വിഷു, കാര്‍ഷിക സംസ്‌കാരത്തിന്റെ ശേഷിപ്പ്
കൂട്ടുകരെല്ലാം നന്നായി വിഷു ആഘോഷിച്ചു കാണുമല്ലോ? എല്ലാവര്ക്കും കൈ നിറയെ കൈനീടം കിട്ടിയിട്ടുണ്ടാവില്ലേ? എന്താണ് വിഷുവെന്നും അതിന്റെ പ്രാധാന്യമെന്തെന്നും കൂട്ടുകാര്‍ക്കറിയുമോ? കേരളത്തില്‍ നിലനിന്നിരുന്ന കാര്‍ഷികസംസ്‌കാരത്തിന്റെ ശേഷിപ്പ് ആണ് കൃഷിയുമായി ബന്ധപ്പെട്ട ഇത്തരം ഉത്സവങ്ങള്‍. . മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. കാര്‍ഷിക കലണ്ടറിലെ വര്‍ഷാരംഭം ആയി മേടം ഒന്നിനെ കണക്കാക്കിയിരുന്ന കാലഘട്ടത്തിലായിരിക്കണം സമ്പൂര്‍ണ്ണ വിഷു ആഘോഷം ഉണ്ടായിരുന്നത്. കേരളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളില്‍ കേരള അതിര്‍ത്തിയോട് ചേര്‍ന്ന് കിടന്നിരുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിച്ചിരുന്നു. ഭാരതത്തില്‍ മുമ്പ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വര്‍ഷാരംഭം കൂടിയാണ് വിഷു.
വിഷു എന്നാല്‍ തുല്യമായത് എന്നാണ് അര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേയം ഒന്നിന് മേടവിഷുവും തുലാം ഒന്നിന് തുലാവിഷുവും ഉണ്ട്. ഒരു രാശിയില്‍നിന്ന് അടുത്ത രാശിയിലേക്ക് സൂര്യന്‍ പോകുന്നതിനെ സംക്രാന്തി എന്നുപറയുന്നു. സംക്രാന്തികളില്‍ പ്രധാനം വിഷുവാണ്. സംഘകാലത്ത് ഇതിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പതിറ്റുപത്ത് എന്ന കൃതിയില്‍ ഉണ്ട്. നരകാസുരന്‍ ശ്രീകൃഷ്‌ണനാല്‍ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്ന് ഐതീഹ്യവുമുണ്ട്.
കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ വ്യത്യസ്‌തമാണ്. വിഷുക്കണി ആണ് ഏറ്റവും പ്രധാനപ്പെട്ടത്. വിഷുക്കൈനീട്ടം, വിഷുസദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്.
വിഷുക്കണി കണ്ടാണ് വിഷുദിനത്തിന് തുടക്കമിടുന്നത്. തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും പാതി നിറച്ച്, കൂടെ അലക്കിയ മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്‌ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്ദൂരം , നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്‌ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കള്‍ വിഷുക്കണിയില്‍ നിര്‍ബന്ധമാണ്.
കണി കണ്ടതിനുശേഷം വീട്ടിലുള്ള മുതിര്‍ന്നവര്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം . ആദ്യകാലങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍ ഉണ്ടാക്കിയ നാണയങ്ങള്‍ ആയിരുന്നു നല്‍കിയിരുന്ന്. വര്‍ഷം മുഴുവനും സമ്പല്‍ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം.
ചാലിടീല്‍ കര്‍മ്മം, കൈക്കോട്ടുചാല്‍, വിഷുക്കരിക്കല്‍, വിഷുവേല, വിഷുവെടുക്കല്‍, പത്താമുദയം എന്നിവ വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന ആചാരങ്ങളാണ്. വിഷു ദിവസം ആദ്യമായി നിലം ഉഴുതുമറിച്ച് വിത്ത് ഇടുന്നതിന് ചാലിടീല്‍ എന്നു പറയുന്നു. കന്നുകാലികളെ കുളിപ്പിച്ച് കുറി തൊട്ട് കൊന്നപ്പൂങ്കുലകള്‍ കൊണ്ട് അലങ്കരിച്ച് കൃഷി സ്ഥലത്ത് എത്തിക്കുന്നു. പുതിയ വസ്‌ത്രം നിര്‍ബന്ധമില്ലെങ്കിലും കാര്‍ഷികോപകരണങ്ങള്‍ എല്ലാം പുതിയവ ആയിരിക്കും ഉപയോഗിക്കുക. കന്നുകാലികളെ പൂട്ടി നിലം ഉഴുതുമറിക്കുന്നു. അതിനുശേഷം ചാലുകളില്‍ അവില്‍, മലര്‍, ഓട്ടട എന്നിവ നേദിക്കുന്ന ചടങ്ങാണിത്.
വിഷു സദ്യയ്‌ക്ക് ശേഷം നടത്തുന്ന ഒരു ആചാരമാണ് കൈക്കോട്ടുചാല്‍. പുതിയകൈക്കോട്ടിനെ കഴുകി, കുറി തൊടുവിച്ച് കൊന്നപ്പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്നു. അങ്ങനെ അണിയിച്ചൊരുക്കിയ കൈക്കോട്ട് വീടിന്റെ കിഴക്കു പടിഞ്ഞാറു ഭാഗത്ത് വച്ച് പൂജിക്കയും അതിനുശേഷം കുറച്ചു സ്ഥലത്ത് കൊത്തികിളയ്‌ക്കുന്നു. അങ്ങനെ കൊത്തിക്കിളച്ചതില്‍ കുഴിയെടുത്ത് അതില്‍ നവധാന്യങ്ങള്‍, പച്ചക്കറി വിത്തുകള്‍ എന്നിവ ഒരുമിച്ച് നടുന്നു. പാടങ്ങളില്‍ കൃഷി ഇറക്കിക്കഴിഞ്ഞ കര്‍ഷകര്‍ പറമ്പു കൃഷിയിലും തുടക്കമിടുന്നു എന്നു വരുത്തുന്നതിനാണ് ഈ ആചാരം നടത്തുന്നത്.
വിഷുഫലം പറയുന്ന രീതി പണ്ടുകാലത്ത് സാര്‍വത്രികമായിരുന്നു. പണിക്കര്‍ (കണിയാന്‍) വീടുകളില്‍ വന്ന് വിഷുഫലം ഗണിച്ച് പറയുന്നരീതിയാണിത്. ആ വര്‍ഷത്തെ മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള കണക്കാണത്. എത്ര പറ മഴ കിട്ടും, മഴ ഇടിമിന്നലോടു കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച് കേള്‍പ്പിക്കും. വിഷു സംക്രാന്തി നാളിലാണ് പണിക്കര്‍ വരുന്നത്. അവര്‍ക്ക് ഇതിനായി ലഭിക്കുന്ന പ്രതിഫലത്തെ `യാവന` എന്നാണ് പറയുക.
നമുക്ക് നഷ്ടമായ കാര്‍ഷിക സംസ്‌കാരത്തിന്റെ നന്മകള്‍ നമ്മള്‍ തിരിച്ചു പിടിക്കണം.വൈലോപ്പിള്ളി പടിയത്ത് പോലെ ,
“ഏതു ധൂസര സങ്കല്‍പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്‍ക്കൃത ലോകത്തില്‍പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ
ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും”