[vc_row][vc_column][vc_column_text]കുട്ടികളുടെ സിനിമാ എന്ന വിഭാഗത്തില്‍ ജുസെപ്പെ ടൊർനാട്ടോറെ സംവിധാനം ചെയ്ത ഇറ്റാലിയൻ സിനിമ നുവൊ സിനിമ പാരഡിസോ എന്ന സിനിമയാണ് പരിചയപ്പെടുത്തുന്നത്. നുവൊ സിനിമ പാരഡിസോ എന്നാല്‍ പുതിയ സിനിമ തീയേറ്റര്‍ എന്നാണര്‍ത്ഥം. സാൽവറ്റോർ എന്ന സിനിമ സം‍വിധായകന്റെ കുട്ടിക്കാലവും ആൽഫ്രഡോ എന്ന സിനിമ ഓപ്പറേറ്ററുമായുള്ള ബന്ധവും, നർമവും ഗൃഹാതുരതയും ഉണർത്തുന്ന ഭാഷയിൽ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു.

ഒരു ദിവസം സാൽവറ്റോർ വീട്ടിലെത്തുമ്പോൾ അയാളുടെ അമ്മയുടെ ഫോൺ ഉണ്ടായിരുന്നു എന്നും ആൽഫ്രഡോ എന്നയാൾ മരിച്ചുവെന്നും അയാളുടെ ഭാര്യ അറിയിച്ചു .തുടർന്ന് അയാൾ തന്റെ കുട്ടിക്കാലം ഓർമ്മിക്കുന്നു. ഈ ഫ്ലാഷ് ബാക്കാണ് സിനിമ.

വികൃതിയായ 6 വയസ്സുള്ള ടോട്ടോ (സാൽവറ്റോർ) വളരെ ബുദ്ധിയുള്ള കുട്ടിയാണ്. അവന്റെ അച്ഛൻ യുദ്ധത്തിൽ മറിച്ച് പോയിരുന്നു, ഒഴിവു സമയങ്ങളിൽ കൊച്ചു ടോട്ടോ, അവൻ അച്ഛനെപ്പോലെ കരുതുന്ന സിനിമ ഓപ്പറേറ്റർ അൽഫ്രഡോയെ സഹായിക്കുമായിരുന്നു. അവിടെ പ്രദർശിപ്പിച്ചിരുന്ന പല സിനിമകളിലെയും ചുംബന രംഗങ്ങൾ സ്ഥലത്തെ പുരോഹിതന്റെ നിർദ്ദേശപ്രകാരം മുറിച്ച് മാറ്റിയിരുന്നു. തിയേറ്ററിൽ വെച്ച് ടോട്ടോക്ക് മഹത്തായ സിനിമകൾ ചെറുപ്പത്തിലേ കാണാൻ സാധിച്ചു. ഒരുദിവസം തിയേറ്ററിലുണ്ടായ തീപ്പിടുത്തത്തിൽ ടോട്ടോ ആൽഫ്രഡോയെ രക്ഷിച്ചെങ്കിലും അയാളുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടുപോയി. തുടർന്ന് പ്രൊജെക്റ്റർ പ്രവർത്തിപ്പിച്ചിരുന്നത് ടോട്ടോയായിരുന്നു.

ടോട്ടോ മുതിർന്ന് ഹൈസ്കൂൾ വിദ്യാർത്ഥിയായപ്പോൾ ഒരു ചെറു ക്യാമറ ഉപയോഗിച്ച് കൊച്ചു സിനിമകൾ സംവിധാനം ചെയ്യാൻ തുടങ്ങി. ആയിടക്ക് എലേന എന്ന പെൺകുട്ടിയുമായി അവൻ പ്രണയത്തിലായെങ്കിലും ആ കുടുംബം നാട് വിട്ടുപോയി. നിരാശനായ സാൽവറ്റോർ നിർബന്ധിത സൈനിക സേവനത്തിന് പോയി. തിരിച്ച് നാട്ടിലെത്തിയപ്പോൾ ആ നാട് തീരെ ചെറുതാണെന്നും അത് അവന്റെ വളർച്ചക്ക് തടസമാണെന്നും, അതിനാൽ നാട് വിട്ട് പോകാനും ആൽഫ്രഡോ സാൽവറ്റോറിനെ ഉപദേശിച്ചു. നാടിനെ കുറിച്ചും പഴയ കാലത്തെ കുറിച്ചും ഓർക്കരുതെന്നും ആൽഫ്രഡൊ യാത്രയാകുമ്പോൾ സാൽവറ്റോറിനെ ഉപദേശിച്ചു. അങ്ങനെ സാൽവറ്റോർ ആ നാട് വിട്ടു പോയി. പിന്നീട് ആൽഫ്രഡോയുടെ മരണവാർത്തയാണ് സാൽവറ്റോറിനെ തിരികെ നാട്ടിലെത്തിക്കുന്നത്. അയാളുടെ പഴയ പട്ടണം അപ്പോഴേക്കും ഒരു പാട് മാറി പോയിരുന്നു. പഴയ സിനിമാ തിയേറ്ററിൽ സിനിമ പ്രദർശനം നിർത്തിവെച്ച് പൊളിക്കാനിട്ടിരിക്കുകയായിരുന്നു. എങ്കിലും പഴയ ആളുകളെ തിരിച്ചറിയാൻ അയാൾക്ക് സാധിച്ചു.

തുടർന്ന് സാൽവറ്റോർ ആൽഫ്രഡോയുടെ വീട്ടിലെത്തുന്നു. ആൽഫ്രഡോയുടെ വിധവ അയാൾ സാൽവറ്റോറിനെ കുറിച്ച് അഭിമാനത്തോടെ ഓർത്തിരുന്നു എന്നും സാൽവറ്റോറിന് നൽകാൻ ഒരു ഫിലിം റീൽ ഏല്പിച്ചിട്ടുണ്ടെന്നും അറിയിച്ചു. സാൽവറ്റോർ കൊച്ചു ടോട്ടോയായിരുന്നപ്പോൾ പ്രൊജെക്ടറിൽ എത്തുന്നതിനുവേണ്ടി കയറിനിന്നിരുന്ന സ്റ്റൂളും ഒരു ഫിലിം റോളും ആണ് ആൽഫ്രെഡോ ഏൽപ്പിച്ച് പോയത്. അതിൽ അന്നത്തെ പുരോഹിതൻ സിനിമകളിൽ നിന്ന് മുറിച്ച് മാറ്റിയിരുന്ന പഴയ ചുംബനരംഗങ്ങളാണ് ഉണ്ടായിരുന്നത്.

ആൽഫ്രഡോയുമായുള്ള സാൽവറ്റോറിന്റെ ബന്ധം വളരെ ഹൃദ്യമായാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമാ കാഴ്ചകളുടെ അമ്പരപ്പിക്കുന്ന ലോകത്തേക്ക് സാകൂതം കടന്നു വരുന്ന കൊച്ചു ടോട്ടോയെ പ്രേക്ഷകർക്ക് ഒരു കാലത്തും മറക്കാൻ കഴിയില്ല.1989ലെ കാൻ ഫിലിം ഫെസ്റ്റിവൽ ജൂറി അവാർഡ്, ഗോൾഡൻ ഗ്ലോബ് അവാർഡ്,1990 ലെ മികച്ച അന്യഭാഷാചിത്രത്തിനുള്ള അക്കാദമി അവാർഡ് തുടങ്ങിയവ ഈ ചിത്രം നേടി.

[/vc_column_text][vc_video link=”https://www.youtube.com/watch?v=stLekU5BnbI”][/vc_column][/vc_row]

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content