ ഒരു ഭക്തന്‍ മോദകം വഴിപാടായി നേര്‍ന്നു.
നല്ല മധുരവും രുചിയുള്ള മോദകം! മൂക്കുമുട്ടെ മോദകവും ഭക്ഷിച്ച് ഗണപതി വീട്ടിലേക്ക് മടങ്ങുമ്പോള്‍ രാത്രി വളരെ വൈകിയിരുന്നു.

 

 

 

 

 

 

മൂപ്പരുടെ വാഹനം എലിയാണല്ലോ. എലിപ്പുറത്താണ് യാത്ര. അങ്ങനെ പോകുന്ന വഴി ഒരു വഴിക്ക് കുറുകെ ഒരു പാമ്പ്.
പേടിച്ചു വിറച്ചു പോയി പാവം എലി.

 

 

ധടും പുടും…. പാവം ഗണപതി താഴെ ഉരുണ്ടുവീണു.
വീണതോ വയറുപൊട്ടിയതോ ആയിരുന്നില്ല ഗണപതിക്ക് സങ്കടം…… മോദകമെല്ലാം വയറിൽ നിന്ന് പുറത്തേക്ക് ചാടിപ്പോയതായിരുന്നു.

 

ഗണപതി മോദകമെല്ലാം പെറുക്കി വയറ്റില്‍ നിക്ഷേപിച്ചു. ആ പാമ്പിനെ തന്നെ പിടിച്ച് വയറ് ഭദ്രമാക്കി കെട്ടി.

ആ രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് ഒരു കൈകൊട്ടിച്ചിരി. ഗണപതിക്ക് ദേഷ്യം വന്നു. ആരാണീ കളിയാക്കി ചിരിക്കുന്നത്.
അത് മറ്റാരുമല്ല. ചന്ദ്രനാണ്. അവിടെ നടന്ന സംഭവങ്ങളുടെ ഏക സാക്ഷി. ഗണപതിയുടെ കണ്ണു ചുവന്നു. തുമ്പിക്കൈ വിറച്ചു.
അന്ന് ചതുര്‍ത്ഥി ആയിരുന്നു. അമാവാസി കഴിഞ്ഞ് നാലാംനാള്‍.
ഗണപതി ചന്ദ്രനെ ശപിച്ചു. ഇന്നേ ദിവസം നിന്നെ കാണുന്നവര്‍ക്ക് മാനഹാനിയുണ്ടാകട്ടെ..

 

 

 

 

അന്നുമുതല്‍ ‘ചതുര്‍ത്ഥി കാണുക ‘ എന്നൊരു പ്രയോഗം ഭാരതത്തിലുണ്ടായി എന്നാണ് കഥ!!
കുഞ്ഞുമിലി കഥ കേട്ട് പൊട്ടിപ്പൊട്ടി ചിരിച്ചു.

 

എഴുത്ത്: സുസു

വര: അമ്മു

0 Comments

Leave a Comment

FOLLOW US