മുത്തച്ഛൻ പഠിപ്പിച്ച പാഠം
കഥ – ജഗനാഥ്
അമ്മാവന്റെ വീട്ടിൽ നിന്ന് തിരിച്ചെത്തിയതു മുതൽ നജുക്ക വലിയ സന്തോഷത്തിലായിരുന്നു. ഈയടുത്ത കാലത്തൊന്നും അവളിത്ര സന്തോഷിച്ചി ട്ടില്ല. കഴിഞ്ഞ വർഷം സ്കൂൾ പിക്‌നിക്കിന് പോകാൻ കഴിഞ്ഞിരുന്നില്ല. പാവപ്പെട്ട കുടുംബമാണ് തന്റേതെന്ന് അവൾക്കറിയാം, പക്ഷേ ഈ പ്രാവശ്യം പിക്‌നിക്കിനു പോകാൻ അവൾ ഒരു ഉപായം കണ്ടുവച്ചിട്ടുണ്ട്.
ആഴ്ചയവസാനം നജുക്ക ഗ്രാമത്തിലുള്ള തൻറെ അമ്മാവന്റെ വീട്ടിൽ പോയിരുന്നു. അവിടെ വിത്തു പാകുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടു. അത് മുളയ്ക്കുന്നതും പൂവിടുന്നതും കായിടുന്നതും അവൾ മനസ്സി ലാക്കി.
അടുത്ത ദിവസം രാവിലെ തന്റെ ഉപായം നടപ്പിലാക്കാൻ നജുക്ക കാത്തിരുന്നു. അന്ന് രാത്രി അവൾക്ക് ആകാംക്ഷ മൂത്തിട്ട് നന്നായി ഉറക്കം പോലും വന്നില്ല.
നേരം പുലർന്നതും നജുക്ക എഴുന്നേറ്റ് പൂന്തോട്ടത്തിൽ പോയി കുഴി കുത്താൻ തുടങ്ങി. അമ്മാവന്റെ വീട്ടിൽ നിന്ന് കൊണ്ടു വന്ന വിത്തുകൾ അവളതിൽ നട്ടു. അവൾ അതിന് കൃത്യമായി വെള്ളമൊഴിക്കുകയും വളം ചെയ്യുകയും ചെയ്തു പോന്നു.
കുറച്ചു ദിവസങ്ങൾക്ക് ശേഷം ചെടികൾ മുളച്ചു വന്നു. നജുക്കയ്ക്ക് സന്തോഷം അടക്കാനായില്ല. പക്ഷേ അത് അധിക ദിവസം നീണ്ടുനിന്നില്ല. ഒരു വിത്ത് മാത്രം മുളച്ചിരുന്നില്ല. ആ ചെടിയിലായിരുന്നു അവളുടെ പ്രതീക്ഷ മുഴുവനും.
സങ്കടം കൊണ്ടവൾ കരയാൻ തുടങ്ങി. മുത്തച്ഛൻ ഇതു കേട്ട് കൊണ്ട് പുറത്തേക്ക് വന്നു. “എന്തുപറ്റി മോളെ, നീയെന്തിനാ കരയുന്നത്?” അദ്ദേഹം ചോദിച്ചു. “ മുത്തച്ഛാ നോക്കൂ, ഞാൻ എല്ലാ വിത്തുകളും മുളപ്പിക്കാൻ ഇട്ടിരുന്നു. പക്ഷേ അതിൽ ഒരു വിത്ത് മാത്രം മുളപൊട്ടി ചെടിയായില്ല.” മുത്തച്ഛൻ അവളുടെ കണ്ണുനീർ തുടച്ചു. “എന്ത് മരമാണ് മുളപൊട്ടാതിരുന്നത്?”
“പണം കായ്ക്കുന്ന മരം, മുത്തച്ഛൻ എനിക്ക് മിഠായി വാങ്ങാൻ തന്ന പണം ഞാൻ നട്ടിരുന്നു. പക്ഷേ അത് ചതിച്ചു.” നജുക്ക പറഞ്ഞു. ഇത് കേട്ട് മുത്തച്ഛൻ ചിരിക്കാൻ തുടങ്ങി. അദ്ദേഹം അവളെ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു.“ഇങ്ങനെയല്ല പണം കായ്ക്കുന്ന മരം നടേണ്ടത്, നിൽക്കൂ, ഞാൻ അത് നിനക്ക് നേരാവണ്ണം കാണിച്ചു തരാം.
പാകിയ ഇടത്തു നിന്ന് ആ പണം എടുത്തുവരാനായി മുത്തച്ഛൻ അവളോട് ആവശ്യപ്പെട്ടു. നജുക്ക പണം കുഴിച്ചെടുത്ത് വൃത്തിയാക്കി. മുത്തച്ഛൻ അകത്തു പോയി ഒരു പാട്ട എടുത്തു കൊണ്ട് വന്നു. അതിൻറ മൂടിയിൽ ഒരു തുളയിട്ടു. എന്നിട്ട് ഒരു കഷണം കടലാസിൽ കളർപെൻസിൽ കൊണ്ട് പണം കായ്ക്കുന്ന മരം എന്നെഴുതി, അതിന്റെ മുകളിൽ ഒട്ടിച്ചു വച്ചു.
മുത്തച്ഛൻ നജുക്കയോട് പണം ആ പാട്ടയിൽ നിക്ഷേപിക്കാൻ പറഞ്ഞു. “ഇപ്പോൾ പണം കായ്ക്കുന്ന മരം എങ്ങനെ നടന്നമെന്ന് മനസ്സിലായില്ലേ!” മുത്തച്ഛൻ ചിരിച്ചു. നജുക്കയ്ക്ക് കാര്യം മനസ്സിലായി. അവൾക്ക് വീണ്ടും സന്തോഷമായി. അവൾ ആ പാട്ടയെടുത്ത് അകത്തു പോയി അമ്മയെ കാണിച്ചു. എന്നിട്ട് മുത്തച്ഛൻ പാട്ട കൊണ്ട് ഉണ്ടാക്കിയ വഞ്ചി അമ്മയുടെ പെട്ടിയിൽ ചേച്ചിയും ചേട്ടനും കാണാതിരി ക്കാൻ അടച്ചു വച്ചു.
ഇപ്പോൾ നജുക്ക പണം പാഴാക്കാറില്ല. അവൾ അനാവശ്യ ചെലവുകൾ ഒഴിവാക്കി. എണ്ണ പലഹാരങ്ങൾ വാങ്ങുന്നത് നിർത്തി. മിഠായി വാങ്ങാനായി കിട്ടുന്ന കാശെല്ലാം സമ്പാദിച്ചു. അവളുടെ സ്വഭാവത്തിൽ വന്ന മാറ്റം കണ്ട് അമ്മാവനും മുത്തച്ഛനും അച്ഛനും അമ്മയും ഏറെ സന്തോഷിച്ചു. അവർ സ്ഥിരമായി വഞ്ചിയിൽ നിക്ഷേപിക്കാനായി അവൾക്ക് പണം നൽകി.
നജുക്ക കാശെല്ലാം വഞ്ചിയില്‍ ഇട്ടു കൊണ്ട് തൻറ പണം കായ്ക്കുന്ന മരം നട്ടുവളർത്തി. താൻ വിത്തിട്ട് മുളപ്പിച്ച ചെടികളെയും അവൾ നന്നായി സംരക്ഷിച്ചു. ഇപ്പോഴതിൽ നിറയെ പൂക്കളും കായ്കളും ഉണ്ട്.
പണം ലാഭിക്കാൻ തുടങ്ങിയതിനൊപ്പം നജുക്ക വെള്ളവും വൈദ്യുതിയും സമയവും പാഴാക്കാതിരിക്കാനും ഉത്സാഹം കാണിച്ചു. അവൾ തന്റെ ശീലം മറ്റുള്ളവരോടും പറഞ്ഞു. ഇപ്പോൾ അവളുടെ കൈയ്യിൽ നല്ല സമ്പാദ്യം ഉണ്ട്. സ്കൂൾ അധികൃതർ പിക്‌നിക്ക് പ്രഖ്യാപിച്ചപ്പോൾ അവളക്കാര്യം മുത്തച്ഛനോട് സൂചിപ്പിച്ചു. എന്നിട്ട് പാട്ട വഞ്ചി എടുത്ത് മുത്തച്ഛന് കൊടുത്തു. മുത്തച്ഛൻ പാട്ട തുറന്നു കാശെല്ലാം എടുത്തു എന്നിട്ട് അവളെയും കൂട്ടി പിക്‌നിക്കിനുള്ള ഫീസടയ്ക്കാനായി സ്കൂളിൽ ചെന്നു. നജുക്ക സന്തോഷം കൊണ്ട് മതി മറന്നു. താൻ നട്ട ചെടികൾക്കൊപ്പം കാറ്റിനൊത്ത് നജുക്കയും നൃത്തം വച്ചു.